2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

തമിഴ് നാട് വീണ്ടും താരാധിപത്യത്തിലേക്ക്?



തമിഴ്‌നാട് വീണ്ടും താരാധിപത്യത്തിലേക്ക് വഴുതാന്‍ സമയമായി എന്നുകരുതേണ്ടിവരും. രാഷ്ട്രീയ പ്രവേശത്തിന് തയാറായി രജനീകാന്തും ഈ മാസം തന്നെ രാഷ്ട്രീയ പ്രവേശമുണ്ടാകുമെന്ന കമല്‍ ഹാസന്‍ പ്രഖ്യാപിക്കുകയും ചെയതതോടെയാണിത്. താരറാണിയായിരുന്ന ജയലളിത സിംഹാസനസ്ഥയായത് സൂപ്പര്‍ താരം എം.ജി.ആര്‍ വിടവാങ്ങിയതോടെയാണ്. ഇപ്പോള്‍ ജയലളിത പകുതിയില്‍ നിര്‍ത്തിപ്പോയ തമിഴ്‌നാടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ സൂപ്പര്‍താരോദയം തന്നെ വേണ്ടിവരുന്ന അവസ്ഥയാണിന്നുള്ളത്.
തമിഴ് നാട് രാഷ്ട്രീയത്തിന് സിനിമയെ വിട്ടുള്ള വഴിയില്ല. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തിലും ആന്ധ്രയിലും സിനിമയും രാഷ്ട്രീയവുമായി അടുത്തബന്ധങ്ങളാണുള്ളത്. ആന്ധ്രയില്‍ എന്‍.ടി.രാമറാവുവിന്റെ ഭരണകാലം സൂപ്പര്‍ താരത്തിന്റെ സിനിമാവാഴ്ചയ്ക്കു സമാനമായിരുന്നു.
തമിഴ് നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഇഴപിരിയാത്ത അവസ്ഥയുണ്ടാക്കിയത് കഴിഞ്ഞ കാലഘട്ടത്തിന്റെ വക്താക്കളായ എം.ജി.ആറും എം.കരുണാനിധിയുമാണ്. താരപരിവേഷത്തില്‍ നിന്ന് രാഷ്ട്രീയ ഭരണത്തിലേക്ക് എം.ജി.ആര്‍ എത്തിയപ്പോള്‍ സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിച്ചാണ് സാമൂഹ്യ സേവന രംഗത്തേക്ക് കരുണാനിധികാലുകുത്തിയത്. എം.ജി.ആറിനു പിന്‍ഗാമിയും കലൈജ്ഞര്‍ക്ക് എതിരാളിയുമായാണ് ജയലളിത വെള്ളിവെളിച്ചത്തില്‍ എത്തുന്നത്. തുടര്‍ന്ന് മാസ്മരിക പ്രകടനത്തിലൂടെ തമിഴ് മക്കളുടെ കനവും മനവും അടക്കിവാഴുകയായിരുന്നു അവര്‍, ജനങ്ങളുടെ പുരൈട്ചി തലൈവി ആയി.
ഇന്ന് ആ മാസ്മരിക പ്രഭാവം തമിഴ് നാടിനു നഷ്ടമായിരിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം തമിഴ് നാട് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. തോഴിയായി നടന്ന് തരം കിട്ടിയപ്പോള്‍ യജമാനത്തിയുടെ സിംഹാസനം കൈപ്പിടിയിലൊതുക്കാന്‍ ആര്‍ത്തിപൂണ്ട ശശികല ജയിലിലായപ്പോള്‍ സഹോദരന്‍ ആ കര്‍ത്തവ്യം നിറവേറ്റാന്‍ പയറ്റു തുടരുന്നതിനിടെയാണ് പുതിയ വൃത്താന്തങ്ങളെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സൂപ്പര്‍താരം കമലഹാസന്‍ രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നു എന്നതാണ് പുതിയ വിശേഷം. ഒരുതടവല്ല, നൂറു തടവ് ശൊല്ലിയിട്ടും ഇനിയും രാഷ്ട്രീയ രംഗത്തെത്താന്‍ നാട്യമന്നന്‍ രജനീകാന്ത് മടിച്ചുനില്‍ക്കുമ്പോഴാണ് ഈ മാസം തന്നെ രാഷ്ട്രീയ കക്ഷി രൂപീകരിക്കാനുള്ള നീക്കവുമായി കമലഹാസന്‍ മുന്നിട്ടിറങ്ങുന്നത്.
അഭിനയരംഗത്ത് മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ രംഗത്ത് കമലഹാസന്‍ സ്വന്തം മേല്‍വിലാസം കണ്ടെത്തിയിട്ടില്ലാത്തയാളാണ്. അദ്ദേഹത്തിന് രാഷ്ട്രീയരംഗത്തെത്തിയാല്‍ എത്രമാത്രം ജനപിന്തുണ ആര്‍ജിക്കാനാവുമെന്നതിലും സംശയമുണ്ട്. എന്നാല്‍ സ്വയം രാഷ്ട്രീയത്തിലെത്തുന്നതിനോടൊപ്പം രജനീകാന്തിനെയും ഒപ്പം ക്ഷണിക്കുന്ന കമല്‍ തമിഴ് രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാനുള്ള പുറപ്പാടിലാണെന്ന് വളരെ വ്യക്തം.
രജനീകാന്ത് ജയലളിതയ്ക്ക് പകരക്കാരനാകുമെന്ന് തമിഴ് ജനതയ്ക്ക് നന്നായറിയാം. ജയലളിതയുടെയും അപ്പുറം, സ്വാര്‍ഥ താല്‍പര്യം തൊട്ടുതീണ്ടിയിട്ടില്ലാത്തയാളായാണ് രജനീകാന്ത് അറിയപ്പെടുന്നത്. സമ്പാദിക്കുന്ന പണത്തിന്റെ പകുതിയും സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വിനിയോഗിക്കുന്ന രജനീകാന്ത് തമിഴ് മക്കളുടെ കണ്ണീരൊപ്പാന്‍ പോന്നവനാണെന്ന് തമിഴര്‍ ഉറച്ചു വിശ്വസിക്കുന്നു. വെള്ളിത്തിരയില്‍ നിന്നിറങ്ങി തമിഴ് ജനതയുടെ പുരൈട്ചി തലൈവര്‍ ആയ എം.ജി.ആറിനെ അനുസ്മരിപ്പിക്കുന്ന പരിവേഷമാണ് രജനീകാന്തിനുള്ളത്. ജയലളിതയുടെ അഭാവത്തില്‍ തമിഴ്‌നാട് അരക്ഷിതമാകുമെന്ന വിലയിരുത്തലുകള്‍ യാഥാര്‍ഥ്യമായിരിക്കുന്നു ഇന്ന്. ജയലളിതയ്ക്കു പകരം ആ പ്രഭാവം ആര്‍ക്കുണ്ടെന്ന ചോദ്യത്തിന് മറുപടി രജനീകാന്താണ്. രജനി രാഷ്ട്രീയത്തില്‍ വരണമെന്ന് ജയലളിതയെ നഷ്ടപ്പെട്ട തമിഴ് ജനത അതിയായി ആഗ്രഹിക്കുന്നു. എന്നാല്‍ മനസുതുറക്കാതെ രജനി രാഷ്ട്രീയ പ്രവേശം നീട്ടിക്കൊണ്ടുപോകുമ്പോഴാണ് കമലിന്റെ പ്രഖ്യാപനം. രജനിയെ ഒപ്പം കൂട്ടിനു കിട്ടിയാല്‍ ഇരുവര്‍ തമിഴില്‍ കൊടിപാറിക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നന്നായറിയാം. അതുകൊണ്ടുതന്നെ ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇരുവര്‍ക്കും പിന്നാലെയുണ്ടുതാനും.
രജനീകാന്തിന് എടുത്തുപറയത്തക്ക രാഷ്ട്രീയ നിലപാടുകളൊന്നുമില്ലെന്നതാണ് അദ്ദേഹത്തിന്റെ മേന്‍മ. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും അദ്ദേഹത്തിന്റെ ആരാധകരുണ്ട്. അദ്ദേഹം രാഷ്ട്രീയത്തിലില്ലാത്തതുകൊണ്ടുമാത്രം മറ്റ് രാഷ്ട്രീയ പ്പാര്‍ട്ടികളില്‍ വിശ്വസിക്കേണ്ടി വന്നു എന്ന രീതിയിലാണ് മിക്ക തമിഴരുടെയും വിശദീകരണം. തമിഴ്‌നാട്ടില്‍ അനീതികളുണ്ടാവുമ്പോള്‍ അവയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് രജനീകാന്ത്. സിനിമയിലെ കഥാപാത്രമായി തന്നെയാണ് രജനി നിത്യജീവിതത്തിലും.
കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവേശത്തിന് തെരഞ്ഞെടുത്ത സമയവും ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. ഡി.എം.കെ ഒരു വശത്ത് തളര്‍ന്ന ആമ പോലെയും എ.ഐ.ഡി.എം.കെ കാട്ടിലെ രാജാവാകാന്‍ രൂക്ഷപോരാട്ടത്തിലും ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയ്ക്കിടെയാണത്. രജനിയും കമലിനൊപ്പം ചേര്‍ന്നാല്‍ മറ്റൊരു യുഗപ്പിറവിയാവുമത്. എന്നാല്‍ ചേരികള്‍ മാറുന്നത് തമിഴ് മക്കള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ദോഷകരമാകുമെന്ന മുന്നറിയിപ്പും ഇരുവരും മനസിലാക്കുന്നുണ്ടാവണം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ