2019 മാർച്ച് 27, ബുധനാഴ്‌ച

ലോക്പാലിന്റെ പല്ലും നഖവും

ഒരു ആശയം നടപ്പാക്കാന്‍ അരനൂറ്റാണ്ടിലേറെ കാലമെടുക്കുന്ന ഏതെങ്കിലും ഒരു രാജ്യം ലോകത്തുണ്ടെങ്കില്‍ അത് ഇന്ത്യയാണ്. പ്രത്യേകിച്ച് ആ ആശയം സമൂഹത്തിലെ അഴിമതി തുടച്ചുനീക്കാന്‍ വേണ്ടിയുള്ളതാണെങ്കില്‍ പിന്ന പറയുകയും വേണ്ട. ആശയത്തിനു സ്ഥാനം തട്ടിന്‍പുറത്തുതന്നെ. ഗത്യന്തരമില്ലാതെ ലോക്പാല്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായതിനു പിന്നിലെ കഥയും അങ്ങനെ തന്നെ. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ, രാഷ്ട്രീയക്കാരനെ ഒക്കെ വരച്ച വരയില്‍ നിര്‍ത്താനും ചെയ്തികള്‍ക്ക് ഉത്തരവാദിയാക്കാനും ലക്ഷ്യമിടുന്ന ലോക്പാല്‍ ഇപ്പോഴെങ്കിലും പ്രാബല്യത്തിലായല്ലോ എന്നതില്‍ സമാധാനിക്കാം. കാരണം അത് പൊടിയും മാറാലയും തട്ടിമാറ്റി മാറ്റി തട്ടിന്‍പുറത്തു നിന്ന് നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ ഭരണനേതൃത്വത്തിനുമേല്‍ സദാ നിരീക്ഷിക്കുന്ന ഒരു കണ്ണായിരിക്കും ലോക്പാല്‍.

60കളിലേക്ക് തിരിഞ്ഞുനോക്കാം

'അധികാരം ദുഷിപ്പിക്കുന്നു, പരമാധികാരം പരമമായും' എന്ന് ആക്ടണ്‍ പ്രഭുവിന്റെ ഒരു നീതിവാക്യമുണ്ട്. ഇന്നും ഈ ആശയത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നു മാത്രമല്ല, പൂര്‍ണമായും അടിവരയിടുകയും ചെയ്യുന്നു. പാര്‍ലമെന്റില്‍ പ്രസംഗമധ്യേ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റും ഇതിന് സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. അനിയന്ത്രിതമായ അധികാരം അത് മനസിലുള്ളവരെ ദുഷിപ്പിക്കാന്‍ പോന്നതാണെന്നായിരുന്നു ഇത്.
പഴയകാലത്തിന്റെ സംഭാവനയായി ഈ വാക്യങ്ങള്‍ എത്തുമ്പോള്‍ അഴിമതിയും ഏകാധിപത്യപ്രവണതയും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ബോധ്യമാവും. അധികാരത്തിലെ ദുഷിപ്പ് നിയന്ത്രിക്കാന്‍ 1963ല്‍ അന്നത്തെ നിയമമന്ത്രി അശോക് കുമാര്‍ സെന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയമാണ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ഓംബുഡ്‌സ്മാന്‍ എന്ന ആശയം. അന്ന് നല്ല മനുഷ്യരുണ്ടായിരുന്നു എന്നതിന് തെളിവായി 1968ല്‍ അഭിഭാഷകനായ ശാന്തി ഭൂഷണ്‍ ജനലോക്പാല്‍ ബില്‍ ശുപാര്‍ശ ചെയ്യുകയും 1969ലെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന നാലാം ലോക്‌സഭ അത് പാസാക്കുകയും ചെയ്തു. രാജ്യസഭയില്‍ പരാജയമായിരുന്നു ഫലം. വിയര്‍ക്കാതെ ജയിച്ചുകയറിയവര്‍ ജനാധികാരത്തെ പരാജയപ്പെടുത്തിയതിനു തുല്യമായി ഈ കാഴ്ച ഇന്നും ശേഷിക്കുന്നു. പിന്നീട് വല്ലപ്പോഴും ലോക്പാല്‍ എന്ന പ്രയോഗം കേള്‍ക്കാന്‍ തുടങ്ങി.
2011ല്‍ ലോക്‌സഭ ലോക്പാല്‍ ബില്‍ പാസാക്കി. മാറ്റങ്ങളോടെ രാജ്യസഭയും പച്ചക്കൊടി കാട്ടി. പിന്നീട് വീണ്ടും വന്നും എട്ടു വര്‍ഷത്തോളമുള്ള കാത്തിരിപ്പ്. 2019ല്‍ അത് യാഥാര്‍ഥ്യമായതില്‍ അഭിമാനിക്കാം. ഭരണക്കാര്‍ അവരുടെ ചെയ്തികള്‍ക്ക് ഇനി കണക്കുപറയേണ്ടിവരും.

ജസ്റ്റിസ് ഘോഷും സംഘവും

മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആണ് പ്രഥമ ലോക്പാല്‍ ചെയര്‍മാന്‍. ഒപ്പമുള്ള എട്ടംഗങ്ങളില്‍ നാലുപേരും നിയമരംഗത്തുനിന്നുള്ളവരാണ്. അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദിലിപ് ബാബാസാഹേബ് ഭോസലെ, ഝാര്‍ഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് പ്രദിപ് കുമാര്‍ മൊഹന്തി, മണിപൂര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അഭിലാഷ കുമാരി, നിലവില്‍ ഛത്തിസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയകുമാര്‍ ത്രിപാഠി എന്നിവരാണവര്‍. നിയമജ്ഞരല്ലാത്തവര്‍: മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ ജെയിന്‍, സശസ്ത്ര സീമാ ബല്‍ മുന്‍ ഡി.ജിയും റിട്ട. ഐ.പി.എസ് ഓഫീസറുമായ അര്‍ച്ചന രാമസുന്ദരം, റിട്ട. ഐ.ആര്‍.എസ് ഓഫിസര്‍ മഹേന്ദര്‍ സിങ്, റിട്ട. ഐ.എ.എസ് ഓഫീസറും ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡിയുമായ ഐ.പി ഗൗതം.
അഞ്ചു വര്‍ഷമോ 70 വയസ് പൂര്‍ത്തിയാകുന്നതു വരെയോ ആണ് നിയമനം.

അധികാരം

ലോക്്പാല്‍ നിര്‍ദേശാനുസരണം പ്രാഥമിക പരിശോധനകളും അന്വേഷണങ്ങളും നടത്താന്‍ സി.ബി.ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഉത്തരവ് നല്‍കുകയും മേല്‍നോട്ടം വഹിക്കാനും ചുമതല. എല്ലാസംസ്ഥാനങ്ങളിലും ലോകായുക്ത നിലവില്‍ വരുകയും അതത് സംസ്്ഥാനങ്ങള്‍ക്ക് അതിന്റെ സ്വഭാവം ഘടന എന്നിവ നിശ്ചയിക്കുകയുമാവാം.
പൊതുജനങ്ങളില്‍ നിന്ന് പണം പിരിയ്ക്കുകയും വിദേശ പണം സ്വീകരിക്കുകയും ചെയ്യുന്ന ട്രസ്റ്റുകള്‍ സൊസൈറ്റികള്‍ തുടങ്ങിയവ ലോക്പാലിന്റെ പരിധിയില്‍ വരും. മത-ചാരിറ്റബിള്‍ പ്രവര്‍ത്തനം നടത്തുന്നവരെ ഒഴിവാക്കും.
പരാതി ലഭിച്ചാല്‍ ആദ്യം സ്വന്തം നിലയില്‍ അന്വേഷിച്ച് കാതലുണ്ടോ എന്നു കണ്ടെത്തും. കേസുനടത്തുന്നത് പ്രത്യേക കോടതികളിലായിരിക്കും. ആരോപണവിധേയരായവരെ ലോക്പാല്‍ സമിതി വിചാരണ ചെയ്യും. ജനപ്രതിനിധികളും കേന്ദ്ര ഉദ്യോഗസ്ഥരും മുന്‍ പ്രധാനമന്ത്രിമാരും നടപ്പ് പ്രധാനമന്ത്രിയും ലോക്പാലിനു കീഴില്‍ വരും. ലോക്പാല്‍ കേസുകളില്‍ രണ്ടുമാസത്തിനകം കേസ് പരിഗണിച്ച് ആശുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. വ്യാജ പരാതികള്‍ ആരോപണങ്ങള്‍ എന്നിവയില്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നു. പരാതിക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ തടവ് ഏഴു വര്‍ഷമാകും. അഴിമതിക്കാര്‍ക്കും ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കും 10 വര്‍ഷം തടവ്. സര്‍ക്കാര്‍ അഭിഭാഷകരെക്കൂടാതെ സ്വകാര്യ അഭിഭാഷകരെയും നിയോഗിക്കാനും അന്വേഷണത്തിന് ആവശ്യമാകുമെങ്കില്‍ തെളിവുകള്‍ പിടിച്ചെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കാനും അധികാരം. അഴിമതിയിലൂടെയുണ്ടാക്കിയതെന്നു തെളിഞ്ഞാല്‍ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടാന്‍ അധികാരം. ഇതൊക്കെയാണ് ലോക്്പാല്‍ വ്യവസ്ഥകള്‍.

പരിമിതപ്പെടുന്നത്

ലോക്പാലിന് അധികാരങ്ങള്‍ കൂടുതലുണ്ടെങ്കിലും പരിമിതപ്പെടുത്തിയിരിക്കുന്ന മേഖലകളുമുണ്ട്. ഉദാഹരണത്തിന് പ്രധാനമന്ത്രി ലോക്പാലിന് കീഴിലാണെന്നു വരുമ്പോഴും അന്താരാഷ്ട്ര ബന്ധങ്ങള്‍, നയതന്ത്രം, ആഭ്യന്തര, വിദേശ സുരക്ഷ, പൊതു ഉത്തരവുകള്‍, അണുവോര്‍ജം, ബഹിരാകാശം ഇവയിലൊന്നും ലോക്പാലിന് ഇടപെടാനാവില്ല. പ്രധാനമന്ത്രിക്കെതിരേ അന്വേഷണം നടത്തണമെങ്കില്‍ ലോകാപാലിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ അനുമതി വേണം. ജനപ്രതിനിധികള്‍ക്കെതിരേയും മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് കമ്മിറ്റികളുടെ തലവന്‍മാര്‍ക്കെതിരേയുമുള്ള അന്വേഷണത്തില്‍ തെറ്റുകാരനല്ലെന്ന് തെളിഞ്ഞാല്‍ അന്വേഷണ വിവരം പുറത്തുവിടാനാവില്ല.

2019 മാർച്ച് 12, ചൊവ്വാഴ്ച

അഭിനന്ദന്‍ തിരിച്ചെത്തി; കാലിയക്കും നചികേതയ്ക്കും സംഭവിച്ചത്


ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാന്‍ പാകിസ്താന്‍ പട്ടാളത്തിന്റെ പിടിയിലായെങ്കിലും കേവലം 48 മണിക്കൂറിനുള്ളില്‍ മാതൃരാജ്യത്ത് തിരിച്ചെത്തി. അത്ഭുതാവഹമെന്നാണ് പ്രതിരോധ രംഗത്തുള്ളവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അവര്‍ അങ്ങനെ പറയാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്. പാകിസ്താന്റെ പൂര്‍വകാല ചരിത്രം അറിയാവുന്നവര്‍ക്ക് അവരുടെ പട്ടാളത്തിന്റെയും രഹസ്യന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടേയും ക്രൂരതകള്‍ മനസിലാവും.

അഭിനന്ദന്റെ മടക്കം

ഫെബ്രുവരി 14ന് പുല്‍വാമയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായിരുന്നു പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ക്യാംപുകള്‍ക്കു നേരേ ഇന്ത്യ നടത്തിയ വ്യോമാക്രമണം. കനത്ത ആള്‍നാശം പാക് പക്ഷത്തുണ്ടായെന്നു വളരെ വ്യക്തവുമാണ്. ഇതിനു തിരിച്ചടി പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. അത്യന്താധുനിക പോര്‍വിമാനമായ അമേരിക്കയുടെ എഫ് 16 ഉപയോഗിച്ച് ആക്രമണം പ്രതീക്ഷിച്ചതു തന്നെയാണ്. കാരണം അവരുടെ ആക്രമണ ജെറ്റ് അതുതന്നെയായിരുന്നു. പ്രതിരോധിക്കാന്‍ ഇന്ത്യയുടെ പക്കല്‍ റഷ്യന്‍ നിര്‍മിത മിഗ് 21 ഉണ്ടായിരുന്നു.
ആക്രമണം നടത്താനെത്തി അതിര്‍ത്തിയില്‍ ബോംബ് വര്‍ഷിച്ചു മടങ്ങുകയായിരുന്ന പാക് വിമാനത്തെ പിന്‍തുടര്‍ന്നെത്തി വെടിവച്ചിടുകയായിരുന്നു മിഗ് 21 പറപ്പിച്ചിരുന്ന അഭിനന്ദന്‍. എന്നാല്‍ ആക്രമണ ശ്രമത്തിനിടെ വെടിയേറ്റതോടെ വിമാനം തകര്‍ന്ന് പാക് അതിര്‍ത്തിയില്‍ വീണ അഭിനന്ദനെ അന്നാട്ടുകാര്‍ കണക്കിനു മര്‍ദിച്ചവശനാക്കി. പാക് പട്ടാളം അഭിനന്ദിനെ വിലങ്ങുവച്ച് കണ്ണുമൂടിക്കെട്ടി അവരുടെ പാളയത്തിലേക്ക് കൊണ്ടുപോയി.
ആക്രമിച്ച് ശത്രുപക്ഷത്ത് കയറിയ ഒരു പൈലറ്റിനെ ജീവഛവമായാവും തിരികെ ലഭിക്കുക. ശത്രു സൈന്യത്തിന്റെ രോഷമത്രയും ഈ ഒരാളോടായിരിക്കുമല്ലോ. ഉന്നത ഓഫീസര്‍ ഇടപെടും മുന്‍പ് ചെയ്യാനുള്ളതെല്ലാം ചെയ്യുക എന്നതാണ് പാക് പട്ടാളം അനുവര്‍ത്തിച്ചു പോരുന്ന നിലപാട്.
ഇന്ത്യയുടെ ശക്തമായ നയതന്ത്ര-സൈനിക സമ്മര്‍ദം മൂലം സൈനികനെ ഉടന്‍ മടക്കി അയക്കണമെന്ന ആവശ്യം പാകിസ്താന്‍ അംഗീകരിക്കുയായിരുന്നു. സമ്മര്‍ദമാണെന്നു പറയാന്‍ കാരണം, അഭിനന്ദിനെ മോചിപ്പിക്കുന്നതിനു ഒരു ദിനം മുന്‍പ് പാകിസ്താന്‍ നടത്തിയ പ്രസ്താവന ഇന്ത്യ കശ്മിര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെങ്കില്‍ മാത്രം അഭിനന്ദിനെ കൈമാറാമെന്നായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പൈലറ്റിനെ മടക്കി നല്‍കുമെന്നു പ്രഖ്യാപിക്കുകയായിരുന്നല്ലോ. ഒപ്പം ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ അത് ഇന്ത്യയെ പ്രേരിപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അത് തന്ത്രപരമായ നിലപാടായിരുന്നു. അഭിനന്ദനെ വിട്ടു നല്‍കാന്‍ തീരുമാനിച്ചെങ്കിലും അത് എത്രയും വൈകിപ്പിക്കാനും കോടതിയില്‍ ഹരജി നല്‍കി അനുകൂല വിധിയുണ്ടെങ്കില്‍ കൈമാറ്റം മരവിപ്പിക്കാന്‍ പോലും ആ രാജ്യം ശ്രമിച്ചെന്നും ഓര്‍ക്കണം. ശത്രുപക്ഷത്തെ വിവരങ്ങള്‍ ഏതുവഴിയിലൂടെയും അറിയാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതിനാല്‍ ഏതുവിധ മര്‍ദനമുറകളും സ്വീകരിക്കുകയും ചെയ്യും. പാക് പട്ടാളം മര്‍ദിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചെന്ന വിവരം മാത്രമാണ് അഭിനന്ദന്‍ പുറത്തുവിട്ടിട്ടുള്ളത്. തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്‍ പാക് കസ്റ്റഡിയില്‍ നിന്ന് ഇന്ത്യയിലേക്കല്ല ജീവിതത്തിലേക്കാണ് മടങ്ങിയതെന്ന് പറയുന്നതാകും ഉചിതം. കാരണം കാലായുടേയും നചികേതയുടേയും ചിത്രങ്ങള്‍ അതിനു തെളിവായി ഇന്ത്യയുടെ മുന്നിലുണ്ടല്ലോ.

നചികേത

കമ്പംപതി നചികേത ഇന്ത്യന്‍ വ്യോമസേന പൈലറ്റായിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ നചികേത 1999ലെ കാര്‍ഗില്‍ യുദ്ധ സമയത്താണ് പാക് പിടിയിലാകുന്നത്. അന്ന് 26 വയസുണ്ടായിരുന്ന ചോരത്തിളപ്പുള്ള യുദ്ധ വൈമാനികനായിരുന്നു ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആയിരുന്ന നചികേത. കാര്‍ഗില്‍ കുന്നുകളില്‍ കനത്ത മഞ്ഞുവീഴ്ചയുടെ മറവില്‍ കടന്നുകയറി ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ച പാക് പടയെ തുരത്തിയത് ഇന്ത്യന്‍ വ്യേമസേനയുടെ അശ്രാന്തവും ധീരതയുമാര്‍ന്ന യുദ്ധ തന്ത്രത്തിന്റെ ഫലമായിരുന്നു. നചികേത ഉള്‍പ്പെടെയുള്ള പൈലറ്റുമാര്‍ ജീവന്‍ പണയംവച്ചാണ് സ്വരാജ്യത്തിനായി പോരാടിയത്. യുദ്ധത്തിനിടയില്‍ നചികേത പറപ്പിച്ചിരുന്ന മിഗ് 27ന് പാക് വെടിയേറ്റ് എന്‍ജിന്‍ തകരാറായതിനെ തുടര്‍ന്ന് പാകിസ്താനില്‍ 12 കിലോമീറ്റര്‍ ഉള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. പാരച്യൂട്ടില്‍ പാകിസ്താനില്‍ വീണെങ്കിലും തന്നെ വളഞ്ഞ പാക് പട്ടാളത്തിനു മുന്നില്‍ കീഴടങ്ങാന്‍ നചികേത തയാറായില്ല. നചികേതയ്‌ക്കെതിരേ നാലുപാടുനിന്നും പാക് പട്ടാളം നിറയൊഴിച്ചെങ്കിലും ധീരയോധാവായ നചികേത അവസാന ബുള്ളറ്റ് വരെ അവരോട് പോരാടി. നചികേതയെ പിടികൂടിയ പാക് പട്ടാളം അദ്ദേഹത്തെ വിലങ്ങണിയിച്ച് പരേഡ് നടത്തി അത് പാക് ടിവിയിലൂടെ പുറംലോകത്തെ അറിയിച്ചു. പീഡനത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. മരവിപ്പും വേദനയും ശക്തിക്ഷയവും ആയിരുന്നു ഫലം. മര്‍ദിച്ച് അവശനാക്കിയ നചികേതയെ റാവല്‍പിണ്ടിയിലെ പട്ടാള ജയിലിലേക്ക് മാറ്റി. ഇന്ത്യയുടെ കനത്ത സമ്മര്‍ദം സഹിക്കാതെ എട്ടാം ദിവസം നചികേതയെ മോചിപ്പിക്കാന്‍ പാകിസ്താന്‍ തയാറായി. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരം റെഡ്‌ക്രോസിന് കൈമാറിയത് പാക് ഔദ്യോഗിക വക്താവായിരുന്ന താരിഖ് അല്‍താഫായിരുന്നു. വാഗാ അതിര്‍ത്തിയില്‍ 1999 ജൂണ്‍ 5ന് നചികേത ഇന്ത്യന്‍ മണ്ണിലെത്തി. വ്യോമസേന ഗാലന്റ്‌റി അവാര്‍ഡ് നല്‍കി നചികേതയെ അനുമോദിച്ചു.

ക്യാപ്റ്റന്‍ സൗരഭ് കാലിയ

യുദ്ധ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇന്ത്യന്‍ സേനാ ക്യാപ്ടനായിരുന്ന സൗരഭ് കാലിയക്കുണ്ടായത്. 1999ല്‍ കാര്‍ഗില്‍ മേഖലയില്‍ പാകിസ്താന്‍ പട്ടാളം നുഴഞ്ഞുകയറി ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ യുദ്ധത്തിലാണ് സൗരഭിന്റെ ദാരുണ കൊലപാതകം. നാലാം ജാട്ട് റെജിന്റില്‍ പെട്ട ക്യാപ്ടനായിരുന്നു 22 കാരനായ സൗരഭ് കാലിയ.
1999 മെയ് 15നായിരുന്നു സംഭവം. ക്യാപ്ടന്‍ സൗരഭ് കാലിയയും മറ്റ് അഞ്ച് പട്ടാളക്കാരും ലഡാക്ക് മലനിരകളിലെ പതിവ് പട്രോളിങിന് തിരിച്ചതായിരുന്നു. മരങ്ങളധികമില്ലാത്ത കാക്‌സര്‍ മേഖലയിലെ ബജ്‌റങ് ആര്‍മി പോസ്റ്റുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ സുരക്ഷയായിരുന്നു ഇവരുടെ ചുമതല. പെട്ടെന്നാണ് അതിര്‍ത്തിയില്‍ നിന്ന് പാക് പട്ടാളം തുരുതുരെ വെടിവച്ചു കൊണ്ട് അടുത്തത്. ഇവര്‍ അഞ്ചുപേരും അവരെ തടഞ്ഞ് പ്രതിരോധം തീര്‍ത്തു. ഇവരുടെ കൈയിലെ ആയുധങ്ങള്‍ ഒന്നൊന്നായി തീര്‍ന്നു. പാകിസ്താനോട് അടുത്ത പ്രദേശമായതിനാല്‍ത്തന്നെ വന്‍ സന്നാഹത്തോടെയായിരുന്നു പാക് വരവ്. പാക് റേഞ്ചേഴ്‌സ് ഇവരെ വളഞ്ഞു. വെടിശബ്ദം കേട്ട് ഇന്ത്യന്‍ സേനയെത്തുന്നതിനു മുന്‍പേ ഇവരെ പാക് റേഞ്ചേഴ്‌സ് അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോയി. തുടര്‍ന്ന് മൂന്നാഴ്ചയോളം കൊടിയ പീഡനമാണ് ഇവര്‍ക്ക് ഏല്‍ക്കേണ്ടിവന്നത്. ഇന്നത്തെ പോലെ സമ്മര്‍ദമുയര്‍ത്താന്‍ ഇന്ത്യക്ക് ത്രാണിയുണ്ടായിരുന്നില്ലെന്നു വേണം പറയാന്‍. ലോക രാജ്യങ്ങളുമായി ഇന്നത്തെപ്പോലെ ശക്തമായ നയതന്ത്രബന്ധങ്ങളുമുണ്ടായിരുന്നില്ല. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു സംഭവമെന്നും ഓര്‍ക്കണം. ഇന്ത്യയുടെ നിരന്തരമുള്ള അപേക്ഷകള്‍ക്കൊടുവില്‍ പാകിസ്താന്‍ ഇവരെ മോചിപ്പിക്കാന്‍ തയാറായി. 1999 ജൂണ്‍ 9നാണ് ഇവരുടെ ജീവനറ്റ ശരീരം ഇന്ത്യക്ക് കൈമാറിയത്.

ജനീവ കരാര്‍ ലംഘിച്ച് പീഡനം

ക്യാപ്ടന്‍ കാലിയയേയും മറ്റു നാലുപേരെയും കടുത്ത പീഡനത്തിനിരയാക്കിയെന്ന് പോസ്റ്റ് മോര്‍ട്ടത്തിലാണ് തെളിഞ്ഞത്. സിഗരറ്റുകൊണ്ട് കുത്തിപ്പൊള്ളിച്ച പാടുകളായിരുന്നു ഇവരുടെ ശരീരമാകെ. ചെവിയില്‍ പഴുപ്പിച്ച ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി ഇയര്‍ ഡ്രം തകര്‍ത്തിരുന്നു. കണ്ണുകള്‍ അടിച്ചു പൊട്ടിച്ചശേഷം ചൂഴ്‌ന്നെടുത്തു. പല്ലുകള്‍ എല്ലാം അടിച്ചു കൊഴിച്ചിരുന്നു. എല്ലുകള്‍ മുഴുവനും നുറുങ്ങിയ നിലയിലായിരുന്നു. തലയോട്ടിപോലും തകര്‍ന്ന സ്ഥിതിയില്‍. ചുണ്ടുകള്‍ മുറിച്ചു. മൂക്ക് ചെത്തിക്കളഞ്ഞു. ലിഗമുള്‍പ്പെടെ അവയവങ്ങള്‍ എല്ലാം ഛേദിച്ചു. ഒടുവില്‍ ചെന്നിയില്‍ നിറയൊഴിച്ചു കൊന്നു. കൊലപ്പെടുത്തുന്നതിനുമുന്‍പാണ് ഈ കൊടിയ പീഡനങ്ങളെല്ലാം ഇന്ത്യന്‍ സൈനികര്‍ക്ക് സഹിക്കേണ്ടിവന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ജനീവ കരാറിന്റെ ലംഘനമായിരുന്നു അത്. പിടിയിലാകുന്ന പട്ടാളക്കാരെ അക്രമ മനോഭാവത്തോടെ പെരുമാറാതെ സുരക്ഷിതരായി തിരികെ നല്‍കണം ശത്രുരാജ്യങ്ങളെന്ന് നിയമമുണ്ട്. ഉപദ്രവിക്കുന്നത് നിഷിദ്ധമാണെന്നെരിക്കേ ഉപദ്രവിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങളാണ് ഇന്ത്യയിലെത്തിയ്. തിരിച്ചടിക്ക് അന്നും മുറവിളി ഉയര്‍ന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനുശേഷം 2017ല്‍ പാക് പട്ടാളം അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ പട്ടാളക്കാരനെ തട്ടിക്കൊണ്ടുപോയി ശിരഛേദം ചെയ്ത് തിരികെ നല്‍കിയ വാര്‍ത്തയും വന്നിരുന്നു. കാലിയയുടെ കേസില്‍ ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകാഞ്ഞതിനാലാണ് പിന്നീടും പാക് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് കടുത്ത അക്രമങ്ങള്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരേ ഉണ്ടാവുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അഭിനന്ദന്റെ കേസില്‍ ഇന്ത്യ ഉയര്‍ത്തിയ സമ്മര്‍ദം പാകിസ്താനെ പ്രതിരോധത്തിലാക്കി. ഒരുപക്ഷേ ഇന്ത്യ സര്‍വ സന്നാഹങ്ങളോടെയും മറ്റൊരു ആക്രമണത്തിനു മുതിര്‍ന്നേക്കുമെന്നുപോലും പാകിസ്താന്‍ ഭയപ്പെട്ടതിന്റെ തുടര്‍ച്ചയാണ് മോചനം.






2019 ഫെബ്രുവരി 25, തിങ്കളാഴ്‌ച

എന്‍.ഡി.എ വിസ്തൃതമാക്കി ബി.ജെ.പി


പാര്‍ട്ടികള്‍ക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്ന കാഴ്ചയാണ് 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാണാനാവുക. എണ്ണം പറഞ്ഞ് സീറ്റുകളില്‍ നോട്ടമിട്ട് നേട്ടമുണ്ടാക്കുന്ന ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഏതു ചാത്തനാവട്ടെ പോത്തനാവട്ടെ നമ്മുടെ മുന്നണിയില്‍ ചേരുമോ എന്നാണ് എല്ലാ പ്രമുഖ പാര്‍ട്ടികളുടെയും ചോദ്യം. രണ്ടാംകിട പാര്‍ട്ടികളെല്ലാം വിലപേശലുകളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നു. മൂന്നാംകിട പാര്‍ട്ടികളാവട്ടെ എങ്ങനെയും മുന്നണികളില്‍ കയറിപ്പറ്റാനുള്ള അവസാന തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളിലും ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാദേശിക ഗരിമ കൈവരുന്നു. എങ്കിലും അന്തര്‍ദേശിയ വിഷയങ്ങളിലും മറ്റും വ്യക്തമായ കാഴ്ചപ്പാട് ദേശീയ പാര്‍ട്ടികള്‍ക്കേയുള്ളൂ എന്നതിനാല്‍ത്തന്നെ ദേശീയ പാര്‍ട്ടികളുടെ മുന്നണികളോട് അവര്‍ കൂറു പ്രഖ്യാപിക്കുന്നു എന്നുമാത്രം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ പ്രശ്‌നമില്ലാത്തതിനാലാണ് പ്രാദേശിക സഖ്യങ്ങള്‍ക്കുമുന്നില്‍ ദേശീയപാര്‍ട്ടികള്‍ അടിയറവു പറയാന്‍ കാരണം.
ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവമോ കോണ്‍ഗ്രസ് വിരുദ്ധ തരംഗമോ ഒന്നും തന്നെയില്ല. എന്നാല്‍, കാര്‍ഷിക, സാമ്പത്തിക, വര്‍ണ, വര്‍ഗ പ്രശ്‌നങ്ങള്‍ ഇത്രയും സങ്കീര്‍ണമായ ഒരവസ്ഥ രാജ്യത്തിതാദ്യമാണ്. അതിനാല്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മുന്നണികളില്‍ അഭയം തേടുകയേയുള്ളൂ മാര്‍ഗം. കഴിഞ്ഞ തവണ ഹിന്ദി ഹൃദയഭൂവില്‍ പ്രത്യേകിച്ച്, ഉത്തര്‍പ്രദേശില്‍ ഉണ്ടാക്കിയ നേട്ടം ഇത്തവണ കൈമോശം വരുമെന്ന് അറിയാവുന്നതിനാല്‍ ദക്ഷിണ കേരളത്തില്‍ ആ കുറവ് പരിഹരിക്കാനുള്ള ശ്രമവും പാര്‍ട്ടി നടത്തുന്നു. പൗരത്വബില്ലില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കെതിരേ ജനവികാരം ഉയര്‍ന്നു കഴിഞ്ഞതിനാല്‍ അവിടെ നിന്നുള്ള സീറ്റു പ്രതീക്ഷ കുറവാണ്. ഈ മേഖല കാര്യമായി ഗൗനിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടിക്കെന്നുവേണം കരുതാന്‍. കഴിഞ്ഞ തവണ ഇവിടെ നിന്നുള്ള 25ല്‍ എട്ട് സീറ്റുകളാണ് എന്‍.ഡി.എ നേടിയതെന്നതും ശ്രദ്ധിക്കാവുന്നതാണ്.

തമിഴ് സഖ്യം

മുന്‍പ് സഖ്യമെന്ന് കേള്‍ക്കുന്നതുപോലും ബി.ജെ.പിക്ക് ഇഷ്ടമല്ലായിരുന്നു. ഇന്ന് തോല്‍വി ഭയക്കുന്ന പാര്‍ട്ടിയാവട്ടെ ഓടി നടന്ന് സഖ്യമുണ്ടാക്കാനുള്ള തെരക്കിലാണെന്നു കാണം. തമിഴ്‌നാട്ടിലാണ് അത് അവസാനം ഫലം കണ്ടത്. പൊതുവേ തകര്‍ന്നു തരിപ്പണമായ അണ്ണാ ഡി.എം.കെയുടെ പാളയത്തില്‍ ബി.ജെ.പിക്ക് വലിഞ്ഞു കയറാനായത് അവരുടെ തന്ത്രപരമായ മിടുക്കാണ്. ജയലളിതയുടെ അഭാവം ഉണ്ടായാല്‍ പോലും ഡി.എം.കെയ്ക്ക് കരുണാനിധി നഷ്ടമായതും തുല്യതയായി അവര്‍ കണക്കാക്കുന്നു. എന്നാല്‍ സ്റ്റാലിന്റെ സ്വീകാര്യത ഇന്നത്തെ അണ്ണാ നേതാക്കള്‍ക്കില്ലെന്നുള്ളത് അവരെ ചിന്തിപ്പിക്കുന്നു. ജയലളിതയും കരുണാനിധിയും ഉണ്ടായിരുന്നെങ്കില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് കാലുറപ്പിക്കാന്‍ പോലും ആവുമായിരുന്നില്ല. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ബി.ജെ.പിയെ കൂടാതെ പട്ടാളി മക്കള്‍ കച്ചി (പി.എം.കെ) ഉണ്ട്. വിജയകാന്ത് മനസ് തുറന്നിട്ടില്ല. തമിഴ്‌നാട്ടില്‍ 39ല്‍ 20 സീറ്റ് ആവശ്യപ്പെട്ട ബി.ജെ.പി ഇത്തവണ സഖ്യം മതി സീറ്റ് എന്തെങ്കിലും എന്ന നിലപാട് ആണ് സ്വീകരിച്ചത്. ദക്ഷിണേന്ത്യയില്‍ ഇപ്പോഴും ലോക്‌സഭയിലേക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവാത്തത് ഇത്തവണ നികത്തണമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. 2014ല്‍ 39ല്‍ 37 സീറ്റും നേടിയ അണ്ണാ ഡി.എം.കെ അഞ്ച് സീറ്റുകള്‍ ബി.ജെ.പിക്കും ഏഴെണ്ണം പി.എം.കെയ്ക്കും നല്‍കി. ദക്ഷിണേന്ത്യയിലെ 130 സീറ്റുകളില്‍ കാര്യമായ നേട്ടം പാര്‍ട്ടി പ്രതീക്ഷിക്കുന്നത് ഉത്തരേന്ത്യയില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി മറികടക്കാനാണെന്നു വ്യക്തം. തമിഴ് സഖ്യത്തിന് എന്‍.ഡി.എ എന്നുപറയാനാവുമോ എന്നത് വേറെ കാര്യം. തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 21 സീറ്റുകളില്‍ അണ്ണാ ഡി.എം.കെയെ ബി.ജെ.പി പിന്തുണയ്ക്കും. ഡി.എം.കെയെ പ്രതിരോധിക്കാന്‍ പളനിസ്വാമിയെ ഇതു സഹായിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. പി.എം.കെയ്ക്കാവട്ടെ ഒരു രാജ്യസഭാ സീറ്റു നല്‍കാമെന്നും കരാറുണ്ട്.

ശിവസേനയ്‌ക്കൊപ്പം

വൈരികളെപ്പോലെ പെരുമാറിയ ശിവസേന ഒരുപക്ഷേ ബി.ജെ.പി കേന്ദ്ര ഭരണത്തിന് അന്ത്യം കുറിച്ചേക്കുമോ എന്നുപോലും ഭയന്ന ഒരു സമയമുണ്ടായിരുന്നു. അമിത് ഷായെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത ഉദ്ധവ് താക്കറെയെ പിയൂഷ് ഗോയലെന്ന തന്ത്രശാലിയിലൂടെ ബി.ജെ.പി വരുതിയിലാക്കിയെന്നു പറയാം. ശിവസേനയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കോണ്‍ഗ്രസിനെ സഖ്യത്തില്‍ പ്രതീക്ഷിച്ചെങ്കിലും ശരദ്പവാറിനെ വിട്ട് കോണ്‍ഗ്രസിന് ചിന്തിക്കാനാവില്ലെന്നതു തീര്‍ച്ചയായിരുന്നു. 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിച്ചത് 24 എണ്ണത്തിലായിരുന്നു. ശിവസേനയ്ക്ക ലഭിച്ചത് 20. പിന്നീട്, ശിവസേനയെന്ന വല്യേട്ടനെ ഒതുക്കി സ്വയം വല്യേട്ടനായ ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ശിവസേനയെ സഖ്യത്തില്‍ നിന്നൊഴിവാക്കി ഒറ്റയ്ക്ക് നേട്ടം കൊയ്ത കാഴ്ചകണ്ടു. കാരണം കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം 2014ല്‍ ഇല്ലായിരുന്നു. അന്ന് ശിവസേനയെപ്പോലും തോല്‍പിക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടിയത് സ്വാഭാവികം. ഇന്ന് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെ ഒറ്റയ്ക്ക് നേരിടാന്‍ ബി.ജെ.പിക്ക് ശക്തിപോരാ. ലോക്‌സഭയിലേക്ക് ഒറ്റയ്ക്കുള്ള പരിശ്രമം ആപത്താണെന്നും കേന്ദ്രഭരണമെന്ന ലക്ഷ്യം അപ്രാപ്യമാകുമെന്നും ഭയമുള്ളതിനാല്‍ ശിവസേനയെ എങ്ങനെയും വശത്താക്കേണ്ടത് ബി.ജെ.പിക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് ശിവസേനയ്ക്ക് ഇത്തവണ 23 സീറ്റുകള്‍ നല്‍കി. ബി.ജെ.പി മത്സരിക്കുക 25 എണ്ണത്തില്‍. നിയമസഭയിലാവട്ടെ തുല്യ സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍.ഡി.എ ധാരണ. ശിവസേനയെ കൂട്ടണമെങ്കില്‍ തുല്യമായി സീറ്റു കൊടുക്കേണ്ടിവന്നു.


ബിഹാറും ഛത്തിസ്ഗഢും

ഒറ്റയ്ക്ക് നിന്നു പോരാടാനുള്ള മോഹം ബി.ജെ.പി മാറ്റിവച്ച മറ്റൊരു സംസ്ഥാനമാണ് ബിഹാര്‍. ഇവിടെ കാരണവര്‍ ചമഞ്ഞിരുന്ന ബി.ജെ.പിക്ക് പെട്ടെന്നുണ്ടായ മനംമാറ്റമെന്നു കരുതിയെങ്കില്‍ തെറ്റി. ഒറ്റയ്ക്കു നിന്നാല്‍ തകര്‍ന്നു തരിപ്പണമാകുമെന്നറിയാവുന്നതിനാല്‍ ലാലുവിന്റെ എതിരാളിയെ വലയിലാക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റിയത്. അങ്ങനെ സംസ്ഥാന ഭരണത്തിലെത്തിയെങ്കില്‍ ഇത്തവണ ലോക്‌സഭയിലേക്ക് ജെ.ഡി.യു പറയുന്നതെന്തും ചെയ്തുകൊടുത്ത് സഖ്യം തകരാതെ 2019ലേക്ക് ചുവടുവയ്ക്കാനാണ് ബി.ജെ.പി നീക്കം. 2014ല്‍ 40ല്‍ 22 സീറ്റും തൂത്തുവാരിയ ബി.ജെ.പി ഇത്തവണ 17 സീറ്റുകളിലേ മത്സരിക്കൂ എന്ന നിലപാട് സ്വീകരിച്ചതില്‍ തന്ത്രപരമായ നീക്കം കാണാം. അവരുടെ സിറ്റിങ് സീറ്റുകള്‍ പോലും നിതീഷ്‌കുമാറിന് വച്ചുനീട്ടുന്നതില്‍ പന്തികേടു തോന്നാം. കഴിഞ്ഞ തവണ രണ്ട് ലോക്‌സഭാംഗങ്ങളുണ്ടായിരുന്ന ജെ.ഡി.യുവിന് ഇത്തവണ ജയിപ്പിക്കാനാവുന്ന 17 സീറ്റുകള്‍ ലഭിച്ചത് നിതീഷ്‌കുമാറിന്റെ നേട്ടമാണ്. എങ്ങനെയും ബിഹാറിനെ ഒപ്പം നിര്‍ത്താന്‍ എന്തുവിട്ടുവീഴ്ചയ്ക്കും ബി.ജെ.പി തയാറാകുന്നു എന്നതിന്റെ സൂചനയായി ഇതിനെയും കാണാം. ഇടഞ്ഞെങ്കിലും രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ ആറു സീറ്റുകള്‍ നല്‍കി വശത്താക്കാനും എന്‍.ഡി.എ ശ്രമിച്ചുവരുന്നു.
ഛത്തിസ്ഗഢിലാവട്ടെ 2014ല്‍ 11ല്‍ 10 സീറ്റും ബി.ജെ.പി നേടിയിരുന്നു. ഇത്തവണയും ദേശീയ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

ആന്ധ്രയും കേരളവും

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു കൈവിട്ടത് ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിതന്നെയാണ്. ഇത് മറികടക്കാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ചാക്കിലാക്കുകയേ മാര്‍ഗമുള്ളൂ. ആന്ധ്രയ്ക്ക് പ്രത്യേക പരിഗണനയെന്ന നിലപാടില്‍ നിന്നു പിന്നോട്ടു പോകാത്ത വൈ.എസ്.ആറിനെ സഖ്യത്തിലാക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. കാരണം, പ്രത്യേക പദവി ആന്ധ്രയ്ക്ക് നല്‍കിയാല്‍ ബിഹാറിന്റെ ആവശ്യവും തുടര്‍ന്ന് ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളെയെല്ലാം പരിഗണിക്കേണ്ടതായി വന്നേക്കും. തെരഞ്ഞെടുപ്പിന് മാത്രമായി സഖ്യം രൂപീകരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. സിനിമാ താരം പവന്‍ കല്യാണിന്റെ ജനസേനയുമായി സഖ്യശ്രമം നടന്നുവരുന്നു. ജനസ്വാധീനമുള്ള ജനസേനയുമായുള്ള സഖ്യം തെരഞ്ഞെടുപ്പിനു ശേഷവും തുടരുന്ന രീതിയില്‍ സാധ്യമാക്കാനും ശ്രമം നടക്കുന്നു.
കേരളത്തിലാവട്ടെ, സാമുദായിക സംഘടനകളെ ഒപ്പം കൂട്ടിയുള്ള തെരഞ്ഞെടുപ്പിനാണ് ബി.ജെ.പി കോപ്പുകൂട്ടുന്നത്. ബി.ഡി.ജെ.എസ് വഴി ഈഴവ സമുദായത്തെയും ശബരിമലവഴി നായര്‍-നമ്പൂതിരി വിഭാഗങ്ങളെയും ഒപ്പം ഒരുവിഭാഗം ആദിവാസി-ക്രിസ്ത്യന്‍ ചേരിയെയും കൂട്ടിയാണ് മത്സരരംഗത്തുള്ളത്. എന്‍.ഡി.എ എന്ന മരുന്നുതന്നെയാണ് ബി.ജെ.പി പ്രയോഗിക്കുന്നതെന്ന് വ്യക്തം. ഒരു സീറ്റെങ്കിലും നേടാനായാല്‍ വന്‍ വിജയമാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. അതുകൊണ്ടുതന്നെ ജയപ്രതീക്ഷയുള്ള സീറ്റുകളില്‍ ശക്തനായ സ്ഥാനാര്‍ഥി, പിന്തുണ നല്‍കി പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുക തുടങ്ങിയ തന്ത്രങ്ങളാവും പാര്‍ട്ടി പരീക്ഷിക്കുക എന്നു സൂചനയുണ്ട്.

പഞ്ചാബ് ഝാര്‍ഖണ്ഡ്, അസം

പഞ്ചാബില്‍ നിയമസഭയില്‍ പരാജയപ്പെട്ടെങ്കിലും അകാലിദള്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ്. അവിടെ 13 സീറ്റുകളില്‍ കഴിഞ്ഞ തവണത്തേതുപോലെ അകാലിദള്‍ പത്തും ബി.ജെ.പി മൂന്നും സീറ്റുകളില്‍ എന്‍.ഡി.എ സഖ്യമായി മത്സരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയും സമാജ് വാദിയും കോണ്‍ഗ്രസും എതിര്‍ ചേരികളിലായതിനാല്‍ ഭീഷണിയുണ്ടാവില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്.
അസമിലാകട്ടെ പൗരത്വബില്ലില്‍ 11 പാര്‍ട്ടികളാണ് ബി.ജെ.പിക്കെതിരേ സംയുക്തസഖ്യമായി നിലയുറപ്പിച്ചിരിക്കുന്നത്. ബോഡോ പീപ്പിള്‍സ് ഫ്രണ്ട് ആണ് എന്‍.ഡി.എക്ക് സഖ്യത്തില്‍. എ.ജി.പി കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ചേക്കേറിയിരിക്കുന്നു.

രാജ്യസഭയും ലക്ഷ്യം

സഖ്യമെന്ന പേരില്‍ കേവലം സീറ്റുവിഭജനങ്ങളല്ല ഈ സംസ്ഥാനങ്ങളിലൊക്കെ ഉണ്ടായതെന്നതുകൂടി അറിയേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് രണ്ടും കല്‍പിച്ച് ബി.ജെ.പി സഖ്യ നീക്കം നടത്തിയതെന്നു കാണാം. മുന്‍പ് ലോക്‌സഭയില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും പല ബില്ലുകളും പാസാകാന്‍ രാജ്യസഭയുടെ കാലുപിടിക്കേണ്ടി വന്നിരുന്നു ബി.ജെ.പിക്ക്. അവിടെ ഭൂരിപക്ഷം ഉണ്ടാകണമെങ്കില്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരേണ്ടതുണ്ടുതാനും.
കഴിഞ്ഞ ലോക്‌സഭയിലേക്ക് മത്സരിച്ച് എന്‍.ഡി.എ ശക്തമായ സഖ്യമായിരുന്നു. അത് ഇത്തവണയില്ല. പ്രമുഖരായ മൂന്ന് പാര്‍ട്ടികള്‍ എന്‍.ഡി.എ വിട്ടിരിക്കുന്നു. തെലുങ്ക് ദേശവും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, അസം ഗണ പരിഷത്ത് എന്നിവ വിട്ടുപോയിരിക്കുന്നു. പകരം ജെ.ഡി.യുവിനെയും അണ്ണാ ഡി.എം.കെയെയും ലഭിച്ചെന്നു പറയാം. എന്നാലും ഇപ്പോഴും ബി.ജെ.പിയുടെ ചില നയപരമായ നിലപാടുകളെ എതിര്‍ത്ത് പരസ്യനിലപാട് പ്രഖ്യാപിക്കുന്ന ചില പാര്‍ട്ടികള്‍ പാര്‍ട്ടിക്ക് ഇപ്പോഴും തലവേദനയാണ്.


അടിച്ചുനേടാമോ ബംഗാള്‍




ബംഗാള്‍ കുപ്രസിദ്ധമായത് തെരുവുയുദ്ധങ്ങളുടെ പേരിലായിരുന്നു എന്നത് ചരിത്രമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഇന്നും ബംഗാളിലെ സ്ഥിതി വിഭിന്നമല്ല. വിപ്ലവപ്പാര്‍ട്ടിയുടെ തട്ടകമായ ഇവിടെ ആ രക്തത്തില്‍ നിന്ന് മോചനം സാധ്യമല്ല. തൃണമൂല്‍ കോണ്‍ഗ്രസ് കേവലം കോണ്‍ഗ്രസ് പിരിഞ്ഞുണ്ടായതാണെന്നു ധരിക്കരുത്. സി.പി.എമ്മിന്റെ സംഭാവനയായിരുന്നു അത്. മുന്‍പ് അവരുടെതായിരുന്ന അണികള്‍ക്കു നേരേതന്നെ തിരിയുന്നതിനു സമമാണ് തൃണമൂലിനെതിരേ സി.പി.എം ആയുധമെടുക്കുന്നത്. അക്രമവും കൊള്ളയും കൊള്ളിവയ്പുമുണ്ടായ ഒരു കാലത്തില്‍ നിന്ന് മമത ധിഷണാശക്തികൊണ്ട് നേരെയാക്കിയ ഈ സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ന്നാല്‍ അതു വകവച്ചു കൊടുക്കാന്‍ അവര്‍ക്കാവില്ല.
മോദിയായാലും അമിത്ഷാ ആയാലും മമതയ്ക്കു കൂസലില്ല. ഒരു പത്രക്കാരെയും ഭയവുമില്ല. നിയമം, അത് കൈയിലെടുക്കാന്‍ മടിയുമില്ല. കാരണം സി.പി.എമ്മിന്റെ ജനദ്രോഹങ്ങള്‍ക്കെതിരേ ജീവന്‍ പണയം വച്ചാണ് അവര്‍ പോരാടിയത്.

സി.ബി.ഐ വാഴ്ച

വ്യക്തിപ്രഭാവത്തോടെ ബംഗാളില്‍ ഒരു ചുക്കും മമത അനുവദിക്കില്ലെന്ന് മനസിലായതോടെയാണ് അമിത്ഷാ-മോദി ദ്വയം നിയമവഴിയിലേക്ക് തിരിഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉണ്ടായ ഈ നടപടിയില്‍ വശപ്പിശക് തെളിയുന്നത് സ്വാഭാവികം. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മമത സര്‍വശക്തി സ്വരൂപിണിയായി അവതരിക്കുന്നതാണ് കണ്ടത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും സഖ്യത്തെപ്പറ്റി സംസാരിച്ചിരിക്കേയാണ് വീണ്ടും മമത തകര്‍ത്താടുന്നത്. സി.ബി.ഐയെ തോല്‍പിച്ചോടിക്കാന്‍ പോലും ശേഷി കാട്ടിയ അവര്‍ പ്രതിപക്ഷത്തിന്റെ കുന്തമുനയാകാതെ പോയതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
ശാരദ ചിട്ടിതട്ടിപ്പ് കേസ് പുതിയതല്ല. 2014ലെ സംഭവത്തില്‍ അതിന്റെ സാരഥി സുദീപ്ത സെന്‍, ദേബ്ജാനി മുഖര്‍ജി തുടങ്ങി ഏതാനും എം.എല്‍.എമാരെയും എം.പിമാരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് അന്വേഷിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ വിഭാഗത്തെ നയിച്ചിരുന്നത് ഡി.ജി.പി രാജീവ്കുമാറായിരുന്നു. ഇദ്ദേഹം സി.ബി.ഐയുമായി സഹകരിക്കാതെ വരികയും ചില നിര്‍ണായക തെളിവുകളില്‍ വെള്ളം ചേര്‍ക്കുന്നതായും കണ്ടെത്തിയതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ നാടകം അരങ്ങേറിയത്.
എന്നാല്‍, രണ്ടുവര്‍ഷം മുന്‍പ് സുപ്രിംകോടതി പുറപ്പെടുവിച്ച ശാരദ ചിട്ടിക്കേസ് അന്വേഷിക്കാന്‍ ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോയതിന് കാരണമെന്തെന്ന ചോദ്യം പ്രസക്തമാണ്. മമതയുടെ സഖ്യം ബി.ജെ.പി കൊതിച്ചിരുന്നതാണോ. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ മുകുള്‍ റോയിയെയും ഹിമാന്ത ബിശ്വ ശര്‍മയെയും ഈ കേസില്‍ പങ്കുണ്ടായിരുന്നിട്ടുകൂടി സി.ബി.ഐ ഗൗനിച്ചില്ലല്ലോ. നിരവധി തവണ സമന്‍സ് ലഭിച്ചിട്ടും ബംഗാള്‍ ഡി.ജി.പി സി.ബി.ഐക്ക് മുന്നില്‍ ഹാജരാകാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ശക്തിയാണെന്നു കരുതാമോ. റോഡരികിലെ കമാനത്തിനു കീഴില്‍ പൊലിസിനു ഗാലന്ററി അവാര്‍ഡ് നല്‍കുകയും പൊലിസ് ഔട്ട്‌പോസ്റ്റില്‍ കാബിനറ്റ് മീറ്റിങ് നടത്തുകയും ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി അനുകരണീയ മാതൃകയാണോ. പാതിരാത്രി സി.ബി.ഐ മുഖ്യനെ മാറ്റിയതുപോലെ ഡി.ജി.പിയെ അറസ്റ്റ് ചെയ്ത് സംസ്ഥാനത്ത് പ്രക്ഷോഭമുണ്ടാക്കി രാഷ്ട്രപതി ഭരണമായിരുന്നോ ബി.ജെ.പി ലക്ഷ്യം. ഉത്തരമില്ലാത്ത ചോദ്യങ്ങളായി ഇവ അവശേഷിക്കുന്നുണ്ട്.

മമതയുടെ വരവ്

സി.ബി.ഐയും സംസ്ഥാന പൊലിസും തമ്മില്‍ ബലപരീക്ഷ നടക്കുന്നിടത്തേക്ക് മമത ചാടിവീണത് ഒന്നും കാണാതെയായിരുന്നില്ല. തന്റെ തട്ടകത്തില്‍ വളഞ്ഞവഴിയില്‍ മോദിയും അമിത്ഷായും അജിത്‌ഡോവലും കടന്നുകയറാന്‍ ശ്രമിക്കുന്നതായി അവര്‍ക്ക് തോന്നിയത് സ്വാഭാവികം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വേളയില്‍. അതിനു തടയിടുകയും ധര്‍ണ നടത്തിയതിലൂടെ പുതിയ പോര്‍മുഖം തുറന്ന് ആധുനിക അസ്ത്രമായി മാറാനും അവര്‍ക്കായി. താന്‍ അടക്കിവാഴുന്നിടത്ത് മറ്റൊന്നിനെയും ്അവര്‍ അംഗീകരിക്കില്ല. മുന്‍പ് സി.പി.എം പോയ വഴിതന്നെയാണ് ഇത്. ബംഗാള്‍ രക്തത്തിന് ആ പ്രത്യേകതയുണ്ട്. മാത്രമോ, തനിക്ക് ഹാനികരമായേക്കാവുന്ന പ്രശ്‌നത്തെ ഒരു എടുത്തുചാട്ടത്തിലൂടെ അനുകൂലമാക്കാനും അവര്‍ക്കായി.
ഒരേസമയം സി.ബി.ഐക്കെതിരേ കോടതിയിലെത്തുമ്പോള്‍ത്തന്നെ, കേന്ദ്രസര്‍ക്കാരിനെതിരേ തെരുവിലിറങ്ങാനും അവര്‍ തയാറായി. ചന്ദ്രബാബു നായിഡുവും കെജ് രിവാളും സ്റ്റാലിനും പവാറും എന്നുവേണ്ട പ്രതിപക്ഷ നേതാക്കള്‍ മമതയോട് ധര്‍ണ അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചെത്തിയപ്പോള്‍ ഒരു കാര്യം കൂടി വ്യക്തമായി,  നേതാവ് മമത തന്നെ. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ കണ്ണായി അവര്‍ മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മോദി-രാഹുല്‍ യുദ്ധമെന്ന പ്രതീതിയാണുള്ളതെങ്കിലും കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷത്തിന് അത് മോദി-മമത യുദ്ധമെന്ന തരത്തിലേക്കുപോലും മാറിയെന്നു പറഞ്ഞാലും തെറ്റില്ല. പ്രശ്‌നത്തില്‍ ഇടപെട്ട സുപ്രിംകോടതിയാകട്ടെ തങ്ങളുടെ നിര്‍ദേശം പാലിക്കാന്‍ പോയ സി.ബി.ഐയെ അനുകൂലിച്ചില്ല. രാജീവ്കുമാറിനെ അറസ്റ്റ് ചെയ്യേണ്ടതില്ല, ചോദ്യം ചെയ്യാമെന്ന വിധി ഫലത്തില്‍ മമതയുടെ വാദത്തിന് അടിവരയിടുന്നതമായി.

സിംഗൂറിലെ ധര്‍ണ

ശക്തമായ സമരായുധമാണ് ധര്‍ണയെന്ന് മഹാത്മാഗാന്ധി പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കുന്നത് മമതയാണ്. 2006ല്‍ സിംഗൂരില്‍ അതുകണ്ടു. റോഡരികില്‍ ഉയര്‍ത്തിയ തണലിനു കീഴെ 26 ദിവസമാണ് മരണം വരെ നിരാഹാര സമരം അവര്‍ അനുഷ്ഠിച്ചത്. സി.പി.എമ്മിന്റെ സിംഗൂര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു അത്. വിജയം കണ്ട ഈ വഴിതന്നെയാണ് ഇപ്പോള്‍ കേന്ദ്രത്തിനെതിരേയും അവര്‍ പയറ്റിയത്. അന്നത്തെ പോലെയല്ല ഇന്ന്. കരുത്തരായ മോദി-അമിത്ഷാ ദ്വയത്തെയാണ് ഇവര്‍ കരുത്തോടെ പ്രതിരോധിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം മാത്രമല്ല മമതയുടേതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യയെ രക്ഷിക്കാന്‍, ജനാധിപത്യം പുലരാന്‍, ഭരണഘടന സംരക്ഷിക്കാന്‍..ഇതൊക്കെയായിരുന്നു ദീദിയുടെ മുദ്രാവാക്യം. ഇപ്പോള്‍ കൊല്‍ക്കത്തയുടെ തെരുവുകളിലേക്ക് പുതിയ പ്രതിഷേധങ്ങളുമായി തൃണമൂല്‍ ഇറങ്ങുമ്പോള്‍ പ്രതിരോധത്തിന് മാര്‍ഗങ്ങള്‍ തേടുകയാണ് മറ്റുള്ളവര്‍.

തെരുവ് ചൂടുപിടിക്കുന്നു

യോഗി ആദിത്യനാഥിനും അമിത്ഷായ്ക്കും പൊതുസ്ഥലത്ത് ഹെലിക്കോപ്ടര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച ധീരനിലപാട് സ്വീകരിക്കാന്‍ മമതയ്ക്ക് മാത്രമേ കഴിയൂ. അത് മോദിക്കുമറിയാം. മമതയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞതോടെയാണ് അവരെ ആക്രമിക്കാനുള്ള സന്നദ്ധതയെന്നു കാണാം. ഫലത്തില്‍ രാഷ്ട്രീയം തെരുവിലെ ഏറ്റുമുട്ടലിലേക്കെത്തുകയാണ് ബംഗാളില്‍. കോണ്‍ഗ്രസിനും സി.പി.എമ്മിനും മമതയോടേറ്റുമുട്ടാന്‍ കരുത്തില്ല. കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ ബി.ജെ.പി അതിനു ശ്രമിക്കുന്നത് ഫലത്തില്‍ ബംഗാളിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കും. എം.എല്‍.എ വെടിയേറ്റു മരിച്ചത് അവസാന ദൃഷ്ടാന്തമാണ്. മമത-ബി.ജെ.പി പോരിലേക്കെത്തുമ്പോള്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിഷ്പ്രഭരാവുന്ന കാഴ്ചയുമുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബംഗാള്‍ കത്തും..രാഷ്ട്രീയമായും ഭൗതികമായും.

2018 ഡിസംബർ 24, തിങ്കളാഴ്‌ച

ആസൂത്രിത വധം, വര്‍ഗീയ കലാപ ശ്രമം


ഒരു പൊലിസ് സബ് ഇന്‍സ്‌പെക്ടറും ഒരു കൗമാരക്കാരനും കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഉണ്ടായ കലാപം വളരെ ആസൂത്രിതമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പൊലിസിന്റെ പേരില്‍ നിലനില്‍ക്കുമ്പോഴാണ് പൊലിസ് ഉദ്യോഗസ്ഥരെ അതേ നാണയത്തില്‍ വകവരുത്താനുള്ള ആസൂത്രണചിത്രം പുറത്തുവന്നിരിക്കുന്നത്. മുസ് ലിം ജനത മതപരമായ ചടങ്ങുകള്‍ക്ക് ബുലന്ദ് ഷഹറില്‍ ഒത്തുചേര്‍ന്നതിന് തൊട്ടുപിന്നാലെ പശുവിന്റെ പേരില്‍ ലഹളയുണ്ടാകുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തത് ഒരു വര്‍ഗീയ കലാപം കൂടി മുന്നില്‍ക്കണ്ട് ആസൂത്രണം ചെയ്തതാണോ എന്നും സംശയിക്കുന്നു. അന്വേഷണങ്ങള്‍ ഈ വഴിക്കൊക്കെ നീങ്ങുന്നുമുണ്ട്. സംസ്ഥാന ഡി.ജി.പിയും മന്ത്രിയും സുബോധിന്റെ കൊലപാതകം ആസൂത്രിതമായിരുന്നെന്നും വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമം നടന്നതായും സൂചന നല്‍കിയിട്ടുണ്ട്. ഇനി ആര്, എന്തിന് ഈ വിവരങ്ങളൊക്കെ പുറത്തുവരേണ്ടതുണ്ട്.

സംഭവങ്ങളുടെ തുടക്കം

പശ്ചിമ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടങ്ങളില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതാണ് ഈ സംഭവങ്ങളുടെ തുടക്കം. ഡിസംബര്‍ മൂന്നിനായിരുന്നു അത്. തുടര്‍ന്ന് പശുസംരക്ഷക പ്രവര്‍ത്തകരെന്ന പേരില്‍ രംഗത്തെത്തിയവര്‍ ഈ അവശിഷ്ടങ്ങളുമായി സിയാനയിലെ ചിങ്‌രാവതി പൊലിസ് സ്റ്റേഷനിലെത്തി. പശുവിനെ കൊന്നതില്‍ കേസെടുക്കണമെന്നായിരുന്നു ആവശ്യം. സ്റ്റേഷനിലെ പൊലിസുകാര്‍ കൊന്നതാണ് പശുവിനെ എന്നാരോപണമുയര്‍ന്നതോടെ നൂറുകണക്കിനാളുകള്‍ പൊലിസ് സ്റ്റേനിലേക്ക് കല്ലെറിയുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. തൊട്ടടുത്ത സിയാന പൊലിസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലിസുകാരെത്തുകയും ജീവഹാനി ഉണ്ടാകുമെന്നായപ്പോള്‍ അവര്‍ അക്രമികള്‍ക്കെതിരേ വെടിവയ്ക്കുകയും ചെയ്തു. ഈ വെടിവയ്പില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. 21കാരനായ ഇയാള്‍ അക്രമികള്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്ന് ആദ്യഘട്ടത്തില്‍ വാദമുണ്ടായിരുന്നെങ്കിലും കല്ലും മറ്റുമായി ഇയാള്‍ അക്രമികള്‍ക്കൊപ്പം നീങ്ങുന്ന വിഡിയോ ചിത്രം പുറത്തുവന്നിരുന്നു. ഒരാള്‍ കൊല്ലപ്പെട്ടതോടെ കൂടുതല്‍ അക്രമാസക്തമായ ജനക്കൂട്ടം പൊലിസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. അക്രമികളെ നേരിടാനെത്തിയ ഇന്‍സ്‌പെകര്‍ അക്രമത്തിനിടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു.
പശുവിന്റെ തോലും ഇറച്ചിയും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ സ്‌റ്റേഷനില്‍ കണ്ടതായും ആക്രമണമുണ്ടാകുന്നതിനു ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് അതവിടെനിന്ന് നീക്കം ചെയ്തതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കരിമ്പിന്‍ പാടത്ത്, ഈ സംഭവത്തിന് തലേന്ന് പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇന്‍സ്‌പെക്ടര്‍ സുബോധിന്റെ മരണം

ജനക്കൂട്ടം പൊലിസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ തുനിയുമ്പോള്‍ അവരുമായി അനുനയത്തിന് ശ്രമിക്കുകയായിരുന്നു ഇന്‍സ്‌പെകര്‍ സുബോധ് സിങെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനുജ് ഝാ പറയുന്നു. ഒറ്റയ്ക്ക് അക്രമികളുടെ നടുവിലിറങ്ങി അനുനയിപ്പിക്കാന്‍ സുബോധ് ശ്രമം നടത്തിയതായും ധൈര്യശാലിയായ ഓഫീസറെയാണ് നഷ്ടപ്പെട്ടതെന്നും ഝാ പറയുന്നു. അക്രമം കലാപത്തിലേക്ക് വളര്‍ന്നതോടെ ഒപ്പമുണ്ടായിരുന്ന പൊലിസുകാര്‍ ആകാശത്തേക്ക് വെടിവച്ചു. ഇതോടെ അക്രമികള്‍ കോപാക്രാന്തരായി വളഞ്ഞതോടെ പൊലിസുകാര്‍ ഓടിമാറി. സുബോധ് വെടിയേറ്റു വീഴുന്നത് കണ്ടത് അദ്ദേഹത്തിന്റെ ജീപ്പ് ഡ്രൈവര്‍ രാം ആശ്രയ് ആണ്. സുബോധിന് ജീവന്‍ നഷ്ടപ്പെടാതെ പ്രഥമശുശ്രൂഷ നല്‍കാന്‍ വാഹനത്തിലേക്ക് താന്‍ മാറ്റിയതായും രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഓടിക്കൂടിയ അക്രമിക്കൂട്ടം തടഞ്ഞ് കൊല്ലെടാ എന്നാര്‍ത്തുവിളിക്കുകയും കല്ലും തടിയും എറിഞ്ഞതോടെ താന്‍ ഓടിരക്ഷപ്പെട്ടതായും ആശ്രയ് പറഞ്ഞു. ആശ്രയിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരിമ്പിന്‍ തോട്ടത്തില്‍ പലഭാഗങ്ങളിലും വെടിയൊച്ച കേട്ടതായും രാം ആശ്രയ് വിവരിക്കുന്നത് എത്ര ഞെട്ടിക്കുന്ന സംഭവമാണ് അവിടെ നടന്നതെന്ന സൂചന നല്‍കുന്നു.

സംശയങ്ങള്‍

പശുസംരക്ഷകരെന്ന പേരില്‍ രാജ്യമാകെ അക്രമിക്കൂട്ടം നടമാടുമ്പോള്‍ ആരും ഇത്തരമൊരു പ്രവര്‍ത്തിക്ക് മുതിരില്ലെന്ന് വ്യക്തമാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ട പൊലിസുകാര്‍ പശുവിറച്ചിയും തോലും പ്രദര്‍ശിപ്പിച്ചെന്ന വിവരം ഞെട്ടിക്കുന്നു. എന്നാല്‍, അത് വിദഗ്ധമായി സ്വരൂക്കൂട്ടിയ ഒന്നാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പശുവിറച്ചി എന്നുകേള്‍ക്കുമ്പോള്‍ ആയുധം എടുക്കുന്ന ഒരു ജനതയുള്ള ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്ത് അവരെ വേഗം ഇളക്കിവിടാന്‍ പറ്റിയ മാര്‍ഗമായി  ഉപയോഗിച്ച തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മഹാവ് ഗ്രാമത്തിലെ തഹസില്‍ദാര്‍ പറഞ്ഞത് കരിമ്പുപാടത്ത് തുണി ഉണക്കാന്‍ ഇട്ടിരിക്കുന്നതുപോലെ 20ലധികം പശുക്കളുടെ തോലും ഉടലും തലയും വളരെ ദൂരെ നിന്നുപോലെ കാണാനാവുന്ന തരത്തില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ചത് വളരെ ആസൂത്രിതമായിട്ടായിരുന്നു എന്നാണ്.
ഈ വാര്‍ത്ത പരന്നയുടനെ ഹിന്ദു യുവ വാഹിനി, ശിവസേന, ബജ് രംഗ്ദള്‍ പ്രവര്‍ത്തകര് കൂട്ടമായെത്തി പ്രതിഷേധം തുടങ്ങിയതും ഇത് ട്രാക്ടറില്‍ സംസ്ഥാനപാതയിലെത്തിച്ച് ഉപരോധം നടത്തിയതും ആസൂത്രിതമായിരുന്നു എന്ന തോന്നലുണ്ടാക്കുന്നു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ പങ്കെടുത്ത തബ് ലിഗി ജമാ അത്ത് ബുലന്ദ്ഷഹറില്‍ ഡിസംബര്‍ മൂന്നിന് സമാധാനപരമായി സമാപിച്ചതിന്റെ അന്നുതന്നെയാണ് പശുവിന്റെ പേരില്‍ അക്രമങ്ങള്‍ തലപൊക്കിയത്. ഈ മതചടങ്ങ് നടന്നതിന്റെ 30 കിലോമീറ്റര്‍ അപ്പുറമാണ് പൊലിസിനെതിരേ ലഹള നടന്നത്. ഇവിടെ പങ്കെടുത്തു മടങ്ങിയവര്‍ ബുലന്ദ്ഷഹറിലെ സംസ്ഥാന പാത വഴി പശുവിന്റെ അവശിഷ്ടം കണ്ടിടത്തുകൂടിയായിരുന്നു വരേണ്ടിയിരുന്നത്. അക്രമികള്‍ ഈ പാത ഉപരോധിച്ചത് ഇത് മുന്നില്‍ക്കണ്ടാണെന്ന സംശയവും ഉയരുന്നുണ്ട്.
സുബോധ് സിങ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുന്‍പ് അദ്ദേഹത്തെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക സംഘപരിവാര്‍ നേതൃത്വം ബുലന്ദ്ഷഹര്‍ എം.പി ഭോലാ സിങിന് പരാതി നല്‍കിയിരുന്നു. കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് മതപരമായ ചടങ്ങുകള്‍ക്ക് ഭംഗം വരുത്തുന്നു എന്നായിരുന്നു. ഇതിനര്‍ഥം സുബോധിനോട് പ്രാദേശിക സംഘപരിവാര്‍ നേതൃത്വത്തിന് അമര്‍ഷമുണ്ടായിരുന്നു എന്നാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വിഡിയോയില്‍ ബി.ജെ.പി യുവമോര്‍ച്ച സയാന യൂണിറ്റ് പ്രസിഡന്റ് അഗര്‍വാള്‍ വിശദമാക്കുന്നത് സുബോധ് സിങ് തങ്ങളെ തടയാന്‍ ശ്രമിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ്. സുബോധ് പ്രദേശത്തെ മുസ് ലിംകളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നതായും ഇയാള്‍ ആരോപിച്ചു. ഇതിനര്‍ഥം, സുബോധിനെ വകവരുത്തിയത് തന്നെയെന്നല്ലേ. ഇതില്‍ക്കൂടുതല്‍ എന്തു തെളിവാണ് ഈ കൊടുംക്രൂരന്‍മാരെ തടങ്കലിലെത്തിക്കാന്‍ യോഗിക്ക് വേണ്ടത്.

പ്രതികളില്‍ സേനാംഗവും

സുബോധ് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് 27 പേര്‍ക്കെതിരേയാണ് കേസെടുത്തത്. അക്രമത്തിനുപിന്നാലെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയാനാകാത്ത അന്‍പതോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ച, വി.എച്ച്.പി, ബജ് രംഗ്ദള്‍, ഹിന്ദു യുവ വാഹിനി, ശിവസേന എന്നീ സംഘടനകളില്‍ പെട്ടവരാണ് പ്രതിപ്പട്ടികയില്‍. പാര്‍ട്ടിയില്ലാത്ത കര്‍ഷകരും വിദ്യാര്‍ഥികളും പ്രതിപ്പട്ടികയിലുണ്ട്. പ്രധാനപ്രതി യോഗേഷ് രാജ് എന്ന 28കാരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നിയമവിദ്യാര്‍ഥിയും സാമൂഹ്യപ്രവര്‍ത്തകനും വിശ്വഹിന്ദു പരിഷത്ത്, ബജ് രംഗ്ദള്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകനുമായ ഇയാള്‍ തോക്കുപയോഗിക്കാറുണ്ടെന്ന് പൊലിസ് പറയുന്നു.
എന്നാല്‍ പ്രതിപ്പട്ടികയില്‍ ഒരു സേനാംഗവും ഉണ്ടായിരുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കശ്മിരിലെ സോപൂരില്‍ ജോലി ചെയ്യുന്ന 22 രാഷ്ട്രീയ റൈഫിള്‍സിലെ ജിതേന്ദ്ര മാലിക്കിനെ കഴിഞ്ഞ ദിവസം പൊലിസ് കശ്മിരിലെത്തി അറസ്റ്റ് ചെയ്തിരുന്നു.
സുബോധും സുമിതും കൊല്ലപ്പെട്ടത് .32 പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റാണ്. ഈ പിസ്റ്റള്‍ ഈ സേനാംഗത്തിന്റെതാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുമുണ്ട്.

ഗൂഢാലോചനയെന്ന്
സഹോദരിയും മന്ത്രിയും

ഇന്‍സ്‌പെകര്‍ സുബോധ് സിങിനെ വകവരുത്താനായി സൃഷ്ടിച്ച കലാപമാണിതെന്ന് അദ്ദേഹത്തിന്റെ സഹോദരി സുനിത സിങ് ആരോപിക്കുന്നു. 2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ട ഗോവധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സുബോധ്. സുബോധിനെ പൊലിസുകാര്‍ തന്നെ കൊലയ്ക്കുകൊടുക്കുകയായിരുന്നെന്നാണ് സഹോദരിയുടെ ആരോപണം. സുബോധ് രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. നാഴികയ്ക്കു നാല്‍പതുവട്ടവും പശു, പശു എന്നുരുവിടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്തുകൊണ്ടാണ് അവയെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്തതെന്നും പശുവിനെ മാതാവിന് സമമാണ് തങ്ങള്‍ കാണുന്നതെന്നും തന്റെ സഹോദരന്‍ പശുവിന് വേണ്ടിയാണ് ജീവിതം ബലിയര്‍പ്പിച്ചതെന്നും സുനിത ചൂണ്ടിക്കാട്ടുന്നു.
സുനിതയുടെ വാക്കുകളില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. സുബോധിന്റെ കുടുംബം പശുക്കളെ വകവരുത്തുന്നവരല്ല. അതിന്റെ മാംസം പൊലിസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ സുബോധ് അനുവദിക്കില്ലെന്നും ഇതില്‍ നിന്ന് വ്യക്തവുമാണ്. പൊലിസുകാര്‍തന്നെ കൊലയ്ക്കുകൊടുത്തതാണെന്ന വാദത്തിനും പ്രസക്തിയുണ്ട്. കാരണം, കൂടെയുള്ള ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ബാധ്യത വെടിഞ്ഞ് ഓടിരക്ഷപ്പെടുകയായിരുന്നു പൊലിസുകാര്‍. അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷപ്പെടുത്താന്‍ അന്വേഷണോദ്യോഗസ്ഥനെ ഇല്ലാതാക്കണമെന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന ആരോപണത്തിലും കഴമ്പില്ലാതെയില്ല. സുബോധിന്റെ ഇടതുപുരികത്തിനടുത്താണ് വെടിയേറ്റത്. അത്രയും അടുത്തുനിന്ന് പോയിന്റ് ബ്ലാങ്കിലാണോ വെടിയേറ്റത് എന്നതൊക്കെ അന്വേഷണത്തില്‍ പുറത്തുവരേണ്ടതാണ്.
സംസ്ഥാന പട്ടിക വികസന ക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ഓംപ്രകാശ് രാജ്ഭര്‍ സംശയലേശമന്യേ വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. ബുലന്ദ്ഷഹര്‍ കലാപം വളരെ ആസൂത്രിതമായി വി.എച്ച്.പിയും ആര്‍.എസ്.എസും ബജ് രംഗ്ദളും ചേര്‍ന്ന് നടത്തിയതാണെന്നാണ്. മുസ് ലിം ജനതയുടെ മതപരമായ ചടങ്ങിന്റെ അന്നുതന്നെ പശുവിന്റെ പേരില്‍ നടന്നത് അതിനാലാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനാണ് രാജ്ഭര്‍. എന്നാല്‍ മുഖ്യമന്ത്രി ആദിത്യനാഥിനെ കണ്ടതിനുപിന്നാലെ അദ്ദേഹം ഈ ആരോപണം പിന്‍വലിച്ചിരുന്നു.





2018 ഡിസംബർ 23, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ് ഫലം പറയുന്നത്


അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജയപരാജയങ്ങള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.
വലിയ ജ്ഞാനമതിയായിട്ടു പറഞ്ഞതാണെന്നു കരുതരുത്. അഞ്ചില്‍ മൂന്നിടങ്ങളില്‍ ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് അത് കൈമോശം വന്നപ്പോള്‍, അതും കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് മുറവിളി കൂട്ടി അധികാരത്തിലെത്തിയ പാര്‍ട്ടിക്ക് അതേ പാര്‍ട്ടിയില്‍ നിന്ന് ആഘാതമേല്‍ക്കുമ്പോള്‍ എല്ലാം വിധിയെന്നു പറയാനല്ലേ കഴിയൂ.
ഈ തെരഞ്ഞെടുപ്പ് ഫലം ഒരു ദിശാ സൂചകമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിലയിരുത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറത്തെ ഒരു വിധിയായി വേണം ഇതിനെ കാണേണ്ടത്. ഇത് കേവലം ബി.ജെ.പിയുടെ തോല്‍വിയെന്നും കോണ്‍ഗ്രസിന്റെ ജയമെന്നും പറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കരുത്. ഈ ഫലം പറയുന്നത് മറ്റു ചിലതൊക്കെയാണ്. ശബ്ദമില്ലാത്തവന്‍ ജനാധിപത്യത്തിലൂടെ അടക്കിഭരിക്കുന്നവന് നല്‍കുന്ന മറുപടിയാണ് അതില്‍ പ്രധാനം. അന്നത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവസന്ധാരണത്തിനും കേഴുന്ന ജനത പൊരുതി നേടിയ നേട്ടമായിവേണം അതിനെ കാണാന്‍. മൂന്നു സംസ്ഥാനങ്ങളിലും ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ ബി.ജെ.പിക്ക് കനത്ത സീറ്റ് നഷ്ടമുണ്ടായപ്പോള്‍ ഒപ്പം നില്‍ക്കുമെന്ന് കരുതപ്പെട്ട നഗര മേഖലകളും പാര്‍ട്ടിയെ കൈവിട്ടു. ഉദ്യോഗാര്‍ഥികളും കര്‍ഷകരും നിര്‍ണയിച്ച ഫലങ്ങളെന്നു വിലയിരുത്തുന്നതാവും കൂടുതല്‍ ശരി.

രാഹുലിന്റെ രാഷ്ട്രതന്ത്രം

കോണ്‍ഗ്രസിന്റെ വിജയം നേതൃത്വത്തിന്റെ വിജയം തന്നെയാണ്. രണ്ടാംവരവില്‍ രാഹുല്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നു. മോദി പറഞ്ഞതുപോലെ വിജയവും തോല്‍വിയും ഇഴചേര്‍ന്നു പോകുന്നുവെന്ന് രാഹുലും മനസിലാക്കുന്നു. തോല്‍വിയില്‍ തളര്‍ന്ന് രാജ്യം വിടുന്ന രാഹുല്‍ വിജയം ജനങ്ങള്‍ക്കൊപ്പം പങ്കിടുമെന്നു കരുതാം.
എങ്കിലും പരാജയപ്പെടുമായിരുന്ന ഒരു തന്ത്രത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു രാഹുല്‍. കാരണം തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടേക്കാവുന്ന ഒരു കമല്‍ നാഥിനെ രാഷ്ട്രീയ ഇന്ത്യ കണ്ടിരുന്നു. കോണ്‍ഗ്രസില്‍ ശക്തനായ കമല്‍ നാഥിനെ ആ പാര്‍ട്ടി വേണ്ടവണ്ണം കരുതാതിരുന്നപ്പോള്‍ മനസുമരവിച്ചുപോയിരുന്നു ആ മനുഷ്യന്. ജ്യോതിരാദിത്യ സിന്ധ്യയെന്ന കൂട്ടുകാരനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ രാഹുല്‍ ആത്മഹത്യാപരമായ നിലപാട് ആവര്‍ത്തിക്കുന്നതായി തോന്നി. എന്നാല്‍ പതം വന്ന രാഷ്ട്രീയക്കാരനെപ്പോലെ ആ നിലപാടില്‍ നിന്നു മനംമാറ്റം വന്നപ്പോള്‍ കമല്‍ നാഥ് കൂടുതല്‍ ശക്തമായ സാന്നിധ്യമറിയിച്ചു, പാര്‍ട്ടിയെ വിജയവഴിയിലെത്തിച്ചു.
രാജസ്ഥാനില്‍ കൡക്കൂട്ടുകാരനായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി വാഴിക്കണമെന്നായിരുന്നു രാഹുലിന്റെ മോഹം. ഫലപ്രഖ്യാപനത്തിനുമുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി മുന്നേറാനുള്ള നീക്കം ഇരുത്തം വന്ന മുതിര്‍ന്നവര്‍ തടഞ്ഞു എന്നുവേണം അനുമാനിക്കാന്‍. ഇപ്പോഴില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ല മുഖ്യമന്ത്രി പദത്തില്‍ എന്നറിയാവുന്ന അശോക് ഗെലോട്ടിനെ വിശ്വാസത്തിലെടുക്കാന്‍ തയാറായതോടെ രാജസ്ഥാനും കൈപ്പിടിയിലൊതുങ്ങി.
പഞ്ചാബ് നല്‍കിയ പാഠമായിരുന്നു ഇത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്ന ഒറ്റയാള്‍ പോരാളിയാണ് അവിടെ കോണ്‍ഗ്രസിനെ വിജയപഥത്തിലെത്തിച്ചതെന്നു വിസ്മരിച്ചുകൂടാ. രാഹുലിന്റെ നിലപാടുകള്‍ ഖണ്ഡിച്ച അമരിന്ദര്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും വിജയം താലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന് കൈമാറിയപ്പോള്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നതായി രാഹുലിനും മനസിലായി. രാഹുലിന് ജനമനസില്‍ സ്ഥാനം ലഭിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ ഫലങ്ങള്‍. അദ്ദേഹം പങ്കെടുത്ത റാലികള്‍ നടന്ന മേഖലകളില്‍ വമ്പന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

ചിറകൊടിഞ്ഞ് മോദി

തോല്‍ക്കുന്നതിനു തൊട്ടുമുന്‍പ് വരെ ജയപ്രതീക്ഷ. അതായിരുന്നു മോദിയും ബി.ജെ.പിയും വച്ചു പുലര്‍ത്തിയിരുന്നത്. മൂന്നുവട്ടം ഭരണം നല്‍കിയിട്ടും ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ ജനത്തെ പര്യാപ്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെന്തോന്നു വികസനമെന്ന് ചോദിക്കാതെ ചോദിക്കുകയായിരുന്നില്ലേ ജനങ്ങള്‍. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ കൊള്ളരുതായ്കകള്‍ കേന്ദ്ര പിന്തുണയോടെയായിരുന്നില്ലേ. എന്തുചെയ്താലും ഹിന്ദി രാഷ്ട്ര ഭൂമി ഒപ്പം നില്‍ക്കുമെന്ന ആ ധാര്‍ഷ്ട്യമുണ്ടല്ലോ, അതിനേറ്റ തിരിച്ചടി തന്നെയാണ് കണ്ടത്. ചൗഹാന്റെ തെരഞ്ഞെടുപ്പ് വാഹനത്തെ തടഞ്ഞ സംഭവം മധ്യപ്രദേശിലും വിജയരാജെ സിന്ധ്യയുടെ വാഹനജാഥയ്ക്ക് ഒരു ജില്ലയില്‍ എതിര്‍പ്പുകാരണം പ്രവേശിക്കാനാകാതിരുന്നതും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്നുതന്നെ ഇവിടങ്ങളില്‍ വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. കര്‍ഷകന്റെ കണ്ണീരും അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവന്റെ വിമ്മിഷ്ടവും പട്ടിണിക്കാരന്റെ മാംസമില്ലാത്ത ശരീരവും വിലപറഞ്ഞ വിധിയായിരുന്നു ഇവിടങ്ങളില്‍.
കര്‍ണാടകത്തില്‍ തോറ്റപ്പോള്‍ അത് ജെ.ഡി.യു-കോണ്‍ഗ്രസ് സഖ്യമാണെന്നു ന്യായം പറഞ്ഞു. പഞ്ചാബില്‍ തോറ്റപ്പോള്‍ അത് സഖ്യകക്ഷിയുടെ കഴിവുകേടാണെന്നു പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും തോറ്റതിന് എന്തു കാരണം പറയും. അക്കാരണം ജനങ്ങള്‍ പറഞ്ഞുതന്നിരിക്കുന്നു. കെടുകാര്യസ്ഥതയും അടിച്ചമര്‍ത്തല്‍ മനോഭാവവും ജനവിരുദ്ധ നടപടികളും വച്ചുപൊറുപ്പിക്കില്ല.

നേട്ടം കോണ്‍ഗ്രസിന്

ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷത്തിന് ഏതു പാര്‍ട്ടി ഇനി നേതൃത്വം നല്‍കുമെന്നു സംശയമുയര്‍ന്ന ഒരു സാഹചര്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് നിലയില്ലാക്കയത്തിലേക്ക് പതിക്കുന്നത് കണ്ടതോടെയാണ് ഈ ചോദ്യമുയര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിനും ഉത്തരം നല്‍കി. കോണ്‍ഗ്രസ് എന്നത് ഒരു പാര്‍ട്ടിയല്ല. ഒരു വികാരമായാണ് ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്. ബി.ജെ.പിയെ മൂന്നു സംസ്ഥാനങ്ങളില്‍ നേര്‍ക്കുനേര്‍ പോരാടി കെട്ടുകെട്ടിച്ചത് ഈ വികാരമാണെന്നു വ്യക്തം.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുമ്പോള്‍ ശക്തമായ സാന്നിധ്യമാകാന്‍ പോകുന്ന കോണ്‍ഗ്രസിനെ ബി.ജെ.പി ഭയപ്പെട്ടേ മതിയാവൂ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി മുദ്രാവാക്യം വാപോയ കോടാലിക്കു സമമായി. എന്നാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മുദ്രാവാക്യം, അരപ്പഷ്ണിക്കാരന്റെ അപ്പക്കഷണത്തിനായുള്ള മുദ്രാവാക്യം അണികള്‍ക്കപ്പുറം വികാരമായി കത്തിപ്പടര്‍ന്നാല്‍ മോദിക്ക് കസേര കൈവിടേണ്ടിവരും.
അര്‍ധമനസോടെയാണെങ്കിലും കോണ്‍ഗ്രസിന്റെ പ്രൗഢിയില്‍ സംശയമുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികളെല്ലാം തന്നെ പുനര്‍ചിന്തനത്തിന്റെ വഴിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാഭാവിക നേതൃത്വത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ പറഞ്ഞതുപോലെ അണികളോ പ്രവര്‍ത്തകരോ അല്ല, കര്‍ഷകരും വിദ്യാര്‍ഥികളും തൊഴില്‍രഹിതരും ചേര്‍ന്നു നല്‍കിയ അസൂയാവഹമായ വിജയമാണത്.
ലോക്‌സഭയില്‍ ഇപ്പോഴത്തെ ഫലത്തിനു വിപരീതമായി അഥവാ ബി.ജെ.പി വന്നാല്‍പ്പോലും രാജ്യസഭയില്‍ കോണ്‍ഗ്രസ് ആധിപത്യം തുടര്‍ന്നേക്കുമെന്നതിന്റെ സൂചനകൂടി ഈ ഫലത്തില്‍ നിന്നു വായിച്ചെടുക്കാം. ഹിന്ദി ബെല്‍റ്റില്‍ ഉയര്‍ന്നുപൊങ്ങിയ കാവി പ്രഭാവത്തിന് ഇടിവുതട്ടുന്നതും ഈ ഫലത്തില്‍ കാണാം.




2018 സെപ്റ്റംബർ 18, ചൊവ്വാഴ്ച

കേരളത്തിലെ പ്രളയത്തില്‍ സംഭവിച്ചതും റിസ്‌ക് റിപ്പോര്‍ട്ടും


1924ലെ പ്രളയം

കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് കടന്നുപോയത്. 1924ലെ പ്രളയത്തിന് സമാനമാണെങ്കിലും അന്നുണ്ടായത്ര നാശനഷ്ടങ്ങള്‍ സാങ്കേതികവിധ്യ വികസിച്ച ഇന്ന് ഉണ്ടായില്ല. എന്നാല്‍ രണ്ടു വട്ടവും പ്രളയശേഷമുള്ള മലയാളിയുടെ അത്ഭുതാവഹമായ ഉയിര്‍ത്തെഴുന്നേല്‍പ് ലോകരാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നു.
1925ലെ ട്രാവന്‍കൂര്‍ സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രളയ ദുരിതാശ്വാസത്തിലേക്ക് ലഭിച്ചത് 73307 രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്ന് ഖജനാവില്‍ നിന്നനുവദിച്ചത് 50000 രൂപ. 3243 പേര്‍ക്ക് ദുരിതാശ്വാസം നല്‍കിയപ്പോള്‍ അതില്‍ 2498 പേരും വളരെ പാവപ്പെട്ടവരായിരുന്നു.
1924ലെ പ്രളയം ശ്രീമൂലം തിരുന്നാള്‍ രാജഭരണ കാലത്തായിരുന്നു. ജീവന്‍ വെടിയുന്നതിനു മുന്‍പ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. മദ്രാസ് സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫ് ഫണ്ടില്‍ നിന്ന് 6000 രൂപ ലഭിച്ചു. പ്രളയ ദുരിതാശ്വാസ കമ്മിറ്റി സംഭാവന നല്‍കിയവരുടെ പേരുകള്‍ എല്ലാം വിട്ടുപോകാതെ പ്രസിദ്ധീകരിച്ചു. അതില്‍ 80 വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്നു. ശ്രീലങ്ക, കെനിയ, സിങപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അന്നു കേരളത്തിന് സഹായം ലഭിച്ചു. വിവാദങ്ങളില്ലാതെയാണ് വിദേശ സഹായമെത്തിയതെന്നതും ശ്രദ്ധേയം.

വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട്

യു.എന്‍ യൂനിവേഴ്‌സിറ്റി അവതരിപ്പിച്ച 2016ലെ വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ അത്ര വലിയ പ്രകൃതി ദുരന്ത സാധ്യത കാണുന്നില്ല. 11.9 ശതമാനം മാത്രമാണ് രാജ്യത്ത് ദുരന്ത സാധ്യതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, ഉണ്ടാവുന്ന ഒരു പ്രകൃതി ദുരന്തത്തോട് പ്രതികരിക്കുന്നതില്‍ രാജ്യം ദയനീയ അവസ്ഥയിലാണെന്നും (80.2 ശതമാനം) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വികസിത രാജ്യങ്ങളെല്ലാം പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതില്‍ സാങ്കേതികമായി നമ്മെക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍, ബ്രിക്‌സ് രാജ്യങ്ങളില്‍പോലും ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നു പറയുമ്പോള്‍ നമ്മുടെ വ്യവസ്ഥിതി പുനപ്പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ബോധ്യമാവും.
ദുരന്തത്തെ അഭിമുഖീകരിക്കുകയും ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനം എന്നതാണ് ഇപ്പോഴും തുടരുന്ന രീതി. ഫലമോ, നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുന്നു. വസ്തുവകകള്‍ക്ക് കനത്ത നാശവും. സുനാമിയിലും ഓഖിയിലും സംസ്ഥാനം ഈ സ്ഥിതിയിലൂടെ കടന്നുപോയതാണ്.
രാജ്യത്ത് 1995-2005 ല്‍ശരാശരി 80 വെള്ളപ്പൊക്കങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടായതെങ്കില്‍ 2005-2015 ല്‍ അത് 343 ആയതായി ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. മൂന്‍ കണക്കുകളില്‍ നിന്ന് കുത്തനെയുള്ള ഉയര്‍ച്ചയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. 2015-2025 കാലത്ത് അത് 2500റിലേറെ ഉണ്ടായേക്കുമെന്ന ഭയാനകമായ സ്ഥിതിയിലേക്കാണ് അതു വിരല്‍ ചൂണ്ടുന്നത്.

പെരിയാറിലും പമ്പയിലും സംഭവിച്ചത്

പെരിയാറും പമ്പയും കരകവിഞ്ഞൊഴുകുക പതിവാണ്. ഈ നദീതീരങ്ങളിലുള്ളവര്‍ക്ക് അതിനേപ്പറ്റി നല്ല ധാരണയുമുണ്ട്. വെള്ളം ഉയരുന്നെന്നു മനസിലാക്കിയാല്‍ രാത്രിപോലും കാവലിരുന്ന് വെള്ളത്തിന്റെ ഒഴുക്കും വരവും ഉയര്‍ച്ചയും കണക്കുകൂട്ടുന്നവരാണവര്‍. പിന്നെയെന്തുകൊണ്ടാണ് കേരളത്തില്‍ പ്രളയദുരന്തമുണ്ടായത്.? (ഉരുള്‍പൊട്ടല്‍ ഇതില്‍നിന്നുവിഭിന്നമാണ്.)
വെള്ളം ഉയരുന്നതിനെപ്പറ്റിയോ സ്വീകരിക്കേണ്ട മുന്‍കരുതലിനെപ്പറ്റിയോ യാതൊരു ധാരണയുമില്ലാതിരുന്ന 1924ലെ പ്രളയത്തില്‍ പോലും ജനങ്ങള്‍ ഒരുവിധം അത് കൈകാര്യം ചെയ്തു. ഇന്ന് സാങ്കേതികത വികസിച്ച സമയത്ത് ജീവനുവേണ്ടി കേഴേണ്ടിവന്ന സമൂഹത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഭരണസംവിധാനങ്ങള്‍ക്ക് കഴിയില്ല.
പെരിയാറിലെ ഇടുക്കി അണക്കെട്ടു തുറക്കുന്നതിനുമുന്‍പ് ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ നല്‍കി. റെഡ് അലേര്‍ട്ടിനുപിന്നാലെ മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു. ഇടുക്കിയില്‍ നിന്ന് കുതിച്ചൊഴുകിയ പ്രളയജലം ഏതൊക്കെ ഭൂഭാഗങ്ങളെ വിഴുങ്ങുമെന്ന് വിദഗ്ധരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ക്ക് അറിയില്ലായിരുന്നു. ഡാം മാനേജ്‌മെന്റ് എന്നുപറയുന്ന ഈ സംവിധാനമറിയാതെ ഷട്ടറും തുറന്ന് കൈയ്യും കെട്ടിയിരുന്ന വൈദഗ്ധ്യമില്ലാത്ത വിദഗ്ധരും അതിനു അനുമതി നല്‍കിയ നേതൃത്വവും സ്വാഭാവികമായും പ്രതിക്കൂട്ടിലാവും. ഡാം സേഫ്റ്റി ചെയര്‍മാന്‍ പറയുന്നത് പ്രളയം ഉണ്ടാവും ജനങ്ങള്‍ മരിക്കുകയും ചെയ്യുമെന്ന നിരുത്തരവാദപരമായ നിലപാടാണ്.
പെരിയാറായാലും പമ്പയായാലും കരകവിഞ്ഞാല്‍ വൈദ്യുതി ബന്ധം വിഛേദിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. നിശ്ചയമായും വേണ്ടതുതന്നെയാണ്. എന്നാല്‍, തുടര്‍ന്ന് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തുന്നില്ലെന്ന് മനസിലാക്കേണ്ടിയിരുന്നതല്ലേ. സാധാരണപോലെ ഉയരുന്ന ജലനിരപ്പ് രണ്ടുദിവസമോ അഞ്ചു ദിവസമോ കഴിഞ്ഞ് ഒഴിഞ്ഞുപോകുന്ന പതിവ് പമ്പയുടെ തീരത്ത് പുരാതന കാലംതൊട്ടേയുള്ളതാണ്. അതിനോട് ജനങ്ങള്‍ പ്രതികരിക്കുന്നത് വളരെ പോസിറ്റീവായിട്ടാണ്. കരകവിഞ്ഞ് വെള്ളമൊഴുകുന്നത് ആഘോഷമായി കാണുന്നെന്നുപറയുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇത്തവണത്തെ വെളളപ്പൊക്കത്തേയും അന്നാട്ടുകാര്‍ അങ്ങനെതന്നെയാണ് കണ്ടത്. എന്നാല്‍ അതങ്ങനെയല്ല, ജീവനും സ്വത്തും നഷ്ടപ്പെടുന്ന പ്രളയമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടുന്ന ഉത്തരവാദിത്വം ആരുടേതായിരുന്നു. മൈക്കില്‍ കൂടി വിളിച്ചുപറഞ്ഞുകൊണ്ടുപോയെന്നു പറയുന്നു. അവിടെ ഡാമുകള്‍ തുറക്കുന്നത് മുന്‍പും മൈക്കില്‍ കേട്ടിട്ടുള്ളവരാണ് നാട്ടുകാര്‍. ടിവികള്‍ വ്യക്തമായ ചിത്രം നല്‍കിയിരുന്നെങ്കിലും വൈദ്യുതി ബന്ധമില്ലാതിരുന്ന പമ്പയുടെ കരകളില്‍ ടിവി, റേഡിയോ പോയിട്ട് മൊബൈല്‍ഫോണുകള്‍ പോലും ചത്ത അവസ്ഥയിലായിരുന്നു. അതായത്, 1924ല്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത പ്രളയമാണ് ജനങ്ങള്‍ക്ക് നേരിടേണ്ടിവന്നത്.
ഡാമില്‍ നിന്ന് താഴേക്ക് റാന്നിയിലും, ആറന്‍മുളയിലും, ചെങ്ങന്നൂരും, പാണ്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും അവസാനം കുട്ടനാട്ടിലും വെള്ളമെത്താന്‍ അഞ്ചും എട്ടും മണിക്കൂറുകള്‍ എടുക്കുമെന്നിരിക്കേ പൊലിസിനെയും ജനപ്രതിനിധികളേയും വേണ്ടവിധം ഉപയോഗിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്നതു പകല്‍പോലെ വ്യക്തം. ഡാമില്‍ നിന്ന് തുറുന്നുവിട്ട വെള്ളത്തിന്റെ അളവും അത് എത്രമാത്രം ഉയരുമെന്ന സാമാന്യകണക്കും ജനങ്ങളെ അറിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. ജനങ്ങളെ യഥാവിധി അറിയിച്ചിരുന്നെന്ന് പറഞ്ഞ് കൈകഴുകുന്ന രാഷ്ട്രീയക്കാരന്റെ കുത്സിത ബുദ്ധി അന്നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില എം.എല്‍.എമാര്‍ ഭരണ നേതൃത്വത്തിന്റെ ഭാഗമാണെന്നു അറിയാമെന്നിരിക്കേയും സര്‍ക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ചതും ഇതുകാരണമാണ്. വെളളപ്പൊക്കമുണ്ടാകാത്തിടങ്ങളിലെ സഹജീവികള്‍ അന്നാട്ടുകാരുടെ അഹങ്കാരത്തിന്റെ ഫലമാണുണ്ടായതെന്നും മുന്നറിയിപ്പ് അവഗണിച്ചതാണു കാരണമെന്നുമൊക്കെ കരുതുന്നത് അറിവില്ലായ്മ മൂലമാണ്.
വെള്ളമുയരുമ്പോള്‍ നദി ഇടത്തോടുകളിലൂടെയും മറ്റും കടക്കുകയും ക്രമേണയുള്ള ഉയര്‍ച്ചയുടെ ഫലമായി കരകവിയുകയുമാണ് സ്വാഭാവിക പ്രതിഭാസം. എന്നാല്‍ പമ്പയിലെ ഡാമുകള്‍ ഓറഞ്ചോ, റെഡോ മുന്നറിയിപ്പുകള്‍ പോലുമില്ലാതെ ഉയര്‍ത്തി സെക്കന്‍ഡില്‍ പത്തുലക്ഷത്തിലധികം ലിറ്റര്‍ ജലം പുറത്തുവിട്ടതാണ് (ഇടുക്കിയില്‍ ആ സമയം പുറത്തുവിട്ടത് 85,000 ലിറ്ററായിരുന്നെന്ന് ഓര്‍ക്കുക) പ്രളയത്തെ മനുഷ്യ നിര്‍മിതമെന്ന് വിളിക്കാന്‍ കാരണം. വെളളം ഉയര്‍ന്നുവന്നത് കേവലം പമ്പയിലൂടെ മാത്രമായിരുന്നില്ല. റോഡുകളിലൂടെയും പറമ്പുകളിലൂടെയുമെല്ലാം കടന്നുവന്ന വെള്ളം പ്രളയംതന്നെയായിരുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍ ടെറസിനു മുകളില്‍ കയറിയവരുണ്ടായിരുന്നു. ഓടിട്ട വീടുകളിലുണ്ടായിരുന്നവരും ടെറസുള്ള വീടുകളിലെത്തി. ഇരുനിലകെട്ടിടത്തിലുള്ളവര്‍ മുകളിലേക്ക് കയറി. ടെറസില്‍ വെളിച്ചമില്ലാതെ, പ്രളയജലത്തിന്റെ ശബ്ദം മാത്രം കേട്ട്, കാറ്റിലും മഴയിലും അകപ്പെട്ട് തണുത്ത് വിറങ്ങലിച്ച് ആഹാരവും വെളളവുമില്ലാതെ നനഞ്ഞൊട്ടിയ വസ്ത്രവുമായി പിഞ്ചുകുഞ്ചുകുഞ്ഞുങ്ങളുമായി നാലും അഞ്ചും ദിവസം ജീവനുവേണ്ടി പോരാടിയ ജനതയുടെ അതിജീവനത്തിന്റെ കഥയാണ് ഈ പ്രളയം പറഞ്ഞുതരുന്നത്.