2017 സെപ്റ്റംബർ 18, തിങ്കളാഴ്‌ച

തമിഴ് നാട് വീണ്ടും താരാധിപത്യത്തിലേക്ക്?



തമിഴ്‌നാട് വീണ്ടും താരാധിപത്യത്തിലേക്ക് വഴുതാന്‍ സമയമായി എന്നുകരുതേണ്ടിവരും. രാഷ്ട്രീയ പ്രവേശത്തിന് തയാറായി രജനീകാന്തും ഈ മാസം തന്നെ രാഷ്ട്രീയ പ്രവേശമുണ്ടാകുമെന്ന കമല്‍ ഹാസന്‍ പ്രഖ്യാപിക്കുകയും ചെയതതോടെയാണിത്. താരറാണിയായിരുന്ന ജയലളിത സിംഹാസനസ്ഥയായത് സൂപ്പര്‍ താരം എം.ജി.ആര്‍ വിടവാങ്ങിയതോടെയാണ്. ഇപ്പോള്‍ ജയലളിത പകുതിയില്‍ നിര്‍ത്തിപ്പോയ തമിഴ്‌നാടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ സൂപ്പര്‍താരോദയം തന്നെ വേണ്ടിവരുന്ന അവസ്ഥയാണിന്നുള്ളത്.
തമിഴ് നാട് രാഷ്ട്രീയത്തിന് സിനിമയെ വിട്ടുള്ള വഴിയില്ല. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തിലും ആന്ധ്രയിലും സിനിമയും രാഷ്ട്രീയവുമായി അടുത്തബന്ധങ്ങളാണുള്ളത്. ആന്ധ്രയില്‍ എന്‍.ടി.രാമറാവുവിന്റെ ഭരണകാലം സൂപ്പര്‍ താരത്തിന്റെ സിനിമാവാഴ്ചയ്ക്കു സമാനമായിരുന്നു.
തമിഴ് നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഇഴപിരിയാത്ത അവസ്ഥയുണ്ടാക്കിയത് കഴിഞ്ഞ കാലഘട്ടത്തിന്റെ വക്താക്കളായ എം.ജി.ആറും എം.കരുണാനിധിയുമാണ്. താരപരിവേഷത്തില്‍ നിന്ന് രാഷ്ട്രീയ ഭരണത്തിലേക്ക് എം.ജി.ആര്‍ എത്തിയപ്പോള്‍ സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിച്ചാണ് സാമൂഹ്യ സേവന രംഗത്തേക്ക് കരുണാനിധികാലുകുത്തിയത്. എം.ജി.ആറിനു പിന്‍ഗാമിയും കലൈജ്ഞര്‍ക്ക് എതിരാളിയുമായാണ് ജയലളിത വെള്ളിവെളിച്ചത്തില്‍ എത്തുന്നത്. തുടര്‍ന്ന് മാസ്മരിക പ്രകടനത്തിലൂടെ തമിഴ് മക്കളുടെ കനവും മനവും അടക്കിവാഴുകയായിരുന്നു അവര്‍, ജനങ്ങളുടെ പുരൈട്ചി തലൈവി ആയി.
ഇന്ന് ആ മാസ്മരിക പ്രഭാവം തമിഴ് നാടിനു നഷ്ടമായിരിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം തമിഴ് നാട് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. തോഴിയായി നടന്ന് തരം കിട്ടിയപ്പോള്‍ യജമാനത്തിയുടെ സിംഹാസനം കൈപ്പിടിയിലൊതുക്കാന്‍ ആര്‍ത്തിപൂണ്ട ശശികല ജയിലിലായപ്പോള്‍ സഹോദരന്‍ ആ കര്‍ത്തവ്യം നിറവേറ്റാന്‍ പയറ്റു തുടരുന്നതിനിടെയാണ് പുതിയ വൃത്താന്തങ്ങളെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സൂപ്പര്‍താരം കമലഹാസന്‍ രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നു എന്നതാണ് പുതിയ വിശേഷം. ഒരുതടവല്ല, നൂറു തടവ് ശൊല്ലിയിട്ടും ഇനിയും രാഷ്ട്രീയ രംഗത്തെത്താന്‍ നാട്യമന്നന്‍ രജനീകാന്ത് മടിച്ചുനില്‍ക്കുമ്പോഴാണ് ഈ മാസം തന്നെ രാഷ്ട്രീയ കക്ഷി രൂപീകരിക്കാനുള്ള നീക്കവുമായി കമലഹാസന്‍ മുന്നിട്ടിറങ്ങുന്നത്.
അഭിനയരംഗത്ത് മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ രംഗത്ത് കമലഹാസന്‍ സ്വന്തം മേല്‍വിലാസം കണ്ടെത്തിയിട്ടില്ലാത്തയാളാണ്. അദ്ദേഹത്തിന് രാഷ്ട്രീയരംഗത്തെത്തിയാല്‍ എത്രമാത്രം ജനപിന്തുണ ആര്‍ജിക്കാനാവുമെന്നതിലും സംശയമുണ്ട്. എന്നാല്‍ സ്വയം രാഷ്ട്രീയത്തിലെത്തുന്നതിനോടൊപ്പം രജനീകാന്തിനെയും ഒപ്പം ക്ഷണിക്കുന്ന കമല്‍ തമിഴ് രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാനുള്ള പുറപ്പാടിലാണെന്ന് വളരെ വ്യക്തം.
രജനീകാന്ത് ജയലളിതയ്ക്ക് പകരക്കാരനാകുമെന്ന് തമിഴ് ജനതയ്ക്ക് നന്നായറിയാം. ജയലളിതയുടെയും അപ്പുറം, സ്വാര്‍ഥ താല്‍പര്യം തൊട്ടുതീണ്ടിയിട്ടില്ലാത്തയാളായാണ് രജനീകാന്ത് അറിയപ്പെടുന്നത്. സമ്പാദിക്കുന്ന പണത്തിന്റെ പകുതിയും സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വിനിയോഗിക്കുന്ന രജനീകാന്ത് തമിഴ് മക്കളുടെ കണ്ണീരൊപ്പാന്‍ പോന്നവനാണെന്ന് തമിഴര്‍ ഉറച്ചു വിശ്വസിക്കുന്നു. വെള്ളിത്തിരയില്‍ നിന്നിറങ്ങി തമിഴ് ജനതയുടെ പുരൈട്ചി തലൈവര്‍ ആയ എം.ജി.ആറിനെ അനുസ്മരിപ്പിക്കുന്ന പരിവേഷമാണ് രജനീകാന്തിനുള്ളത്. ജയലളിതയുടെ അഭാവത്തില്‍ തമിഴ്‌നാട് അരക്ഷിതമാകുമെന്ന വിലയിരുത്തലുകള്‍ യാഥാര്‍ഥ്യമായിരിക്കുന്നു ഇന്ന്. ജയലളിതയ്ക്കു പകരം ആ പ്രഭാവം ആര്‍ക്കുണ്ടെന്ന ചോദ്യത്തിന് മറുപടി രജനീകാന്താണ്. രജനി രാഷ്ട്രീയത്തില്‍ വരണമെന്ന് ജയലളിതയെ നഷ്ടപ്പെട്ട തമിഴ് ജനത അതിയായി ആഗ്രഹിക്കുന്നു. എന്നാല്‍ മനസുതുറക്കാതെ രജനി രാഷ്ട്രീയ പ്രവേശം നീട്ടിക്കൊണ്ടുപോകുമ്പോഴാണ് കമലിന്റെ പ്രഖ്യാപനം. രജനിയെ ഒപ്പം കൂട്ടിനു കിട്ടിയാല്‍ ഇരുവര്‍ തമിഴില്‍ കൊടിപാറിക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നന്നായറിയാം. അതുകൊണ്ടുതന്നെ ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇരുവര്‍ക്കും പിന്നാലെയുണ്ടുതാനും.
രജനീകാന്തിന് എടുത്തുപറയത്തക്ക രാഷ്ട്രീയ നിലപാടുകളൊന്നുമില്ലെന്നതാണ് അദ്ദേഹത്തിന്റെ മേന്‍മ. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും അദ്ദേഹത്തിന്റെ ആരാധകരുണ്ട്. അദ്ദേഹം രാഷ്ട്രീയത്തിലില്ലാത്തതുകൊണ്ടുമാത്രം മറ്റ് രാഷ്ട്രീയ പ്പാര്‍ട്ടികളില്‍ വിശ്വസിക്കേണ്ടി വന്നു എന്ന രീതിയിലാണ് മിക്ക തമിഴരുടെയും വിശദീകരണം. തമിഴ്‌നാട്ടില്‍ അനീതികളുണ്ടാവുമ്പോള്‍ അവയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് രജനീകാന്ത്. സിനിമയിലെ കഥാപാത്രമായി തന്നെയാണ് രജനി നിത്യജീവിതത്തിലും.
കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവേശത്തിന് തെരഞ്ഞെടുത്ത സമയവും ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. ഡി.എം.കെ ഒരു വശത്ത് തളര്‍ന്ന ആമ പോലെയും എ.ഐ.ഡി.എം.കെ കാട്ടിലെ രാജാവാകാന്‍ രൂക്ഷപോരാട്ടത്തിലും ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയ്ക്കിടെയാണത്. രജനിയും കമലിനൊപ്പം ചേര്‍ന്നാല്‍ മറ്റൊരു യുഗപ്പിറവിയാവുമത്. എന്നാല്‍ ചേരികള്‍ മാറുന്നത് തമിഴ് മക്കള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ദോഷകരമാകുമെന്ന മുന്നറിയിപ്പും ഇരുവരും മനസിലാക്കുന്നുണ്ടാവണം.



2017 സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

ഇനി രാഹുലിന്റെ കോണ്‍ഗ്രസ്


നെഹ്രുജി, ഇന്ദിരാജി, രാജീവ്ജി, സോണിയാജി...ഇനി രാഹുല്‍ജിയിലേക്ക് കോണ്‍ഗ്രസ് സംസ്‌കാരം എത്തിച്ചേരുകയാണ്. മറ്റ് തടസങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി ഒക്ടോബറില്‍ ചുമതലയേല്‍ക്കും. സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി രാഹുലിനെ പ്രസിഡന്റായി നിയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുലിനെ ഏല്‍പിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം പി.എല്‍.പുനിയ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ രാഹുല്‍ അധ്യക്ഷനാകണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ മുന്നോട്ടുചാടുന്നതിനുപകരം ഭയവിഹ്വലതയോടെ പിന്നോക്കം പാഞ്ഞ രാഹുലിനെയാണ് കണ്ടത്. അങ്കത്തട്ടിലിറങ്ങി മോദിയെ നേരിടുന്നതിനു പകരം വെട്ടിയൊഴിഞ്ഞ്, മല്ലികാര്‍ജുന ഖാര്‍ഗെയെ ആ ഭാരിച്ച ഉത്തരവാദിത്വമേല്‍പിച്ച രാഹുല്‍ ഇടത്തട്ടില്‍ ഇടം തെരയുന്നയാളായി. രാഹുല്‍ സ്വയം വിലയിരുത്തുന്നത് പരിചയക്കുറവെന്നാണ്.  പരിചയക്കുറവു നികത്താനും പരീക്ഷണങ്ങളും അനുഭവങ്ങളും നേടാനുമാണ് ഇപ്പോഴത്തെ വിദേശ യാത്രകളെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

രാഹുലിന്റെ കുട്ടിക്കളി

കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ ഗാന്ധി എന്നു വികാരാവേശത്തോടെ വിളിക്കുന്നത് കോണ്‍ഗ്രസ് എന്ന സംസ്‌കാരത്തെയും അതിന്റെ നാഡിയായ ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ മുന്നില്‍ കാണുന്നതുകൊണ്ടാണ്. അത് രാഹുലിന് മനസിലായിട്ടില്ല. രാജ്യത്ത് ഗുരുതര സ്ഥിതികളില്‍ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമ്പോഴും പാര്‍ട്ടിക്ക് ദിശ തെളിക്കേണ്ടിവരുമ്പോഴും വിദേശ പര്യടനത്തിനും സാമാന്യക്രീഡകള്‍ക്കും സമയം ചെലവിടുന്ന രാഹുലിനെ അംഗീകരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കാവില്ല.
2015ല്‍ മോദിയുടെ ഭൂനിമയത്തിനെതിരേ തെരുവുകള്‍ പ്രകമ്പനം കൊണ്ടപ്പോള്‍ 53 ദിവസത്തെ വിദേശപര്യടനത്തിനു പോയ രാഹുലിനെയും രാഷ്ട്രപതി തെരഞ്ഞെടുപ്പിനിടെ മുത്തശ്ശിയെ കാണാന്‍ ഇറ്റലിക്കു പുറപ്പെട്ട രാഹുലിനെയും ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളില്‍ തന്ത്രങ്ങള്‍ മെനയേണ്ട അവസരത്തില്‍ വിദേശ പര്യടനത്തിലുള്ള രാഹുലിനെയും നാം കാണുന്നു. 47കാരനായ രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ ഇനിയും പ്രായമായില്ലേ എന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ വേവലാതിപ്പെടുന്നതും ഇതുകൊണ്ടാണ്. വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ പണിയെടുക്കുന്ന രാഷ്ട്രീയക്കാരനാണോ രാഹുലെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ചോദിക്കുന്നു.

പ്രധാനമന്ത്രിയാകാന്‍

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി രാഹുലിനെ ആദ്യം വാഴ്ത്തിയത് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം വീരപ്പ മൊയ്‌ലിയാണ്, 2008ല്‍. അതും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിദേശപര്യടനത്തിലായിരിക്കേ. ഇത് സിങിനെ ചൊടിപ്പിച്ചിരുന്നു. 2013ല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ രാഹുല്‍, നിലവില്‍ ആ സ്ഥാനത്തിനു പുറമേ, അമേഠിയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാംഗം, പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍, എന്‍.എസ്.യു അധ്യക്ഷന്‍, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ട്രസ്റ്റി, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2007ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനവും രാഹുല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിപദമേറാന്‍ രാഹുലിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ക്ക് നന്നായറിയാം.

സോണിയയുടെ സ്വീകാര്യത

സോണിയാഗാന്ധിയുടെ സ്വീകാര്യത രാഹുലിനില്ലെന്നത് വസ്തുതയാണ്. ശരദ് പവാറായാലും ശരത് യാദവായാലും മായാവതിയോ, മമതാ ബാനര്‍ജിയോ മുലായമോ ലാലുവോ ഒക്കെയായാലും രാഹുലിനോട് അവര്‍ക്ക് സോണിയയുമായുള്ളത്ര ഗാഢബന്ധം പുലര്‍ത്താനാവുന്നില്ല. രാജീവിന്റെ അസാന്നിധ്യത്തില്‍, 1998 മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്ന 70കാരിയായ സോണിയാഗാന്ധി ശാരീരിക അസ്വാസ്ഥ്യങ്ങളും മറ്റും മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയാണ്. രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് നിര്‍ണയിക്കപ്പെടുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അഖിലേഷിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഇഷ്ടപ്പെടുന്ന രാഹുലിന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളോട് അത്ര അടുപ്പവുമില്ല. സോണിയാ ഗാന്ധി ചികിത്സാര്‍ഥം വിദേശത്തുപോയപ്പോള്‍ നാലുമാസക്കാലം ഭരണച്ചുമതല രാഹുലിനെ ഏല്‍പിച്ചിരുന്നു. അന്ന് രാഹുല്‍ കൈക്കൊണ്ട പല തീരുമാനങ്ങളും പാര്‍ട്ടിയുടെ ഇഴ തെറ്റിച്ചുവെന്ന് സോണിയക്ക് മനസിലായിട്ടുണ്ട്. മന്‍മോഹന്‍സിങും ആന്റണിയും ചേര്‍ന്ന് രാഹുലിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടും സോണിയ മനസുതുറക്കാതിരുന്നതിന് ഒരു കാരണവും ഇതാവാം.

വര്‍ക്കിങ് പ്രസിഡന്റോ പ്രസിഡന്റോ

രാഹുല്‍ പ്രസിഡന്റാകുമെന്നു പറയുമ്പോഴും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആശങ്ക ഒരു അസന്നിഗ്ധാവസ്ഥയൊരുക്കുന്നുണ്ട്. തങ്ങള്‍ അവഗണിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുമെന്ന് പലരും ഭയപ്പെടുന്നു. അതു പലപ്പോഴും പല ഭാവങ്ങളില്‍ മറനീക്കി പുറത്തുവന്നിട്ടുമുണ്ട്. സോണിയക്കും ഇക്കാര്യം ബോധ്യമുണ്ട്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി പ്രസിഡന്റാക്കാന്‍ രാഹുല്‍ പരിശ്രമിക്കുന്നു. ഇവിടെ മുതിര്‍ന്ന അംഗം കമല്‍നാഥ് പുറത്തേക്ക് വഴി തുറന്നു കാത്തിരിക്കുന്നു എന്ന വാര്‍ത്തകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. അതുകൊണ്ട് സോണിയ പ്രസിഡന്റായിരിക്കുകയും രാഹുലിനെ വര്‍ക്കിങ് പ്രസിഡന്റാക്കുകയും ചെയ്താലോ എന്ന ആലോചനകളുമുണ്ട്. അങ്ങനെയെങ്കില്‍ രാഹുലിനെ സഹായിക്കാന്‍ മൂന്നോ നാലോ വൈസ് പ്രസിഡന്റുമാരെയും നിയോഗിച്ചുകൂടായ്കയില്ല.

ബി.ജെ.പി ഉറ്റുനോക്കുന്നത്

ബി.ജെ.പി ആഗ്രഹിക്കുന്നതും രാഹുല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുവരണമെന്നുതന്നെയാണ്. മുതിര്‍ന്ന അംഗങ്ങളോടു രാഹുല്‍ വച്ചുപുലര്‍ത്തുന്ന നീരസം കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും രാഹുലിനോട് നീരസം പുലര്‍ത്തിയ നേതാക്കള്‍ ബി.ജെ.പിക്കൊപ്പം കൂടിയത് കണ്ടു. ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഇതിലേക്കുള്ള ചുവടുവയ്പ് ദൃശ്യമായിട്ടുമുണ്ട്.
തോല്‍വിയില്‍നിന്നു പാര്‍ട്ടിയെ കരകയറ്റാന്‍ പോയിട്ട് നയപരമായ തീരുമാനമെടുക്കാന്‍ പോലും രാഹുലിന് കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ ആം ആദ്മിയോടു തോറ്റപ്പോള്‍ 'ചിന്തിക്കാനാവാത്ത, ശക്തമായ മാറ്റങ്ങളോടെ കോണ്‍ഗ്രസ് തിരിച്ചുവരു'മെന്ന രാഹുല്‍ തുറന്നടിച്ചു. ഒന്നും സംഭവിച്ചില്ല. ഉത്തര്‍പ്രദേശില്‍ വന്‍ പ്രതീക്ഷയുണ്ടായിരുന്നിട്ടും ചീട്ടുകൊട്ടാരമായി. 'അടിമുടി മാറ്റങ്ങളുമായി തിരിച്ചുവരു'മെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ഒന്നും കണ്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരുമാസമായിട്ടും തോല്‍വി അവലോകനം ചെയ്യാന്‍ പോലുമായില്ല. കൈക്കുമ്പിളില്‍ നീട്ടുന്ന സ്ഥാനത്തിന്റെ മഹിമയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഹുല്‍ ഒരു സ്വപ്‌നമായി അവശേഷിക്കും.

കൂട്ടിവായിക്കാന്‍:

ബി.ജെ.പിയെയും സംഘപരിവാറിനെയും നേരിടാന്‍ രാഹുല്‍ ഭഗവത്ഗീതയും ഉപനിഷത്തുകളും വായിക്കുന്നു. പോരാട്ടത്തിലല്ല, കര്‍മത്തിലാണ് ഇവയുടെ ഊന്നലെന്ന് രാഹുല്‍ മനസിലാക്കുന്നുണ്ടോ എന്തോ.



2017 സെപ്റ്റംബർ 12, ചൊവ്വാഴ്ച

ശക്തി ക്ഷയിച്ച് പവാറും എന്‍.സി.പിയും


ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഗര്‍ജിക്കുന്ന സിംഹമായാണ് ശരദ് പവാര്‍ അറിയപ്പെട്ടിരുന്നത്. ആകാരത്തിലാണെങ്കിലും ശബ്ദത്തിലാണെങ്കിലും ആ ഗാംഭീര്യം മനസിലാവും. രാഷ്ട്രഭരണനേതൃത്വം ഏതുതന്നെയായാലും അതിന്റെ നിലനില്‍പില്‍ ശരദ് പവാറിനും ഒരു പങ്കുണ്ടായിരുന്ന രാഷ്ട്രീയ അവസ്ഥ നിലനിന്നിരുന്നു. അത്ര ശക്തനായ നേതാവായിരുന്നു ശരദ് പവാര്‍. ഇന്നത്തെ ശരദ് പവാര്‍ ആ ധിഷണാശക്തിയുടെ നിഴല്‍ രൂപം മാത്രമാണ്. സൂര്യനെപ്പോലെ തന്റെ ചുറ്റും നേതാക്കളെ അണിനിരത്തി രൂപീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയായ എന്‍.സി.പിയും ഇന്ന് തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു.

ബാല്‍താക്കറെയും പവാറും

മഹാരാഷ്ട്രയിലെ ശക്തരായ രണ്ടു രാഷ്ട്രീയ നേതാക്കളാണ് ശിവസേന നേതാവായിരുന്നു ബാല്‍താക്കറെയും എന്‍.സി.പി നേതാവായ ശരദ് പവാറും. ശിവസേനയെ എഴുതിത്തള്ളാന്‍ കഴിയാത്ത സംഘടനയാക്കി മാറ്റിയത് ബാല്‍താക്കറെയുടെ ബുദ്ധിയും നേതൃപാടവവും ആരെയും ഗൗനിക്കാത്ത തീരുമാനങ്ങളുമായിരുന്നു. വ്യക്ത്യാധിഷ്ഠിത പാര്‍ട്ടി എന്നാണ് ശിവസേനയെ വിലയിരുത്തേണ്ടത്. കാരണം ബാല്‍താക്കറൈയുടെ വിടവാങ്ങലോടെ ആ പാര്‍ട്ടി തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. പവാറിനാവട്ടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പാര്‍ട്ടി തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണേണ്ടിവരുന്നത്.

പവാറിന്റെ വളര്‍ച്ച

1967ല്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എയായി മഹാരാഷ്ട്ര നിയമസഭാംഗമായ പവാര്‍ രണ്ടുവട്ടം മുഖ്യമന്ത്രിയായി ആ സംസ്ഥാനത്തെ നയിച്ചു. 1991ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ രാജ്യത്തെ ആരു നയിക്കുമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ പവാറിനു നേരേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റുനോക്കിയത്. എന്നാല്‍ പവാറിന്റെ പ്രവര്‍ത്തനരീതികള്‍ നന്നായറിയാവുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞര്‍ അദ്ദേഹത്തെ ബോധപൂര്‍വം അകറ്റി. ഇതില്‍ വേദനയുണ്ടായ പവാര്‍ ഗാന്ധി കുടുംബത്തോടുതന്നെ യുദ്ധം പ്രഖ്യാപിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞാണ് 1999ല്‍ എന്‍.സി.പി രൂപീകരിക്കുന്നത്. താനൊരു രാഷ്ട്രീയ നേതാവായിരുന്നില്ലെങ്കില്‍ ഒരു കര്‍ഷകനായേനെ എന്നു പറയുന്ന പവാറിന് ശത്രുക്കളെപ്പോളും കൂടെനിര്‍ത്താനുള്ള കഴിവുണ്ടായിരുന്നു. പവാര്‍ കൂടെനിന്നാല്‍ ഒരുപറ്റം ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താമെന്ന് ദേശീയ പാര്‍ട്ടികള്‍ കരുതിത്തുടങ്ങിയിടത്താണ് എന്‍.സി.പിയുമായി നിലകൊണ്ട തുടക്കകാലത്ത് പവാര്‍ വീണ്ടും ശക്തനായത്. ഒഡിഷയിലെ ബിജു ജനതാദള്‍ ആയാലും തമിഴ്‌നാട്ടില്‍ ഡി.എം.കെ ആയാലും ബിഹാറിലെ ജെ.ഡി.യുവോ മഹാരാഷ്ട്രയിലെ ശിവസേനയോ പോലും പവാറിന്റെ വാക്കുകള്‍ക്ക് വിലകൊടുത്തിരുന്നു.

പവാര്‍ ഇന്ന്

മഹാരാഷ്ട്രയില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പോലും എന്‍.സി.പി തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്നുകാണുന്നത്. ചെറുപാര്‍ട്ടികള്‍ പവാറിനെ ഗൗനിക്കാതായിരിക്കുന്നു. കോണ്‍ഗ്രസ് പവാറിനെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു. കാരണം പവാറിന്റെ പാര്‍ട്ടി പിറന്നത് കോണ്‍ഗ്രസിനെ പിളര്‍ത്തിയാണ്. പവാര്‍ കോണ്‍ഗ്രസിനോടു സന്ധി ചെയ്യുന്നതോടെ എന്‍.സി.പി തന്നെയില്ലാതാവും. പവാറിന്റെ പാര്‍ട്ടിയില്‍ നിന്നു നേതാക്കള്‍ പോകുന്നത് ശിവസേനയിലേക്കും ബി.ജെ.പിയിലേക്കുമാണ്. ഇത് ഫലത്തില്‍ തങ്ങള്‍ക്ക് ക്ഷീണം ചെയ്യുമെന്നു മനസിലാക്കിയാണ് കോണ്‍ഗ്രസ് എന്‍.സി.പി നേതാക്കളെ വലയിട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്. ഡി.ഐ.സി രൂപീകരിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ തന്നെയെത്തുകയും ചെയ്ത കരുണാകരനെ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
സോണിയ ഗാന്ധിയെ വിദേശിയെന്നു വിശേഷിപ്പിച്ചാണ് ശരദ് പവാര്‍ കോണ്‍ഗ്രസ് വിട്ടത്. അതുകൊണ്ടുതന്നെ പാര്‍ട്ടി രൂപീകരണത്തിന് വ്യക്തമായ ഒരു അജണ്ട ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തിനായതുമില്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ കാര്‍ഷിക മേഖലയില്‍ വേരൂന്നിയാല്‍ വിജയിക്കാമെന്നു മനസിലാക്കിയ പവാറിന്റെ ആ തന്ത്രം വെന്നിക്കൊടി പാറിച്ചു. എന്നാല്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളി ബി.ജെ.പി ആ മേഖലയിലേക്ക് കടന്നു കയറിയതിന്റെ ക്ഷീണമാണ് എന്‍.സി.പി ക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പിളര്‍പ്പ് രാഷ്ട്രീയം

വ്യക്തമായ കാഴ്ചപ്പാടില്ലാതെ തുഴയുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്‍.സി.പിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മഹാരാഷ്ട്രയില്‍ പോലും ന്യൂനപക്ഷങ്ങളും കര്‍ഷകരും പാര്‍ട്ടിയെ കൈവിടുന്നു. പാര്‍ട്ടി നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നു. ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്‍.സി.പിയുടെ രണ്ടു സാമാജികരും രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികളെയാണ് പിന്തുണച്ചത്. ഒരാള്‍ കോണ്‍ഗ്രസിനെയും മറ്റേയാള്‍ ബി.ജെ.പിയെയും.
കേരളത്തിലും സ്ഥിതി ആശാവഹമല്ല. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തോടെ പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല് മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമാണ്. ഉഴവൂരിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിക്കാര്‍തന്നെ ആവശ്യപ്പെട്ടത് സ്വന്തം പാര്‍ട്ടിയിലുള്ളവരെ കുടുക്കാന്‍ തന്നെയാണ്. മന്ത്രി തോമസ്ചാണ്ടിക്കെതിരേ ഒരു വിഭാഗം വാളെടുക്കുന്നു. മുന്‍ മന്ത്രി ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടിവന്നതിലും ഒരു വിഭാഗത്തിന് പങ്കുണ്ടെന്ന് ആക്ഷേപം ഇപ്പോഴും നില നില്‍ക്കുന്നു. ചാണ്ടി രാജിവച്ചില്ലെങ്കില്‍ പിളരുമെന്ന നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്ന വാര്‍ത്തവരെ പുറത്തുവന്നിരിക്കുന്നു. പവാറിന്റെ വാക്കുകള്‍ ആരും ചെവിക്കൊള്ളുന്നില്ലെന്നതിന് തെളിവാണിത്. മകളും എം.പിയുമായ സുപ്രിയാ സൂലെ പിതാവിനോളം പോരില്ല. സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അതാതിന്റെ വഴിക്കുമാണ്.


2017 ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

രാഷ്ട്രത്തെ പിടിച്ചുലച്ച് ആള്‍ദൈവങ്ങള്‍




സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളോട് രാഷ്ട്രീയക്കാര്‍ കടപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെങ്ങും. ആള്‍ദൈവങ്ങള്‍ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിക്കുമ്പോള്‍ ആ അനുയായികളെ സ്വപക്ഷത്ത് വോട്ടാക്കാനുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് സമൂഹത്തിനേല്‍പിക്കുന്ന ആഘാതം ചില്ലറയൊന്നുമല്ല. ഇത്തരം ആള്‍ദൈവങ്ങള്‍ തഴച്ചുവളര്‍ന്ന വടവൃക്ഷമാകുമ്പോള്‍ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരോ ഭരണാധികളോ ഫലത്തില്‍ ക്രമസമാധാനപ്രശ്‌നവും കലാപവും സൃഷ്ടിക്കുന്നതാണ് ഇന്നത്തെ അവസ്ഥ.
ദേര സച്ചാ സൗദയുടെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമായിരുന്നില്ല. ഗുര്‍മീത് ക്രിമിനലാണെന്നറിഞ്ഞിട്ടുകൂടി രാഷ്ട്രീയലാഭത്തിനുവേണ്ടി അവരുടെ വോട്ട് സ്വീകരിച്ച ഹരിയാന സര്‍ക്കാര്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിന് പ്രത്യക്ഷത്തില്‍ ഉത്തരവാദികളാണെന്നു കാണാം.

ഗുര്‍മീതിനെതിരേയുള്ള
കണ്ടെത്തലുകള്‍

ദേര സച്ചാ സൗദ എന്ന പേരില്‍ ആശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന ഗുര്‍മീത്, മറ്റ് ആള്‍ദൈവങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. ഹൈടെക് സ്വാമിയെന്ന പേരില്‍ കോണ്‍ഗ്രസിന്റെ പിന്‍പറ്റി മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ അടുത്തഅനുയായി ആയി നടന്ന ചന്ദ്രസ്വാമിയാണ് അറിയപ്പെട്ടിരുന്നതെങ്കില്‍ ഗുര്‍മീത് അത്യന്താധുനികനായ ആള്‍ദൈവമായാണ് അറിയപ്പെടുന്നത്. മുന്തിയ വാഹനങ്ങളും അത്യന്താധുനിക സാങ്കേതി വിദ്യകളും ആയിരക്കണക്കിന് പടയാളികളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ഗുര്‍മീത് ബോഡി ബില്‍ഡറും റെയ്‌സറും സിനിമാതാരവും സാമൂഹ്യപ്രവര്‍ത്തകനുമാണെന്നതാണ് വിരോധാഭാസം.
ആശ്രമത്തില്‍ അന്തേവാസികളായ എട്ടു വനിതകളുടെ വെളിപ്പെടുത്തലുകളാണ് ഗുര്‍മീതിനെ കാരാഗൃഹത്തിലേക്ക് നയിച്ചത്. എട്ടുപേരില്‍ ആറുപേര്‍ പരാതി പിന്‍വലിച്ചെങ്കിലും ആശ്രമത്തിനു പുറത്തായ മറ്റു രണ്ടുവനിതകള്‍ പരാതികളില്‍ ഉറച്ചുനിന്നു. ഹരിയാനയിലെ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വച്ച് ഗുര്‍മീത് നിരവധി തവണ പീഡിപ്പിച്ചതായാണ് ഇവര്‍ വെളിപ്പെടുത്തിയത്.
ഇതുകൂടാതെ 2001ല്‍ മാധ്യപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. 2002 ജൂലൈയില്‍ ആശ്രമത്തിന്റെ മാനേജര്‍ ആയിരുന്ന രഞ്ജിത് സിങിനെ വകവരുത്തിയ കേസിലും ഗുര്‍മീത് പ്രതിയാണ്.
ഇപ്പോഴത്തെ സംഭവുണ്ടായത് 1999ലാണ്. 2002ല്‍ ഈ കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടായെങ്കിലും ഗുര്‍മീതും ആശ്രമ അധികൃതരും ഇത് വെറും ആരോപണമാണെന്ന് സ്ഥാപിച്ച് നിഷേധിച്ചിരുന്നു. തുടര്‍ന്നു സി.ബി.ഐ അന്വേഷണം നടക്കുകയും ഗുര്‍മീത് കുറ്റക്കാരനാണെന്നു കണ്ടെത്തുകയുമായിരുന്നു.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളെ നിയന്ത്രിക്കാന്‍ മാത്രം ശേഷി നേടിയ മറ്റ് ചില ആള്‍ദൈവങ്ങളെക്കൂടി അറിയേണ്ടതുണ്ട്.

ശ്രീലങ്കയില്‍ നിന്നെത്തിയ
സ്വാമി പ്രേമാനന്ദ

ശ്രീലങ്കയില്‍ നി്ന്ന് കടല്‍കടന്നെത്തിയ ആള്‍ ദൈവമാണ് സ്വാമി പ്രേമാനന്ദ. 1983ല്‍ ശ്രീലങ്കയില്‍ വംശീയ ലഹള നടന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ പലായനം ചെയ്ത് അനുയായികള്‍ക്കൊപ്പം ഇന്ത്യയിലെത്തിയ പ്രേമാനന്ദ, തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തിരുച്ചിയില്‍ ആശ്രമം സ്ഥാപിക്കുകയായിരുന്നു.
ജനപിന്തുണ ആര്‍ജിച്ച പ്രേമാനന്ദ ബലാല്‍സംഗക്കേസില്‍ പ്രതിയായത് ഞെട്ടലോടെയാണ് അനുയായികള്‍ കേട്ടത്. 13 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ഇരട്ട ജീവപര്യന്തം അനുഭവിക്കുകയാണ് ഈ ആള്‍ദൈവം.

അദ്വൈത വേദാന്തി
ആസാറാം ബാപു

അത്രപെട്ടെന്ന് മറക്കാത്ത സംഭവാണ് ആസാറാം ബാപുവിന്റേത്. അദ്വൈത വേദാന്തത്തിന്റെ പ്രചാരകനായി സ്വയം അറിയപ്പെട്ട ആസാറാം ബാപു കുറഞ്ഞ സമയത്തിനുള്ളിലാണ് ലക്ഷക്കണക്കിന് അനുയായികളെയും ആശ്രമങ്ങളും സൃഷ്ടിച്ചെടുത്തത്. 2010 മുതല്‍ 2014 വരെ 42 കോടതി സമന്‍സുകളാണ് ഇയാള്‍ അവഗണിച്ചത്. 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013ലാണ് വിചാരണചെയ്യപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂരില്‍ കര്‍ശനമായ വ്യവസ്ഥകളോടെ ആശ്രമം നടത്തിയിരുന്ന ഇയാള്‍ക്കെതിരേ ഭീഷണിപ്പെടുത്തല്‍, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളും ചുമത്തപ്പെട്ടു. ഇയാള്‍ക്കെതിരേ സുപ്രിംകോടതിയില്‍ കേസ് തുടരുകയാണ്.
ഇയാളുടെ മകന്‍ നാരായണ്‍ സായിയും ബലാത്സംഗത്തിനും പീഡനത്തിനും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഒരു സൈക്കിള്‍ മെക്കാനിക്ക് ആയിരിക്കേയാണ് ആസാറാം സ്വയം ദൈവമായത്.

സദാചാരമില്ലാത്ത
സ്വാമി സദാചാരി

സമൂഹത്തില്‍ ഉന്നത നിലയിലുള്ളവര്‍ക്കും ഉന്നത രാഷ്ട്രീയക്കാര്‍ക്കും വേണ്ടി ആഭിചാര ക്രിയകളും താന്ത്രിക വിദ്യകളും നടത്തിയാണ് സദാചാരി സ്വാമി പ്രസിദ്ധനായത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഇയാള്‍ അവരുടെ വസതിയില്‍ വച്ച് പൂജാക്രിയകള്‍ ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇയാള്‍ നടത്തിവന്ന ഒരു അധോലോക നക്ഷത്ര വേശ്യാലയം പിടിക്കപ്പെട്ടതോടെയാണ് സ്വാമിയുടെ മനസിലിരുപ്പ് വേറെയാണെന്ന് കണ്ടെത്തിയത്. അധികാരികളുമായി പിണങ്ങിയതോടെയാണ് സദാചാരി സ്വാമി ഇരുമ്പഴിക്കുള്ളിലായത്.

കൊലപാതകിയായ
സന്ത് രാംപാല്‍

ഹരിയാനയില്‍ തടവിലായ മറ്റൊരു സ്വയംപ്രഖ്യാപിത ആള്‍ദൈവമാണ് കൊടുംക്രിമിനലായ സന്ത് രാംപാല്‍. ഹിസാറിലെ സത്‌ലോകിലുള്ള ആശ്രമത്തില്‍ നിന്ന് 18 മാസം പ്രായമായ കുഞ്ഞിന്റെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് 2014 നവംബറില്‍ ഇയാള്‍ പിടിയിലായത്. സ്വന്തമായി ഗുണ്ടകളെ തീറ്റിപ്പോറ്റുന്ന രാം പാലിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആദ്യ അവസരങ്ങളില്‍ ഫലം കണ്ടിരുന്നില്ല. അര്‍ധ സൈനിക വിഭാഗത്തെ ആശ്രമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും അനുയായികള്‍ തടഞ്ഞത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സത്‌ലോക് ആശ്രമം വളഞ്ഞ സുരക്ഷാ സേനയില്‍ നിന്ന് രാംപാല്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ അന്ന് അഞ്ച് അനുയായികള്‍ കൊല്ലപ്പെട്ടു. 450 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ പിടികൂടി ശിക്ഷിക്കുകയായിരുന്നു. 22 മാസത്തെ തടവുശിക്ഷ അനുഭവിക്കുന്നു. ഐ.ടി.ഐ വിദ്യാഭ്യാസമുള്ള ആസാറാം ഹരിയാന ജലസേചന വകുപ്പില്‍ ജോലി ചെയ്തുവരവെയാണ് ആള്‍ദൈവമായി സ്വയം അവരോധിച്ചത്.


പീഡനവീരന്‍
നിത്യാനന്ദ പരമഹംസ

നിത്യനന്ദ പരമഹംസയെന്ന പേരില്‍ പ്രസിദ്ധനായ ആള്‍ ദൈവം പീഡനവീരനായാണ് അറിയപ്പെടുന്നത്. പ്രമുഖ തമിഴ് സിനിമാ നടിയുമായുള്ള ആഭാസ രംഗങ്ങളടങ്ങിയ വിഡിയോ 2010 മാര്‍ച്ചില്‍ ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടതോടെയാണ് സ്വാമിക്കെതിരേ നിയമനടപടികള്‍ ആരംഭിച്ചത്. എന്നാല്‍ താന്‍ ശവാസനം അനുഷ്ഠിക്കുകയായിരുന്നെന്ന ഇയാളുടെ വിശദീകരണം കോളിളക്കമുണ്ടാക്കിയതാണ്. ഇയാള്‍ക്കെതിരേ ബലാത്സംഗ കുറ്റങ്ങള്‍ ഉയര്‍ന്നതോടെ നിയമസംവിധാനത്തില്‍ പെടാതെ മുങ്ങി. അഞ്ചുദിവസം മുങ്ങിനടന്ന ആള്‍ദൈവത്തെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകത്തില്‍ ബിഡദിയിലും ബെഗളൂരുവിലെ സുബ്രഹ്മണ്യപുരയിലും ഇയാള്‍ക്ക് ആശ്രമങ്ങളുണ്ട്.

ഇഛാധാരി ഭീമാനന്ദ്

ഇഛാധാരി സന്ത് സ്വാമി ഭീമാനന്ദ് പെണ്‍വാണിഭവും വേശ്യാലയങ്ങളും നടത്തിവന്ന ആള്‍ദൈവമാണ്. ശിവ് മൂരത് ദ്വിവേദിയാണ് ഇഛാധാരി സന്ത് സ്വാമി ഭീമാനന്ദ് ജി മഹാരാജ് ചിത്രകൂട് വാലെ എന്ന പേരില്‍ ആള്‍ദൈവമായി സ്വയം അവരോധിച്ചത്. ഡല്‍ഹിയിലും മുംബൈയിലും വന്‍തോതിലാണ് ഇയാള്‍ വേശ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുവന്നതും രണ്ടുതവണ അറസ്റ്റിലായതും. 1988ല്‍ ഡല്‍ഹിയില്‍ ഒരു ഹോട്ടലില്‍ സെക്യൂരിറ്റി ജോലിയിലിരിക്കേയാണ് ഇയാള്‍ ആള്‍ദൈവമായി വേഷമിടാനാരംഭിച്ചത്.


കേരളത്തിലും
ആള്‍ദൈവങ്ങള്‍

കേരളത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ദൈവങ്ങള്‍ രാഷ്ട്രീയക്കാരുടെയും മറ്റും മറപറ്റി വാഴുന്നുണ്ട്. അത്തരത്തില്‍ വിരാജിച്ച് ഒടുവില്‍ പിടിക്കപ്പെട്ടയാളാണ് സന്തോഷ് മാധവന്‍.
നിരവധി വഞ്ചനാകേസുകളില്‍ പ്രതിയായ സന്തോഷ്, പ്രായപൂര്‍ത്തിയെത്താത്ത രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് അകത്തായത്. പെണ്‍കുട്ടികളുമായുള്ള ലൈംഗിക രംഗങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്ന പതിവും ഇയാള്‍ക്കുണ്ടായിരുന്നതായ ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരുന്നു. എന്തായാലും 2009ല്‍ ജയിലഴിക്കുള്ളിലായ സന്തോഷ് മാധവന്‍ 16 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. വിദേശവനിതയെ 45 ലക്ഷം രൂപ കബളിപ്പിച്ചെന്ന മറ്റൊരു കേസും ഇയാള്‍ക്കെതിരേ മാര്‍ച്ച് 2008ല്‍ പുറത്തുവന്നിരുന്നു


2017 ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

അഹമ്മദ് പട്ടേലിന്റെ വിജയം പറയാതെ പറയുന്നത്


കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും രാഷ്ട്രീയ തന്ത്രശാലികളെല്ലാം നിറഞ്ഞാടിയ ദിനങ്ങളാണ് ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടന്നുപോയത്. ഒരു രാജ്യസഭാ തെരഞ്ഞെടുപ്പ് ഇത്രയധികം ഉദ്വേഗജനകമാകുന്നതുതന്നെ ഇത്തരത്തില്‍ ആദ്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനും തന്ത്രജ്ഞനും രാഷ്ട്രീയ ഉപദേശകനും ഒക്കെയായ അഹമ്മദ് പട്ടേലിന്റെ വിജയം ഒരു ഞാണിന്‍മേല്‍കളിയുടെ അനന്തരഫലമായിവേണം വിലയിരുത്താന്‍. വിമതരുടെ രണ്ട് വോട്ടുകള്‍ അസാധുവാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ പട്ടേല്‍ തകര്‍ന്നടിഞ്ഞേനെ എന്ന സത്യവും മറന്നുകൂടാ. പട്ടേലിന്റെ വിജയം വെറും രാജ്യസഭാ സീറ്റ് നേട്ടത്തിനപ്പുറം അത് നല്‍കുന്ന മാനങ്ങള്‍ നിരവധിയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമല്ല, മറ്റു പാര്‍ട്ടികളിലേക്കുപോലും അതിന്റെ അലയൊലി വ്യാപിക്കുന്നു.

പട്ടേലിന് അഭിമാനം

സ്വന്തം തട്ടകത്തില്‍ വിജയിക്കാനായത് അഹമ്മദ്പട്ടേലിന് അഭിമാനകരമാണ്. അതുകൊണ്ടാണ് ജയിച്ചയുടന്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും ദുഷ്‌കരമായ സംഭവമെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. തന്റെ അടുത്തലക്ഷ്യം ഗുജറാത്ത് നേടുകയെന്നതാണെന്ന് ആത്മവിശ്വാസം നേടിയ അദ്ദേഹം പറയുന്നുണ്ട്. പണവും അധികാരവും പേശിബലവും ഉപയോഗിച്ച് എതിരാളികളെ തകര്‍ക്കാനുള്ള ഗുജറാത്തിലെ ബി.ജെ.പിക്ക് മുഖത്തേറ്റ അടിയാണിതെന്നും ഒരുവേള പരാജയപ്പെടുമെന്നുപോലും കരുതിയിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1977ല്‍ കോണ്‍ഗ്രസ്-ഇന്ദിരാ വിരുദ്ധ തരംഗത്തില്‍ 28കാരനായ പട്ടേല്‍ ബ്രോച്ച് ലോക്‌സഭാ സീറ്റില്‍ വിജയക്കൊടി പാറിച്ച് അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. 40 വര്‍ഷത്തിനിപ്പുറം അതുപോലൊരു സാഹചര്യത്തില്‍ വിജയിക്കാനായത് സകല എതിരാളികളെയും നിശബ്ദരാക്കിക്കൊണ്ടും പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിക്കൊണ്ടുമാണെന്ന് കോണ്‍ഗ്രസുകാര്‍ക്കെങ്കിലും സമാധാനിക്കാം. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായി അണിയറയില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്ന പട്ടേല്‍ സ്വയം പ്രതിസന്ധിയില്‍പെട്ട കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസില്‍ പലരുടെയും കസേര തെറിപ്പിക്കുകയും പലര്‍ക്കും കിരീടധാരണം സാധ്യമാക്കുകയും ചെയ്തത് പട്ടേലിന്റെ തന്ത്രജ്ഞത ആയിരുന്നെങ്കിലും സ്വന്തം വിജയത്തിന് മറ്റുള്ളവരുടെ കരുണകാത്തിരിക്കേണ്ടിവന്നത് വിരോധാഭാസമാണ്. അതുപോലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിനെ നാലുതലമുറകളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന പട്ടേലിന് രാഹുല്‍ നേതൃത്വത്തിലേക്കു വരുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമാണെന്നു പലരും കരുതുന്നുമില്ല.

കോണ്‍ഗ്രസിന് ആശ്വാസം

അഭിമാനപ്പോരാട്ടമായിരുന്നു നടന്നത്. പട്ടേല്‍ തോറ്റാന്‍ കോണ്‍ഗ്രസും സോണിയയും തോല്‍ക്കുന്നു എന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീണ്ടപ്പോഴാണ് ഫീനിക്‌സ് പക്ഷിയായി പട്ടേലിന്റെ വിജയം. 57 എം.എല്‍.എമാരണ്ടായിരുന്ന കോണ്‍ഗ്രസ് 44 പേരെ ഒപ്പം നിര്‍ത്താന്‍ പെട്ട പാട് നാണക്കേടുണ്ടാക്കുന്നതാണ്. കൂറുമാറുമെന്നു ഭയന്ന് തങ്ങള്‍ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തേയ്ക്ക് എം.എല്‍.എമാരെ ഒളിപ്പിക്കേണ്ടി വന്നതും കോണ്‍ഗ്രസിനു നാണക്കേടായി. അംഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നില്ല, അവരില്‍ വിശ്വാസമില്ല, ചാഞ്ചാട്ടക്കാരാണ് തുടങ്ങിയ ധ്വനികളാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്കുനേരെ വച്ചുനീട്ടിയത്. കോണ്‍ഗ്രസ് നേതൃത്വം പിടിപ്പുകേടിന്റെ പര്യായമാണെന്നും അതിനുകാരണക്കാരനായ പട്ടേലിന്റെ വിജയം മാറ്റങ്ങളുണ്ടാക്കില്ലെന്നും കരുതുന്ന ഒരുവിഭാഗം കോണ്‍ഗ്രസിലുണ്ട്. പട്ടേലിന്റെ ജയത്തില്‍ അഭിമാനവും ആശങ്കയും കോണ്‍ഗ്രസിനുണ്ടെന്നുവേണം ഇതിലൂടെ മനസിലാക്കാന്‍. തന്ത്രജ്ഞനായ പട്ടേലുണ്ടായിട്ടും ഗുജറാത്തില്‍ 14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടത് ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നുമാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നത് ശങ്കര്‍സിങ് വഗേലയുടെയും മറ്റും അസാന്നിധ്യം കൊണ്ടാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇത് വിജയപ്രതീക്ഷകളെ സ്വാധീനിക്കാന്‍ പോന്നതാണ്. ജയറാം രമേശിനെ പോലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പുപോലും ഭീഷണിയിലാണെന്നാണ്.

ബി.ജെ.പി നേരിട്ട ദുരന്തം

ബി.ജെ.പി ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത് ഒരു ദുരന്തമാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും സ്മൃതി ഇറാനിയെയും ജയിപ്പിക്കാനായത് അത്രവലിയ സംഭവമല്ല. അഹമ്മദ്പട്ടേലിനെ തോല്‍പിക്കാനാവാതിരുന്നതാണ് ദുരന്തമാകുന്നത്. ആളും അര്‍ത്ഥവും അധികാരവും ഒക്കെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള അമിത് ഷായുടെ തന്ത്രങ്ങള്‍ പാളിയത് അദ്ദേഹത്തിനേറ്റ തിരിച്ചടിതന്നെയാണ്. പൊതുജന മധ്യത്തില്‍ പാര്‍ട്ടി താറടിക്കപ്പെടാന്‍ ഗുജറാത്തിലെ രാഷ്ട്രീയ നാടകം കാരണമായി. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള ഷായുടെയും സംഘത്തിന്റെയും സ്വപ്‌നങ്ങളാണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്.

എന്‍.സി.പിക്ക് നാണക്കേട്

ബി.ജെ.പിക്കെതിരേ മഹാസഖ്യ ലക്ഷ്യമെന്ന സ്വപ്‌നം എന്‍.സി.പി തുടക്കത്തിലേ തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് അംഗങ്ങളില്‍ ഒരാള്‍ ബി.ജെ.പിക്കും ഒരാള്‍ കോണ്‍ഗ്രസിനും വോട്ടു ചെയ്ത് വ്യക്തമായ പിളര്‍പ്പിലേക്ക് വിരല്‍ചൂണ്ടി. ശരദ്പവാറിന്റെ പിടിപ്പുകേടായും ഇത് വിലയിരുത്തപ്പെടും. നിര്‍ണായക വോട്ടെടുപ്പില്‍ എന്‍.സി.പി സ്വീകരിച്ച നിലപാട് വരും ദിനങ്ങളും ആ പാര്‍ട്ടിയില്‍ പ്രകമ്പനങ്ങള്‍ ഉയര്‍ത്തും.

ദളിന് അടിത്തറ നഷ്ടം

ബി.ജെ.പിയുടെ പുതിയ കൂട്ടുകെട്ടായ ജനതാദള്‍ യുണൈറ്റഡിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിനും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതായിരുന്നു. തങ്ങളുടെ ഒരു എം.എല്‍.എ ആയ ഛോട്ടുഭായ് വാസവ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന് കരുതിയെങ്കിലും അദ്ദേഹം കോണ്‍ഗ്രസിന് വോട്ടു ചെയ്യുകയും ബിഹാറില്‍ നിതീഷ് ചെയ്തത് ആത്മഹത്യാപരമാണെന്ന രീതിയില്‍ ദലിതര്‍ക്കും ന്യൂനപക്ഷത്തിനുമെതിരേ നില്‍ക്കുന്ന ബി.ജെ.പിക്ക് താന്‍ വോട്ട് ചെയ്തില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് നിതീഷിന് ക്ഷീണമുണ്ടാക്കി. കോണ്‍ഗ്രസിന് വോട്ടു ചെയ്യാമെന്ന് വാസവയ്ക്ക് അറിയിപ്പ് നല്‍കിയ അരുണ്‍ ശ്രീവാസ്തവയെന്ന ശരദ് യാദവ് പക്ഷക്കാരനെ പ്രസിഡന്റ് നിതീഷ്‌കുമാര്‍ പുറത്താക്കി. ഇത് വരും ദിവസങ്ങളില്‍ ജെ.ഡി.യുവില്‍ പൊട്ടിത്തെറികളുണ്ടാക്കിയേക്കും.

ഗോവയും മണിപ്പൂരും അരുണാചലും

അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ സര്‍വസന്നാഹവുമായി അണിനിരന്ന കോണ്‍ഗ്രസിന് അതിന്റെ പത്തിലൊന്ന് വിയര്‍പ്പൊഴുക്കിയിരുന്നെങ്കില്‍ ചില സംസ്ഥാനങ്ങളില്‍ നേരിട്ട ദുരനുഭവം ഒഴിവാക്കാമായിരുന്നു. ഗോവയിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബി.ജെ.പിയുടെ രാഷ്ട്രീയ കപട നാടകത്തിനു മുന്നില്‍ തരിപ്പണമായ കോണ്‍ഗ്രസിനെ മറന്നുകൂടാ. അന്ന് ഈ ചേതോവികാരം എന്തേ ഉണ്ടായില്ല എന്നു കോണ്‍ഗ്രസുകാരില്‍ ഉയരുന്ന ചോദ്യം കണ്ടില്ലെന്നു നടിക്കാനാവില്ല. അതിനേക്കാളൊക്കെ പ്രാധാന്യം പട്ടേലിന്റെ രാജ്യസഭാ പ്രവേശനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു എന്നത് വിരോധാഭാസമാണ്. രണ്ടാം യു.പി.എ ഭരണം അധപ്പതിക്കുമ്പോഴും അമരത്ത് പട്ടേലുണ്ടായിരുന്നു. അന്നും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ വിലപ്പോയില്ല. ഗുജറാത്തില്‍ 1995നുശേഷം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായില്ലെന്നതുപോട്ടെ, ദലിത്, പട്ടേല്‍ സമരങ്ങളുണ്ടായിട്ടും ഫലപ്രദമായി അതില്‍ മുതലെടുപ്പ് നടത്താന്‍ പോലും പട്ടേലിന്റെ തന്ത്രങ്ങള്‍ക്കായില്ലെന്നതും ഓര്‍ക്കണം.

2015 ജൂൺ 3, ബുധനാഴ്‌ച


വിഴിഞ്ഞം ആര്‍ക്കുംവേണ്ടേ?


വിഴിഞ്ഞം തുറമുഖത്തെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഇപ്പോള്‍ അത് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ വീണ്ടും തടസവാദങ്ങളുമായി ചില കടല്‍ കിഴവന്‍മാര്‍ രംഗത്തുവരുന്നതായി കാണുന്നു.

വികസന വിരുദ്ധന്‍മാരായി ചിത്രീകരിക്കരുതെന്ന് ഇവര്‍ തോരാതെ ആവശ്യപ്പെടുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്ന് എങ്ങനെ പറയാന്‍ പറ്റും.

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അഴിമതി ആരോപണങ്ങളുണ്ടെന്നതു നേര്. എന്നു കരുതി വികസനത്തെ തടയുന്ന നിലപാട് സ്വീകരിക്കുന്നത് ശ്ലാഘനീയമല്ല. നാലുവര്‍ഷം കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തു വികസനമാണ് നടത്തിയതെന്നു ചോദിക്കുന്നവരോട് സംസ്ഥാനത്തിനുവേണ്ടി ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടി അവരെന്തു ചെയ്തു എന്ന മറുചോദ്യമുണ്ട്.

വിഴിഞ്ഞം കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിരിക്കേ തൊടുന്യായം പറഞ്ഞ് സ്വതേ കടക്കെണിയിലായ സംസ്ഥാനത്തെ വീണ്ടും പാതാളത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് സി.പി.ഐ ഉള്‍പ്പെടെയുള്ളവര്‍. പ്രത്യേകിച്ച് വി.എസ്.സുനില്‍കുമാറിനെ പോലൊരാള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന നിലപാട് സ്വീകരിച്ചുകൂടാ. കാരണം നിങ്ങള്‍ പറയുന്ന ചില വാദഗതികള്‍ ശരിവയ്ക്കുന്ന നിഷ്പക്ഷരായ ജനങ്ങളുണ്ടായിരുന്നു ഇവിടെ. ഇപ്പോള്‍ സ്ഥിതി വിഭിന്നമാണ്. നിങ്ങള്‍ തന്നെ പറയുന്നു കോണ്‍ഗ്രസ് വികസനം കൊണ്ടുവന്നില്ലെന്ന്. ഒടുവില്‍ എന്തെങ്കിലും നടക്കുമെന്നായപ്പോള്‍ അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിന് കേരളജനത നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല.

ഭരണത്തിലേറി കഴിഞ്ഞ നാലുവര്‍ഷവും അഴിമതിയില്‍ വികസനം നടത്തിയ ചാണ്ടി സര്‍ക്കാരിന്റെ ക്രെഡിറ്റ് മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനാവില്ലെന്നതു നേര്. എന്നാല്‍ മുഖഛായ നന്നാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെങ്കില്‍ കൂടി വികസനം കേരളത്തിന്റെ ആവശ്യമാണെന്ന് കരുതുന്നിടത്താണ് ഇടത് പ്രസ്ഥാനങ്ങള്‍ നിലയുറപ്പിക്കേണ്ടത്.

ടെന്‍ഡര്‍ അഴിമതി ആരോപണമാണ് ഇടതിന്റെ ഒടുവിലത്തെ ആയുധം. അതും തുറമുഖം പണി തുടങ്ങിയേക്കുമെന്ന അവസ്ഥയേറിയപ്പോള്‍. അപ്പോള്‍ അതിനെ വികസന വിരുദ്ധം എന്നുതന്നെ പറയണം. അഴിമതി നടത്തിയവരെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അവരെ രാജിവയ്പിക്കാനോ അത് ദേശീയ തലത്തിലുന്നയിക്കുവാനോ കഴിയാത്തവര്‍ വികസനത്തിനെതിരേ വാളോങ്ങുന്നത് ആശാസ്യമല്ല.

സര്‍ക്കാര്‍ നേരായ വഴിയില്‍ ടെന്‍ഡര്‍ വിളിച്ചാണ് തുറമുഖ നിര്‍മാണത്തിലേക്ക് കടക്കുന്നത്. ഏഴായിരം കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുമ്പോള്‍ കടക്കെണിയിലുള്ള സര്‍ക്കാര്‍ തന്നെ അത് ചെയ്യണമെന്ന് ഇടത് ആവശ്യപ്പെടുന്നത് പദ്ധതി നടക്കരുതെന്ന് കണ്ടുകൊണ്ടുതന്നെയാണ്.

ഇപ്പോള്‍ അദാനിക്ക് തുറമുഖ പദ്ധതി നല്‍കുന്നതിനെതിരേയാണ് ഇടത് നിലപാട്. ഓസ്‌ട്രേലിയയിലും ഇന്ത്യയിലുമുള്‍പ്പെടെ ഏഴ് തുറമുഖങ്ങള്‍ നിര്‍മിച്ച അദാനിക്ക് ഇവിടുത്തെ പദ്ധതി കൊടുത്താല്‍ അഴിമതിയാകുമെന്ന് പറയുന്നത് കേന്ദ്രത്തില്‍ ബി.ജെ.പി ഇരിക്കുന്നതുകൊണ്ടാണ്. ജനങ്ങള്‍ ബി.ജെ.പിയെ വര്‍ഗീയ സര്‍ക്കാരെന്നല്ല കാണുന്നത്. ഇടതിനും വലതിനും അവര്‍ ജന്മ ശത്രുക്കളായേക്കാം. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അതേ അവസ്ഥയിലുള്ള രാജ്യത്തെ ഇങ്ങനെതന്നെ നിലനിര്‍ത്തിയതിന്റെ ക്രെഡിറ്റ് ഇടത്, വലത് പക്ഷ പാര്‍ട്ടികള്‍ക്കാണെന്നത് വിസ്മരിച്ചുകൂടാ.

മോദിയെ അധികാരത്തിലേറ്റിയത് ഈ രാജ്യത്തെ മുസ്ലീം സഹോദരങ്ങളുള്‍പ്പെട്ട ജനതയാണ്. അവര്‍ക്ക് മോദി നല്‍കിയത് വികസന സ്വപ്‌നമാണ്. അവരത് സ്വീകരിച്ചു. ഇനി അത് നടപ്പാക്കാന്‍ മോദിക്ക് കഴിഞ്ഞില്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനപ്പുറം ജനങ്ങള്‍ മറുപടി പറയും. അതല്ല ഇവിടുത്തെ കാതലായ പ്രശ്‌നം. മോദിയുമായി ബന്ധമുള്ളതുകൊണ്ട് അദാനി വേണ്ട എന്നു പറയുന്നത് വികസന മുരടിപ്പിനെ സ്വാഗതം ചെയ്യുന്ന നിലപാട് ഇടതുപക്ഷം തുടരുമെന്നതിന്റെ തെളിവാണ്.

ഒരുവേള ചാണ്ടി സര്‍ക്കാരില്‍ നിന്നു രക്ഷ നേടാന്‍ എങ്ങനെയും ഇടത് ഭരണത്തിലെത്തണേ എന്നു പ്രാര്‍ഥിച്ചിരുന്നു ഇവിടുത്തെ ജനങ്ങള്‍. ഇപ്പോള്‍ അവര്‍ക്ക് പേടിയാണ്. ഇടതു ഭരണത്തില്‍ വികസന മുരടിപ്പിലേക്ക്, അതും അന്ധമായ മോദി വിരോധം കൊണ്ട്, സംസ്ഥാനത്തെ വീണ്ടും അവരെത്തിക്കുമോ എന്ന പേടി. അതിന് ഇടം കൊടുക്കാതെ വികസന അജന്‍ഡയുമായി മുന്നോട്ടുപോകുക.

ഇവിടെ ഒന്നോര്‍ക്കാം. ഇടതുപക്ഷത്തിന്റെ നിലവിലുള്ള നിലപാടുകള്‍ ബി.ജെ.പി പോലൊരു പാര്‍ട്ടിക്ക് കേരളത്തിലും അക്കൗണ്ടു തുറക്കാന്‍ വഴിയൊരുക്കും. ഇവിടെ വികസനം പറഞ്ഞ് വോട്ടു തേടുന്ന പാര്‍ട്ടികളില്ല. എല്ലാം വര്‍ഗീയതയും കരിഞ്ചന്തയ്ക്ക് കൊടിപിടിച്ചും ഭരണം കയ്യാളാനാണ് ശ്രമിച്ചത്. ഇനിയും അത് തുടരുന്നത് ജനവഞ്ചനയാണ്.

2013 ജനുവരി 27, ഞായറാഴ്‌ച

"കാറ്റേ കാറ്റേ നീ.."
സെല്ലുലോയിഡിലെ ഗാനം..
നന്ദി..വിജയലക്ഷ്മി..




മന കണ്ണിലെ സംഗീതം ശബ്ദ തരംഗത്തിലേറ്റി മയാളിയുടെ മനസ്സിലേക്ക് മധുരമായി ചൊരിഞ്ഞു...വൈക്കം വിജയലക്ഷ്മി..
കേട്ടുവോ നിങ്ങള്‍ ഈ ഗാനം? ഇല്ലെങ്കില്‍ ഇന്നുതന്നെ കേള്‍ക്കൂ..അനുഗ്രഹീത കലാകാരന്മാര്‍ ഒന്നിക്കുമ്പോള്‍ സംഗീതവിസ്മയം തന്നെയാണ് അനുഭവ വേദ്യമാകുക. അതിനു തെളിവാണ് സെല്ലുലോയിഡ് എന്ന കമല്‍ ചിത്രത്തിലെ "കാറ്റേ കാറ്റേ.." എന്ന ഗാനം..കാഴ്ച ശേഷി ഇല്ലാത്ത വൈക്കം വിജയലക്ഷ്മിയുടെ സ്വരമാധുരി മലയാളിക്ക് പുതിയ ഒരു അനുഭവം തന്നെയാണ് നല്‍കുന്നത്.


ഗാനത്തെ പറ്റി ഒരു വാക്ക് 

മലയാളം സിനിമയുടെ പിതാവ് ശ്രീ ജെ സി ഡാനിയല്‍ എന്നാ മഹാ പ്രതിഭയ്ക്ക്പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍കമലിന്‍റെ ശ്രദ്ധാന്ജലി ആണ് സെല്ലുലോയിഡ് എന്ന ചിത്രം. ഈ ചിത്രത്തിന് വേണ്ടി റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജയചന്ദ്രന്റെ മാസ്മരിക സംഗീതം കൂടി ചേര്‍ന്നപ്പോള്‍ മുംബ് കെ എസ് ജോര്‍ജും സുലോചനയും പാടിയ നാടക ഗാനങ്ങളുടെ ഒരു ഭാവം ഈ ഗാനത്തിനും കൈവന്നു.ഒരു ഗ്രാമീണ ഗാനത്തിന്‍റെ പുനര്‍ജ്ജന്മംആയി കരുതാം ഈ ഗാനത്തെ...വൈക്കം വിജയ ലക്ഷ്മിക്കൊപ്പം ഈ ഗാനം ആലപിച്ചത് ജി ശ്രീരാം ആണ്. ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ആണ് ഇദ്ദേഹം. വര്‍ഷങ്ങളായി പഴയ മലയാള നാടക സിനിമാ ഗാനങ്ങള്‍ പുനര്‍ ആവിഷ്കരിക്കുക ആയിരുന്നു ശ്രീരാം..ഒപ്പം ട്രാക്ക് പാടുകയുംകോറസ് പാടുകയും..

വൈക്കം വിജയലക്ഷ്മി..

ഈപാട്ടിന്‍റെ ഏറ്റവുംപ്രധാന പ്രത്യേകത വൈക്കം വിജയലക്ഷ്മിയുടെ സ്വരമാധുരി തന്നെയാണ്. കെ പി എ സി സുലോചനയുടെഅതേ ശബ്ദം ഈ ഗാനത്തില്‍ ആവാഹിക്കാന്‍ വിജിക്ക് ആയി. സംഗീതകാരന്മാരുടെ കാസറ്റുകള്‍ കേട്ടുമാത്രം സംഗീതം ഹൃദിസ്ഥമാക്കിയ പ്രതിഭയാണ് വിജയലക്ഷ്മി..മാതാ പിതാക്കാളുടെ കണ്ണുകളില്‍ കൂടി മാത്രം ലോകം അറിയാന്‍ വിധിക്കപ്പെട്ട വിജയലക്ഷ്മി തളരാതെ പോരാടി ..ചികിത്സകള്‍ക്കു അതീതമായ അന്ധത ബാധിച്ച വിജയലക്ഷ്മി ഒരു വര്‍ഷത്തിനകം നൂറിലധികം രാഗങ്ങള്‍ സ്വായത്തമാക്കി..ഗാനങ്ങള്‍ ചിട്ടപ്പെടുത്തി..ഒരു ഗാനം കേട്ട മാത്രയില്‍ തന്നെ പുനരാവിഷ്കരിക്കാന്‍ ഉള്ള ഇവരുടെ കഴിവ് ദൈവഹിതം തന്നെയാണ്..തോടിയിലും ഭൈരവിയിലും ഇവര്‍ക്കുള്ള ജ്ഞാനം യേശുദാസിനെ പോലും അദ്ഭുതപ്പെടുത്തി. വിജയലക്ഷ്മിയുടെ മാനസ ഗുരു ആണ് ദാസേട്ടന്‍... . ഏക തന്ത്രി വാദ്യോപകരണമായ ഗായത്രി വീണയില്‍ അപാര പാണ്ഡിത്യമാണ് വിജിക്ക്. 
അഭിനന്ദിക്കാം ഈ ടീമിനെ..ഇങ്ങനെ ഒരു ഗാനം മലയാള സിനിമാ സംഗീതത്തിന് നല്‍കിയതിന് ..


ഈ ഗാനത്തിന്റെ വരികള്‍ ഇതാ..

"കാറ്റേ കാറ്റേ നീ പൂക്കാ മരത്തില് ..
പാട്ടും മൂളി വന്നോ പാട്ടും മൂളി വന്നോ 
ഞാലിപൂങ്കദളി വാഴ പൂക്കളില്‍ ആകെ തേന്‍ നിറഞ്ഞു 
ആറ്റു നോറ്റു ഈകാണാ മരത്തിനു പൂവുംകായും വന്നു 
മീന തീവെയിലില്‍ ചൂടില്‍ താണു താനേ 
തൂവല്‍ വീശി നിന്നൂ. .തൂവല്‍ വീശി നിന്നൂ

ഇന്നലെ എങ്ങോ പോയി മറഞ്ഞു.
ഇന്നൊരു സ്വപ്നം കൂടെ വന്നു..
വെന്തു കരിഞ്ഞൊരു ചില്ലകളില്‍ 
ചെന്തളിരിന്‍ തല പൊന്തി വന്നു..
കുഞ്ഞിളം കൈ വീശി വീശി..
ഓടിവായോ പൊന്നുഷസ്സെ..
കിന്നരിക്കാന്‍ ഓമനിക്കാന്‍ 
മുത്തണി പൂ തൊട്ടിലാട്ടി 
കാതില്‍ തേന്മൊഴി ചൊല്ലാമോ 
കാറ്റേ കാറ്റെ..

വിണ്ണിലെ മാരിക്കാര്‍ ഒഴിഞ്ഞു 
വെള്ളി നിലാവിന്‍ തേരു വന്നൂ 
പുത്തരി പാഠം പൂത്തുലഞ്ഞു 
വ്യാകുല രാവിന്‍ കൊളൊഴിഞ്ഞു 
ഇത്തിരി പൂ മൊട്ടുപൊലെ 
കാത്തിരിപ്പൂ കണ്‍ പീലിയാല്‍ 
തത്തി വരൂ കൊഞ്ചി വരൂ തത്തകളെ 
അന്ജിതമായി നേരം നല്ലത് നേരമോ

കാറ്റേ കാറ്റേ നീ പൂക്കാ മരത്തില് ..
പാട്ടും മൂളി വന്നോ പാട്ടും മൂളി വന്നോ 
ഞാലി പൂങ്കദലി വാഴ പൂക്കളില്‍ ആകെ തേന്‍ നിറഞ്ഞു 
ആറ്റു നോറ്റു ഈകാണാ മരത്തിനു പൂവുംകായും വന്നു 
മീന തീവെയിലില്‍ ചൂടില്‍ താണു താനേ 
തൂവല്‍ വീശി നിന്നൂ. .തൂവല്‍ വീശി നിന്നൂ..തൂവല്‍ വീശി നിന്നൂ