2019, ഫെബ്രുവരി 25, തിങ്കളാഴ്‌ച

അടിച്ചുനേടാമോ ബംഗാള്‍




ബംഗാള്‍ കുപ്രസിദ്ധമായത് തെരുവുയുദ്ധങ്ങളുടെ പേരിലായിരുന്നു എന്നത് ചരിത്രമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഇന്നും ബംഗാളിലെ സ്ഥിതി വിഭിന്നമല്ല. വിപ്ലവപ്പാര്‍ട്ടിയുടെ തട്ടകമായ ഇവിടെ ആ രക്തത്തില്‍ നിന്ന് മോചനം സാധ്യമല്ല. തൃണമൂല്‍ കോണ്‍ഗ്രസ് കേവലം കോണ്‍ഗ്രസ് പിരിഞ്ഞുണ്ടായതാണെന്നു ധരിക്കരുത്. സി.പി.എമ്മിന്റെ സംഭാവനയായിരുന്നു അത്. മുന്‍പ് അവരുടെതായിരുന്ന അണികള്‍ക്കു നേരേതന്നെ തിരിയുന്നതിനു സമമാണ് തൃണമൂലിനെതിരേ സി.പി.എം ആയുധമെടുക്കുന്നത്. അക്രമവും കൊള്ളയും കൊള്ളിവയ്പുമുണ്ടായ ഒരു കാലത്തില്‍ നിന്ന് മമത ധിഷണാശക്തികൊണ്ട് നേരെയാക്കിയ ഈ സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ന്നാല്‍ അതു വകവച്ചു കൊടുക്കാന്‍ അവര്‍ക്കാവില്ല.
മോദിയായാലും അമിത്ഷാ ആയാലും മമതയ്ക്കു കൂസലില്ല. ഒരു പത്രക്കാരെയും ഭയവുമില്ല. നിയമം, അത് കൈയിലെടുക്കാന്‍ മടിയുമില്ല. കാരണം സി.പി.എമ്മിന്റെ ജനദ്രോഹങ്ങള്‍ക്കെതിരേ ജീവന്‍ പണയം വച്ചാണ് അവര്‍ പോരാടിയത്.

സി.ബി.ഐ വാഴ്ച

വ്യക്തിപ്രഭാവത്തോടെ ബംഗാളില്‍ ഒരു ചുക്കും മമത അനുവദിക്കില്ലെന്ന് മനസിലായതോടെയാണ് അമിത്ഷാ-മോദി ദ്വയം നിയമവഴിയിലേക്ക് തിരിഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉണ്ടായ ഈ നടപടിയില്‍ വശപ്പിശക് തെളിയുന്നത് സ്വാഭാവികം. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മമത സര്‍വശക്തി സ്വരൂപിണിയായി അവതരിക്കുന്നതാണ് കണ്ടത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും സഖ്യത്തെപ്പറ്റി സംസാരിച്ചിരിക്കേയാണ് വീണ്ടും മമത തകര്‍ത്താടുന്നത്. സി.ബി.ഐയെ തോല്‍പിച്ചോടിക്കാന്‍ പോലും ശേഷി കാട്ടിയ അവര്‍ പ്രതിപക്ഷത്തിന്റെ കുന്തമുനയാകാതെ പോയതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
ശാരദ ചിട്ടിതട്ടിപ്പ് കേസ് പുതിയതല്ല. 2014ലെ സംഭവത്തില്‍ അതിന്റെ സാരഥി സുദീപ്ത സെന്‍, ദേബ്ജാനി മുഖര്‍ജി തുടങ്ങി ഏതാനും എം.എല്‍.എമാരെയും എം.പിമാരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് അന്വേഷിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ വിഭാഗത്തെ നയിച്ചിരുന്നത് ഡി.ജി.പി രാജീവ്കുമാറായിരുന്നു. ഇദ്ദേഹം സി.ബി.ഐയുമായി സഹകരിക്കാതെ വരികയും ചില നിര്‍ണായക തെളിവുകളില്‍ വെള്ളം ചേര്‍ക്കുന്നതായും കണ്ടെത്തിയതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ നാടകം അരങ്ങേറിയത്.
എന്നാല്‍, രണ്ടുവര്‍ഷം മുന്‍പ് സുപ്രിംകോടതി പുറപ്പെടുവിച്ച ശാരദ ചിട്ടിക്കേസ് അന്വേഷിക്കാന്‍ ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോയതിന് കാരണമെന്തെന്ന ചോദ്യം പ്രസക്തമാണ്. മമതയുടെ സഖ്യം ബി.ജെ.പി കൊതിച്ചിരുന്നതാണോ. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ മുകുള്‍ റോയിയെയും ഹിമാന്ത ബിശ്വ ശര്‍മയെയും ഈ കേസില്‍ പങ്കുണ്ടായിരുന്നിട്ടുകൂടി സി.ബി.ഐ ഗൗനിച്ചില്ലല്ലോ. നിരവധി തവണ സമന്‍സ് ലഭിച്ചിട്ടും ബംഗാള്‍ ഡി.ജി.പി സി.ബി.ഐക്ക് മുന്നില്‍ ഹാജരാകാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ശക്തിയാണെന്നു കരുതാമോ. റോഡരികിലെ കമാനത്തിനു കീഴില്‍ പൊലിസിനു ഗാലന്ററി അവാര്‍ഡ് നല്‍കുകയും പൊലിസ് ഔട്ട്‌പോസ്റ്റില്‍ കാബിനറ്റ് മീറ്റിങ് നടത്തുകയും ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി അനുകരണീയ മാതൃകയാണോ. പാതിരാത്രി സി.ബി.ഐ മുഖ്യനെ മാറ്റിയതുപോലെ ഡി.ജി.പിയെ അറസ്റ്റ് ചെയ്ത് സംസ്ഥാനത്ത് പ്രക്ഷോഭമുണ്ടാക്കി രാഷ്ട്രപതി ഭരണമായിരുന്നോ ബി.ജെ.പി ലക്ഷ്യം. ഉത്തരമില്ലാത്ത ചോദ്യങ്ങളായി ഇവ അവശേഷിക്കുന്നുണ്ട്.

മമതയുടെ വരവ്

സി.ബി.ഐയും സംസ്ഥാന പൊലിസും തമ്മില്‍ ബലപരീക്ഷ നടക്കുന്നിടത്തേക്ക് മമത ചാടിവീണത് ഒന്നും കാണാതെയായിരുന്നില്ല. തന്റെ തട്ടകത്തില്‍ വളഞ്ഞവഴിയില്‍ മോദിയും അമിത്ഷായും അജിത്‌ഡോവലും കടന്നുകയറാന്‍ ശ്രമിക്കുന്നതായി അവര്‍ക്ക് തോന്നിയത് സ്വാഭാവികം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വേളയില്‍. അതിനു തടയിടുകയും ധര്‍ണ നടത്തിയതിലൂടെ പുതിയ പോര്‍മുഖം തുറന്ന് ആധുനിക അസ്ത്രമായി മാറാനും അവര്‍ക്കായി. താന്‍ അടക്കിവാഴുന്നിടത്ത് മറ്റൊന്നിനെയും ്അവര്‍ അംഗീകരിക്കില്ല. മുന്‍പ് സി.പി.എം പോയ വഴിതന്നെയാണ് ഇത്. ബംഗാള്‍ രക്തത്തിന് ആ പ്രത്യേകതയുണ്ട്. മാത്രമോ, തനിക്ക് ഹാനികരമായേക്കാവുന്ന പ്രശ്‌നത്തെ ഒരു എടുത്തുചാട്ടത്തിലൂടെ അനുകൂലമാക്കാനും അവര്‍ക്കായി.
ഒരേസമയം സി.ബി.ഐക്കെതിരേ കോടതിയിലെത്തുമ്പോള്‍ത്തന്നെ, കേന്ദ്രസര്‍ക്കാരിനെതിരേ തെരുവിലിറങ്ങാനും അവര്‍ തയാറായി. ചന്ദ്രബാബു നായിഡുവും കെജ് രിവാളും സ്റ്റാലിനും പവാറും എന്നുവേണ്ട പ്രതിപക്ഷ നേതാക്കള്‍ മമതയോട് ധര്‍ണ അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചെത്തിയപ്പോള്‍ ഒരു കാര്യം കൂടി വ്യക്തമായി,  നേതാവ് മമത തന്നെ. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ കണ്ണായി അവര്‍ മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മോദി-രാഹുല്‍ യുദ്ധമെന്ന പ്രതീതിയാണുള്ളതെങ്കിലും കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷത്തിന് അത് മോദി-മമത യുദ്ധമെന്ന തരത്തിലേക്കുപോലും മാറിയെന്നു പറഞ്ഞാലും തെറ്റില്ല. പ്രശ്‌നത്തില്‍ ഇടപെട്ട സുപ്രിംകോടതിയാകട്ടെ തങ്ങളുടെ നിര്‍ദേശം പാലിക്കാന്‍ പോയ സി.ബി.ഐയെ അനുകൂലിച്ചില്ല. രാജീവ്കുമാറിനെ അറസ്റ്റ് ചെയ്യേണ്ടതില്ല, ചോദ്യം ചെയ്യാമെന്ന വിധി ഫലത്തില്‍ മമതയുടെ വാദത്തിന് അടിവരയിടുന്നതമായി.

സിംഗൂറിലെ ധര്‍ണ

ശക്തമായ സമരായുധമാണ് ധര്‍ണയെന്ന് മഹാത്മാഗാന്ധി പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കുന്നത് മമതയാണ്. 2006ല്‍ സിംഗൂരില്‍ അതുകണ്ടു. റോഡരികില്‍ ഉയര്‍ത്തിയ തണലിനു കീഴെ 26 ദിവസമാണ് മരണം വരെ നിരാഹാര സമരം അവര്‍ അനുഷ്ഠിച്ചത്. സി.പി.എമ്മിന്റെ സിംഗൂര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു അത്. വിജയം കണ്ട ഈ വഴിതന്നെയാണ് ഇപ്പോള്‍ കേന്ദ്രത്തിനെതിരേയും അവര്‍ പയറ്റിയത്. അന്നത്തെ പോലെയല്ല ഇന്ന്. കരുത്തരായ മോദി-അമിത്ഷാ ദ്വയത്തെയാണ് ഇവര്‍ കരുത്തോടെ പ്രതിരോധിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം മാത്രമല്ല മമതയുടേതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യയെ രക്ഷിക്കാന്‍, ജനാധിപത്യം പുലരാന്‍, ഭരണഘടന സംരക്ഷിക്കാന്‍..ഇതൊക്കെയായിരുന്നു ദീദിയുടെ മുദ്രാവാക്യം. ഇപ്പോള്‍ കൊല്‍ക്കത്തയുടെ തെരുവുകളിലേക്ക് പുതിയ പ്രതിഷേധങ്ങളുമായി തൃണമൂല്‍ ഇറങ്ങുമ്പോള്‍ പ്രതിരോധത്തിന് മാര്‍ഗങ്ങള്‍ തേടുകയാണ് മറ്റുള്ളവര്‍.

തെരുവ് ചൂടുപിടിക്കുന്നു

യോഗി ആദിത്യനാഥിനും അമിത്ഷായ്ക്കും പൊതുസ്ഥലത്ത് ഹെലിക്കോപ്ടര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച ധീരനിലപാട് സ്വീകരിക്കാന്‍ മമതയ്ക്ക് മാത്രമേ കഴിയൂ. അത് മോദിക്കുമറിയാം. മമതയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞതോടെയാണ് അവരെ ആക്രമിക്കാനുള്ള സന്നദ്ധതയെന്നു കാണാം. ഫലത്തില്‍ രാഷ്ട്രീയം തെരുവിലെ ഏറ്റുമുട്ടലിലേക്കെത്തുകയാണ് ബംഗാളില്‍. കോണ്‍ഗ്രസിനും സി.പി.എമ്മിനും മമതയോടേറ്റുമുട്ടാന്‍ കരുത്തില്ല. കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ ബി.ജെ.പി അതിനു ശ്രമിക്കുന്നത് ഫലത്തില്‍ ബംഗാളിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കും. എം.എല്‍.എ വെടിയേറ്റു മരിച്ചത് അവസാന ദൃഷ്ടാന്തമാണ്. മമത-ബി.ജെ.പി പോരിലേക്കെത്തുമ്പോള്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിഷ്പ്രഭരാവുന്ന കാഴ്ചയുമുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബംഗാള്‍ കത്തും..രാഷ്ട്രീയമായും ഭൗതികമായും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ