അറുപത്തഞ്ച് വര്‍ഷം മുന്‍പ് 1953 ജൂലൈ 15നായിരുന്നു ആ സംഭവം. ഭാഷാ സ്‌നേഹം തമിഴ് വികാരവും കത്തിനില്‍ക്കുന്ന സമയം. ഉത്തരേന്ത്യന്‍ വ്യവസായിയുടെ പേരിലറിയപ്പെട്ടിരുന്ന ഡാല്‍മിയാപുരത്തിന്റെ പേര് പച്ചത്തമിഴില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ദ്രാവിഡ മുന്നേറ്റ കഴകം നടത്തിവരുന്ന പ്രക്ഷോഭം. ഡാല്‍മിയ സിമെന്റ് മുതലാളി ഡാല്‍മിയയുടെ പേരിലാണ് കല്ലുകുഡി എന്ന ഗ്രാമം അറിയപ്പെട്ടത്.
ഡാല്‍മിയാപുരം റെയില്‍വേ സ്റ്റേഷന്റെ പേര് ഉണ്ടായിരുന്നിടത്തെല്ലാം ഡി.എം.കെ പ്രവര്‍ത്തകര്‍ കല്ലുകുഡിയെന്ന പോസ്റ്റര്‍ പതിച്ചു.
രാവിലെ പത്തുമണിയോടെ റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു സമരം. ഇതിനിടെ ഒരു ട്രെയിന്‍ കടന്നുവന്നു. വളരെപ്പെട്ടെന്ന് സമരക്കാര്‍ക്കിടയില്‍ നിന്നു ഒരു യുവാവ് റെയില്‍വേ പാളത്തിലേക്ക് ചാടിയിറങ്ങി. വിലങ്ങനെ നീണ്ടുനിവര്‍ന്നു കിടന്നു മുദ്രാവാക്യം മുഴക്കി. പ്രക്ഷോഭകര്‍ പോലും എന്തെന്നു മനസിലാക്കുന്നതിനു മുന്‍പ് മറ്റ് നാലുപേര്‍ കൂടി യുവാവനൊപ്പമെത്തി. ആവേശം കൊണ്ട പ്രവര്‍ത്തകരുടെ പ്രതിഷേധം ഉച്ചസ്ഥായിലായി. അപകടം മനസിലാക്കിയ പൊലിസ് അയ് വര്‍ സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ് നാടിന്റെ ചരിത്രം മാറ്റി മറിച്ച ഈ സമരത്തില്‍ ട്രെയിനിനു മുന്നില്‍ കിടന്ന് അവകാശം നേടിയെടുക്കാന്‍ പോരാടിയ പോരാളിയായ ആ യുവാവാണ് മുത്തുവേല്‍ കരുണാനിധിയെന്ന എം.കരുണാനിധി. തമിഴ് നാടിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഹായസിലേക്കുള്ള കരുണാനിധിയുടെ രംഗപ്രവേശത്തിനാണ് ഈ സമരം സാക്ഷ്യം വഹിച്ചത്.\
കരുണാനിധിയെയും മറ്റും അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമാകുകയും പൊലിസ് ലാത്തിച്ചാര്‍ജിലും വെടിവയ്പിലും രണ്ടുപേര്‍ മരിക്കുകയും ചെയ്തു. കരുണാനിധിയെയും സംഘത്തെയും രണ്ടഅഞ്ചു മാസം തടവിനു ശിക്ഷിച്ചു. 35 രൂപ പിഴയും. പിഴയൊടുക്കാന്‍ വിസമ്മതിച്ചതിന് ഒരുമാസം കൂടി ജയില്‍. ജയില്‍ മോചിതനായ കരുണാനിധി പിന്നീട് ജനങ്ങളുടെ കല്ലാകുഡി വീരര്‍ (കല്ലാകുഡി നായകന്‍) ആയി അറിയപ്പെട്ടു. സമരം തുടര്‍ന്നു. പേരുമാറ്റാന്‍ കേന്ദ്ര സര്‍ക്കാരും അന്നത്തെ മദ്രാസ് സംസ്ഥാന സര്‍ക്കാരും വിസമ്മതിച്ചു. എന്നാല്‍ ഒരു കൊടുങ്കാറ്റുപോലെ 1967ല്‍ ഭരണം പിടിച്ചെടുത്ത ഡി.എം.കെ ഡാല്‍മിയാപുരം റെയില്‍വേസ്റ്റേഷന്റെ പേര് കല്ലാകുഡി എന്നാക്കി. ഇന്ന് റെയില്‍വേ സ്റ്റേഷനും പരിസരവും കല്ലാകുഡിയാണെങ്കിലും ഈ നഗരത്തിന് പേര് ഡാല്‍മിയാപുരമെന്നുതന്നെയാണ്. ഈ സമരം തമിഴ് ഏടുകളില്‍ പ്രമുഖ സ്ഥാനത്തൊന്നുമില്ലെങ്കിലും കരുണാനിധിയെന്ന ജനനായകന്‍ വരവറിയിച്ച സമരമായിരുന്നു അത്. ജാത്യടിസ്ഥാന പഠനത്തിനും ഹിന്ദി ഭാഷയ്ക്കുമെതിരേ നടത്തിയ സമരങ്ങളും ശ്രദ്ധേയങ്ങളായിരുന്നു.
ദ്രാവിഡ മുന്നേറ്റത്തിന് തിരികൊളുത്തിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായി അറിയപ്പെടുന്ന പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരാണ് കരുണാനിധിയില്‍ ഭാഷാ ബോധവും നാടെന്ന വികാരവും വളര്‍ത്തിയത്. കൗമാരദശയില്‍ തുടങ്ങിയ ആ അഭിനിവേശം ദ്രാവിഡ ആശയ പ്രചാരകനായിരുന്ന സി.എന്‍.അണ്ണാദുരൈ 1949ല്‍ ഡി.എം.കെ രൂപീകരിച്ചതോടെ 25ാം വയസില്‍ കരുണാനിധി അതില്‍ അഗമായി.
ദശാബാദങ്ങള്‍ക്കിപ്പുറം 2015 ജനുവരി ഒന്‍പതിന് ഡി.എം.കെ ജനറല്‍ കൗണ്‍സിലില്‍ കരുണാനിധി ദ്രാവിഡാശയം കൈവിട്ടിട്ടില്ലെന്നത് ആവര്‍ത്തിച്ചത് ഓര്‍മിക്കണം.
'തമിഴ് നാട് തമിഴര്‍ക്കു മാത്രമെന്നത് യാഥാര്‍ഥ്യമാക്കാനായില്ല. അടുത്തകാലത്തൊന്നും അത് യാഥാര്‍ഥ്യമാക്കാനുമാവില്ല. എങ്കിലും തമിഴ് ഭാഷയെയും തമിഴരെയും പാര്‍ട്ടിയെയും സംരക്ഷിക്കാന്‍ നമുക്ക് ദൃഢനിശ്ചയമുണ്ടായിരിക്കണം.'
സ്വതന്ത്ര തമിഴകത്തിനുവേണ്ടി (ദ്രാവിഡ നാട് എന്നപേരില്‍ നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാങ്ങളെ അംഗീകരിക്കുക) പ്രക്ഷോഭം നയിച്ച പാര്‍ട്ടിയാണ് ഡി.എം.കെ. 1963ല്‍ ഭരണഘടനയുടെ 16ാം ഭേദഗതിയില്‍ ഇത്തരം വാദങ്ങളുന്നയിക്കുന്നവരെ വിഘടനവാദികളായി കാണണമെന്ന നിയമം വന്നതോടെ ഡി.എം.കെ ഈ ആവശ്യത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. എങ്കിലും ഈ വികാരം ഇന്നും ഡി.എം.കെയുടെ ഉള്ളില്‍ എരിയുന്ന തീ തന്നെയാണ്.
കരുണാനിധിക്ക് മാത്രം അവകാശപ്പെട്ടതാണ് നാടെന്ന വികാരവും സ്വപ്‌നവും. തമിഴെന്ന പൊരുളും. അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയാറായ മഹാനായ നേതാവായാവും കാലം അദ്ദേഹത്തെ കുറിച്ചുവയ്ക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ