2018, ജൂലൈ 30, തിങ്കളാഴ്‌ച

ഇമ്രാന് ജിന്നയുടെ സ്വപ്‌നമുണ്ടാവുമ്പോള്‍

 
മുഹമ്മദ് അലി ജിന്ന വിഭാവനം ചെയ്ത പാകിസ്താനാണ് സ്വപ്‌നമെന്ന് നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യക്ക് എന്തു സന്ദേശമാണ് അതു നല്‍കുന്നതെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.
1913 മുതല്‍ 1947 ഓഗസ്റ്റ് 14ന് പാക് വിഭജനം വരെ ഓള്‍ ഇന്ത്യ മുസ് ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു മുഹമ്മദ് അലി ജിന്ന. പാക് രാഷ്ട്രപിതാവെന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ജിന്ന, അഭിഭാഷകനും രാഷ്ട്രീയക്കാരനും മരിക്കുന്നതുവരെ പാകിസ്താന്റെ ആദ്യ ഗവര്‍ണര്‍ ജനറല്‍ എന്ന പദവിയിലിരുന്ന നേതാവുമായിരുന്നു. ഇന്ത്യക്ക് ഗാന്ധി മഹാത്മാവായതിനു തുല്യമാണ് പാകിസ്താന് ജിന്ന. ആ ജിന്നയുടെ സ്വപ്‌നം തിരികെ കൊണ്ടുവരുമെന്ന ഇമ്രാന്റെ പ്രഖ്യാപനം കേള്‍ക്കാതിരിക്കുന്നതെങ്ങനെ.

ജിന്ന ചെയ്തത്

പാകിസ്താനെ ഇസ് ലാമിക വിശ്വാസമുള്ള ഒരു മുസ് ലിം രാഷ്ട്രമാക്കി മാറ്റാനായിരുന്നു ജിന്ന വിഭാവനം ചെയ്തതെന്നാണ് ഇന്ത്യയിലെയും പാകിസ്താനിലെയും പൊതുജനം പൊതുവേ കരുതിപ്പോരുന്നത്. സത്യമതായിരുന്നില്ലെന്ന് ജിന്ന നടത്തിയ ഐതിഹാസിക പ്രഖ്യാപനം തെളിവാണ്. 1947 ഓഗസ്റ്റ് 11ന് ജനപ്രതിനിധി സഭയെ അഭിസംബോധന ചെയ്ത ജിന്ന പറഞ്ഞത് 'പാകിസ്താനില്‍ നിങ്ങള്‍ക്ക് ക്ഷേത്രങ്ങളിലേക്ക് പോകാനും മോസ്‌കുകളിലേക്ക് പോകാനും മറ്റ് മത വിശ്വാസ കേന്ദ്രങ്ങളിലേക്ക് പോകാനും സ്വാതന്ത്ര്യമുണ്ടാവുമെന്നാണ്. നിങ്ങളുടെ ജാതിയും മതവും വര്‍ഗവും ഒന്നും രാജ്യത്ത് ഒരു വിഷയമേ ആകുന്നില്ല' എന്നായിരുന്നു.
രാജ്യത്തിന്റെ പരമാധികാരി ഗവര്‍ണര്‍ ജനറലായിരിക്കുമെന്നും (അദ്ദേഹത്തിന്റെ) ഉത്തരവോ അനുമതിയോ ഇല്ലാതെ യാതൊന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പാക് സേനയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
പാകിസ്താന്റെ സിന്ധ് പ്രവിശ്യയിലുണ്ടായിരുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നല്ലോ. അദ്ദേഹവും മറ്റൊരു മുതിര്‍ന്ന ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത് സിങും ജിന്നയെ വിലയിരുത്തുന്നതില്‍ തെറ്റുപറ്റിയതായി 2005ല്‍ വിശദീകരിച്ച സംഭവവും ഓര്‍ക്കാവുന്നതാണ്.

ഇമ്രാന്റെ പ്രത്യയശാസ്ത്രം

തന്നെ വിലയിരുത്തുന്നത് നേരത്തെ ആകരുതെന്ന് ഇമ്രാന്‍ ഉപദേശിക്കുന്നുണ്ട്. താന്‍ പ്രധാനമന്ത്രിയായാല്‍ മോശമായ കാര്യങ്ങള്‍ മാത്രമാവും സംഭവിക്കുകയെന്ന ഇന്ത്യന്‍ നിലപാടാണ് ഇമ്രാനെ കൊണ്ട് അതുപറയിച്ചതെന്നു വ്യക്തം. കളിക്കളത്തിലെ ചൂടനായ ബൗളറാകും ഭരണ തലപ്പത്തെ ഇമ്രാനെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചിരുന്നു.
ഇമ്രാന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ഇപ്പോഴേ അപഗ്രഥിച്ചാല്‍ അത് ശൈശവദശയിലേതായിപ്പോകും. ഇനി ബാല്യ-കൗമാര-യൗവന കാലങ്ങള്‍ വരാനിരിക്കുന്നതല്ലേയുള്ളൂ. എങ്കിലും ദൈവദൂഷണത്തിനെതിരായ എന്തിനെയും താന്‍ എതിര്‍ക്കുമെന്നും മതനിന്ദ സഹിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചത് നിലപാടുകളിലേക്കുള്ള ചുവടുവയ്പായി കാണേണ്ടതുണ്ട്. ഉപഭൂഖണ്ഡത്തിനു ഗുണകരമാകും വിധം ഇന്ത്യയുമായി വ്യാപാര ബന്ധത്തിന് താല്‍പര്യമുണ്ടെന്നും ഇന്ത്യ ഒരു ചുവടുവച്ചാല്‍ രണ്ടു ചുവടുവയ്ക്കാന്‍ തയാറാണെന്നും ഇമ്രാന്‍ സൂചന നല്‍കുന്നത് സദുദ്ദേശപരമാണ്. എന്നാലും, ചൈനയുമായും മറ്റും ബന്ധം ശക്തമാക്കാനുള്ള നീക്കം ഇന്ത്യ ബന്ധത്തിന് ഗുണകരമായിരിക്കില്ലെന്നാണ് കരുതേണ്ടത്.

ഇന്ത്യയുടെ പ്രതികരണം

ഇമ്രാന്‍ പ്രധാനമന്ത്രിയാകുമെന്നുറപ്പായതിനുപിന്നാലെ കേന്ദ്ര മന്ത്രി ആര്‍.കെ.സിങിന്റെ പ്രതികരണം ഉണ്ടായി. ഇമ്രാന്‍ വന്നാലും ഇന്ത്യ-പാക് ബന്ധത്തില്‍ മാറ്റങ്ങളുണ്ടാവുമെന്നു തോന്നുന്നില്ല. കാരണം, സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അവരുടെ നയ രൂപീകരണമെന്നായിരുന്നു അത്.
രാഷ്ട്രീയ-നയതന്ത്ര വിദഗ്ധരുടെ അഭിപ്രായവും ഇതില്‍നിന്ന് ഏറെ വ്യത്യസ്തമല്ല. പാക് സൈന്യത്തിന്റെ ആശിര്‍വാദത്തോടെയാണ് ഇമ്രാന്‍ അധികാരത്തിലെത്തുന്നതെന്നതിനാല്‍ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കശ്മിര്‍ പ്രശ്‌നം

കശ്മിരാണ് ഇന്ത്യ-പാക് ബന്ധത്തിലെ ആണിക്കല്ലെന്നാണ് ഇമ്രാന്റെ പക്ഷം. ചര്‍ച്ചകളിലൂടെ അത് പരിഹരിക്കണമെന്നും ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാനെങ്കിലും കഴിയണമെന്നും അദ്ദേഹം പറയുന്നു. അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങളും സൈന്യത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഭീഷണിയും നിലനില്‍ക്കുമ്പോള്‍ ചര്‍ച്ചാ നിര്‍ദേശം സ്വീകാര്യമാകുമെന്ന് തോന്നുന്നില്ല. ഭീകരപ്രവര്‍ത്തനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന ഇന്ത്യന്‍ നിലപാട് അറിയാത്ത ആളല്ലല്ലോ ഇമ്രാന്‍. സൈന്യത്തിന്റെ നിലപാടുകളില്‍ നിന്നു വിഭിന്നമായി ഇമ്രാന് അഭിപ്രായമുണ്ടായേക്കാനും സാധ്യതയില്ല. ഇന്ത്യയില്‍ അടുത്ത വര്‍ഷമാദ്യത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പാകിസ്താനോട് സന്ധി ചെയ്ത് തെരഞ്ഞെടുപ്പിന് പോകാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുനിയുമെന്ന് കരുതുകയും വയ്യ. മാത്രമല്ല, കശ്മിരില്‍ 30 വര്‍ഷമായി ഇന്ത്യന്‍ സേന മനുഷ്യാവകാശ ധ്വംസനം നടത്തുന്നതായ ഇമ്രാന്റെ നിലപാട് ഉള്‍ക്കൊള്ളാനും ഇന്ത്യക്കു സാധിക്കില്ല. ഇതൊക്കെ കശ്മിര്‍ പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നു.
സമാധാനപ്രിയരായ പാക് ജനത തീവ്ര-ഭീകര സംഘടനാ സ്ഥാനാര്‍ഥികളെ തോല്‍പിച്ചിരുന്നു. അതു ചൂണ്ടിക്കാട്ടുന്നത് സൈന്യത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ തള്ളുന്നു എന്നാണ്. എന്നാല്‍ സൈന്യത്തെ കൊള്ളാതെ ജനപ്രിയ നേതാവാകാന്‍ ഇമ്രാന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ജിന്ന വിഭാവനം ചെയ്യുന്ന പാകിസ്താനാവുമ്പോള്‍ ഇമ്രാന് ശക്തമായ തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് സാരം.
പാക് തെരഞ്ഞെടുപ്പ് കാലത്ത് അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ കുറഞ്ഞതുതന്നെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സേനയുടെ പിന്തുണ കുറഞ്ഞതിനാലാണെന്ന് മനസിലാക്കാം. പാക് സേനാത്തലവന്‍ ഖമര്‍ ജാവേദ് ബജ് വ ഇമ്രാന്റെ നയങ്ങള്‍ക്ക് ശക്തിപകര്‍ന്നാല്‍ യുദ്ധക്കൊതിയന്‍മാരായ സൈനിക ജനറല്‍മാരെ പിന്തിരിപ്പിക്കുന്നതില്‍ വിജയിച്ചേക്കാം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ