2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

അഹമ്മദ് പട്ടേലിന്റെ വിജയം പറയാതെ പറയുന്നത്


കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും രാഷ്ട്രീയ തന്ത്രശാലികളെല്ലാം നിറഞ്ഞാടിയ ദിനങ്ങളാണ് ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടന്നുപോയത്. ഒരു രാജ്യസഭാ തെരഞ്ഞെടുപ്പ് ഇത്രയധികം ഉദ്വേഗജനകമാകുന്നതുതന്നെ ഇത്തരത്തില്‍ ആദ്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനും തന്ത്രജ്ഞനും രാഷ്ട്രീയ ഉപദേശകനും ഒക്കെയായ അഹമ്മദ് പട്ടേലിന്റെ വിജയം ഒരു ഞാണിന്‍മേല്‍കളിയുടെ അനന്തരഫലമായിവേണം വിലയിരുത്താന്‍. വിമതരുടെ രണ്ട് വോട്ടുകള്‍ അസാധുവാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ പട്ടേല്‍ തകര്‍ന്നടിഞ്ഞേനെ എന്ന സത്യവും മറന്നുകൂടാ. പട്ടേലിന്റെ വിജയം വെറും രാജ്യസഭാ സീറ്റ് നേട്ടത്തിനപ്പുറം അത് നല്‍കുന്ന മാനങ്ങള്‍ നിരവധിയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമല്ല, മറ്റു പാര്‍ട്ടികളിലേക്കുപോലും അതിന്റെ അലയൊലി വ്യാപിക്കുന്നു.

പട്ടേലിന് അഭിമാനം

സ്വന്തം തട്ടകത്തില്‍ വിജയിക്കാനായത് അഹമ്മദ്പട്ടേലിന് അഭിമാനകരമാണ്. അതുകൊണ്ടാണ് ജയിച്ചയുടന്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും ദുഷ്‌കരമായ സംഭവമെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. തന്റെ അടുത്തലക്ഷ്യം ഗുജറാത്ത് നേടുകയെന്നതാണെന്ന് ആത്മവിശ്വാസം നേടിയ അദ്ദേഹം പറയുന്നുണ്ട്. പണവും അധികാരവും പേശിബലവും ഉപയോഗിച്ച് എതിരാളികളെ തകര്‍ക്കാനുള്ള ഗുജറാത്തിലെ ബി.ജെ.പിക്ക് മുഖത്തേറ്റ അടിയാണിതെന്നും ഒരുവേള പരാജയപ്പെടുമെന്നുപോലും കരുതിയിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1977ല്‍ കോണ്‍ഗ്രസ്-ഇന്ദിരാ വിരുദ്ധ തരംഗത്തില്‍ 28കാരനായ പട്ടേല്‍ ബ്രോച്ച് ലോക്‌സഭാ സീറ്റില്‍ വിജയക്കൊടി പാറിച്ച് അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. 40 വര്‍ഷത്തിനിപ്പുറം അതുപോലൊരു സാഹചര്യത്തില്‍ വിജയിക്കാനായത് സകല എതിരാളികളെയും നിശബ്ദരാക്കിക്കൊണ്ടും പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിക്കൊണ്ടുമാണെന്ന് കോണ്‍ഗ്രസുകാര്‍ക്കെങ്കിലും സമാധാനിക്കാം. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായി അണിയറയില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്ന പട്ടേല്‍ സ്വയം പ്രതിസന്ധിയില്‍പെട്ട കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസില്‍ പലരുടെയും കസേര തെറിപ്പിക്കുകയും പലര്‍ക്കും കിരീടധാരണം സാധ്യമാക്കുകയും ചെയ്തത് പട്ടേലിന്റെ തന്ത്രജ്ഞത ആയിരുന്നെങ്കിലും സ്വന്തം വിജയത്തിന് മറ്റുള്ളവരുടെ കരുണകാത്തിരിക്കേണ്ടിവന്നത് വിരോധാഭാസമാണ്. അതുപോലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിനെ നാലുതലമുറകളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന പട്ടേലിന് രാഹുല്‍ നേതൃത്വത്തിലേക്കു വരുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമാണെന്നു പലരും കരുതുന്നുമില്ല.

കോണ്‍ഗ്രസിന് ആശ്വാസം

അഭിമാനപ്പോരാട്ടമായിരുന്നു നടന്നത്. പട്ടേല്‍ തോറ്റാന്‍ കോണ്‍ഗ്രസും സോണിയയും തോല്‍ക്കുന്നു എന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീണ്ടപ്പോഴാണ് ഫീനിക്‌സ് പക്ഷിയായി പട്ടേലിന്റെ വിജയം. 57 എം.എല്‍.എമാരണ്ടായിരുന്ന കോണ്‍ഗ്രസ് 44 പേരെ ഒപ്പം നിര്‍ത്താന്‍ പെട്ട പാട് നാണക്കേടുണ്ടാക്കുന്നതാണ്. കൂറുമാറുമെന്നു ഭയന്ന് തങ്ങള്‍ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തേയ്ക്ക് എം.എല്‍.എമാരെ ഒളിപ്പിക്കേണ്ടി വന്നതും കോണ്‍ഗ്രസിനു നാണക്കേടായി. അംഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നില്ല, അവരില്‍ വിശ്വാസമില്ല, ചാഞ്ചാട്ടക്കാരാണ് തുടങ്ങിയ ധ്വനികളാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്കുനേരെ വച്ചുനീട്ടിയത്. കോണ്‍ഗ്രസ് നേതൃത്വം പിടിപ്പുകേടിന്റെ പര്യായമാണെന്നും അതിനുകാരണക്കാരനായ പട്ടേലിന്റെ വിജയം മാറ്റങ്ങളുണ്ടാക്കില്ലെന്നും കരുതുന്ന ഒരുവിഭാഗം കോണ്‍ഗ്രസിലുണ്ട്. പട്ടേലിന്റെ ജയത്തില്‍ അഭിമാനവും ആശങ്കയും കോണ്‍ഗ്രസിനുണ്ടെന്നുവേണം ഇതിലൂടെ മനസിലാക്കാന്‍. തന്ത്രജ്ഞനായ പട്ടേലുണ്ടായിട്ടും ഗുജറാത്തില്‍ 14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടത് ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നുമാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നത് ശങ്കര്‍സിങ് വഗേലയുടെയും മറ്റും അസാന്നിധ്യം കൊണ്ടാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇത് വിജയപ്രതീക്ഷകളെ സ്വാധീനിക്കാന്‍ പോന്നതാണ്. ജയറാം രമേശിനെ പോലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പുപോലും ഭീഷണിയിലാണെന്നാണ്.

ബി.ജെ.പി നേരിട്ട ദുരന്തം

ബി.ജെ.പി ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത് ഒരു ദുരന്തമാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും സ്മൃതി ഇറാനിയെയും ജയിപ്പിക്കാനായത് അത്രവലിയ സംഭവമല്ല. അഹമ്മദ്പട്ടേലിനെ തോല്‍പിക്കാനാവാതിരുന്നതാണ് ദുരന്തമാകുന്നത്. ആളും അര്‍ത്ഥവും അധികാരവും ഒക്കെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള അമിത് ഷായുടെ തന്ത്രങ്ങള്‍ പാളിയത് അദ്ദേഹത്തിനേറ്റ തിരിച്ചടിതന്നെയാണ്. പൊതുജന മധ്യത്തില്‍ പാര്‍ട്ടി താറടിക്കപ്പെടാന്‍ ഗുജറാത്തിലെ രാഷ്ട്രീയ നാടകം കാരണമായി. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള ഷായുടെയും സംഘത്തിന്റെയും സ്വപ്‌നങ്ങളാണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്.

എന്‍.സി.പിക്ക് നാണക്കേട്

ബി.ജെ.പിക്കെതിരേ മഹാസഖ്യ ലക്ഷ്യമെന്ന സ്വപ്‌നം എന്‍.സി.പി തുടക്കത്തിലേ തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് അംഗങ്ങളില്‍ ഒരാള്‍ ബി.ജെ.പിക്കും ഒരാള്‍ കോണ്‍ഗ്രസിനും വോട്ടു ചെയ്ത് വ്യക്തമായ പിളര്‍പ്പിലേക്ക് വിരല്‍ചൂണ്ടി. ശരദ്പവാറിന്റെ പിടിപ്പുകേടായും ഇത് വിലയിരുത്തപ്പെടും. നിര്‍ണായക വോട്ടെടുപ്പില്‍ എന്‍.സി.പി സ്വീകരിച്ച നിലപാട് വരും ദിനങ്ങളും ആ പാര്‍ട്ടിയില്‍ പ്രകമ്പനങ്ങള്‍ ഉയര്‍ത്തും.

ദളിന് അടിത്തറ നഷ്ടം

ബി.ജെ.പിയുടെ പുതിയ കൂട്ടുകെട്ടായ ജനതാദള്‍ യുണൈറ്റഡിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിനും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതായിരുന്നു. തങ്ങളുടെ ഒരു എം.എല്‍.എ ആയ ഛോട്ടുഭായ് വാസവ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന് കരുതിയെങ്കിലും അദ്ദേഹം കോണ്‍ഗ്രസിന് വോട്ടു ചെയ്യുകയും ബിഹാറില്‍ നിതീഷ് ചെയ്തത് ആത്മഹത്യാപരമാണെന്ന രീതിയില്‍ ദലിതര്‍ക്കും ന്യൂനപക്ഷത്തിനുമെതിരേ നില്‍ക്കുന്ന ബി.ജെ.പിക്ക് താന്‍ വോട്ട് ചെയ്തില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് നിതീഷിന് ക്ഷീണമുണ്ടാക്കി. കോണ്‍ഗ്രസിന് വോട്ടു ചെയ്യാമെന്ന് വാസവയ്ക്ക് അറിയിപ്പ് നല്‍കിയ അരുണ്‍ ശ്രീവാസ്തവയെന്ന ശരദ് യാദവ് പക്ഷക്കാരനെ പ്രസിഡന്റ് നിതീഷ്‌കുമാര്‍ പുറത്താക്കി. ഇത് വരും ദിവസങ്ങളില്‍ ജെ.ഡി.യുവില്‍ പൊട്ടിത്തെറികളുണ്ടാക്കിയേക്കും.

ഗോവയും മണിപ്പൂരും അരുണാചലും

അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ സര്‍വസന്നാഹവുമായി അണിനിരന്ന കോണ്‍ഗ്രസിന് അതിന്റെ പത്തിലൊന്ന് വിയര്‍പ്പൊഴുക്കിയിരുന്നെങ്കില്‍ ചില സംസ്ഥാനങ്ങളില്‍ നേരിട്ട ദുരനുഭവം ഒഴിവാക്കാമായിരുന്നു. ഗോവയിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബി.ജെ.പിയുടെ രാഷ്ട്രീയ കപട നാടകത്തിനു മുന്നില്‍ തരിപ്പണമായ കോണ്‍ഗ്രസിനെ മറന്നുകൂടാ. അന്ന് ഈ ചേതോവികാരം എന്തേ ഉണ്ടായില്ല എന്നു കോണ്‍ഗ്രസുകാരില്‍ ഉയരുന്ന ചോദ്യം കണ്ടില്ലെന്നു നടിക്കാനാവില്ല. അതിനേക്കാളൊക്കെ പ്രാധാന്യം പട്ടേലിന്റെ രാജ്യസഭാ പ്രവേശനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു എന്നത് വിരോധാഭാസമാണ്. രണ്ടാം യു.പി.എ ഭരണം അധപ്പതിക്കുമ്പോഴും അമരത്ത് പട്ടേലുണ്ടായിരുന്നു. അന്നും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ വിലപ്പോയില്ല. ഗുജറാത്തില്‍ 1995നുശേഷം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായില്ലെന്നതുപോട്ടെ, ദലിത്, പട്ടേല്‍ സമരങ്ങളുണ്ടായിട്ടും ഫലപ്രദമായി അതില്‍ മുതലെടുപ്പ് നടത്താന്‍ പോലും പട്ടേലിന്റെ തന്ത്രങ്ങള്‍ക്കായില്ലെന്നതും ഓര്‍ക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ