മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പ്രശ്‌നമൊഴിഞ്ഞ ദിനങ്ങളുണ്ടായിട്ടില്ലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ജനോപകാരപ്രദമായ നടപടികളില്ലാത്തതല്ല. ജനവിരുദ്ധ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് ഇതിനു കാരണം. അസമിലെ പൗരത്വപ്രശ്‌നമുയര്‍ത്തുന്ന ആശങ്കകളാണ് ഇതിലേറ്റവും ഒടുവിലത്തേതെന്ന് ഇപ്പോള്‍ പറയാം (വരാനിരിക്കുന്ന പദ്ധതികളറിയില്ലല്ലോ.)
ആയിരവും പതിനായിരവും പേരല്ല, 40 ലക്ഷം പേരാണ് അസമില്‍ അനധികൃത താമസക്കാരായി വ്യാഖ്യാനിക്കപ്പെടുന്നത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ രജിസ്ട്രാര്‍ ജനറലിന്റെ കണ്ടെത്തല്‍ ബി.ജെ.പിയുടെ സമുന്നത നേതാവ് എല്‍.കെ.അദ്വാനിയെപോലും പില്‍ക്കാലത്തു ബാധിച്ചുകൂടായ്കയില്ല. (പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലേക്ക് കുടിയേറിയതാണല്ലോ അദ്ദേഹം). കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്തുനിന്ന് 1822 വിദേശികളെ പുറത്താക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2016ലെ പൗരത്വ ഭേദഗതി ബില്ല് പ്രകാരമാണ് രജിസ്ട്രാര്‍ ജനറലിന്റെ ഈ നടപടികള്‍.
കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം
ഒന്നും കാണാതെ പ്രധാനമന്ത്രി മോദി പദ്ധതികളിലേക്കിറങ്ങില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം. അസമിലെ പൗരത്വ പ്രശ്‌നവും അത്തരത്തിലുള്ളതാവാനാണ് സാധ്യത. 2016ലെ പൗരത്വ ഭേദഗതി ബില്ലില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നാണ് നിര്‍ദേശം. ഒപ്പം, വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെ പറ്റിയും ഇതേ ബില്ല് പ്രതിപാദിക്കുന്നു. അതിനര്‍ഥം, ഭയാശങ്കളുയര്‍ത്തി, വിദേശികളുടെ ലിസ്റ്റില്‍ പെടുത്തുന്നവരെ പിന്നീട് സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമാക്കി, വോട്ടുബാങ്കു സൃഷ്ടിക്കാനുള്ള ശ്രമമായിക്കൂടായ്കയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ 40 ലക്ഷം പേരെ പുറത്താക്കി നടപടികളുണ്ടാവുമെന്ന് കരുതാനാവില്ല. എന്നാലും പ്രതിപക്ഷത്തിന് ഈ സംഭവം നല്‍കുന്ന വടിക്ക് പ്രഹരശക്തിയേറും. പ്രത്യേകിച്ച്, മുസ്‌ലിം ന്യൂനപക്ഷങ്ങളേയും ബംഗ്ലാ സംസാരിക്കുന്ന ഹിന്ദു അല്ലാത്ത ന്യൂനപക്ഷങ്ങളേയുമാണ് പുറത്താക്കുന്നതെന്ന് കോണ്‍ഗ്രസ് വിലപിക്കുമ്പോള്‍ ഹിന്ദുത്വ അജണ്ട പറയാതെ പറയുകയല്ലേ ബി.ജെ.പിയെന്ന ചോദ്യം പ്രസക്തവുമാണ്. അസമില്‍ പൗരത്വം നഷ്ടമാകുന്ന 40 ലക്ഷം പേരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിയതമായ രേഖകളില്‍ കൂടിമാത്രമേ നടപടിക്രമങ്ങള്‍ സ്വീകരിക്കാവൂ എന്ന നിര്‍ദേശം ധിക്കരിക്കപ്പെട്ടേക്കില്ല.
മോദിയുടെ കടുംകൈ ചര്‍ച്ചയാകുന്നതിനിടെയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വെടിപൊട്ടിച്ചത്. തങ്ങളും അനധികൃത താമസക്കാരെ പുറത്താക്കിയിട്ടുണ്ടെന്നായിരുന്നു അത്. 2005-2013 കാലത്ത് 82728 ബംഗ്ലാദേശികളെയാണ് രാജ്യത്തു നിന്നു പുറത്താക്കിയത്.
അസമില്‍ പൗരത്വം
റദ്ദാകുന്ന ഇന്ത്യക്കാര്‍
അനധികൃതമായി ഒരു രാജ്യത്ത് വസിക്കുന്നത് നുഴഞ്ഞുകയറിയവരാണ്. അസമില്‍ പൗരത്വപ്രശ്‌നമുയര്‍ന്നപ്പോള്‍ ഫലത്തില്‍ ഇന്ത്യക്കാര്‍ക്കുതന്നെയാണ് പൗരത്വം നഷ്ടപ്പെടുകയെന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. മുന്‍ രാഷ്ട്രപതി ഫക്രുദ്ദിന്‍ അലി അഹമ്മദിന്റെ സഹോദര പുത്രന്‍ സിയാവുദ്ദീനും കുടുംബവും പോലും പൗരത്വത്തില്‍ വിദേശികളാവുന്നു.
30 വര്‍ഷം ഇന്ത്യന്‍ സേനയുടെ ഭാഗമായി യുദ്ധങ്ങളിലും മറ്റും പങ്കെടുത്ത സൈനികന്‍ അസ്മല്‍ ഹഖും കുടുംബവും വിദേശികളായിരിക്കുന്നു. ഇന്ത്യന്‍ സേനയില്‍ വിദേശ സൈനികന്‍ പ്രവര്‍ത്തിച്ചുവെന്ന് സാരം. 1966ല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന പിതാവിന്റെ മകന് പൗരത്വം നല്‍കുന്ന ദുഖഭാരം പ്രവചനാതീതം.
തിരിച്ചടിയുണ്ടായതുപോലെ ബി.ജെ.പിക്കും കിട്ടി പ്രഹരം. അവരുടെ എം.എല്‍.എ രമാകാന്ത് ദിയോറിയും പൗരത്വ ലിസ്റ്റിലില്ല. എ.ഐ.യു.ഡി.എഫ് എം.എല്‍.എ അനന്തകുമാര്‍ മാലോയും വിദേശികളുടെ ലിസ്റ്റിലായി.
പൗരത്വ രജിസ്റ്റര്‍
രാജ്യത്ത് അനധികൃത കുടിയേറ്റക്കാര്‍ പെരുകുന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇവരെ കണ്ടെത്താന്‍ ഫലപ്രദമായ നടപടിക്രമങ്ങളുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ 1951ലാണ് നിലവില്‍ വന്നത്. ഇന്ത്യയിലെ താമസക്കാരെ അവരുടെ സ്ഥലം, മാതാപിതാക്കള്‍, തിരിച്ചറിയല്‍ അടയാളം ഉള്‍പ്പെടെ ഈ രേഖയിലുണ്ട്. 1955ലെ പൗരത്വ നിയമവും 2003ലെ പൗരത്വ രജിസ്‌ട്രേഷന്‍, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിയമങ്ങളും അടിസ്ഥാനമാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്. അപ്പോഴും ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരു വരണമെങ്കില്‍ 1951ലെ പൗരത്വ രജിസ്റ്ററാണ് പ്രാമാണിക രേഖയായി കണക്കാക്കുന്നത്. 1971 മാര്‍ച്ച് 24ന് അര്‍ധരാത്രിവരെ ചേര്‍ക്കപ്പെട്ടിട്ടുള്ള വോട്ടേഴ്‌സ് ലിസ്റ്റോ ഇന്ത്യയിലേക്ക് പ്രവേശനം നല്‍കുന്ന പ്രമാണമോ ഇതിനായി പരിഗണിക്കും. ഇതൊന്നുമില്ലാത്തവരാണ് ഇപ്പോള്‍ കണക്കില്‍പെട്ട 40 ലക്ഷം പേരെന്ന് പറയുമ്പോഴാണ് അസാധാരണത്വം തോന്നുക.
ഇതുവരെ 3.29 കോടി ജനങ്ങളാണ് അസമില്‍ പൗരത്വ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 2010 മുതല്‍ ഈ അപേക്ഷകളില്‍ നടപടികളെടുത്തുവരുന്നു. ഇടക്കാലത്ത് ചില കാരണങ്ങളാല്‍ നിലച്ചെങ്കിലും സുപ്രിംകോടതി നിര്‍ദേശപ്രകാരം 2015ല്‍ പുനരാരംഭിച്ചു. പൗരത്വ രേഖകള്‍ പുതുക്കുന്ന ഡിസംബര്‍ 31ന് മുന്‍പ് പൗരനാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് അറിയിപ്പ്.
അസമിലെ കണക്കെടുപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കണമെന്ന വാദഗതിയും ഉയര്‍ന്നിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലും ഇത്തരം കണക്കെടുപ്പുകള്‍ നടത്താറുണ്ട്. പൗരത്വമില്ലാത്തവരെ രാജ്യത്തുനിന്നു പുറത്താക്കാറുമുണ്ട്. എന്നാല്‍ വൈരനിരാതന ബുദ്ധിയോടെയാണ് അതു ചെയ്യുന്നതെങ്കില്‍ ചോദ്യം ചെയ്യപ്പെടും. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു രേഖയുമില്ലാതെ ജോലിക്കു മാത്രമായി എത്തുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ ബംഗ്ലാദേശികള്‍ പോലുമുണ്ടെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ