പ്രകൃതിക്ഷോഭങ്ങളെ നമുക്ക് നിയന്ത്രിക്കാനാവില്ല. ഏതു മുന്നൊരുക്കത്തെയും അതു നശിപ്പിക്കും. അത് അപ്രതീക്ഷിതമായിരിക്കും. മനുഷ്യനിര്‍മിത പ്രകൃതിക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്ക് ജീവഹാനി നേരിടുമ്പോള്‍ അത് മനപൂര്‍വമല്ലാത്ത നരഹത്യയായി നിര്‍വചിക്കപ്പെടണം. പ്രളയത്തില്‍ നൂറുകണക്കിന് ജനങ്ങള്‍ക്ക് ജീവഹാനി നേരിട്ട കേരളത്തില്‍ ലക്ഷങ്ങള്‍ ഭവനരഹിതരായി. ആയിരങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പറയുമ്പോഴും കുറ്റവാളികള്‍ കാണാമറയത്തുതന്നെയാണ്.
നികുതിദായകരുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കേണ്ടത് ഉത്തരവാദിത്വമാണെന്നിരിക്കേ ഭരണാധികാരികള്‍ക്ക് എളുപ്പത്തില്‍ കൈകഴുകി രക്ഷപ്പെടാന്‍ കഴിയില്ല. മാറി മാറി കേരളം ഭരിച്ച് മുടിച്ചവര്‍ക്ക് പാപഭാരത്തില്‍ നിന്ന് മുക്തമാകാനുമാവില്ല. വികസനത്തിന്റെ മറവില്‍ നടന്ന ഭൂമി കയ്യേറ്റം, നദീതട കയ്യേറ്റം, തണ്ണീര്‍ത്തടം നികത്തല്‍, അനിയന്ത്രിത നിര്‍മാണങ്ങള്‍ ഇതൊക്കെയും പ്രളയത്തിന്റെ ഭീകരത വര്‍ദ്ധിപ്പിച്ചു. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ വികസന ആശയം തന്നെ പുനര്‍നിര്‍വ്വചനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരല്ല അതിന് ഉത്തരവാദിയെന്നു പ്രത്യേകം പറയേണ്ടതില്ല. ഉദ്യോഗസ്ഥവൃന്ദങ്ങളും വന്‍കിട മുതലാളിമാരും ചില രാഷ്ട്രീയ പിന്തിരിപ്പന്‍മാരും കൂടി സ്‌പോണ്‍സര്‍ ചൈതതാണ് പ്രളയമെന്നതില്‍ തര്‍ക്കമില്ല. മഴവെള്ളം നിറഞ്ഞുകിടന്ന മേഖലകളിലേക്ക് നിരുത്തരവാദപരമായി ഡാം തുറന്നുവിട്ടതിനും മുന്നറിയിപ്പ് നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. ഭാവിയില്‍ ഇതിനെതിരേ കരുതലുണ്ടായേ മതിയാവൂ.
അടിസ്ഥാന വികസനം
ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അടിസ്ഥാന വികസനത്തിന് മാറ്റിവെക്കുന്ന തുക എത്രമാത്രം വിനിയോഗിക്കപ്പെട്ടെന്ന കണക്കുകള്‍ പുറത്തുവിടണം. ഇത് ഓഡിറ്റിങിലൂടെ കണ്ടെത്തിയാല്‍ മൂക്കത്തു വിരല്‍ച്ചുപോകും. നീക്കിവച്ചതിന്റെ നാലിലൊന്നുപോലും അതിനുമാത്രമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. അതുകൊണ്ടാണല്ലോ ഓടകള്‍ ഇന്നും അടഞ്ഞുതന്നെ കിടക്കുന്നത്. അപ്പോള്‍ കുറ്റപ്പെടുത്തേണ്ടത് ആരെയാണ്? അടിസ്ഥാനവികസനം ഒച്ചിഴയുന്നതുപോലെ പോകുന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പങ്കുണ്ട്. ബജറ്റില്‍ ഒരു പ്രദേശത്തെ അടിസ്ഥാന വികസനത്തിന് എത്ര തുക മാറ്റിവച്ചു എന്നു പരിശോധിക്കണം. അത് എല്ലാവര്‍ഷവും വര്‍ധിപ്പിക്കണം. ബജറ്റില്‍ ഒരു അഴിച്ചുപണി ആവശ്യമാണെന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതോടെ അടിസ്ഥാന സൗകര്യം വികസിക്കുന്നെന്ന ധാരണ വേണ്ട. കുത്തക കമ്പനികള്‍ക്കൊന്നും പഴയ താല്‍പര്യമില്ല. എല്ലാവരും പിന്‍വലിഞ്ഞതോടെ വികസന പ്രക്രിയ കൂപ്പുകുത്തിയ അവസ്ഥയിലാണിന്ന്. പദ്ധതികളില്‍ 80 ശതമാനം കുറവ് അനുഭവപ്പെടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ താളം തെറ്റി. വിദേശങ്ങളില്‍ മോദി നടത്തുന്ന റോഡ് ഷോകള്‍ക്ക് രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ മുന്നോട്ട് നയിക്കാനാവില്ലെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.
കണക്കുകള്‍ ഇങ്ങനെ
കേരളമെന്നല്ല, ഇന്ത്യയുടെ പല ഭാഗങ്ങളും പ്രളയഭീഷണിയിലാണ്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ഭൂപ്രദേശത്തില്‍ 15 ശതമാനം എല്ലാ വര്‍ഷവും പ്രളയം അഭിമുഖീകരിക്കുന്നു. ശരാശരി 2000 പേര്‍ക്കെങ്കിലും പ്രതിവര്‍ഷം ജീവഹാനി ഉണ്ടാകുന്നു. കാര്‍ഷിക-പാര്‍പ്പിട മേഖലകളിലുള്‍പ്പെടെ 20 ദശലക്ഷം ഏക്കര്‍ ഭൂമി നശിക്കുന്നു. 2000 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാകുന്നു. ഇത് ശരാശരി കണക്കാണ്. എല്ലാ വര്‍ഷവും തുടരുന്ന പ്രതിഭാസമാണെന്നിരിക്കെ നിയന്ത്രിക്കാനാവാത്തത് ഭരണ സംവിധാങ്ങളുടെ പിടിപ്പുകേടായേ നിര്‍വചിക്കാനാവൂ.
കേരളം പ്രളയക്കെടുതിയില്‍നിന്ന് രക്ഷപ്പെട്ടു എന്നു പറയുന്നത് കര്‍ഷകരും ബാങ്കുകളും രക്ഷപ്പെട്ടു എന്നു പറയുന്നതിനു തുല്യമാണ്. ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും തുടച്ചുനീക്കിയാണ് പ്രളയം കടന്നുപോയത്. ദേശീയ ശരാശരിയില്‍ മൂന്നു ശതമാനം മാത്രമാണ് കേരളത്തില്‍ ബാങ്കുകള്‍ നല്‍കിയിരിക്കുന്ന കാര്‍ഷിക വായ്പയെങ്കിലും അത് ഈടായി തിരികെ പിടിക്കാന്‍ ബാങ്കുകള്‍ക്കു പരിമിതിയുണ്ട്.
സര്‍ക്കാര്‍ സംവിധാനം
പ്രകൃതി ക്ഷോഭം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിലവിലുണ്ട്. ശാസ്ത്രീയ വിശകലനത്തിലൂടെ കണ്ടെത്താനും വിശദീകരിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും ഈ ഏജന്‍സികള്‍ക്ക് പ്രാപ്തിയുമുണ്ട്. എന്നാല്‍ ഈ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കാറില്ല. ഫലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍ രക്ഷാസംവിധാനം പ്രാവര്‍ത്തികമാക്കുന്നതില്‍ അലംഭാവം കാട്ടുന്നു. ഇതൊക്കെ വെറും ആരോപണങ്ങളാണെന്നു കരുതരുത്.
കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. കാലാകാലങ്ങളില്‍ ഈ ഏജന്‍സികള്‍ നല്‍കുന്ന പ്രോജക്ട് ഡിസൈനുകള്‍ എല്ലാംതന്നെ ഫണ്ടിന്റെ അപര്യാപ്തത മൂലം തള്ളിക്കളയുകയോ കാലഹരണപ്പെടുകയോ ചെയ്യലാണ് പതിവ്.
ഉദാഹരണത്തിന്, പ്രളയം മുന്‍കൂട്ടി പ്രവചിക്കാനാവുന്ന 219 ടെലിമെട്രി സ്റ്റേഷനുകള്‍ രാജ്യമാകെ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ നാലിലൊന്നുപോലും ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ഗൗരവമേറിയ വിശയമാണ്. അതുപോലെ നേരത്തേ സ്ഥാപിച്ച ഇത്തരം 375 സ്‌റ്റേഷനുകളില്‍ 60 ശതമാനവും പ്രവര്‍ത്തനക്ഷമമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇനിയുള്ള കാലത്തും സാധാരമക്കാര്‍ മുങ്ങിച്ചാവുമെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന പാഠം.
കേരളത്തിന്റെ അവസ്ഥ
രാജ്യത്തെ പ്രകൃതിക്ഷോഭ പരിശോധനാ സംവിധാനത്തിനും ദുരന്ത നിവാരണ മാര്‍ഗങ്ങള്‍ക്കും ദശാബ്ദങ്ങള്‍ പഴക്കമുണ്ട്. തെറ്റുകള്‍ കണ്ടെത്തി ഭാവിയില്‍ തിരുത്താനുള്ള ഒരു സംവിധാനത്തിന്റെ അപര്യാപ്തത, പ്രത്യേകിച്ച് കേരളത്തില്‍, ഇന്നും ദൃശ്യമാണ്.
അണക്കെട്ടില്‍ നിന്ന് ഒരടി വെള്ളം തുറന്നുവിട്ടാല്‍ നദികളില്‍ എത്ര വെള്ളം കൂടുമെന്നതാണ് മുഖ്യമായി അറിയാനുള്ളത്. ഇതറിയാന്‍ ഇനിയും സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക ജ്ഞാനമില്ല. ഫ്‌ളഡ് മാപ്പ് എന്നറിയുന്ന ഇതിനുവേണ്ടി നാലുവര്‍ഷം മുന്‍പ് 280 കോടി രൂപയാണ് ലഭിച്ചത്. ഇന്നും മുടന്തുന്ന പദ്ധതി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് അറവ്. അതുവരെ ഡാം സേഫ്റ്റി കമ്മിറ്റി ചെയര്‍മാന്‍ പറയുന്നതുപോലെ പ്രളയം തടയാന്‍ കഴിയില്ല, അതു വരും ആളുകള്‍ മുങ്ങും. വളരെ നിസാരം.
സംസ്ഥാനങ്ങളിലെ വലിയ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈക്കൊള്ളേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അത് വിശകലനം ചെയ്ത് അണക്കെട്ട് തകരുന്നതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശം കണ്ടെത്താനും ദുരന്തനിവാരണത്തിന് മുന്‍കരുതലുകള്‍ നിര്‍ദ്ധേശിക്കാനും കഴിയും.
ഇന്ത്യയില്‍ അയ്യായിരത്തോളമുള്ള അണക്കെട്ടുകളില്‍ ഏഴു ശതമാനത്തിനുമാത്രമാണ് ഒരു അടിയന്തര കര്‍മപദ്ധതി രൂപീകരിച്ചിട്ടുള്ളത്. കേരളത്തില്‍ 61 അണക്കെട്ടുകള്‍ ഉണ്ടെന്നിരിക്കേ അതിലൊരെണ്ണത്തിനുപോലും ഇത്തരം കര്‍മപദ്ധതികളില്ല. ഇത് വിരല്‍ ചൂണ്ടുന്നത് അധികാരിവര്‍ഗത്തിനു നേരേതന്നെയല്ലേ.
ദേശീയ ജല പദ്ധതി
കേന്ദ്ര ജല വിഭവ വകുപ്പിന് കീഴിലാണ് ദേശീയ ജല പദ്ധതി രൂപീകരിക്കുന്നത്. ജല വിഭവം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. 1987 സെപ്റ്റംബറിലാണ് ദേശീയ ജല പദ്ധതി അംഗീകരിക്കപ്പെട്ടത്. ഇത് 2002ലും തുടര്‍ന്ന് 2012ലും പരിഷ്‌കരിച്ചിട്ടുണ്ട്. അതായത് ഇന്നു തുടരുന്ന പദ്ധതി 2012ല്‍ പരിഷ്‌കരിച്ചതാണ്. ആറു വര്‍ഷം കഴിഞ്ഞാലും പ്രകൃതിക്ക് മാറ്റമുണ്ടാവില്ലെന്ന കണക്കൂട്ടലുകള്‍ കൂടുതല്‍ ദുരന്തങ്ങളിലേക്കാവും നയിക്കുക. ദേശീയ ജല പദ്ധതിയില്‍ കാലവര്‍ഷത്തിനുമുന്‍പും ശേഷവും അണക്കെട്ടുകള്‍ വിലയിരുത്തേണ്ടതുണ്ട്. രണ്ടു സംസ്ഥാനങ്ങളിലൊഴികെ അടുത്തകാലത്തൊന്നും ഇത്തരത്തില്‍ വിലയിരുത്തലുകളുണ്ടായിട്ടില്ല. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ദേശീയ ജല പദ്ധതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ ഈ സംസ്ഥാനങ്ങള്‍ തിരുത്താന്‍ സന്നദ്ധമായിട്ടില്ലെന്നത് ഭരണനിര്‍വ്വഹണത്തിലെ കെടുകാര്യസ്ഥതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അണക്കെട്ടുകളുടെ സംരക്ഷണത്തിനും പരിശോധനകള്‍ക്കും തുഛമായ തുകയാണ് ബജറ്റുകളില്‍ വകയിരുത്താറുള്ളത്. ഇത് ഉപയോഗിക്കാതിരിക്കുകയോ വകമാറ്റി ചെലവവഴിക്കുകയോ ആണ് ചെയ്യാറുള്ളത്.
കേരളത്തിലും അപര്യാപ്തം
അടിസ്ഥാന വികസനമെന്നത് വ്യവസായവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും നിര്‍വ്വചിക്കപ്പെടാറിള്ളത്. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങളിലെ അടിസ്ഥാന വികസനം എന്നത് പ്രളയം നേരിടാനുള്ള മുന്‍കരുതലാണ് അടിസ്ഥാന വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം അടിയന്തരാവശ്യങ്ങള്‍ക്ക് പണം കണ്ടെത്താതെ വോട്ടുമാത്രം ലക്ഷ്യമിട്ട് കാര്‍ഷികമേഖല പോലെ ജനപ്രിയ പദ്ധതികളില്‍ പണം ചെലവഴിക്കുകയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചെയ്യുന്നത്. കൃഷി നാശം എങ്ങനെ സംഭവിക്കുന്നു എന്നും അതിനു പരിഹാരമെന്തെന്നും കണ്ടെത്താതെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില കൂട്ടുന്നത് പണച്ചെലവുണ്ടാക്കുമെന്നല്ലാതെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നു രക്ഷ നല്‍കില്ല. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ താങ്ങുവില 50 ശതമാനം കണ്ടുയര്‍ത്തിയത് ഇത്തരുണത്തില്‍ ഓര്‍ക്കുക. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി സര്‍ക്കാരിനെ ജനപ്രിയമാക്കുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ജാഗ്രത കാണിക്കാത്തത് കര്‍ഷകരോടുള്ള അനീതിയാണ്. ബജറ്റില്‍ കാണിക്കുന്ന ചെപ്പടി വിദ്യകളിലൂടെ കര്‍ഷകരെയും വ്യവസായികളെയും ജനങ്ങളെയും വോട്ട് നേടാന്‍ കഴിഞ്ഞേക്കും. പക്ഷേ ഓരോ പ്രകൃതി ദുരന്തങ്ങളിലും ഉണ്ടാകുന്ന ജീവനുകളെ തിരികെ പിടിക്കാന്‍ അത് പര്യാപ്തമല്ലെന്ന് ഭരണാധികാരികള്‍ മനസിലാകുന്നിടത്താണ് പ്രായോഗിക വികസനം.
കേന്ദ്ര ബജറ്റ്- പ്രളയ നിയന്ത്രണത്തിനും കര്‍ഷക ക്ഷേമത്തിനും നീക്കിവച്ച തുക
2016-2017
ജല വിഭവ വികസനം 4700 കോടി
കൃഷി, കര്‍ഷക ക്ഷേം 36900 കോടി
2017-1018
ജല വിഭവ വികസനം 7700 കോടി
കൃഷി, കര്‍ഷക ക്ഷേം 41100 കോടി
2018-2019
ജല വിഭവ വികസനം 8900 കോടി
കൃഷി, കര്‍ഷക ക്ഷേം 46700 കോടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ