മിസോറമിലെ പുതിയ സെക്രട്ടറിയേറ്റ് കെട്ടിടം
കുടിയന്‍മാരും നിര്‍ണായകം
കള്ളുകുടിയ്ക്കുന്നവരുടെ ശൗര്യവും വീറും ഈ തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്നാണ് കരുതേണ്ടത്. കാരണം, ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനും ഭരണം പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന ബി.ജെ.പിക്കും പ്രധാന പ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ടിനും പുറമേ ഏഴു രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിയുണ്ടാക്കി രംഗത്തുവന്നിരിക്കുന്നു. അവരുടെ സുപ്രധാന വാഗ്ദാനം മിസോറമിനെ ലഹരി വിമുക്ത സംസ്ഥാനമാക്കുമെന്നാണ്. ലഹരിക്ക് വഴി തുറന്ന കോണ്‍ഗ്രസിനെതിരേയാണ് ഇവരുടെ പോരാട്ടം. വാഗ്ദാനത്തെ കുടിയന്‍മാര്‍ എങ്ങനെ കാണുമെന്ന് പ്രവചിക്കുക അസാധ്യം.
സെഡ്.പി.എം (സോറം പീപ്പിള്‍സ് മൂവ്‌മെന്റ്) എന്ന മുന്നണിയാണ് നാലാം മുന്നണിയായി രംഗത്തുള്ളത്. സോറം നാഷണലിസ്റ്റ് പാര്‍ട്ടി, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയവ പുതുതായി രൂപം കൊണ്ട സോറം എക്‌സോഡസ് മൂവ്‌മെന്റ് (സെഡ്.ഇ.എം) എന്നിവയാണ് മുന്നണിയിലുള്ളത്. മിസോറമില്‍ ഏറ്റവും പ്രചാരമുള്ള ഭാഷാദിനപത്രമായ വന്‍ഗ്ലെയ്‌നിയുടെ എഡിറ്റര്‍ കെ.സപ്ദാങയാണ് സോറം എക്‌സോഡസിന്റെ കണ്‍വീനര്‍.
മദ്യ ഉപഭോഗത്തില്‍ നിയന്ത്രണങ്ങള്‍ വച്ചുകൊണ്ട് 2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന നിയമം പൊളിച്ചടുക്കി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നാണ് സോറത്തിന്റെ വാഗ്ദാനം. എം.എല്‍.പി. ആക്ട് (മിസോറം ലിക്വര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ആക്ട്) നിലവില്‍ വരുന്നതിനു മുന്‍പ് മിസോറം മദ്യനിരോധിത സംസ്ഥാനമായിരുന്നു. ക്രൈസ്തവര്‍ക്ക് ഗണ്യമായ മുന്‍തൂക്കമുള്ള സംസ്ഥാനത്ത് മദ്യ നിരോധനം പുനസ്ഥാപിക്കുമെന്ന സോറം മുന്നണിയുടെ വാഗ്ദാനത്തിന് വോട്ടു ലഭിച്ചാല്‍ മിസോറമിന്റെ ചരിത്രം തിരുത്തപ്പെടും.
എം.എല്‍.പി.സി ആക്ട്
മദ്യ നിരോധനം പിന്‍വലിച്ച് എം.എല്‍.പി.സി ആക്ട് ഏര്‍പ്പെടുത്തിയതിലൂടെ മദ്യത്തിന്റെ വില്‍പനയും ഉപഭോഗവും നയന്ത്രിക്കുക മാത്രം മതിയെന്ന നയമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റേത്. നിയമമനുസരിച്ച് റേഷന്‍ കാര്‍ഡ് പോലെ ലിക്വര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കാര്‍ഡ് ഉടമകള്‍ക്ക് ഏറിയാല്‍ ആറു കുപ്പി മദ്യമോ 12 കുപ്പി ബിയറോ പ്രതിമാസം വാങ്ങാം. 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാന എക്‌സൈസ് വകുപ്പാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 500 രൂപ മുടക്കി രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കാവുന്ന കാര്‍ഡുകള്‍ 300 രൂപ അടച്ച് വര്‍ഷം തോറും പുതുക്കുകയുമാവാം. നിലവില്‍ 30 ചില്ലറ വില്‍പനശാലകളും രണ്ടു ബാറുകളും മാത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയ യുവതലമുറ അക്രമത്തിലേക്കും വഴിവിട്ട നടപടികളിലേക്കും കടന്നതില്‍ കോണ്‍ഗ്രസിന് ഏറെ പഴി ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
ചരിത്രമായി സഖ്യം
ഈ വര്‍ഷമാദ്യം മിസോറമിലെ ചക്മ ഗോത്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രൂപം കൊണ്ട ഒരു സഖ്യം ചരിത്രമായി. ബി.ജെ.പിയും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടാണ് 20 അംഗ കൗണ്‍സിലിലേക്ക് മത്സരിച്ചത്. മിസോ നാഷണല്‍ ഫ്രണ്ടിനെ ഭരണത്തില്‍ നിന്നു പുറത്താക്കുക എന്ന ഏക അജണ്ടയിലായിരുന്നു അത്. ബി.ജെ.പിക്ക് അഞ്ചും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് ആറും സീറ്റു ലഭിച്ചപ്പോള്‍ ബാക്കി എം.എന്‍.എഫിനായിരുന്നു. ബുദ്ധമത വിശ്വാസികള്‍ക്ക് സ്വയംഭരണം നല്‍കുന്നതും 1972ല്‍ രൂപീകൃതമായതുമായ കൗണ്‍സിലാണിത്. വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യമെന്ന പേരില്‍ ബി.ജെ.പി രൂപീകരിച്ച സഖ്യത്തില്‍ അംഗമായിരുന്നു എം.എന്‍.എഫ് എന്നിരിക്കേ അവര്‍ക്കെതിരേ തന്നെ ബി.ജെ.പി മത്സരിച്ചത് അവരെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ മിസോറമില്‍ സഖ്യത്തിനില്ലെന്ന നിലപാടിലാണ് ആ പാര്‍ട്ടി. എങ്കിലും അവരെ കൂടെക്കൂട്ടാനുള്ള ശ്രമം ബി.ജെ.പി കൈവിട്ടിട്ടില്ല.
ബ്രൂ അഭയാര്‍ഥികള്‍
രണ്ടു ദശകങ്ങളായി സംസ്ഥാനം അഭിമുഖീകരിച്ചുവന്നതാണ് ബ്രൂ ഗോത്ര വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍. മിസോറമില്‍ വംശീയ കലാപമുണ്ടായതിനെതുടര്‍ന്ന് ജീവനുംകൊണ്ട് ത്രിപുരയില്‍ അഭയം തേടിയവരാണിവര്‍. സ്വദേശത്തേക്ക് മടങ്ങാന്‍ ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴൊക്കെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെവികൊടുത്തില്ല. ഇപ്പോള്‍ അയ്യായിരത്തോളം വരുന്ന ഈ കൂടുംബങ്ങളെ സംസ്ഥാനത്ത് പുനരധിവസിപ്പിക്കാന്‍ കേന്ദ്രവും മിസോറം-ത്രിപുര സര്‍ക്കാരുകളും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. 32,876 പേരടങ്ങുന്ന ഇവരുടെ വോട്ടും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.
2013ലെ ഫലം
മിസോറമില്‍ 40 നിയമസഭാ സീറ്റുകളാണുള്ളത്. 2013ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. മിസോ നാഷണല്‍ ഫ്രണ്ട് അഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സിനായിരുന്നു ഒരു സീറ്റ്. ബി.ജെ.പി 17 സീറ്റുകളില്‍ മത്സരിച്ചെങ്കിലും സംപൂജ്യരായി.
2014ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിസോറമിലെ ഏക സീറ്റും കോണ്‍ഗ്രസിനായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ