2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

ഇനി രാഹുലിന്റെ കോണ്‍ഗ്രസ്


നെഹ്രുജി, ഇന്ദിരാജി, രാജീവ്ജി, സോണിയാജി...ഇനി രാഹുല്‍ജിയിലേക്ക് കോണ്‍ഗ്രസ് സംസ്‌കാരം എത്തിച്ചേരുകയാണ്. മറ്റ് തടസങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി ഒക്ടോബറില്‍ ചുമതലയേല്‍ക്കും. സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി രാഹുലിനെ പ്രസിഡന്റായി നിയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുലിനെ ഏല്‍പിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം പി.എല്‍.പുനിയ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ രാഹുല്‍ അധ്യക്ഷനാകണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ മുന്നോട്ടുചാടുന്നതിനുപകരം ഭയവിഹ്വലതയോടെ പിന്നോക്കം പാഞ്ഞ രാഹുലിനെയാണ് കണ്ടത്. അങ്കത്തട്ടിലിറങ്ങി മോദിയെ നേരിടുന്നതിനു പകരം വെട്ടിയൊഴിഞ്ഞ്, മല്ലികാര്‍ജുന ഖാര്‍ഗെയെ ആ ഭാരിച്ച ഉത്തരവാദിത്വമേല്‍പിച്ച രാഹുല്‍ ഇടത്തട്ടില്‍ ഇടം തെരയുന്നയാളായി. രാഹുല്‍ സ്വയം വിലയിരുത്തുന്നത് പരിചയക്കുറവെന്നാണ്.  പരിചയക്കുറവു നികത്താനും പരീക്ഷണങ്ങളും അനുഭവങ്ങളും നേടാനുമാണ് ഇപ്പോഴത്തെ വിദേശ യാത്രകളെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

രാഹുലിന്റെ കുട്ടിക്കളി

കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ ഗാന്ധി എന്നു വികാരാവേശത്തോടെ വിളിക്കുന്നത് കോണ്‍ഗ്രസ് എന്ന സംസ്‌കാരത്തെയും അതിന്റെ നാഡിയായ ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ മുന്നില്‍ കാണുന്നതുകൊണ്ടാണ്. അത് രാഹുലിന് മനസിലായിട്ടില്ല. രാജ്യത്ത് ഗുരുതര സ്ഥിതികളില്‍ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമ്പോഴും പാര്‍ട്ടിക്ക് ദിശ തെളിക്കേണ്ടിവരുമ്പോഴും വിദേശ പര്യടനത്തിനും സാമാന്യക്രീഡകള്‍ക്കും സമയം ചെലവിടുന്ന രാഹുലിനെ അംഗീകരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കാവില്ല.
2015ല്‍ മോദിയുടെ ഭൂനിമയത്തിനെതിരേ തെരുവുകള്‍ പ്രകമ്പനം കൊണ്ടപ്പോള്‍ 53 ദിവസത്തെ വിദേശപര്യടനത്തിനു പോയ രാഹുലിനെയും രാഷ്ട്രപതി തെരഞ്ഞെടുപ്പിനിടെ മുത്തശ്ശിയെ കാണാന്‍ ഇറ്റലിക്കു പുറപ്പെട്ട രാഹുലിനെയും ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളില്‍ തന്ത്രങ്ങള്‍ മെനയേണ്ട അവസരത്തില്‍ വിദേശ പര്യടനത്തിലുള്ള രാഹുലിനെയും നാം കാണുന്നു. 47കാരനായ രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ ഇനിയും പ്രായമായില്ലേ എന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ വേവലാതിപ്പെടുന്നതും ഇതുകൊണ്ടാണ്. വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ പണിയെടുക്കുന്ന രാഷ്ട്രീയക്കാരനാണോ രാഹുലെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ചോദിക്കുന്നു.

പ്രധാനമന്ത്രിയാകാന്‍

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി രാഹുലിനെ ആദ്യം വാഴ്ത്തിയത് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം വീരപ്പ മൊയ്‌ലിയാണ്, 2008ല്‍. അതും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിദേശപര്യടനത്തിലായിരിക്കേ. ഇത് സിങിനെ ചൊടിപ്പിച്ചിരുന്നു. 2013ല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ രാഹുല്‍, നിലവില്‍ ആ സ്ഥാനത്തിനു പുറമേ, അമേഠിയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാംഗം, പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍, എന്‍.എസ്.യു അധ്യക്ഷന്‍, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ട്രസ്റ്റി, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2007ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനവും രാഹുല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിപദമേറാന്‍ രാഹുലിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ക്ക് നന്നായറിയാം.

സോണിയയുടെ സ്വീകാര്യത

സോണിയാഗാന്ധിയുടെ സ്വീകാര്യത രാഹുലിനില്ലെന്നത് വസ്തുതയാണ്. ശരദ് പവാറായാലും ശരത് യാദവായാലും മായാവതിയോ, മമതാ ബാനര്‍ജിയോ മുലായമോ ലാലുവോ ഒക്കെയായാലും രാഹുലിനോട് അവര്‍ക്ക് സോണിയയുമായുള്ളത്ര ഗാഢബന്ധം പുലര്‍ത്താനാവുന്നില്ല. രാജീവിന്റെ അസാന്നിധ്യത്തില്‍, 1998 മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്ന 70കാരിയായ സോണിയാഗാന്ധി ശാരീരിക അസ്വാസ്ഥ്യങ്ങളും മറ്റും മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയാണ്. രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് നിര്‍ണയിക്കപ്പെടുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അഖിലേഷിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഇഷ്ടപ്പെടുന്ന രാഹുലിന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളോട് അത്ര അടുപ്പവുമില്ല. സോണിയാ ഗാന്ധി ചികിത്സാര്‍ഥം വിദേശത്തുപോയപ്പോള്‍ നാലുമാസക്കാലം ഭരണച്ചുമതല രാഹുലിനെ ഏല്‍പിച്ചിരുന്നു. അന്ന് രാഹുല്‍ കൈക്കൊണ്ട പല തീരുമാനങ്ങളും പാര്‍ട്ടിയുടെ ഇഴ തെറ്റിച്ചുവെന്ന് സോണിയക്ക് മനസിലായിട്ടുണ്ട്. മന്‍മോഹന്‍സിങും ആന്റണിയും ചേര്‍ന്ന് രാഹുലിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടും സോണിയ മനസുതുറക്കാതിരുന്നതിന് ഒരു കാരണവും ഇതാവാം.

വര്‍ക്കിങ് പ്രസിഡന്റോ പ്രസിഡന്റോ

രാഹുല്‍ പ്രസിഡന്റാകുമെന്നു പറയുമ്പോഴും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആശങ്ക ഒരു അസന്നിഗ്ധാവസ്ഥയൊരുക്കുന്നുണ്ട്. തങ്ങള്‍ അവഗണിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുമെന്ന് പലരും ഭയപ്പെടുന്നു. അതു പലപ്പോഴും പല ഭാവങ്ങളില്‍ മറനീക്കി പുറത്തുവന്നിട്ടുമുണ്ട്. സോണിയക്കും ഇക്കാര്യം ബോധ്യമുണ്ട്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി പ്രസിഡന്റാക്കാന്‍ രാഹുല്‍ പരിശ്രമിക്കുന്നു. ഇവിടെ മുതിര്‍ന്ന അംഗം കമല്‍നാഥ് പുറത്തേക്ക് വഴി തുറന്നു കാത്തിരിക്കുന്നു എന്ന വാര്‍ത്തകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. അതുകൊണ്ട് സോണിയ പ്രസിഡന്റായിരിക്കുകയും രാഹുലിനെ വര്‍ക്കിങ് പ്രസിഡന്റാക്കുകയും ചെയ്താലോ എന്ന ആലോചനകളുമുണ്ട്. അങ്ങനെയെങ്കില്‍ രാഹുലിനെ സഹായിക്കാന്‍ മൂന്നോ നാലോ വൈസ് പ്രസിഡന്റുമാരെയും നിയോഗിച്ചുകൂടായ്കയില്ല.

ബി.ജെ.പി ഉറ്റുനോക്കുന്നത്

ബി.ജെ.പി ആഗ്രഹിക്കുന്നതും രാഹുല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുവരണമെന്നുതന്നെയാണ്. മുതിര്‍ന്ന അംഗങ്ങളോടു രാഹുല്‍ വച്ചുപുലര്‍ത്തുന്ന നീരസം കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും രാഹുലിനോട് നീരസം പുലര്‍ത്തിയ നേതാക്കള്‍ ബി.ജെ.പിക്കൊപ്പം കൂടിയത് കണ്ടു. ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഇതിലേക്കുള്ള ചുവടുവയ്പ് ദൃശ്യമായിട്ടുമുണ്ട്.
തോല്‍വിയില്‍നിന്നു പാര്‍ട്ടിയെ കരകയറ്റാന്‍ പോയിട്ട് നയപരമായ തീരുമാനമെടുക്കാന്‍ പോലും രാഹുലിന് കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ ആം ആദ്മിയോടു തോറ്റപ്പോള്‍ 'ചിന്തിക്കാനാവാത്ത, ശക്തമായ മാറ്റങ്ങളോടെ കോണ്‍ഗ്രസ് തിരിച്ചുവരു'മെന്ന രാഹുല്‍ തുറന്നടിച്ചു. ഒന്നും സംഭവിച്ചില്ല. ഉത്തര്‍പ്രദേശില്‍ വന്‍ പ്രതീക്ഷയുണ്ടായിരുന്നിട്ടും ചീട്ടുകൊട്ടാരമായി. 'അടിമുടി മാറ്റങ്ങളുമായി തിരിച്ചുവരു'മെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ഒന്നും കണ്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരുമാസമായിട്ടും തോല്‍വി അവലോകനം ചെയ്യാന്‍ പോലുമായില്ല. കൈക്കുമ്പിളില്‍ നീട്ടുന്ന സ്ഥാനത്തിന്റെ മഹിമയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഹുല്‍ ഒരു സ്വപ്‌നമായി അവശേഷിക്കും.

കൂട്ടിവായിക്കാന്‍:

ബി.ജെ.പിയെയും സംഘപരിവാറിനെയും നേരിടാന്‍ രാഹുല്‍ ഭഗവത്ഗീതയും ഉപനിഷത്തുകളും വായിക്കുന്നു. പോരാട്ടത്തിലല്ല, കര്‍മത്തിലാണ് ഇവയുടെ ഊന്നലെന്ന് രാഹുല്‍ മനസിലാക്കുന്നുണ്ടോ എന്തോ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ