പാര്‍ട്ടികള്‍ക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്ന കാഴ്ചയാണ് 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാണാനാവുക. എണ്ണം പറഞ്ഞ് സീറ്റുകളില്‍ നോട്ടമിട്ട് നേട്ടമുണ്ടാക്കുന്ന ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഏതു ചാത്തനാവട്ടെ പോത്തനാവട്ടെ നമ്മുടെ മുന്നണിയില്‍ ചേരുമോ എന്നാണ് എല്ലാ പ്രമുഖ പാര്‍ട്ടികളുടെയും ചോദ്യം. രണ്ടാംകിട പാര്‍ട്ടികളെല്ലാം വിലപേശലുകളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നു. മൂന്നാംകിട പാര്‍ട്ടികളാവട്ടെ എങ്ങനെയും മുന്നണികളില്‍ കയറിപ്പറ്റാനുള്ള അവസാന തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളിലും ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാദേശിക ഗരിമ കൈവരുന്നു. എങ്കിലും അന്തര്‍ദേശിയ വിഷയങ്ങളിലും മറ്റും വ്യക്തമായ കാഴ്ചപ്പാട് ദേശീയ പാര്‍ട്ടികള്‍ക്കേയുള്ളൂ എന്നതിനാല്‍ത്തന്നെ ദേശീയ പാര്‍ട്ടികളുടെ മുന്നണികളോട് അവര്‍ കൂറു പ്രഖ്യാപിക്കുന്നു എന്നുമാത്രം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ പ്രശ്‌നമില്ലാത്തതിനാലാണ് പ്രാദേശിക സഖ്യങ്ങള്‍ക്കുമുന്നില്‍ ദേശീയപാര്‍ട്ടികള്‍ അടിയറവു പറയാന്‍ കാരണം.
ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവമോ കോണ്‍ഗ്രസ് വിരുദ്ധ തരംഗമോ ഒന്നും തന്നെയില്ല. എന്നാല്‍, കാര്‍ഷിക, സാമ്പത്തിക, വര്‍ണ, വര്‍ഗ പ്രശ്‌നങ്ങള്‍ ഇത്രയും സങ്കീര്‍ണമായ ഒരവസ്ഥ രാജ്യത്തിതാദ്യമാണ്. അതിനാല്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മുന്നണികളില്‍ അഭയം തേടുകയേയുള്ളൂ മാര്‍ഗം. കഴിഞ്ഞ തവണ ഹിന്ദി ഹൃദയഭൂവില്‍ പ്രത്യേകിച്ച്, ഉത്തര്‍പ്രദേശില്‍ ഉണ്ടാക്കിയ നേട്ടം ഇത്തവണ കൈമോശം വരുമെന്ന് അറിയാവുന്നതിനാല്‍ ദക്ഷിണ കേരളത്തില്‍ ആ കുറവ് പരിഹരിക്കാനുള്ള ശ്രമവും പാര്‍ട്ടി നടത്തുന്നു. പൗരത്വബില്ലില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കെതിരേ ജനവികാരം ഉയര്‍ന്നു കഴിഞ്ഞതിനാല്‍ അവിടെ നിന്നുള്ള സീറ്റു പ്രതീക്ഷ കുറവാണ്. ഈ മേഖല കാര്യമായി ഗൗനിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടിക്കെന്നുവേണം കരുതാന്‍. കഴിഞ്ഞ തവണ ഇവിടെ നിന്നുള്ള 25ല്‍ എട്ട് സീറ്റുകളാണ് എന്‍.ഡി.എ നേടിയതെന്നതും ശ്രദ്ധിക്കാവുന്നതാണ്.
തമിഴ് സഖ്യം
മുന്‍പ് സഖ്യമെന്ന് കേള്‍ക്കുന്നതുപോലും ബി.ജെ.പിക്ക് ഇഷ്ടമല്ലായിരുന്നു. ഇന്ന് തോല്‍വി ഭയക്കുന്ന പാര്‍ട്ടിയാവട്ടെ ഓടി നടന്ന് സഖ്യമുണ്ടാക്കാനുള്ള തെരക്കിലാണെന്നു കാണം. തമിഴ്‌നാട്ടിലാണ് അത് അവസാനം ഫലം കണ്ടത്. പൊതുവേ തകര്‍ന്നു തരിപ്പണമായ അണ്ണാ ഡി.എം.കെയുടെ പാളയത്തില്‍ ബി.ജെ.പിക്ക് വലിഞ്ഞു കയറാനായത് അവരുടെ തന്ത്രപരമായ മിടുക്കാണ്. ജയലളിതയുടെ അഭാവം ഉണ്ടായാല്‍ പോലും ഡി.എം.കെയ്ക്ക് കരുണാനിധി നഷ്ടമായതും തുല്യതയായി അവര്‍ കണക്കാക്കുന്നു. എന്നാല്‍ സ്റ്റാലിന്റെ സ്വീകാര്യത ഇന്നത്തെ അണ്ണാ നേതാക്കള്‍ക്കില്ലെന്നുള്ളത് അവരെ ചിന്തിപ്പിക്കുന്നു. ജയലളിതയും കരുണാനിധിയും ഉണ്ടായിരുന്നെങ്കില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് കാലുറപ്പിക്കാന്‍ പോലും ആവുമായിരുന്നില്ല. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ബി.ജെ.പിയെ കൂടാതെ പട്ടാളി മക്കള്‍ കച്ചി (പി.എം.കെ) ഉണ്ട്. വിജയകാന്ത് മനസ് തുറന്നിട്ടില്ല. തമിഴ്‌നാട്ടില്‍ 39ല്‍ 20 സീറ്റ് ആവശ്യപ്പെട്ട ബി.ജെ.പി ഇത്തവണ സഖ്യം മതി സീറ്റ് എന്തെങ്കിലും എന്ന നിലപാട് ആണ് സ്വീകരിച്ചത്. ദക്ഷിണേന്ത്യയില്‍ ഇപ്പോഴും ലോക്‌സഭയിലേക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവാത്തത് ഇത്തവണ നികത്തണമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. 2014ല്‍ 39ല്‍ 37 സീറ്റും നേടിയ അണ്ണാ ഡി.എം.കെ അഞ്ച് സീറ്റുകള്‍ ബി.ജെ.പിക്കും ഏഴെണ്ണം പി.എം.കെയ്ക്കും നല്‍കി. ദക്ഷിണേന്ത്യയിലെ 130 സീറ്റുകളില്‍ കാര്യമായ നേട്ടം പാര്‍ട്ടി പ്രതീക്ഷിക്കുന്നത് ഉത്തരേന്ത്യയില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി മറികടക്കാനാണെന്നു വ്യക്തം. തമിഴ് സഖ്യത്തിന് എന്‍.ഡി.എ എന്നുപറയാനാവുമോ എന്നത് വേറെ കാര്യം. തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 21 സീറ്റുകളില്‍ അണ്ണാ ഡി.എം.കെയെ ബി.ജെ.പി പിന്തുണയ്ക്കും. ഡി.എം.കെയെ പ്രതിരോധിക്കാന്‍ പളനിസ്വാമിയെ ഇതു സഹായിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. പി.എം.കെയ്ക്കാവട്ടെ ഒരു രാജ്യസഭാ സീറ്റു നല്‍കാമെന്നും കരാറുണ്ട്.
ശിവസേനയ്‌ക്കൊപ്പം
വൈരികളെപ്പോലെ പെരുമാറിയ ശിവസേന ഒരുപക്ഷേ ബി.ജെ.പി കേന്ദ്ര ഭരണത്തിന് അന്ത്യം കുറിച്ചേക്കുമോ എന്നുപോലും ഭയന്ന ഒരു സമയമുണ്ടായിരുന്നു. അമിത് ഷായെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത ഉദ്ധവ് താക്കറെയെ പിയൂഷ് ഗോയലെന്ന തന്ത്രശാലിയിലൂടെ ബി.ജെ.പി വരുതിയിലാക്കിയെന്നു പറയാം. ശിവസേനയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കോണ്‍ഗ്രസിനെ സഖ്യത്തില്‍ പ്രതീക്ഷിച്ചെങ്കിലും ശരദ്പവാറിനെ വിട്ട് കോണ്‍ഗ്രസിന് ചിന്തിക്കാനാവില്ലെന്നതു തീര്‍ച്ചയായിരുന്നു. 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിച്ചത് 24 എണ്ണത്തിലായിരുന്നു. ശിവസേനയ്ക്ക ലഭിച്ചത് 20. പിന്നീട്, ശിവസേനയെന്ന വല്യേട്ടനെ ഒതുക്കി സ്വയം വല്യേട്ടനായ ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ശിവസേനയെ സഖ്യത്തില്‍ നിന്നൊഴിവാക്കി ഒറ്റയ്ക്ക് നേട്ടം കൊയ്ത കാഴ്ചകണ്ടു. കാരണം കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം 2014ല്‍ ഇല്ലായിരുന്നു. അന്ന് ശിവസേനയെപ്പോലും തോല്‍പിക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടിയത് സ്വാഭാവികം. ഇന്ന് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെ ഒറ്റയ്ക്ക് നേരിടാന്‍ ബി.ജെ.പിക്ക് ശക്തിപോരാ. ലോക്‌സഭയിലേക്ക് ഒറ്റയ്ക്കുള്ള പരിശ്രമം ആപത്താണെന്നും കേന്ദ്രഭരണമെന്ന ലക്ഷ്യം അപ്രാപ്യമാകുമെന്നും ഭയമുള്ളതിനാല്‍ ശിവസേനയെ എങ്ങനെയും വശത്താക്കേണ്ടത് ബി.ജെ.പിക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് ശിവസേനയ്ക്ക് ഇത്തവണ 23 സീറ്റുകള്‍ നല്‍കി. ബി.ജെ.പി മത്സരിക്കുക 25 എണ്ണത്തില്‍. നിയമസഭയിലാവട്ടെ തുല്യ സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍.ഡി.എ ധാരണ. ശിവസേനയെ കൂട്ടണമെങ്കില്‍ തുല്യമായി സീറ്റു കൊടുക്കേണ്ടിവന്നു.
ബിഹാറും ഛത്തിസ്ഗഢും
ഒറ്റയ്ക്ക് നിന്നു പോരാടാനുള്ള മോഹം ബി.ജെ.പി മാറ്റിവച്ച മറ്റൊരു സംസ്ഥാനമാണ് ബിഹാര്‍. ഇവിടെ കാരണവര്‍ ചമഞ്ഞിരുന്ന ബി.ജെ.പിക്ക് പെട്ടെന്നുണ്ടായ മനംമാറ്റമെന്നു കരുതിയെങ്കില്‍ തെറ്റി. ഒറ്റയ്ക്കു നിന്നാല്‍ തകര്‍ന്നു തരിപ്പണമാകുമെന്നറിയാവുന്നതിനാല്‍ ലാലുവിന്റെ എതിരാളിയെ വലയിലാക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റിയത്. അങ്ങനെ സംസ്ഥാന ഭരണത്തിലെത്തിയെങ്കില്‍ ഇത്തവണ ലോക്‌സഭയിലേക്ക് ജെ.ഡി.യു പറയുന്നതെന്തും ചെയ്തുകൊടുത്ത് സഖ്യം തകരാതെ 2019ലേക്ക് ചുവടുവയ്ക്കാനാണ് ബി.ജെ.പി നീക്കം. 2014ല്‍ 40ല്‍ 22 സീറ്റും തൂത്തുവാരിയ ബി.ജെ.പി ഇത്തവണ 17 സീറ്റുകളിലേ മത്സരിക്കൂ എന്ന നിലപാട് സ്വീകരിച്ചതില്‍ തന്ത്രപരമായ നീക്കം കാണാം. അവരുടെ സിറ്റിങ് സീറ്റുകള്‍ പോലും നിതീഷ്‌കുമാറിന് വച്ചുനീട്ടുന്നതില്‍ പന്തികേടു തോന്നാം. കഴിഞ്ഞ തവണ രണ്ട് ലോക്‌സഭാംഗങ്ങളുണ്ടായിരുന്ന ജെ.ഡി.യുവിന് ഇത്തവണ ജയിപ്പിക്കാനാവുന്ന 17 സീറ്റുകള്‍ ലഭിച്ചത് നിതീഷ്‌കുമാറിന്റെ നേട്ടമാണ്. എങ്ങനെയും ബിഹാറിനെ ഒപ്പം നിര്‍ത്താന്‍ എന്തുവിട്ടുവീഴ്ചയ്ക്കും ബി.ജെ.പി തയാറാകുന്നു എന്നതിന്റെ സൂചനയായി ഇതിനെയും കാണാം. ഇടഞ്ഞെങ്കിലും രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ ആറു സീറ്റുകള്‍ നല്‍കി വശത്താക്കാനും എന്‍.ഡി.എ ശ്രമിച്ചുവരുന്നു.
ഛത്തിസ്ഗഢിലാവട്ടെ 2014ല്‍ 11ല്‍ 10 സീറ്റും ബി.ജെ.പി നേടിയിരുന്നു. ഇത്തവണയും ദേശീയ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
ആന്ധ്രയും കേരളവും
ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു കൈവിട്ടത് ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിതന്നെയാണ്. ഇത് മറികടക്കാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ചാക്കിലാക്കുകയേ മാര്‍ഗമുള്ളൂ. ആന്ധ്രയ്ക്ക് പ്രത്യേക പരിഗണനയെന്ന നിലപാടില്‍ നിന്നു പിന്നോട്ടു പോകാത്ത വൈ.എസ്.ആറിനെ സഖ്യത്തിലാക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. കാരണം, പ്രത്യേക പദവി ആന്ധ്രയ്ക്ക് നല്‍കിയാല്‍ ബിഹാറിന്റെ ആവശ്യവും തുടര്‍ന്ന് ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളെയെല്ലാം പരിഗണിക്കേണ്ടതായി വന്നേക്കും. തെരഞ്ഞെടുപ്പിന് മാത്രമായി സഖ്യം രൂപീകരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. സിനിമാ താരം പവന്‍ കല്യാണിന്റെ ജനസേനയുമായി സഖ്യശ്രമം നടന്നുവരുന്നു. ജനസ്വാധീനമുള്ള ജനസേനയുമായുള്ള സഖ്യം തെരഞ്ഞെടുപ്പിനു ശേഷവും തുടരുന്ന രീതിയില്‍ സാധ്യമാക്കാനും ശ്രമം നടക്കുന്നു.
കേരളത്തിലാവട്ടെ, സാമുദായിക സംഘടനകളെ ഒപ്പം കൂട്ടിയുള്ള തെരഞ്ഞെടുപ്പിനാണ് ബി.ജെ.പി കോപ്പുകൂട്ടുന്നത്. ബി.ഡി.ജെ.എസ് വഴി ഈഴവ സമുദായത്തെയും ശബരിമലവഴി നായര്‍-നമ്പൂതിരി വിഭാഗങ്ങളെയും ഒപ്പം ഒരുവിഭാഗം ആദിവാസി-ക്രിസ്ത്യന്‍ ചേരിയെയും കൂട്ടിയാണ് മത്സരരംഗത്തുള്ളത്. എന്‍.ഡി.എ എന്ന മരുന്നുതന്നെയാണ് ബി.ജെ.പി പ്രയോഗിക്കുന്നതെന്ന് വ്യക്തം. ഒരു സീറ്റെങ്കിലും നേടാനായാല്‍ വന്‍ വിജയമാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. അതുകൊണ്ടുതന്നെ ജയപ്രതീക്ഷയുള്ള സീറ്റുകളില്‍ ശക്തനായ സ്ഥാനാര്‍ഥി, പിന്തുണ നല്‍കി പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുക തുടങ്ങിയ തന്ത്രങ്ങളാവും പാര്‍ട്ടി പരീക്ഷിക്കുക എന്നു സൂചനയുണ്ട്.
പഞ്ചാബ് ഝാര്‍ഖണ്ഡ്, അസം
പഞ്ചാബില്‍ നിയമസഭയില്‍ പരാജയപ്പെട്ടെങ്കിലും അകാലിദള്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ്. അവിടെ 13 സീറ്റുകളില്‍ കഴിഞ്ഞ തവണത്തേതുപോലെ അകാലിദള്‍ പത്തും ബി.ജെ.പി മൂന്നും സീറ്റുകളില്‍ എന്‍.ഡി.എ സഖ്യമായി മത്സരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയും സമാജ് വാദിയും കോണ്‍ഗ്രസും എതിര്‍ ചേരികളിലായതിനാല്‍ ഭീഷണിയുണ്ടാവില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്.
അസമിലാകട്ടെ പൗരത്വബില്ലില്‍ 11 പാര്‍ട്ടികളാണ് ബി.ജെ.പിക്കെതിരേ സംയുക്തസഖ്യമായി നിലയുറപ്പിച്ചിരിക്കുന്നത്. ബോഡോ പീപ്പിള്‍സ് ഫ്രണ്ട് ആണ് എന്‍.ഡി.എക്ക് സഖ്യത്തില്‍. എ.ജി.പി കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ചേക്കേറിയിരിക്കുന്നു.
രാജ്യസഭയും ലക്ഷ്യം
സഖ്യമെന്ന പേരില്‍ കേവലം സീറ്റുവിഭജനങ്ങളല്ല ഈ സംസ്ഥാനങ്ങളിലൊക്കെ ഉണ്ടായതെന്നതുകൂടി അറിയേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് രണ്ടും കല്‍പിച്ച് ബി.ജെ.പി സഖ്യ നീക്കം നടത്തിയതെന്നു കാണാം. മുന്‍പ് ലോക്‌സഭയില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും പല ബില്ലുകളും പാസാകാന്‍ രാജ്യസഭയുടെ കാലുപിടിക്കേണ്ടി വന്നിരുന്നു ബി.ജെ.പിക്ക്. അവിടെ ഭൂരിപക്ഷം ഉണ്ടാകണമെങ്കില്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരേണ്ടതുണ്ടുതാനും.
കഴിഞ്ഞ ലോക്‌സഭയിലേക്ക് മത്സരിച്ച് എന്‍.ഡി.എ ശക്തമായ സഖ്യമായിരുന്നു. അത് ഇത്തവണയില്ല. പ്രമുഖരായ മൂന്ന് പാര്‍ട്ടികള്‍ എന്‍.ഡി.എ വിട്ടിരിക്കുന്നു. തെലുങ്ക് ദേശവും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, അസം ഗണ പരിഷത്ത് എന്നിവ വിട്ടുപോയിരിക്കുന്നു. പകരം ജെ.ഡി.യുവിനെയും അണ്ണാ ഡി.എം.കെയെയും ലഭിച്ചെന്നു പറയാം. എന്നാലും ഇപ്പോഴും ബി.ജെ.പിയുടെ ചില നയപരമായ നിലപാടുകളെ എതിര്‍ത്ത് പരസ്യനിലപാട് പ്രഖ്യാപിക്കുന്ന ചില പാര്‍ട്ടികള്‍ പാര്‍ട്ടിക്ക് ഇപ്പോഴും തലവേദനയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ