2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ഗുജറാത്ത് തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഉരകല്ല്


കേന്ദ്രഭരണം കയ്യാളുന്ന ബി.ജെ.പിയുടെ നിലപാടുകളില്‍ ജനങ്ങള്‍ക്കുള്ള പിന്തുണ എത്രമാത്രമെന്ന് ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഉത്തരം നല്‍കും. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലുമാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അത്ഭുതപ്പെടുത്തി. ജനുവരിയില്‍ കാലാവധി കഴിയുന്ന ഹിമാചലിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിസംബറില്‍ കാലാവധി അവസാനിക്കുന്ന ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പെടാതെ ഗുജറാത്തിലേക്ക് വാഗ്ദാനങ്ങള്‍ വിതറാന്‍ പോകുന്നു എന്നുവേണം അനുമാനിക്കാന്‍. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആം ആദ്മിക്കും ഉയര്‍ത്തിക്കാട്ടാന്‍ ശക്തനായ ഒരു സാരഥി സംസ്ഥാനത്തില്ല. അതുകൊണ്ടുതന്നെ ഫലത്തില്‍ മോദി-രാഹുല്‍-കെജ് രിവാള്‍ മത്സരമാണ് ഇവിടെ നടക്കുക.

വിഷയങ്ങള്‍ സങ്കീര്‍ണം
നാണയമൂല്യം ഇല്ലാതാക്കിയതും ജി.എസ്.ടി നടപ്പാക്കിയതുമാണ് ബി.ജെ.പി നേരിടുന്ന വെല്ലുവിളി. പണപ്പെരുപ്പവും തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കഠിനസ്ഥിതിയാണ്. വികസനമെന്നോന്നും പറഞ്ഞാല്‍ അവര്‍ക്ക് തിരിയാതിരിക്കേ കൈപ്പിടിയില്‍ നിന്നൂര്‍ന്ന പണത്തിന്റെ കണക്ക് ചോദിക്കാന്‍ ഗുജറാത്തുകാര്‍ തുനിഞ്ഞാല്‍ മോദിക്ക് അടിയറവ് പറയേണ്ടിവരും. ഗുജറാത്ത് എന്നാല്‍ മോദിയും അമിത് ഷായുമായിരിക്കേ അമിത്ഷായുടെ മകനെതിരേ ഉയര്‍ന്ന ആരോപണങ്ങളും ബി.ജെ.പിക്ക് പ്രതികൂല ഘടകങ്ങളാണ്. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 115 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് 61ഉം എന്‍.സി.പി രണ്ടും സീറ്റുകള്‍ നേടി.


ഗുജറാത്ത്
ഗുജറാത്തില്‍ 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി, എന്‍.സി.പി പാര്‍ട്ടികളെ കൂടാതെ ഭാരതീയ രാഷ്ട്രവാദി പക്ഷ, ഗുജറാത്ത് അതിജാതി വികാസ് പക്ഷ, ഗുജറാത്ത് സംസ്ഥാന ജനതാ കോണ്‍ഗ്രസ്, വഗേലയുടെ രാഷ്ട്രവേദി ജന്‍ വികല്‍പ് മോര്‍ച്ച എന്നീ പ്രാദേശിക പാര്‍ട്ടികളും രംഗത്തുണ്ട്.
ഗര്‍ജേ ഗുജറാത്ത് എന്ന മുദ്രാവാക്യമുയര്‍ത്തി 150 സീറ്റെങ്കിലും സ്വന്തമാക്കണമെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അണികളോട് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ് തെരഞ്ഞെടുപ്പ് ചുമതല. ഗുജറാത്തിലുണ്ടാകുന്ന ചെറിയ തിരിച്ചടിപോലും അമിത് ഷാ-നരേന്ദ്ര മോദി-അരുണ്‍ ജെയ്റ്റ്‌ലി ത്രയത്തിന് പാര്‍ട്ടിയില്‍ നിന്നു ശകാരം ക്ഷണിച്ചുവരുത്തും. യശ്വന്ത് സിന്‍ഹയേയും ശത്രുഘ്‌നന്‍ സിന്‍ഹയേയും പോലുള്ളവര്‍ ഇതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മൂന്നാംവട്ടവും മുഖ്യമന്ത്രിയായി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയെത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അനന്തിബെന്‍ പട്ടേല്‍ അധികാരമേറ്റിരുന്നു. പട്ടേല്‍-ദലിത് വിഭാഗക്കാരുടെ സമരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ അനന്തി, വിമര്‍ശനങ്ങളെതുടര്‍ന്ന് രാജിവച്ചൊഴിഞ്ഞതോടെ ഗുജറാത്ത് ബി.ജെ.പിക്ക് തലവേദനയായി. തുടര്‍ന്ന് വിജയ് രൂപാനി വന്നെങ്കിലും വലിയ മാറ്റങ്ങളുണ്ടാക്കാനായില്ല.
സംസ്ഥാനത്ത് 20 ശതമാനം വരുന്ന പട്ടേല്‍ വിഭാഗത്തിന്റെ വോട്ട് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക് പട്ടേലിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ആം ആദ്മി പാര്‍്ട്ടിയും കോണ്‍ഗ്രസും കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. പട്ടേല്‍ സമുദായത്തിന് അനുകൂല പ്രഖ്യാപനം നടത്തി അവരുടെ പിന്തുണ ആര്‍ജിക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. പട്ടേല്‍ പ്രക്ഷോഭകര്‍ക്കെതിരേയുള്ള കേസുകളെല്ലാം പിന്‍വലിച്ചതും ഹാര്‍ദിക് പട്ടേലിനെതിരേയുള്ള രാജ്യദ്രോഹക്കേസ് പിന്‍വലിക്കാനുള്ള നീക്കവും അതിന്റെ മുന്നോടിയായിവേണം കരുതാന്‍. സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്റെ പട്ടേദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തില്‍ 2015ല്‍ നടന്ന സമരം അക്രമാസക്തമാവുകയും 12 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം വോട്ടെടുപ്പ് സമയത്ത് ചര്‍ച്ചകളില്‍ നിറയും. സൗരാഷ്ട്ര മേഖലയില്‍ 25 ഓളം നിയമസഭാ മണ്ഡലങ്ങളില്‍ പട്ടേല്‍ വിഭാഗമാവും വിധി നിര്‍ണയിക്കുക.
സംസ്ഥാനമുണ്ടായ 1960 മുതല്‍ കോണ്‍ഗ്രസ് വാണ ഗുജറാത്ത് 1995 ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേടിയെടുക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം ശങ്കര്‍സിങ് വഗേല പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കിയതോടെയാണ് നരേന്ദ്രമോദിയുടെ ഉദയം.
സംസ്ഥാനത്ത് 15 ശതമാനം വരുന്ന ആദിവാസി സമൂഹത്തിന്റെ സ്ഥിതി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദയനീയമാണ്. വനനിയമങ്ങളും വികസനമില്ലായ്മയുമാണ് പ്രധാനകാരണങ്ങള്‍. വനത്തില്‍ നിന്നു പുറത്താക്കപ്പെട്ട ആദിവാസികള്‍ കൂലിപ്പണിക്കാരാവുകയും തുഛവേതനവും അനാരോഗ്യകരമായ ചൂറ്റുപാടും വനിതകള്‍ ലൈംഗികചൂഷണത്തിനു വിധേയമാകുന്നതും അവരെ വല്ലാതെ അലട്ടുന്നു. ബനസ്‌കന്ദ, ആനന്ദ് പോലുള്ള നഗരങ്ങളില്‍ ദലിത് സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയും ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കും. ബാലവേല ഫലപ്രദമായി തടയുന്നതിനുപോലും കഴിയാത്ത സര്‍ക്കാരിന് പിന്തുണ കുറയുന്ന കാഴചയാണുള്ളത്.

ഉന സംഭവം
ഗിര്‍ സോമനാഥ് ജില്ലയിലെ ഉനയിലുള്ള മോട്ട സമാധിയാല എന്ന പിന്നോക്ക ഗ്രാമത്തിലെ നാലു ദലിത് യുവാക്കളെ കെട്ടിയിട്ട് ചമ്മട്ടി കൊണ്ട് അടിച്ച് ദേശീയതലത്തില്‍ വിവാദത്തിലാവുകയും നാണക്കേടുണ്ടാക്കുകയും ചെയ്ത സംഭവം ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ദോഷം ചെയ്യും. കഴിഞ്ഞ വര്‍ഷം ജൂലായ് 11നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ചത്ത കന്നുകാലികളുടെ ചര്‍മം ഉരിഞ്ഞെടുക്കുന്ന തൊഴിലിലേര്‍പ്പെട്ടിരുന്ന ബാലു സര്‍വയ്യയെന്ന ദലിതന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ പശു സംരക്ഷകരെന്ന കാവിപ്പട ആ കുടുംബത്തിലെ ഏഴുപേരെ അതിക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് നാലു ചെറുപ്പക്കാരെ വസ്ത്രാക്ഷേപം ചെയ്ത് വാഹനത്തില്‍ കെട്ടിയിട്ട് 25 കിലോമീറ്റര്‍ നടത്തിക്കുകയും ചാട്ടവാറുകൊണ്ട് പ്രഹരിക്കുകയും ചെയ്ത സംഭവം ദേശീയതലത്തില്‍ തന്നെ വന്‍ പ്രതിഷേധമാണുയര്‍ത്തിയത്. ഇതോടെ ജിഗ്നേഷ് മേവാനിയെന്ന ദലിത് നേതാവ് ഉദയം കൊണ്ടു. ദലിതരെ ഒന്നിപ്പിക്കാന്‍ മേവാനി ജാഥകള്‍ നടത്തിയെങ്കിലും ഭയലേശമില്ലാതെ അവര്‍ ബി.ജെ.പിക്കെതിരേ വോട്ടു ചെയ്യുമോ എന്നാണ് കാണാനുള്ളത്. എട്ടുശതമാനം വോട്ടാണ് അവര്‍ക്കുള്ളത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കുന്നത് ഭരത് സിങ് സോളങ്കിയാണ്. 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന്റെ ലാഞ്ചന കോണ്‍ഗ്രസ് നടത്തിയിരുന്നു. അത് പട്ടേല്‍ വിഭാഗത്തിന്റെ ബി.ജെ.പി വിരുദ്ധ വോട്ടുകളായിരുന്നു എന്നുവേണം കരുതാന്‍. എങ്കിലും ഓഗസ്റ്റില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ ജയിപ്പിക്കാനുള്ള ശ്രമത്തില്‍ മുതിര്‍ന്ന നേതാവ് ശങ്കര്‍സിങ് വഗേലയെ അവഗണിച്ച് പുറത്തേക്ക പോകാന്‍ വഴിയൊരുക്കിയതിന് കനത്ത വില നല്‍കേണ്ടിവരും. വഗേലയ്‌ക്കൊപ്പം 13 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടിരുന്നു. പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിയുടെ വിശ്വാസം നേടാനായത് ഗുണകരമാണ്. ആദിവാസി മേഖലയുടെ പിന്തുണ ഉറപ്പാക്കാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഐക്യജനതാദളിന്റെ ഒരു വോട്ട്് തെളിവായി കോണ്‍ഗ്രസ് കരുതുന്നുമുണ്ട്.

കന്നിമത്സരത്തിനിറങ്ങുന്ന ആം ആദ്മി പാര്‍ട്ടി ആദ്യഘട്ടത്തില്‍ വളരെയേറെ മുന്നിലായിരിക്കുന്നു. ഒന്നാംഘട്ടം സ്ഥാനാര്‍ഥി ലിസ്റ്റു പുറത്തുവിടുകയും റോഡ് ഷോകള്‍ നടത്തുകയും ചെയ്ത മറ്റ് പാര്‍ട്ടികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിട്ടുമുണ്ട്. എങ്കിലും പഞ്ചാബിലും ഗോവയിലും ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച വിജയം കൈവിട്ടത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ശക്തരായ ബി.ജെ.പിയേയും കോണ്‍ഗ്രസിനെയും വെറുംകയ്യോടെ നേരിടുക വയ്യ. അതറിയാവുന്ന കെജ് രിവാള്‍ ഹാര്‍ദിക് പട്ടേലിനെയോ ദലിത് വിഭാഗത്തെയോ പ്രതീക്ഷയോടെയാണ് നോക്കുന്നത്.

ഹിമാചല്‍
ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 9നാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഡിസംബര്‍ 18ന്. 68 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ പാളയത്തില്‍ പടയൊരുങ്ങുന്നു. മുഖ്യമന്ത്രി വീരഭദ്ര സിങും സംസ്ഥാന കോണ്‍ഗ്രസ് നേതാവ് സുഖ് വിന്ദര്‍ സിങ് സുഖുവും തമ്മിലുള്ള അഭിപ്രായവ്യത്യാസം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നാശങ്കപ്പെടും വിധം മറനീക്കി പുറത്തുവന്നിരിക്കുന്നു. രാജകുടുംബാംഗമായ വീരഭദ്രസിങിനോട് ജനങ്ങള്‍ക്ക് ആരാധനയാണ്. അത് വോട്ടായതാണ് അദ്ദേഹത്തെ അധികാരത്തില്‍ നിലനിര്‍ത്തുന്നതും. അദ്ദേഹം ഇടഞ്ഞാല്‍ കോണ്‍ഗ്രസ് തവിടുപൊടിയാകും. അതേസമയം മുന്നോക്ക ക്കാരായ ബ്രാഹ്മണരെയും താക്കൂര്‍ വിഭാഗത്തെയും ഒപ്പം നിര്‍ത്താനായ ബി.ജെ.പിക്ക് ഭരണവിരുദ്ധ, അഴിമതി വിരുദ്ധ വികാരമുണര്‍ത്താന്‍ സാധിക്കുകയും സ്ത്രീ സുരക്ഷ ഇല്ലാത്തത് ചൂണ്ടിക്കാട്ടി പൊതുവികാരമുയര്‍ത്താനാവുകയും ചെയ്താല്‍ വിജയം നേടാന്‍ സാധിക്കും. ദലിത് വിഭാഗത്തെ കൂടെക്കൂട്ടാനായാല്‍ അധികാരത്തിലേക്ക് കടന്നുകയറാന്‍ ബി.ജെ.പിക്ക് നിഷ്പ്രയാസം കഴിയും. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാവാറില്ലെന്നതും ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ