2017, നവംബർ 4, ശനിയാഴ്‌ച

ധര്‍മത്തിന്റെ കടയ്ക്കല്‍ കത്തി




ധര്‍മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുമ്പോള്‍ ഫലത്തില്‍ ധര്‍മത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുകയാണെന്ന് മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊതു സ്വീകാര്യതയുണ്ടെങ്കിലും ഒപ്പം വിഭിന്നമായ ഒരു സ്ഥിതിവിശേഷവും തുടരുന്നതായിവേണം അവര്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ നിന്നു മനസിലാക്കാന്‍. ഇന്ത്യയില്‍ 1992 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 71 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ധര്‍മത്തിന്റെ പേരില്‍ ജീവന്‍ ബലി നല്‍കേണ്ടിവന്നത്. ലോകമാകെ 1846 പേരാണ് കൊല്ലപ്പെട്ടതെന്നറിയുമ്പോള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രാജ്യത്ത് നിലനില്‍ക്കുന്ന ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇന്ത്യയില്‍ കൊല്ലപ്പെട്ടവരില്‍ 41 പേരുടെയും കൊലപാതക കാരണം വ്യക്തമാണെങ്കിലും 27 പേരുടെ മരണകാരണം ഇപ്പോഴും ദുരൂഹമാണ്. സമൂഹത്തെ കാര്‍ന്നു തിന്നേക്കാവുന്ന ഒരു വിപത്ത് ചൂണ്ടിക്കാട്ടുമ്പോള്‍ പുലഭ്യം പറയുകയും അടച്ചാക്ഷേപിക്കുകയും അടിച്ചൊതുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സത്യത്തിനു നേരേ കണ്ണടയ്ക്കുന്നതിനു തുല്യമാണ്.
ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തേക്കാള്‍ ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം എത്രയോ ഇരട്ടിവരുമെന്നറിയുമ്പോള്‍ ഇന്ത്യയില്‍ അവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഭീകര ചിത്രം മനസിലാക്കാനാകും. മാധ്യമപ്രവര്‍ത്തകര്‍ എന്നു പറയുമ്പോള്‍ റിപ്പോര്‍ട്ടറും എഡിറ്ററും മാത്രമല്ല കാമറ ഓപറേറ്ററും ബ്രോഡ്കാസ്റ്റ് റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറും ടെക്‌നീഷ്യനും ഇന്റര്‍നെറ്റ് റിപ്പോര്‍ട്ടറും കോളമിസ്റ്റും കമന്റേറ്ററും തുടങ്ങി പത്രം നടത്തിപ്പുകാരന്‍ പോലും കൊല്ലപ്പെടുന്ന അവസ്ഥ ഒരു രാജ്യത്തിനും ഭൂഷണമല്ല.
വാര്‍ത്തകളുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ 41 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവഹാനി നേരിട്ടത്. അതില്‍ 28 പേരും നിഷ്ഠൂര കൊലപാതകത്തിനിരകളായി. ബംഗളൂരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷാണ് കൊലക്കത്തിയുടെ അവസാന ഇര. കൊല്ലപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങ് ഏറെയാണ് ആക്രമണങ്ങള്‍ക്ക് ഇരയായവരുടെ എണ്ണം. 13 പേര്‍ അപകടകരമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള ശ്രമത്തിനിടെയാണ് മരിച്ചത്. 35 പേരും സ്ഥിരം ജീവനക്കാരുമായിരുന്നു. ജീവന്‍ പണയംവച്ചും സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ശ്രമങ്ങളായിരുന്നു അവ. അച്ചടി മേഖലയില്‍ 30 പേരെയും ടിവി മേഖലയില്‍ 11 പേരെയും ഇന്റര്‍നെറ്റ് മേഖലയില്‍ രണ്ടു പേരെയും റേഡിയോയുടെ ഭാഗമായ ഒരാളെയുമാണ് അക്രമികള്‍ നിര്‍ദാക്ഷിണ്യം കൊന്നുതള്ളിയത്. ഇതില്‍ 39 പേരും പുരുഷന്‍മാരാണ്. രാഷ്ട്രീയക്കാരന്റെ പകപോക്കലാണ് 20 പേര്‍ക്ക് വിനയായതെങ്കില്‍ അക്രമികളുടെ ആക്രമണത്തില്‍ ആണ് എട്ടുപേര്‍ മരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആക്രമണത്തില്‍ നാലുപേരും അര്‍ധ സൈനിക നടപടിയില്‍ രണ്ടുപേരും ഗ്രാമവാസികളുടെ ആക്രമണത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടു. മൂന്നു പേരെ തടവില്‍ പാര്‍പ്പിച്ചശേഷമായിരുന്നു കൊലപ്പെടുത്തിയത് എന്നതും 13 പേര്‍ ഭീഷണി നേരിട്ടിരുന്നതും ഒരാളെ കഠിനമായി പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത് എന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഭാഗ്യവശാല്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കൊന്നും ഇന്ത്യയില്‍ വച്ച് ജീവന്‍ നഷ്ടമായിട്ടില്ല.
ഗൗരി ലങ്കേഷ് പത്രിക ഉടമ ഗൗരി ലങ്കേഷ് ഈ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് ആണ് ബംഗളൂരുവിലെ വസതിക്കുമുന്‍പില്‍ തോക്കിനിരയായത്. ഹിന്ദുസ്ഥാന്‍ ലേഖകന്‍ രാജ്‌ദേവ് രഞ്ജന്‍ കഴിഞ്ഞ വര്‍ഷം മെയ് 13ന് ബിഹാറിലാണ് കൊല ചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശും കശ്മിരും ആന്ധ്രാപ്രദേശും മാധ്യമപ്രവര്‍ത്തകരുടെ രക്തം കൂടുതലൊഴുകിയ സംസ്ഥാനങ്ങളാണ്. തമിഴ്‌നാടും കര്‍ണാടകവും ലിസ്റ്റിലുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ കാലപുരിക്കയച്ച കറുത്ത ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഒരു ഭരണാധിപനും കഴിഞ്ഞിട്ടില്ലെന്നതും എടുത്തുപറയേണ്ടതുണ്ട്. 2015നു ശേഷം 142 ആക്രമണങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ നേരിടേണ്ടിവന്നത്. രജിസ്റ്റര്‍ ചെയ്യപ്പട്ടവയേക്കാള്‍ എത്രയോ അറിയപ്പെടാത്തവയായി നിലനില്‍ക്കുന്നു എന്നതും മറന്നുകൂടാ. 2014-2015 കാലയളവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ 142 ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതും ഓര്‍ക്കുക.
എങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ആയുധമെടുക്കാന്‍ നീചശക്തികളെ പ്രേരിപ്പിക്കുന്ന ഘടകമെന്തെന്ന് മനസിലാകുന്നില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഇന്നിന്റെ അനിവാര്യതയായിരിക്കുന്നു. അഴിമതി കൊഴുക്കുമ്പോള്‍ അത് ലോകത്തെ അറിയിക്കുന്നവരാണവര്‍. എങ്കിലും അവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞാല്‍ കുറ്റാരോപണങ്ങളില്‍ നിന്നു രക്ഷപ്പെടാനാവുമെന്നാണ് ഇത്തരക്കാരുടെ വിചാരമെന്നു കരുതുക വയ്യ. അപ്പോള്‍പ്പിന്നെ മാധ്യമപ്രവര്‍ത്തകരെ വകവരുത്തിയാല്‍ ഒരു ചുക്കും സംഭവിക്കാനില്ലെന്ന നിലപാടും ഇത്തരത്തിലുള്ള നീചകൃത്യത്തിനെതിരേ കാലാകാലങ്ങളില്‍ അധികാരവര്‍ഗം മൗനവലംബിക്കുന്നതുമാണ് ഇത്തരക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതെന്നുവേണം കരുതാന്‍. മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടന ആവശ്യപ്പെടുന്നത് ഭരണത്തിന്റെ ഭാഗമായി മാധ്യമവര്‍ഗത്തെ കാണുകയും അവര്‍ക്കെതിരേയുള്ള ഏതാക്രമണത്തെയും ജോലി തടസപ്പെടുത്താനുള്ള ഏതുശ്രമത്തെയും രാജ്യത്തിനെതിരായ ആക്രമണമായിക്കണ്ട് കഠിനശിക്ഷ നല്‍കണമെന്നുമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി അഞ്ചുവര്‍ഷം കഠിനശിക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അധികാരികളല്ലേ. അവര്‍ക്കുമാത്രമല്ലേ മറവിപിണയൂ. ഇതുപോലെയുള്ള നിരവധി നിര്‍ദേശങ്ങള്‍ മാറാലപിടിച്ച് അധികാരവര്‍ഗത്തിന്റെ പിന്നാമ്പുറങ്ങളിലുണ്ട്. സമൂഹത്തിന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ സത്വരനടപടി സ്വീകരിക്കാന്‍ ഒരു റെഗുലേറ്ററി ബോഡിയെങ്കിലും സ്ഥാപിക്കുന്നത് തൊഴില്‍മൂലം ജീവനു ഭീഷണി നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തുണയാകുമായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത് ഇറാക്കിലാണെങ്കില്‍ ആദ്യത്തെ പത്തു രാജ്യങ്ങളില്‍ 9ാം സ്ഥാനത്ത് ഇന്ത്യയുമുണ്ടെന്നുള്ളത് ഖേദകരമാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് ചൂണ്ടിക്കാട്ടുന്നത് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ ഇന്ത്യയില്‍ വിലസുകയാണെന്നാണ്. അവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടാലും ശിക്ഷിക്കപ്പെടാറില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥതയുടെ പരിതാപകരമായ അവസ്ഥയാണിതെന്നും കുറ്റവാസനയേറിയ രാഷ്ട്രീയവും അഴിമതി മറയാക്കിയ പൊലിസും അക്രമികള്‍ക്ക് വളമാകുന്നുവെന്ന് കമ്മിറ്റി കുറ്റപ്പെടുത്തുമ്പോള്‍ ഇന്ത്യ ഇനിയും ഉള്ളിലേക്ക് നോക്കിക്കാണേണ്ടതുണ്ട്. ജനാധിപത്യം പുലരാന്‍ അത് അത്യന്താപേക്ഷിതവുമാണ്.




2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ഗുജറാത്ത് തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഉരകല്ല്


കേന്ദ്രഭരണം കയ്യാളുന്ന ബി.ജെ.പിയുടെ നിലപാടുകളില്‍ ജനങ്ങള്‍ക്കുള്ള പിന്തുണ എത്രമാത്രമെന്ന് ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഉത്തരം നല്‍കും. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലുമാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അത്ഭുതപ്പെടുത്തി. ജനുവരിയില്‍ കാലാവധി കഴിയുന്ന ഹിമാചലിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിസംബറില്‍ കാലാവധി അവസാനിക്കുന്ന ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പെടാതെ ഗുജറാത്തിലേക്ക് വാഗ്ദാനങ്ങള്‍ വിതറാന്‍ പോകുന്നു എന്നുവേണം അനുമാനിക്കാന്‍. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആം ആദ്മിക്കും ഉയര്‍ത്തിക്കാട്ടാന്‍ ശക്തനായ ഒരു സാരഥി സംസ്ഥാനത്തില്ല. അതുകൊണ്ടുതന്നെ ഫലത്തില്‍ മോദി-രാഹുല്‍-കെജ് രിവാള്‍ മത്സരമാണ് ഇവിടെ നടക്കുക.

വിഷയങ്ങള്‍ സങ്കീര്‍ണം
നാണയമൂല്യം ഇല്ലാതാക്കിയതും ജി.എസ്.ടി നടപ്പാക്കിയതുമാണ് ബി.ജെ.പി നേരിടുന്ന വെല്ലുവിളി. പണപ്പെരുപ്പവും തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കഠിനസ്ഥിതിയാണ്. വികസനമെന്നോന്നും പറഞ്ഞാല്‍ അവര്‍ക്ക് തിരിയാതിരിക്കേ കൈപ്പിടിയില്‍ നിന്നൂര്‍ന്ന പണത്തിന്റെ കണക്ക് ചോദിക്കാന്‍ ഗുജറാത്തുകാര്‍ തുനിഞ്ഞാല്‍ മോദിക്ക് അടിയറവ് പറയേണ്ടിവരും. ഗുജറാത്ത് എന്നാല്‍ മോദിയും അമിത് ഷായുമായിരിക്കേ അമിത്ഷായുടെ മകനെതിരേ ഉയര്‍ന്ന ആരോപണങ്ങളും ബി.ജെ.പിക്ക് പ്രതികൂല ഘടകങ്ങളാണ്. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 115 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് 61ഉം എന്‍.സി.പി രണ്ടും സീറ്റുകള്‍ നേടി.


ഗുജറാത്ത്
ഗുജറാത്തില്‍ 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി, എന്‍.സി.പി പാര്‍ട്ടികളെ കൂടാതെ ഭാരതീയ രാഷ്ട്രവാദി പക്ഷ, ഗുജറാത്ത് അതിജാതി വികാസ് പക്ഷ, ഗുജറാത്ത് സംസ്ഥാന ജനതാ കോണ്‍ഗ്രസ്, വഗേലയുടെ രാഷ്ട്രവേദി ജന്‍ വികല്‍പ് മോര്‍ച്ച എന്നീ പ്രാദേശിക പാര്‍ട്ടികളും രംഗത്തുണ്ട്.
ഗര്‍ജേ ഗുജറാത്ത് എന്ന മുദ്രാവാക്യമുയര്‍ത്തി 150 സീറ്റെങ്കിലും സ്വന്തമാക്കണമെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അണികളോട് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ് തെരഞ്ഞെടുപ്പ് ചുമതല. ഗുജറാത്തിലുണ്ടാകുന്ന ചെറിയ തിരിച്ചടിപോലും അമിത് ഷാ-നരേന്ദ്ര മോദി-അരുണ്‍ ജെയ്റ്റ്‌ലി ത്രയത്തിന് പാര്‍ട്ടിയില്‍ നിന്നു ശകാരം ക്ഷണിച്ചുവരുത്തും. യശ്വന്ത് സിന്‍ഹയേയും ശത്രുഘ്‌നന്‍ സിന്‍ഹയേയും പോലുള്ളവര്‍ ഇതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മൂന്നാംവട്ടവും മുഖ്യമന്ത്രിയായി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയെത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അനന്തിബെന്‍ പട്ടേല്‍ അധികാരമേറ്റിരുന്നു. പട്ടേല്‍-ദലിത് വിഭാഗക്കാരുടെ സമരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ അനന്തി, വിമര്‍ശനങ്ങളെതുടര്‍ന്ന് രാജിവച്ചൊഴിഞ്ഞതോടെ ഗുജറാത്ത് ബി.ജെ.പിക്ക് തലവേദനയായി. തുടര്‍ന്ന് വിജയ് രൂപാനി വന്നെങ്കിലും വലിയ മാറ്റങ്ങളുണ്ടാക്കാനായില്ല.
സംസ്ഥാനത്ത് 20 ശതമാനം വരുന്ന പട്ടേല്‍ വിഭാഗത്തിന്റെ വോട്ട് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക് പട്ടേലിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ആം ആദ്മി പാര്‍്ട്ടിയും കോണ്‍ഗ്രസും കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. പട്ടേല്‍ സമുദായത്തിന് അനുകൂല പ്രഖ്യാപനം നടത്തി അവരുടെ പിന്തുണ ആര്‍ജിക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. പട്ടേല്‍ പ്രക്ഷോഭകര്‍ക്കെതിരേയുള്ള കേസുകളെല്ലാം പിന്‍വലിച്ചതും ഹാര്‍ദിക് പട്ടേലിനെതിരേയുള്ള രാജ്യദ്രോഹക്കേസ് പിന്‍വലിക്കാനുള്ള നീക്കവും അതിന്റെ മുന്നോടിയായിവേണം കരുതാന്‍. സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്റെ പട്ടേദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തില്‍ 2015ല്‍ നടന്ന സമരം അക്രമാസക്തമാവുകയും 12 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം വോട്ടെടുപ്പ് സമയത്ത് ചര്‍ച്ചകളില്‍ നിറയും. സൗരാഷ്ട്ര മേഖലയില്‍ 25 ഓളം നിയമസഭാ മണ്ഡലങ്ങളില്‍ പട്ടേല്‍ വിഭാഗമാവും വിധി നിര്‍ണയിക്കുക.
സംസ്ഥാനമുണ്ടായ 1960 മുതല്‍ കോണ്‍ഗ്രസ് വാണ ഗുജറാത്ത് 1995 ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേടിയെടുക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം ശങ്കര്‍സിങ് വഗേല പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കിയതോടെയാണ് നരേന്ദ്രമോദിയുടെ ഉദയം.
സംസ്ഥാനത്ത് 15 ശതമാനം വരുന്ന ആദിവാസി സമൂഹത്തിന്റെ സ്ഥിതി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദയനീയമാണ്. വനനിയമങ്ങളും വികസനമില്ലായ്മയുമാണ് പ്രധാനകാരണങ്ങള്‍. വനത്തില്‍ നിന്നു പുറത്താക്കപ്പെട്ട ആദിവാസികള്‍ കൂലിപ്പണിക്കാരാവുകയും തുഛവേതനവും അനാരോഗ്യകരമായ ചൂറ്റുപാടും വനിതകള്‍ ലൈംഗികചൂഷണത്തിനു വിധേയമാകുന്നതും അവരെ വല്ലാതെ അലട്ടുന്നു. ബനസ്‌കന്ദ, ആനന്ദ് പോലുള്ള നഗരങ്ങളില്‍ ദലിത് സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയും ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കും. ബാലവേല ഫലപ്രദമായി തടയുന്നതിനുപോലും കഴിയാത്ത സര്‍ക്കാരിന് പിന്തുണ കുറയുന്ന കാഴചയാണുള്ളത്.

ഉന സംഭവം
ഗിര്‍ സോമനാഥ് ജില്ലയിലെ ഉനയിലുള്ള മോട്ട സമാധിയാല എന്ന പിന്നോക്ക ഗ്രാമത്തിലെ നാലു ദലിത് യുവാക്കളെ കെട്ടിയിട്ട് ചമ്മട്ടി കൊണ്ട് അടിച്ച് ദേശീയതലത്തില്‍ വിവാദത്തിലാവുകയും നാണക്കേടുണ്ടാക്കുകയും ചെയ്ത സംഭവം ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ദോഷം ചെയ്യും. കഴിഞ്ഞ വര്‍ഷം ജൂലായ് 11നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ചത്ത കന്നുകാലികളുടെ ചര്‍മം ഉരിഞ്ഞെടുക്കുന്ന തൊഴിലിലേര്‍പ്പെട്ടിരുന്ന ബാലു സര്‍വയ്യയെന്ന ദലിതന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ പശു സംരക്ഷകരെന്ന കാവിപ്പട ആ കുടുംബത്തിലെ ഏഴുപേരെ അതിക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് നാലു ചെറുപ്പക്കാരെ വസ്ത്രാക്ഷേപം ചെയ്ത് വാഹനത്തില്‍ കെട്ടിയിട്ട് 25 കിലോമീറ്റര്‍ നടത്തിക്കുകയും ചാട്ടവാറുകൊണ്ട് പ്രഹരിക്കുകയും ചെയ്ത സംഭവം ദേശീയതലത്തില്‍ തന്നെ വന്‍ പ്രതിഷേധമാണുയര്‍ത്തിയത്. ഇതോടെ ജിഗ്നേഷ് മേവാനിയെന്ന ദലിത് നേതാവ് ഉദയം കൊണ്ടു. ദലിതരെ ഒന്നിപ്പിക്കാന്‍ മേവാനി ജാഥകള്‍ നടത്തിയെങ്കിലും ഭയലേശമില്ലാതെ അവര്‍ ബി.ജെ.പിക്കെതിരേ വോട്ടു ചെയ്യുമോ എന്നാണ് കാണാനുള്ളത്. എട്ടുശതമാനം വോട്ടാണ് അവര്‍ക്കുള്ളത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കുന്നത് ഭരത് സിങ് സോളങ്കിയാണ്. 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന്റെ ലാഞ്ചന കോണ്‍ഗ്രസ് നടത്തിയിരുന്നു. അത് പട്ടേല്‍ വിഭാഗത്തിന്റെ ബി.ജെ.പി വിരുദ്ധ വോട്ടുകളായിരുന്നു എന്നുവേണം കരുതാന്‍. എങ്കിലും ഓഗസ്റ്റില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ ജയിപ്പിക്കാനുള്ള ശ്രമത്തില്‍ മുതിര്‍ന്ന നേതാവ് ശങ്കര്‍സിങ് വഗേലയെ അവഗണിച്ച് പുറത്തേക്ക പോകാന്‍ വഴിയൊരുക്കിയതിന് കനത്ത വില നല്‍കേണ്ടിവരും. വഗേലയ്‌ക്കൊപ്പം 13 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടിരുന്നു. പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിയുടെ വിശ്വാസം നേടാനായത് ഗുണകരമാണ്. ആദിവാസി മേഖലയുടെ പിന്തുണ ഉറപ്പാക്കാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഐക്യജനതാദളിന്റെ ഒരു വോട്ട്് തെളിവായി കോണ്‍ഗ്രസ് കരുതുന്നുമുണ്ട്.

കന്നിമത്സരത്തിനിറങ്ങുന്ന ആം ആദ്മി പാര്‍ട്ടി ആദ്യഘട്ടത്തില്‍ വളരെയേറെ മുന്നിലായിരിക്കുന്നു. ഒന്നാംഘട്ടം സ്ഥാനാര്‍ഥി ലിസ്റ്റു പുറത്തുവിടുകയും റോഡ് ഷോകള്‍ നടത്തുകയും ചെയ്ത മറ്റ് പാര്‍ട്ടികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിട്ടുമുണ്ട്. എങ്കിലും പഞ്ചാബിലും ഗോവയിലും ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച വിജയം കൈവിട്ടത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ശക്തരായ ബി.ജെ.പിയേയും കോണ്‍ഗ്രസിനെയും വെറുംകയ്യോടെ നേരിടുക വയ്യ. അതറിയാവുന്ന കെജ് രിവാള്‍ ഹാര്‍ദിക് പട്ടേലിനെയോ ദലിത് വിഭാഗത്തെയോ പ്രതീക്ഷയോടെയാണ് നോക്കുന്നത്.

ഹിമാചല്‍
ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 9നാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഡിസംബര്‍ 18ന്. 68 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ പാളയത്തില്‍ പടയൊരുങ്ങുന്നു. മുഖ്യമന്ത്രി വീരഭദ്ര സിങും സംസ്ഥാന കോണ്‍ഗ്രസ് നേതാവ് സുഖ് വിന്ദര്‍ സിങ് സുഖുവും തമ്മിലുള്ള അഭിപ്രായവ്യത്യാസം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നാശങ്കപ്പെടും വിധം മറനീക്കി പുറത്തുവന്നിരിക്കുന്നു. രാജകുടുംബാംഗമായ വീരഭദ്രസിങിനോട് ജനങ്ങള്‍ക്ക് ആരാധനയാണ്. അത് വോട്ടായതാണ് അദ്ദേഹത്തെ അധികാരത്തില്‍ നിലനിര്‍ത്തുന്നതും. അദ്ദേഹം ഇടഞ്ഞാല്‍ കോണ്‍ഗ്രസ് തവിടുപൊടിയാകും. അതേസമയം മുന്നോക്ക ക്കാരായ ബ്രാഹ്മണരെയും താക്കൂര്‍ വിഭാഗത്തെയും ഒപ്പം നിര്‍ത്താനായ ബി.ജെ.പിക്ക് ഭരണവിരുദ്ധ, അഴിമതി വിരുദ്ധ വികാരമുണര്‍ത്താന്‍ സാധിക്കുകയും സ്ത്രീ സുരക്ഷ ഇല്ലാത്തത് ചൂണ്ടിക്കാട്ടി പൊതുവികാരമുയര്‍ത്താനാവുകയും ചെയ്താല്‍ വിജയം നേടാന്‍ സാധിക്കും. ദലിത് വിഭാഗത്തെ കൂടെക്കൂട്ടാനായാല്‍ അധികാരത്തിലേക്ക് കടന്നുകയറാന്‍ ബി.ജെ.പിക്ക് നിഷ്പ്രയാസം കഴിയും. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാവാറില്ലെന്നതും ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നു.

2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

തമിഴ് നാട് വീണ്ടും താരാധിപത്യത്തിലേക്ക്?



തമിഴ്‌നാട് വീണ്ടും താരാധിപത്യത്തിലേക്ക് വഴുതാന്‍ സമയമായി എന്നുകരുതേണ്ടിവരും. രാഷ്ട്രീയ പ്രവേശത്തിന് തയാറായി രജനീകാന്തും ഈ മാസം തന്നെ രാഷ്ട്രീയ പ്രവേശമുണ്ടാകുമെന്ന കമല്‍ ഹാസന്‍ പ്രഖ്യാപിക്കുകയും ചെയതതോടെയാണിത്. താരറാണിയായിരുന്ന ജയലളിത സിംഹാസനസ്ഥയായത് സൂപ്പര്‍ താരം എം.ജി.ആര്‍ വിടവാങ്ങിയതോടെയാണ്. ഇപ്പോള്‍ ജയലളിത പകുതിയില്‍ നിര്‍ത്തിപ്പോയ തമിഴ്‌നാടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ സൂപ്പര്‍താരോദയം തന്നെ വേണ്ടിവരുന്ന അവസ്ഥയാണിന്നുള്ളത്.
തമിഴ് നാട് രാഷ്ട്രീയത്തിന് സിനിമയെ വിട്ടുള്ള വഴിയില്ല. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തിലും ആന്ധ്രയിലും സിനിമയും രാഷ്ട്രീയവുമായി അടുത്തബന്ധങ്ങളാണുള്ളത്. ആന്ധ്രയില്‍ എന്‍.ടി.രാമറാവുവിന്റെ ഭരണകാലം സൂപ്പര്‍ താരത്തിന്റെ സിനിമാവാഴ്ചയ്ക്കു സമാനമായിരുന്നു.
തമിഴ് നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഇഴപിരിയാത്ത അവസ്ഥയുണ്ടാക്കിയത് കഴിഞ്ഞ കാലഘട്ടത്തിന്റെ വക്താക്കളായ എം.ജി.ആറും എം.കരുണാനിധിയുമാണ്. താരപരിവേഷത്തില്‍ നിന്ന് രാഷ്ട്രീയ ഭരണത്തിലേക്ക് എം.ജി.ആര്‍ എത്തിയപ്പോള്‍ സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിച്ചാണ് സാമൂഹ്യ സേവന രംഗത്തേക്ക് കരുണാനിധികാലുകുത്തിയത്. എം.ജി.ആറിനു പിന്‍ഗാമിയും കലൈജ്ഞര്‍ക്ക് എതിരാളിയുമായാണ് ജയലളിത വെള്ളിവെളിച്ചത്തില്‍ എത്തുന്നത്. തുടര്‍ന്ന് മാസ്മരിക പ്രകടനത്തിലൂടെ തമിഴ് മക്കളുടെ കനവും മനവും അടക്കിവാഴുകയായിരുന്നു അവര്‍, ജനങ്ങളുടെ പുരൈട്ചി തലൈവി ആയി.
ഇന്ന് ആ മാസ്മരിക പ്രഭാവം തമിഴ് നാടിനു നഷ്ടമായിരിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം തമിഴ് നാട് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. തോഴിയായി നടന്ന് തരം കിട്ടിയപ്പോള്‍ യജമാനത്തിയുടെ സിംഹാസനം കൈപ്പിടിയിലൊതുക്കാന്‍ ആര്‍ത്തിപൂണ്ട ശശികല ജയിലിലായപ്പോള്‍ സഹോദരന്‍ ആ കര്‍ത്തവ്യം നിറവേറ്റാന്‍ പയറ്റു തുടരുന്നതിനിടെയാണ് പുതിയ വൃത്താന്തങ്ങളെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സൂപ്പര്‍താരം കമലഹാസന്‍ രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നു എന്നതാണ് പുതിയ വിശേഷം. ഒരുതടവല്ല, നൂറു തടവ് ശൊല്ലിയിട്ടും ഇനിയും രാഷ്ട്രീയ രംഗത്തെത്താന്‍ നാട്യമന്നന്‍ രജനീകാന്ത് മടിച്ചുനില്‍ക്കുമ്പോഴാണ് ഈ മാസം തന്നെ രാഷ്ട്രീയ കക്ഷി രൂപീകരിക്കാനുള്ള നീക്കവുമായി കമലഹാസന്‍ മുന്നിട്ടിറങ്ങുന്നത്.
അഭിനയരംഗത്ത് മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ രംഗത്ത് കമലഹാസന്‍ സ്വന്തം മേല്‍വിലാസം കണ്ടെത്തിയിട്ടില്ലാത്തയാളാണ്. അദ്ദേഹത്തിന് രാഷ്ട്രീയരംഗത്തെത്തിയാല്‍ എത്രമാത്രം ജനപിന്തുണ ആര്‍ജിക്കാനാവുമെന്നതിലും സംശയമുണ്ട്. എന്നാല്‍ സ്വയം രാഷ്ട്രീയത്തിലെത്തുന്നതിനോടൊപ്പം രജനീകാന്തിനെയും ഒപ്പം ക്ഷണിക്കുന്ന കമല്‍ തമിഴ് രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാനുള്ള പുറപ്പാടിലാണെന്ന് വളരെ വ്യക്തം.
രജനീകാന്ത് ജയലളിതയ്ക്ക് പകരക്കാരനാകുമെന്ന് തമിഴ് ജനതയ്ക്ക് നന്നായറിയാം. ജയലളിതയുടെയും അപ്പുറം, സ്വാര്‍ഥ താല്‍പര്യം തൊട്ടുതീണ്ടിയിട്ടില്ലാത്തയാളായാണ് രജനീകാന്ത് അറിയപ്പെടുന്നത്. സമ്പാദിക്കുന്ന പണത്തിന്റെ പകുതിയും സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വിനിയോഗിക്കുന്ന രജനീകാന്ത് തമിഴ് മക്കളുടെ കണ്ണീരൊപ്പാന്‍ പോന്നവനാണെന്ന് തമിഴര്‍ ഉറച്ചു വിശ്വസിക്കുന്നു. വെള്ളിത്തിരയില്‍ നിന്നിറങ്ങി തമിഴ് ജനതയുടെ പുരൈട്ചി തലൈവര്‍ ആയ എം.ജി.ആറിനെ അനുസ്മരിപ്പിക്കുന്ന പരിവേഷമാണ് രജനീകാന്തിനുള്ളത്. ജയലളിതയുടെ അഭാവത്തില്‍ തമിഴ്‌നാട് അരക്ഷിതമാകുമെന്ന വിലയിരുത്തലുകള്‍ യാഥാര്‍ഥ്യമായിരിക്കുന്നു ഇന്ന്. ജയലളിതയ്ക്കു പകരം ആ പ്രഭാവം ആര്‍ക്കുണ്ടെന്ന ചോദ്യത്തിന് മറുപടി രജനീകാന്താണ്. രജനി രാഷ്ട്രീയത്തില്‍ വരണമെന്ന് ജയലളിതയെ നഷ്ടപ്പെട്ട തമിഴ് ജനത അതിയായി ആഗ്രഹിക്കുന്നു. എന്നാല്‍ മനസുതുറക്കാതെ രജനി രാഷ്ട്രീയ പ്രവേശം നീട്ടിക്കൊണ്ടുപോകുമ്പോഴാണ് കമലിന്റെ പ്രഖ്യാപനം. രജനിയെ ഒപ്പം കൂട്ടിനു കിട്ടിയാല്‍ ഇരുവര്‍ തമിഴില്‍ കൊടിപാറിക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നന്നായറിയാം. അതുകൊണ്ടുതന്നെ ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇരുവര്‍ക്കും പിന്നാലെയുണ്ടുതാനും.
രജനീകാന്തിന് എടുത്തുപറയത്തക്ക രാഷ്ട്രീയ നിലപാടുകളൊന്നുമില്ലെന്നതാണ് അദ്ദേഹത്തിന്റെ മേന്‍മ. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും അദ്ദേഹത്തിന്റെ ആരാധകരുണ്ട്. അദ്ദേഹം രാഷ്ട്രീയത്തിലില്ലാത്തതുകൊണ്ടുമാത്രം മറ്റ് രാഷ്ട്രീയ പ്പാര്‍ട്ടികളില്‍ വിശ്വസിക്കേണ്ടി വന്നു എന്ന രീതിയിലാണ് മിക്ക തമിഴരുടെയും വിശദീകരണം. തമിഴ്‌നാട്ടില്‍ അനീതികളുണ്ടാവുമ്പോള്‍ അവയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് രജനീകാന്ത്. സിനിമയിലെ കഥാപാത്രമായി തന്നെയാണ് രജനി നിത്യജീവിതത്തിലും.
കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവേശത്തിന് തെരഞ്ഞെടുത്ത സമയവും ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. ഡി.എം.കെ ഒരു വശത്ത് തളര്‍ന്ന ആമ പോലെയും എ.ഐ.ഡി.എം.കെ കാട്ടിലെ രാജാവാകാന്‍ രൂക്ഷപോരാട്ടത്തിലും ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയ്ക്കിടെയാണത്. രജനിയും കമലിനൊപ്പം ചേര്‍ന്നാല്‍ മറ്റൊരു യുഗപ്പിറവിയാവുമത്. എന്നാല്‍ ചേരികള്‍ മാറുന്നത് തമിഴ് മക്കള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ദോഷകരമാകുമെന്ന മുന്നറിയിപ്പും ഇരുവരും മനസിലാക്കുന്നുണ്ടാവണം.



2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

ഇനി രാഹുലിന്റെ കോണ്‍ഗ്രസ്


നെഹ്രുജി, ഇന്ദിരാജി, രാജീവ്ജി, സോണിയാജി...ഇനി രാഹുല്‍ജിയിലേക്ക് കോണ്‍ഗ്രസ് സംസ്‌കാരം എത്തിച്ചേരുകയാണ്. മറ്റ് തടസങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി ഒക്ടോബറില്‍ ചുമതലയേല്‍ക്കും. സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി രാഹുലിനെ പ്രസിഡന്റായി നിയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുലിനെ ഏല്‍പിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം പി.എല്‍.പുനിയ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ രാഹുല്‍ അധ്യക്ഷനാകണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ മുന്നോട്ടുചാടുന്നതിനുപകരം ഭയവിഹ്വലതയോടെ പിന്നോക്കം പാഞ്ഞ രാഹുലിനെയാണ് കണ്ടത്. അങ്കത്തട്ടിലിറങ്ങി മോദിയെ നേരിടുന്നതിനു പകരം വെട്ടിയൊഴിഞ്ഞ്, മല്ലികാര്‍ജുന ഖാര്‍ഗെയെ ആ ഭാരിച്ച ഉത്തരവാദിത്വമേല്‍പിച്ച രാഹുല്‍ ഇടത്തട്ടില്‍ ഇടം തെരയുന്നയാളായി. രാഹുല്‍ സ്വയം വിലയിരുത്തുന്നത് പരിചയക്കുറവെന്നാണ്.  പരിചയക്കുറവു നികത്താനും പരീക്ഷണങ്ങളും അനുഭവങ്ങളും നേടാനുമാണ് ഇപ്പോഴത്തെ വിദേശ യാത്രകളെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

രാഹുലിന്റെ കുട്ടിക്കളി

കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ ഗാന്ധി എന്നു വികാരാവേശത്തോടെ വിളിക്കുന്നത് കോണ്‍ഗ്രസ് എന്ന സംസ്‌കാരത്തെയും അതിന്റെ നാഡിയായ ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ മുന്നില്‍ കാണുന്നതുകൊണ്ടാണ്. അത് രാഹുലിന് മനസിലായിട്ടില്ല. രാജ്യത്ത് ഗുരുതര സ്ഥിതികളില്‍ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമ്പോഴും പാര്‍ട്ടിക്ക് ദിശ തെളിക്കേണ്ടിവരുമ്പോഴും വിദേശ പര്യടനത്തിനും സാമാന്യക്രീഡകള്‍ക്കും സമയം ചെലവിടുന്ന രാഹുലിനെ അംഗീകരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കാവില്ല.
2015ല്‍ മോദിയുടെ ഭൂനിമയത്തിനെതിരേ തെരുവുകള്‍ പ്രകമ്പനം കൊണ്ടപ്പോള്‍ 53 ദിവസത്തെ വിദേശപര്യടനത്തിനു പോയ രാഹുലിനെയും രാഷ്ട്രപതി തെരഞ്ഞെടുപ്പിനിടെ മുത്തശ്ശിയെ കാണാന്‍ ഇറ്റലിക്കു പുറപ്പെട്ട രാഹുലിനെയും ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളില്‍ തന്ത്രങ്ങള്‍ മെനയേണ്ട അവസരത്തില്‍ വിദേശ പര്യടനത്തിലുള്ള രാഹുലിനെയും നാം കാണുന്നു. 47കാരനായ രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ ഇനിയും പ്രായമായില്ലേ എന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ വേവലാതിപ്പെടുന്നതും ഇതുകൊണ്ടാണ്. വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ പണിയെടുക്കുന്ന രാഷ്ട്രീയക്കാരനാണോ രാഹുലെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ചോദിക്കുന്നു.

പ്രധാനമന്ത്രിയാകാന്‍

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി രാഹുലിനെ ആദ്യം വാഴ്ത്തിയത് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം വീരപ്പ മൊയ്‌ലിയാണ്, 2008ല്‍. അതും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിദേശപര്യടനത്തിലായിരിക്കേ. ഇത് സിങിനെ ചൊടിപ്പിച്ചിരുന്നു. 2013ല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ രാഹുല്‍, നിലവില്‍ ആ സ്ഥാനത്തിനു പുറമേ, അമേഠിയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാംഗം, പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍, എന്‍.എസ്.യു അധ്യക്ഷന്‍, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ട്രസ്റ്റി, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2007ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനവും രാഹുല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിപദമേറാന്‍ രാഹുലിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ക്ക് നന്നായറിയാം.

സോണിയയുടെ സ്വീകാര്യത

സോണിയാഗാന്ധിയുടെ സ്വീകാര്യത രാഹുലിനില്ലെന്നത് വസ്തുതയാണ്. ശരദ് പവാറായാലും ശരത് യാദവായാലും മായാവതിയോ, മമതാ ബാനര്‍ജിയോ മുലായമോ ലാലുവോ ഒക്കെയായാലും രാഹുലിനോട് അവര്‍ക്ക് സോണിയയുമായുള്ളത്ര ഗാഢബന്ധം പുലര്‍ത്താനാവുന്നില്ല. രാജീവിന്റെ അസാന്നിധ്യത്തില്‍, 1998 മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്ന 70കാരിയായ സോണിയാഗാന്ധി ശാരീരിക അസ്വാസ്ഥ്യങ്ങളും മറ്റും മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയാണ്. രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് നിര്‍ണയിക്കപ്പെടുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അഖിലേഷിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഇഷ്ടപ്പെടുന്ന രാഹുലിന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളോട് അത്ര അടുപ്പവുമില്ല. സോണിയാ ഗാന്ധി ചികിത്സാര്‍ഥം വിദേശത്തുപോയപ്പോള്‍ നാലുമാസക്കാലം ഭരണച്ചുമതല രാഹുലിനെ ഏല്‍പിച്ചിരുന്നു. അന്ന് രാഹുല്‍ കൈക്കൊണ്ട പല തീരുമാനങ്ങളും പാര്‍ട്ടിയുടെ ഇഴ തെറ്റിച്ചുവെന്ന് സോണിയക്ക് മനസിലായിട്ടുണ്ട്. മന്‍മോഹന്‍സിങും ആന്റണിയും ചേര്‍ന്ന് രാഹുലിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടും സോണിയ മനസുതുറക്കാതിരുന്നതിന് ഒരു കാരണവും ഇതാവാം.

വര്‍ക്കിങ് പ്രസിഡന്റോ പ്രസിഡന്റോ

രാഹുല്‍ പ്രസിഡന്റാകുമെന്നു പറയുമ്പോഴും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആശങ്ക ഒരു അസന്നിഗ്ധാവസ്ഥയൊരുക്കുന്നുണ്ട്. തങ്ങള്‍ അവഗണിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുമെന്ന് പലരും ഭയപ്പെടുന്നു. അതു പലപ്പോഴും പല ഭാവങ്ങളില്‍ മറനീക്കി പുറത്തുവന്നിട്ടുമുണ്ട്. സോണിയക്കും ഇക്കാര്യം ബോധ്യമുണ്ട്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി പ്രസിഡന്റാക്കാന്‍ രാഹുല്‍ പരിശ്രമിക്കുന്നു. ഇവിടെ മുതിര്‍ന്ന അംഗം കമല്‍നാഥ് പുറത്തേക്ക് വഴി തുറന്നു കാത്തിരിക്കുന്നു എന്ന വാര്‍ത്തകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. അതുകൊണ്ട് സോണിയ പ്രസിഡന്റായിരിക്കുകയും രാഹുലിനെ വര്‍ക്കിങ് പ്രസിഡന്റാക്കുകയും ചെയ്താലോ എന്ന ആലോചനകളുമുണ്ട്. അങ്ങനെയെങ്കില്‍ രാഹുലിനെ സഹായിക്കാന്‍ മൂന്നോ നാലോ വൈസ് പ്രസിഡന്റുമാരെയും നിയോഗിച്ചുകൂടായ്കയില്ല.

ബി.ജെ.പി ഉറ്റുനോക്കുന്നത്

ബി.ജെ.പി ആഗ്രഹിക്കുന്നതും രാഹുല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുവരണമെന്നുതന്നെയാണ്. മുതിര്‍ന്ന അംഗങ്ങളോടു രാഹുല്‍ വച്ചുപുലര്‍ത്തുന്ന നീരസം കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും രാഹുലിനോട് നീരസം പുലര്‍ത്തിയ നേതാക്കള്‍ ബി.ജെ.പിക്കൊപ്പം കൂടിയത് കണ്ടു. ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഇതിലേക്കുള്ള ചുവടുവയ്പ് ദൃശ്യമായിട്ടുമുണ്ട്.
തോല്‍വിയില്‍നിന്നു പാര്‍ട്ടിയെ കരകയറ്റാന്‍ പോയിട്ട് നയപരമായ തീരുമാനമെടുക്കാന്‍ പോലും രാഹുലിന് കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ ആം ആദ്മിയോടു തോറ്റപ്പോള്‍ 'ചിന്തിക്കാനാവാത്ത, ശക്തമായ മാറ്റങ്ങളോടെ കോണ്‍ഗ്രസ് തിരിച്ചുവരു'മെന്ന രാഹുല്‍ തുറന്നടിച്ചു. ഒന്നും സംഭവിച്ചില്ല. ഉത്തര്‍പ്രദേശില്‍ വന്‍ പ്രതീക്ഷയുണ്ടായിരുന്നിട്ടും ചീട്ടുകൊട്ടാരമായി. 'അടിമുടി മാറ്റങ്ങളുമായി തിരിച്ചുവരു'മെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ഒന്നും കണ്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരുമാസമായിട്ടും തോല്‍വി അവലോകനം ചെയ്യാന്‍ പോലുമായില്ല. കൈക്കുമ്പിളില്‍ നീട്ടുന്ന സ്ഥാനത്തിന്റെ മഹിമയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഹുല്‍ ഒരു സ്വപ്‌നമായി അവശേഷിക്കും.

കൂട്ടിവായിക്കാന്‍:

ബി.ജെ.പിയെയും സംഘപരിവാറിനെയും നേരിടാന്‍ രാഹുല്‍ ഭഗവത്ഗീതയും ഉപനിഷത്തുകളും വായിക്കുന്നു. പോരാട്ടത്തിലല്ല, കര്‍മത്തിലാണ് ഇവയുടെ ഊന്നലെന്ന് രാഹുല്‍ മനസിലാക്കുന്നുണ്ടോ എന്തോ.



2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

ശക്തി ക്ഷയിച്ച് പവാറും എന്‍.സി.പിയും


ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഗര്‍ജിക്കുന്ന സിംഹമായാണ് ശരദ് പവാര്‍ അറിയപ്പെട്ടിരുന്നത്. ആകാരത്തിലാണെങ്കിലും ശബ്ദത്തിലാണെങ്കിലും ആ ഗാംഭീര്യം മനസിലാവും. രാഷ്ട്രഭരണനേതൃത്വം ഏതുതന്നെയായാലും അതിന്റെ നിലനില്‍പില്‍ ശരദ് പവാറിനും ഒരു പങ്കുണ്ടായിരുന്ന രാഷ്ട്രീയ അവസ്ഥ നിലനിന്നിരുന്നു. അത്ര ശക്തനായ നേതാവായിരുന്നു ശരദ് പവാര്‍. ഇന്നത്തെ ശരദ് പവാര്‍ ആ ധിഷണാശക്തിയുടെ നിഴല്‍ രൂപം മാത്രമാണ്. സൂര്യനെപ്പോലെ തന്റെ ചുറ്റും നേതാക്കളെ അണിനിരത്തി രൂപീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയായ എന്‍.സി.പിയും ഇന്ന് തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു.

ബാല്‍താക്കറെയും പവാറും

മഹാരാഷ്ട്രയിലെ ശക്തരായ രണ്ടു രാഷ്ട്രീയ നേതാക്കളാണ് ശിവസേന നേതാവായിരുന്നു ബാല്‍താക്കറെയും എന്‍.സി.പി നേതാവായ ശരദ് പവാറും. ശിവസേനയെ എഴുതിത്തള്ളാന്‍ കഴിയാത്ത സംഘടനയാക്കി മാറ്റിയത് ബാല്‍താക്കറെയുടെ ബുദ്ധിയും നേതൃപാടവവും ആരെയും ഗൗനിക്കാത്ത തീരുമാനങ്ങളുമായിരുന്നു. വ്യക്ത്യാധിഷ്ഠിത പാര്‍ട്ടി എന്നാണ് ശിവസേനയെ വിലയിരുത്തേണ്ടത്. കാരണം ബാല്‍താക്കറൈയുടെ വിടവാങ്ങലോടെ ആ പാര്‍ട്ടി തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. പവാറിനാവട്ടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പാര്‍ട്ടി തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണേണ്ടിവരുന്നത്.

പവാറിന്റെ വളര്‍ച്ച

1967ല്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എയായി മഹാരാഷ്ട്ര നിയമസഭാംഗമായ പവാര്‍ രണ്ടുവട്ടം മുഖ്യമന്ത്രിയായി ആ സംസ്ഥാനത്തെ നയിച്ചു. 1991ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ രാജ്യത്തെ ആരു നയിക്കുമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ പവാറിനു നേരേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റുനോക്കിയത്. എന്നാല്‍ പവാറിന്റെ പ്രവര്‍ത്തനരീതികള്‍ നന്നായറിയാവുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞര്‍ അദ്ദേഹത്തെ ബോധപൂര്‍വം അകറ്റി. ഇതില്‍ വേദനയുണ്ടായ പവാര്‍ ഗാന്ധി കുടുംബത്തോടുതന്നെ യുദ്ധം പ്രഖ്യാപിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞാണ് 1999ല്‍ എന്‍.സി.പി രൂപീകരിക്കുന്നത്. താനൊരു രാഷ്ട്രീയ നേതാവായിരുന്നില്ലെങ്കില്‍ ഒരു കര്‍ഷകനായേനെ എന്നു പറയുന്ന പവാറിന് ശത്രുക്കളെപ്പോളും കൂടെനിര്‍ത്താനുള്ള കഴിവുണ്ടായിരുന്നു. പവാര്‍ കൂടെനിന്നാല്‍ ഒരുപറ്റം ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താമെന്ന് ദേശീയ പാര്‍ട്ടികള്‍ കരുതിത്തുടങ്ങിയിടത്താണ് എന്‍.സി.പിയുമായി നിലകൊണ്ട തുടക്കകാലത്ത് പവാര്‍ വീണ്ടും ശക്തനായത്. ഒഡിഷയിലെ ബിജു ജനതാദള്‍ ആയാലും തമിഴ്‌നാട്ടില്‍ ഡി.എം.കെ ആയാലും ബിഹാറിലെ ജെ.ഡി.യുവോ മഹാരാഷ്ട്രയിലെ ശിവസേനയോ പോലും പവാറിന്റെ വാക്കുകള്‍ക്ക് വിലകൊടുത്തിരുന്നു.

പവാര്‍ ഇന്ന്

മഹാരാഷ്ട്രയില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പോലും എന്‍.സി.പി തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്നുകാണുന്നത്. ചെറുപാര്‍ട്ടികള്‍ പവാറിനെ ഗൗനിക്കാതായിരിക്കുന്നു. കോണ്‍ഗ്രസ് പവാറിനെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു. കാരണം പവാറിന്റെ പാര്‍ട്ടി പിറന്നത് കോണ്‍ഗ്രസിനെ പിളര്‍ത്തിയാണ്. പവാര്‍ കോണ്‍ഗ്രസിനോടു സന്ധി ചെയ്യുന്നതോടെ എന്‍.സി.പി തന്നെയില്ലാതാവും. പവാറിന്റെ പാര്‍ട്ടിയില്‍ നിന്നു നേതാക്കള്‍ പോകുന്നത് ശിവസേനയിലേക്കും ബി.ജെ.പിയിലേക്കുമാണ്. ഇത് ഫലത്തില്‍ തങ്ങള്‍ക്ക് ക്ഷീണം ചെയ്യുമെന്നു മനസിലാക്കിയാണ് കോണ്‍ഗ്രസ് എന്‍.സി.പി നേതാക്കളെ വലയിട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്. ഡി.ഐ.സി രൂപീകരിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ തന്നെയെത്തുകയും ചെയ്ത കരുണാകരനെ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
സോണിയ ഗാന്ധിയെ വിദേശിയെന്നു വിശേഷിപ്പിച്ചാണ് ശരദ് പവാര്‍ കോണ്‍ഗ്രസ് വിട്ടത്. അതുകൊണ്ടുതന്നെ പാര്‍ട്ടി രൂപീകരണത്തിന് വ്യക്തമായ ഒരു അജണ്ട ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തിനായതുമില്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ കാര്‍ഷിക മേഖലയില്‍ വേരൂന്നിയാല്‍ വിജയിക്കാമെന്നു മനസിലാക്കിയ പവാറിന്റെ ആ തന്ത്രം വെന്നിക്കൊടി പാറിച്ചു. എന്നാല്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളി ബി.ജെ.പി ആ മേഖലയിലേക്ക് കടന്നു കയറിയതിന്റെ ക്ഷീണമാണ് എന്‍.സി.പി ക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പിളര്‍പ്പ് രാഷ്ട്രീയം

വ്യക്തമായ കാഴ്ചപ്പാടില്ലാതെ തുഴയുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്‍.സി.പിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മഹാരാഷ്ട്രയില്‍ പോലും ന്യൂനപക്ഷങ്ങളും കര്‍ഷകരും പാര്‍ട്ടിയെ കൈവിടുന്നു. പാര്‍ട്ടി നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നു. ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്‍.സി.പിയുടെ രണ്ടു സാമാജികരും രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികളെയാണ് പിന്തുണച്ചത്. ഒരാള്‍ കോണ്‍ഗ്രസിനെയും മറ്റേയാള്‍ ബി.ജെ.പിയെയും.
കേരളത്തിലും സ്ഥിതി ആശാവഹമല്ല. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തോടെ പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല് മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമാണ്. ഉഴവൂരിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിക്കാര്‍തന്നെ ആവശ്യപ്പെട്ടത് സ്വന്തം പാര്‍ട്ടിയിലുള്ളവരെ കുടുക്കാന്‍ തന്നെയാണ്. മന്ത്രി തോമസ്ചാണ്ടിക്കെതിരേ ഒരു വിഭാഗം വാളെടുക്കുന്നു. മുന്‍ മന്ത്രി ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടിവന്നതിലും ഒരു വിഭാഗത്തിന് പങ്കുണ്ടെന്ന് ആക്ഷേപം ഇപ്പോഴും നില നില്‍ക്കുന്നു. ചാണ്ടി രാജിവച്ചില്ലെങ്കില്‍ പിളരുമെന്ന നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്ന വാര്‍ത്തവരെ പുറത്തുവന്നിരിക്കുന്നു. പവാറിന്റെ വാക്കുകള്‍ ആരും ചെവിക്കൊള്ളുന്നില്ലെന്നതിന് തെളിവാണിത്. മകളും എം.പിയുമായ സുപ്രിയാ സൂലെ പിതാവിനോളം പോരില്ല. സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അതാതിന്റെ വഴിക്കുമാണ്.


2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

രാഷ്ട്രത്തെ പിടിച്ചുലച്ച് ആള്‍ദൈവങ്ങള്‍




സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളോട് രാഷ്ട്രീയക്കാര്‍ കടപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെങ്ങും. ആള്‍ദൈവങ്ങള്‍ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിക്കുമ്പോള്‍ ആ അനുയായികളെ സ്വപക്ഷത്ത് വോട്ടാക്കാനുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് സമൂഹത്തിനേല്‍പിക്കുന്ന ആഘാതം ചില്ലറയൊന്നുമല്ല. ഇത്തരം ആള്‍ദൈവങ്ങള്‍ തഴച്ചുവളര്‍ന്ന വടവൃക്ഷമാകുമ്പോള്‍ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരോ ഭരണാധികളോ ഫലത്തില്‍ ക്രമസമാധാനപ്രശ്‌നവും കലാപവും സൃഷ്ടിക്കുന്നതാണ് ഇന്നത്തെ അവസ്ഥ.
ദേര സച്ചാ സൗദയുടെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമായിരുന്നില്ല. ഗുര്‍മീത് ക്രിമിനലാണെന്നറിഞ്ഞിട്ടുകൂടി രാഷ്ട്രീയലാഭത്തിനുവേണ്ടി അവരുടെ വോട്ട് സ്വീകരിച്ച ഹരിയാന സര്‍ക്കാര്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിന് പ്രത്യക്ഷത്തില്‍ ഉത്തരവാദികളാണെന്നു കാണാം.

ഗുര്‍മീതിനെതിരേയുള്ള
കണ്ടെത്തലുകള്‍

ദേര സച്ചാ സൗദ എന്ന പേരില്‍ ആശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന ഗുര്‍മീത്, മറ്റ് ആള്‍ദൈവങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. ഹൈടെക് സ്വാമിയെന്ന പേരില്‍ കോണ്‍ഗ്രസിന്റെ പിന്‍പറ്റി മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ അടുത്തഅനുയായി ആയി നടന്ന ചന്ദ്രസ്വാമിയാണ് അറിയപ്പെട്ടിരുന്നതെങ്കില്‍ ഗുര്‍മീത് അത്യന്താധുനികനായ ആള്‍ദൈവമായാണ് അറിയപ്പെടുന്നത്. മുന്തിയ വാഹനങ്ങളും അത്യന്താധുനിക സാങ്കേതി വിദ്യകളും ആയിരക്കണക്കിന് പടയാളികളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ഗുര്‍മീത് ബോഡി ബില്‍ഡറും റെയ്‌സറും സിനിമാതാരവും സാമൂഹ്യപ്രവര്‍ത്തകനുമാണെന്നതാണ് വിരോധാഭാസം.
ആശ്രമത്തില്‍ അന്തേവാസികളായ എട്ടു വനിതകളുടെ വെളിപ്പെടുത്തലുകളാണ് ഗുര്‍മീതിനെ കാരാഗൃഹത്തിലേക്ക് നയിച്ചത്. എട്ടുപേരില്‍ ആറുപേര്‍ പരാതി പിന്‍വലിച്ചെങ്കിലും ആശ്രമത്തിനു പുറത്തായ മറ്റു രണ്ടുവനിതകള്‍ പരാതികളില്‍ ഉറച്ചുനിന്നു. ഹരിയാനയിലെ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വച്ച് ഗുര്‍മീത് നിരവധി തവണ പീഡിപ്പിച്ചതായാണ് ഇവര്‍ വെളിപ്പെടുത്തിയത്.
ഇതുകൂടാതെ 2001ല്‍ മാധ്യപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. 2002 ജൂലൈയില്‍ ആശ്രമത്തിന്റെ മാനേജര്‍ ആയിരുന്ന രഞ്ജിത് സിങിനെ വകവരുത്തിയ കേസിലും ഗുര്‍മീത് പ്രതിയാണ്.
ഇപ്പോഴത്തെ സംഭവുണ്ടായത് 1999ലാണ്. 2002ല്‍ ഈ കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടായെങ്കിലും ഗുര്‍മീതും ആശ്രമ അധികൃതരും ഇത് വെറും ആരോപണമാണെന്ന് സ്ഥാപിച്ച് നിഷേധിച്ചിരുന്നു. തുടര്‍ന്നു സി.ബി.ഐ അന്വേഷണം നടക്കുകയും ഗുര്‍മീത് കുറ്റക്കാരനാണെന്നു കണ്ടെത്തുകയുമായിരുന്നു.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളെ നിയന്ത്രിക്കാന്‍ മാത്രം ശേഷി നേടിയ മറ്റ് ചില ആള്‍ദൈവങ്ങളെക്കൂടി അറിയേണ്ടതുണ്ട്.

ശ്രീലങ്കയില്‍ നിന്നെത്തിയ
സ്വാമി പ്രേമാനന്ദ

ശ്രീലങ്കയില്‍ നി്ന്ന് കടല്‍കടന്നെത്തിയ ആള്‍ ദൈവമാണ് സ്വാമി പ്രേമാനന്ദ. 1983ല്‍ ശ്രീലങ്കയില്‍ വംശീയ ലഹള നടന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ പലായനം ചെയ്ത് അനുയായികള്‍ക്കൊപ്പം ഇന്ത്യയിലെത്തിയ പ്രേമാനന്ദ, തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തിരുച്ചിയില്‍ ആശ്രമം സ്ഥാപിക്കുകയായിരുന്നു.
ജനപിന്തുണ ആര്‍ജിച്ച പ്രേമാനന്ദ ബലാല്‍സംഗക്കേസില്‍ പ്രതിയായത് ഞെട്ടലോടെയാണ് അനുയായികള്‍ കേട്ടത്. 13 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ഇരട്ട ജീവപര്യന്തം അനുഭവിക്കുകയാണ് ഈ ആള്‍ദൈവം.

അദ്വൈത വേദാന്തി
ആസാറാം ബാപു

അത്രപെട്ടെന്ന് മറക്കാത്ത സംഭവാണ് ആസാറാം ബാപുവിന്റേത്. അദ്വൈത വേദാന്തത്തിന്റെ പ്രചാരകനായി സ്വയം അറിയപ്പെട്ട ആസാറാം ബാപു കുറഞ്ഞ സമയത്തിനുള്ളിലാണ് ലക്ഷക്കണക്കിന് അനുയായികളെയും ആശ്രമങ്ങളും സൃഷ്ടിച്ചെടുത്തത്. 2010 മുതല്‍ 2014 വരെ 42 കോടതി സമന്‍സുകളാണ് ഇയാള്‍ അവഗണിച്ചത്. 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013ലാണ് വിചാരണചെയ്യപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂരില്‍ കര്‍ശനമായ വ്യവസ്ഥകളോടെ ആശ്രമം നടത്തിയിരുന്ന ഇയാള്‍ക്കെതിരേ ഭീഷണിപ്പെടുത്തല്‍, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളും ചുമത്തപ്പെട്ടു. ഇയാള്‍ക്കെതിരേ സുപ്രിംകോടതിയില്‍ കേസ് തുടരുകയാണ്.
ഇയാളുടെ മകന്‍ നാരായണ്‍ സായിയും ബലാത്സംഗത്തിനും പീഡനത്തിനും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഒരു സൈക്കിള്‍ മെക്കാനിക്ക് ആയിരിക്കേയാണ് ആസാറാം സ്വയം ദൈവമായത്.

സദാചാരമില്ലാത്ത
സ്വാമി സദാചാരി

സമൂഹത്തില്‍ ഉന്നത നിലയിലുള്ളവര്‍ക്കും ഉന്നത രാഷ്ട്രീയക്കാര്‍ക്കും വേണ്ടി ആഭിചാര ക്രിയകളും താന്ത്രിക വിദ്യകളും നടത്തിയാണ് സദാചാരി സ്വാമി പ്രസിദ്ധനായത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഇയാള്‍ അവരുടെ വസതിയില്‍ വച്ച് പൂജാക്രിയകള്‍ ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇയാള്‍ നടത്തിവന്ന ഒരു അധോലോക നക്ഷത്ര വേശ്യാലയം പിടിക്കപ്പെട്ടതോടെയാണ് സ്വാമിയുടെ മനസിലിരുപ്പ് വേറെയാണെന്ന് കണ്ടെത്തിയത്. അധികാരികളുമായി പിണങ്ങിയതോടെയാണ് സദാചാരി സ്വാമി ഇരുമ്പഴിക്കുള്ളിലായത്.

കൊലപാതകിയായ
സന്ത് രാംപാല്‍

ഹരിയാനയില്‍ തടവിലായ മറ്റൊരു സ്വയംപ്രഖ്യാപിത ആള്‍ദൈവമാണ് കൊടുംക്രിമിനലായ സന്ത് രാംപാല്‍. ഹിസാറിലെ സത്‌ലോകിലുള്ള ആശ്രമത്തില്‍ നിന്ന് 18 മാസം പ്രായമായ കുഞ്ഞിന്റെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് 2014 നവംബറില്‍ ഇയാള്‍ പിടിയിലായത്. സ്വന്തമായി ഗുണ്ടകളെ തീറ്റിപ്പോറ്റുന്ന രാം പാലിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആദ്യ അവസരങ്ങളില്‍ ഫലം കണ്ടിരുന്നില്ല. അര്‍ധ സൈനിക വിഭാഗത്തെ ആശ്രമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും അനുയായികള്‍ തടഞ്ഞത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സത്‌ലോക് ആശ്രമം വളഞ്ഞ സുരക്ഷാ സേനയില്‍ നിന്ന് രാംപാല്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ അന്ന് അഞ്ച് അനുയായികള്‍ കൊല്ലപ്പെട്ടു. 450 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ പിടികൂടി ശിക്ഷിക്കുകയായിരുന്നു. 22 മാസത്തെ തടവുശിക്ഷ അനുഭവിക്കുന്നു. ഐ.ടി.ഐ വിദ്യാഭ്യാസമുള്ള ആസാറാം ഹരിയാന ജലസേചന വകുപ്പില്‍ ജോലി ചെയ്തുവരവെയാണ് ആള്‍ദൈവമായി സ്വയം അവരോധിച്ചത്.


പീഡനവീരന്‍
നിത്യാനന്ദ പരമഹംസ

നിത്യനന്ദ പരമഹംസയെന്ന പേരില്‍ പ്രസിദ്ധനായ ആള്‍ ദൈവം പീഡനവീരനായാണ് അറിയപ്പെടുന്നത്. പ്രമുഖ തമിഴ് സിനിമാ നടിയുമായുള്ള ആഭാസ രംഗങ്ങളടങ്ങിയ വിഡിയോ 2010 മാര്‍ച്ചില്‍ ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടതോടെയാണ് സ്വാമിക്കെതിരേ നിയമനടപടികള്‍ ആരംഭിച്ചത്. എന്നാല്‍ താന്‍ ശവാസനം അനുഷ്ഠിക്കുകയായിരുന്നെന്ന ഇയാളുടെ വിശദീകരണം കോളിളക്കമുണ്ടാക്കിയതാണ്. ഇയാള്‍ക്കെതിരേ ബലാത്സംഗ കുറ്റങ്ങള്‍ ഉയര്‍ന്നതോടെ നിയമസംവിധാനത്തില്‍ പെടാതെ മുങ്ങി. അഞ്ചുദിവസം മുങ്ങിനടന്ന ആള്‍ദൈവത്തെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകത്തില്‍ ബിഡദിയിലും ബെഗളൂരുവിലെ സുബ്രഹ്മണ്യപുരയിലും ഇയാള്‍ക്ക് ആശ്രമങ്ങളുണ്ട്.

ഇഛാധാരി ഭീമാനന്ദ്

ഇഛാധാരി സന്ത് സ്വാമി ഭീമാനന്ദ് പെണ്‍വാണിഭവും വേശ്യാലയങ്ങളും നടത്തിവന്ന ആള്‍ദൈവമാണ്. ശിവ് മൂരത് ദ്വിവേദിയാണ് ഇഛാധാരി സന്ത് സ്വാമി ഭീമാനന്ദ് ജി മഹാരാജ് ചിത്രകൂട് വാലെ എന്ന പേരില്‍ ആള്‍ദൈവമായി സ്വയം അവരോധിച്ചത്. ഡല്‍ഹിയിലും മുംബൈയിലും വന്‍തോതിലാണ് ഇയാള്‍ വേശ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുവന്നതും രണ്ടുതവണ അറസ്റ്റിലായതും. 1988ല്‍ ഡല്‍ഹിയില്‍ ഒരു ഹോട്ടലില്‍ സെക്യൂരിറ്റി ജോലിയിലിരിക്കേയാണ് ഇയാള്‍ ആള്‍ദൈവമായി വേഷമിടാനാരംഭിച്ചത്.


കേരളത്തിലും
ആള്‍ദൈവങ്ങള്‍

കേരളത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ദൈവങ്ങള്‍ രാഷ്ട്രീയക്കാരുടെയും മറ്റും മറപറ്റി വാഴുന്നുണ്ട്. അത്തരത്തില്‍ വിരാജിച്ച് ഒടുവില്‍ പിടിക്കപ്പെട്ടയാളാണ് സന്തോഷ് മാധവന്‍.
നിരവധി വഞ്ചനാകേസുകളില്‍ പ്രതിയായ സന്തോഷ്, പ്രായപൂര്‍ത്തിയെത്താത്ത രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് അകത്തായത്. പെണ്‍കുട്ടികളുമായുള്ള ലൈംഗിക രംഗങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്ന പതിവും ഇയാള്‍ക്കുണ്ടായിരുന്നതായ ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരുന്നു. എന്തായാലും 2009ല്‍ ജയിലഴിക്കുള്ളിലായ സന്തോഷ് മാധവന്‍ 16 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. വിദേശവനിതയെ 45 ലക്ഷം രൂപ കബളിപ്പിച്ചെന്ന മറ്റൊരു കേസും ഇയാള്‍ക്കെതിരേ മാര്‍ച്ച് 2008ല്‍ പുറത്തുവന്നിരുന്നു


2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

അഹമ്മദ് പട്ടേലിന്റെ വിജയം പറയാതെ പറയുന്നത്


കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും രാഷ്ട്രീയ തന്ത്രശാലികളെല്ലാം നിറഞ്ഞാടിയ ദിനങ്ങളാണ് ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടന്നുപോയത്. ഒരു രാജ്യസഭാ തെരഞ്ഞെടുപ്പ് ഇത്രയധികം ഉദ്വേഗജനകമാകുന്നതുതന്നെ ഇത്തരത്തില്‍ ആദ്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനും തന്ത്രജ്ഞനും രാഷ്ട്രീയ ഉപദേശകനും ഒക്കെയായ അഹമ്മദ് പട്ടേലിന്റെ വിജയം ഒരു ഞാണിന്‍മേല്‍കളിയുടെ അനന്തരഫലമായിവേണം വിലയിരുത്താന്‍. വിമതരുടെ രണ്ട് വോട്ടുകള്‍ അസാധുവാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ പട്ടേല്‍ തകര്‍ന്നടിഞ്ഞേനെ എന്ന സത്യവും മറന്നുകൂടാ. പട്ടേലിന്റെ വിജയം വെറും രാജ്യസഭാ സീറ്റ് നേട്ടത്തിനപ്പുറം അത് നല്‍കുന്ന മാനങ്ങള്‍ നിരവധിയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമല്ല, മറ്റു പാര്‍ട്ടികളിലേക്കുപോലും അതിന്റെ അലയൊലി വ്യാപിക്കുന്നു.

പട്ടേലിന് അഭിമാനം

സ്വന്തം തട്ടകത്തില്‍ വിജയിക്കാനായത് അഹമ്മദ്പട്ടേലിന് അഭിമാനകരമാണ്. അതുകൊണ്ടാണ് ജയിച്ചയുടന്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും ദുഷ്‌കരമായ സംഭവമെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. തന്റെ അടുത്തലക്ഷ്യം ഗുജറാത്ത് നേടുകയെന്നതാണെന്ന് ആത്മവിശ്വാസം നേടിയ അദ്ദേഹം പറയുന്നുണ്ട്. പണവും അധികാരവും പേശിബലവും ഉപയോഗിച്ച് എതിരാളികളെ തകര്‍ക്കാനുള്ള ഗുജറാത്തിലെ ബി.ജെ.പിക്ക് മുഖത്തേറ്റ അടിയാണിതെന്നും ഒരുവേള പരാജയപ്പെടുമെന്നുപോലും കരുതിയിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1977ല്‍ കോണ്‍ഗ്രസ്-ഇന്ദിരാ വിരുദ്ധ തരംഗത്തില്‍ 28കാരനായ പട്ടേല്‍ ബ്രോച്ച് ലോക്‌സഭാ സീറ്റില്‍ വിജയക്കൊടി പാറിച്ച് അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. 40 വര്‍ഷത്തിനിപ്പുറം അതുപോലൊരു സാഹചര്യത്തില്‍ വിജയിക്കാനായത് സകല എതിരാളികളെയും നിശബ്ദരാക്കിക്കൊണ്ടും പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിക്കൊണ്ടുമാണെന്ന് കോണ്‍ഗ്രസുകാര്‍ക്കെങ്കിലും സമാധാനിക്കാം. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായി അണിയറയില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്ന പട്ടേല്‍ സ്വയം പ്രതിസന്ധിയില്‍പെട്ട കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസില്‍ പലരുടെയും കസേര തെറിപ്പിക്കുകയും പലര്‍ക്കും കിരീടധാരണം സാധ്യമാക്കുകയും ചെയ്തത് പട്ടേലിന്റെ തന്ത്രജ്ഞത ആയിരുന്നെങ്കിലും സ്വന്തം വിജയത്തിന് മറ്റുള്ളവരുടെ കരുണകാത്തിരിക്കേണ്ടിവന്നത് വിരോധാഭാസമാണ്. അതുപോലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിനെ നാലുതലമുറകളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന പട്ടേലിന് രാഹുല്‍ നേതൃത്വത്തിലേക്കു വരുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമാണെന്നു പലരും കരുതുന്നുമില്ല.

കോണ്‍ഗ്രസിന് ആശ്വാസം

അഭിമാനപ്പോരാട്ടമായിരുന്നു നടന്നത്. പട്ടേല്‍ തോറ്റാന്‍ കോണ്‍ഗ്രസും സോണിയയും തോല്‍ക്കുന്നു എന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീണ്ടപ്പോഴാണ് ഫീനിക്‌സ് പക്ഷിയായി പട്ടേലിന്റെ വിജയം. 57 എം.എല്‍.എമാരണ്ടായിരുന്ന കോണ്‍ഗ്രസ് 44 പേരെ ഒപ്പം നിര്‍ത്താന്‍ പെട്ട പാട് നാണക്കേടുണ്ടാക്കുന്നതാണ്. കൂറുമാറുമെന്നു ഭയന്ന് തങ്ങള്‍ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തേയ്ക്ക് എം.എല്‍.എമാരെ ഒളിപ്പിക്കേണ്ടി വന്നതും കോണ്‍ഗ്രസിനു നാണക്കേടായി. അംഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നില്ല, അവരില്‍ വിശ്വാസമില്ല, ചാഞ്ചാട്ടക്കാരാണ് തുടങ്ങിയ ധ്വനികളാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്കുനേരെ വച്ചുനീട്ടിയത്. കോണ്‍ഗ്രസ് നേതൃത്വം പിടിപ്പുകേടിന്റെ പര്യായമാണെന്നും അതിനുകാരണക്കാരനായ പട്ടേലിന്റെ വിജയം മാറ്റങ്ങളുണ്ടാക്കില്ലെന്നും കരുതുന്ന ഒരുവിഭാഗം കോണ്‍ഗ്രസിലുണ്ട്. പട്ടേലിന്റെ ജയത്തില്‍ അഭിമാനവും ആശങ്കയും കോണ്‍ഗ്രസിനുണ്ടെന്നുവേണം ഇതിലൂടെ മനസിലാക്കാന്‍. തന്ത്രജ്ഞനായ പട്ടേലുണ്ടായിട്ടും ഗുജറാത്തില്‍ 14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടത് ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നുമാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നത് ശങ്കര്‍സിങ് വഗേലയുടെയും മറ്റും അസാന്നിധ്യം കൊണ്ടാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇത് വിജയപ്രതീക്ഷകളെ സ്വാധീനിക്കാന്‍ പോന്നതാണ്. ജയറാം രമേശിനെ പോലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പുപോലും ഭീഷണിയിലാണെന്നാണ്.

ബി.ജെ.പി നേരിട്ട ദുരന്തം

ബി.ജെ.പി ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത് ഒരു ദുരന്തമാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും സ്മൃതി ഇറാനിയെയും ജയിപ്പിക്കാനായത് അത്രവലിയ സംഭവമല്ല. അഹമ്മദ്പട്ടേലിനെ തോല്‍പിക്കാനാവാതിരുന്നതാണ് ദുരന്തമാകുന്നത്. ആളും അര്‍ത്ഥവും അധികാരവും ഒക്കെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള അമിത് ഷായുടെ തന്ത്രങ്ങള്‍ പാളിയത് അദ്ദേഹത്തിനേറ്റ തിരിച്ചടിതന്നെയാണ്. പൊതുജന മധ്യത്തില്‍ പാര്‍ട്ടി താറടിക്കപ്പെടാന്‍ ഗുജറാത്തിലെ രാഷ്ട്രീയ നാടകം കാരണമായി. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള ഷായുടെയും സംഘത്തിന്റെയും സ്വപ്‌നങ്ങളാണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്.

എന്‍.സി.പിക്ക് നാണക്കേട്

ബി.ജെ.പിക്കെതിരേ മഹാസഖ്യ ലക്ഷ്യമെന്ന സ്വപ്‌നം എന്‍.സി.പി തുടക്കത്തിലേ തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് അംഗങ്ങളില്‍ ഒരാള്‍ ബി.ജെ.പിക്കും ഒരാള്‍ കോണ്‍ഗ്രസിനും വോട്ടു ചെയ്ത് വ്യക്തമായ പിളര്‍പ്പിലേക്ക് വിരല്‍ചൂണ്ടി. ശരദ്പവാറിന്റെ പിടിപ്പുകേടായും ഇത് വിലയിരുത്തപ്പെടും. നിര്‍ണായക വോട്ടെടുപ്പില്‍ എന്‍.സി.പി സ്വീകരിച്ച നിലപാട് വരും ദിനങ്ങളും ആ പാര്‍ട്ടിയില്‍ പ്രകമ്പനങ്ങള്‍ ഉയര്‍ത്തും.

ദളിന് അടിത്തറ നഷ്ടം

ബി.ജെ.പിയുടെ പുതിയ കൂട്ടുകെട്ടായ ജനതാദള്‍ യുണൈറ്റഡിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിനും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതായിരുന്നു. തങ്ങളുടെ ഒരു എം.എല്‍.എ ആയ ഛോട്ടുഭായ് വാസവ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന് കരുതിയെങ്കിലും അദ്ദേഹം കോണ്‍ഗ്രസിന് വോട്ടു ചെയ്യുകയും ബിഹാറില്‍ നിതീഷ് ചെയ്തത് ആത്മഹത്യാപരമാണെന്ന രീതിയില്‍ ദലിതര്‍ക്കും ന്യൂനപക്ഷത്തിനുമെതിരേ നില്‍ക്കുന്ന ബി.ജെ.പിക്ക് താന്‍ വോട്ട് ചെയ്തില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് നിതീഷിന് ക്ഷീണമുണ്ടാക്കി. കോണ്‍ഗ്രസിന് വോട്ടു ചെയ്യാമെന്ന് വാസവയ്ക്ക് അറിയിപ്പ് നല്‍കിയ അരുണ്‍ ശ്രീവാസ്തവയെന്ന ശരദ് യാദവ് പക്ഷക്കാരനെ പ്രസിഡന്റ് നിതീഷ്‌കുമാര്‍ പുറത്താക്കി. ഇത് വരും ദിവസങ്ങളില്‍ ജെ.ഡി.യുവില്‍ പൊട്ടിത്തെറികളുണ്ടാക്കിയേക്കും.

ഗോവയും മണിപ്പൂരും അരുണാചലും

അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ സര്‍വസന്നാഹവുമായി അണിനിരന്ന കോണ്‍ഗ്രസിന് അതിന്റെ പത്തിലൊന്ന് വിയര്‍പ്പൊഴുക്കിയിരുന്നെങ്കില്‍ ചില സംസ്ഥാനങ്ങളില്‍ നേരിട്ട ദുരനുഭവം ഒഴിവാക്കാമായിരുന്നു. ഗോവയിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബി.ജെ.പിയുടെ രാഷ്ട്രീയ കപട നാടകത്തിനു മുന്നില്‍ തരിപ്പണമായ കോണ്‍ഗ്രസിനെ മറന്നുകൂടാ. അന്ന് ഈ ചേതോവികാരം എന്തേ ഉണ്ടായില്ല എന്നു കോണ്‍ഗ്രസുകാരില്‍ ഉയരുന്ന ചോദ്യം കണ്ടില്ലെന്നു നടിക്കാനാവില്ല. അതിനേക്കാളൊക്കെ പ്രാധാന്യം പട്ടേലിന്റെ രാജ്യസഭാ പ്രവേശനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു എന്നത് വിരോധാഭാസമാണ്. രണ്ടാം യു.പി.എ ഭരണം അധപ്പതിക്കുമ്പോഴും അമരത്ത് പട്ടേലുണ്ടായിരുന്നു. അന്നും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ വിലപ്പോയില്ല. ഗുജറാത്തില്‍ 1995നുശേഷം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായില്ലെന്നതുപോട്ടെ, ദലിത്, പട്ടേല്‍ സമരങ്ങളുണ്ടായിട്ടും ഫലപ്രദമായി അതില്‍ മുതലെടുപ്പ് നടത്താന്‍ പോലും പട്ടേലിന്റെ തന്ത്രങ്ങള്‍ക്കായില്ലെന്നതും ഓര്‍ക്കണം.