2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

വാജ്‌പേയി..ജനപ്രിയന്‍, രാജ്യതന്ത്രജ്ഞന്‍


രാജ്യത്ത് പാര്‍ട്ടി ഭേദമന്യേ ഏവരും ഒന്നുപോല ഇഷ്ടപ്പെടുന്ന നേതാവാണ് അടല്‍ ബിഹാരി വാജ്‌പേയി. രാഷ്ട്ര മീമാംസയില്‍ അടിയുറച്ച പ്രമുഖ രാജ്യതന്ത്രജ്ഞനായാണ് അടല്‍ജി എന്ന വാജ്‌പേയി രാജ്യത്തും പുറത്തും അറിയപ്പെടുന്നത്. ജനസ്വാധീനവും ഊര്‍ജപ്രഭാവവുമുള്ള ചുരുക്കം നേതാക്കളില്‍ ഒരാള്‍.
പൊളിടിക്‌സില്‍ ഒന്നാംക്ലാസ് ബിരുദാനന്തരബിരുദം നേടിയ ശേഷം നിയമ ബിരുദത്തിനുള്ള ശ്രമത്തിനിടെയാണ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകുന്നത്. സ്വന്തം പിതാവിന്റെ കൂടെ ഒരേ ബഞ്ചിലിരുന്ന് ഒരേ ഹോസ്റ്റല്‍ മുറിയില്‍ താമസിച്ച് നിയമം പഠിച്ച ചരിത്രം വാജ്‌പേയിക്കു മാത്രം അവകാശപ്പെട്ടതാകും. കാണ്‍പൂരിലെ ഡി.എ.വി കോളജിലാണ് വാജ്‌പേയി പിതാവിനൊപ്പം നിയമം പഠിച്ചത്. ബഹുമുഖ പ്രതിഭയായ വാജ്‌പേയി പത്രപ്രവര്‍ത്തനത്തിലും ഒരു കൈ നോക്കി. പത്രപ്രവര്‍ത്തകനാവുക എന്ന എക്കാലത്തെയും അഭിലാഷമാണ് അതിനു പ്രേരിപ്പിച്ചത്. എന്നാല്‍ പൊതുജനവുമായി ഇടപഴകാന്‍ കൂടുതല്‍ നല്ലത് രാഷ്ട്രീയമെന്നു മനസിലാക്കിയാണ് കറതീര്‍ന്ന ഈ രാഷ്ട്രീയക്കാരന്‍ തട്ടകം മാറ്റിയത്.

തൊഴിലും രാഷ്ട്രീയവും

ഉത്തര്‍പ്രദേശില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഹിന്ദി പത്രം രാഷ്ട്രധര്‍മത്തിലാണ് അദ്ദേഹം പത്രപ്രവര്‍ത്തകനായത്. തുടര്‍ന്ന് ഹിന്ദി വാരിക പാഞ്ചജന്യ, വീര്‍ അര്‍ജുന്‍, സ്വദേശി തുടങ്ങിയ ദിനപത്രങ്ങളിലും അദ്ദേഹം മികവ് തെളിയിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ ആര്യ കുമാര്‍ സഭയുമായി ബന്ധപ്പെട്ട് സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മോത്സുകനായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിന്റെ വലതുപക്ഷ മുഖം അദ്ദേഹത്തില്‍ ചാര്‍ത്തിക്കൊടുക്കുന്നവര്‍ വാജ്‌പേയി എന്ന അടിസ്ഥാന കമ്യൂണിസ്റ്റുകാരനെ കാണുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കമ്യൂണിസത്തില്‍ നിന്നാണ് സ്വായത്തമാക്കിയത്. പിന്നീട്, 1939ല്‍ ആര്‍.എസ്.എസില്‍ ആകൃഷ്ടനായ വാജ്‌പേയി, 1947ല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ തോളിലേറ്റി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു പോരാടിയ ഒരു കഥയും വാജ്‌പേയിക്കുണ്ട്. 1942ല്‍ ജ്യേഷ്ഠന്‍ പ്രേമിനൊപ്പം ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത വാജ്‌പേയിയെ ബ്രിട്ടീഷ് പട്ടാളം 23 ദിവസം കാരാഗൃഹത്തില്‍ അടച്ചു.
രാഷ്ട്രീയത്തില്‍ ആരെങ്കിലും ഗുരൂഭൂതനായുണ്ടെന്നു വാജ്‌പേയി സമ്മതിക്കുന്നുണ്ടെങ്കില്‍ അത് ശ്യാമ പ്രസാദ് മുഖര്‍ജിയെയായിരിക്കും. ഭാരതീയ ജനസംഘത്തിന്റെ അമരക്കാരനായിരുന്നു മുഖര്‍ജി. കശ്മിര്‍ സന്ദര്‍ശിക്കണമെങ്കില്‍ അനുമതി പത്രം കരുതണമെന്ന കരിനിയമത്തിനെതിരേ വാജ്‌പേയിയും ശ്യാമ പ്രസാദ് മുഖര്‍ജിയും മരണം വരെ നിരാഹാരമനുഷ്ഠിച്ചത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. 1953ല്‍ നടത്തിയ ഈ സമരം ചരിത്രത്തിലേക്ക് ചേക്കേറിയത് സമരത്തിനിടെ ശ്യാമപ്രസാദ് മുഖര്‍ജി മരിച്ചതോടെയാണ്. ഇത് തന്നെ തകര്‍ത്തുകളഞ്ഞ സംഭവങ്ങളിലൊന്നായാണ് വാജ്‌പേയി വിശദീകരിക്കാറുള്ളത്.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം നടന്ന രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പില്‍ 1957ല്‍ രണ്ടു മണ്ഡലങ്ങില്‍ നിന്നാണ് വാജ്‌പേയി ജനവിധി തേടിയത്. ഉത്തര്‍പ്രദേശിലെ  മഥുരയില്‍ പരാജയപ്പെട്ടെങ്കിലും ബല്‍റാംപൂരില്‍ വിജയം വരിച്ചു.

വാഗ്മിയെന്ന അംഗീകാരം

വാജ്‌പേയി ഇന്ത്യയിലെ പ്രമുഖ വാഗ്മിയെന്നാണ് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ കന്നിപ്രസംഗം തന്നെ അതിനുമകുടോദാഹരണമാണ്. അദ്ദേഹത്തിന്റെ വാഗ്‌ധോരണിക്കു പിന്നാലെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പ്രവചിച്ചത് വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന കാലം വിദൂരമല്ലെന്നായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രജ്ഞതയ്ക്ക് ഇതിനേക്കാള്‍ നല്ലൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
കാരണം വിരുദ്ധ ചേരികളിലായിരുന്നെങ്കിലും വാജ്‌പേയി രാഷ്ട്രീയത്തിനതീത ജ്ഞാനമുള്ളയാളാണെന്ന് നെഹ്രു അന്നേ മനസിലാക്കിയിരുന്നു എന്നതിന്റെ നേര്‍ച്ചിത്രമായിരുന്നു അത്. വാജ്‌പേയി തിരിച്ചങ്ങോട്ടും അങ്ങനെതന്നെയായിരുന്നു.
1977ല്‍ മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു വാജ്‌പേയി. സ്ഥാനാരോഹണം കഴിഞ്ഞ് മന്ത്രിക്കസേരയിലിരിക്കാന്‍ എത്തിയപ്പോള്‍  ചുവരില്‍ നിന്ന് നെഹ്രുവിന്റെ ചിത്രം മാറ്റിയിരിക്കുന്നതു ശ്രദ്ധിച്ചു സൗത്ത ബ്ലോക്കിലെ ഓഫീസ് മുറിയില്‍ നെഹ്രുവിന്റെ ചിത്രം കണ്ടിട്ടുള്ള വാജ്‌പേയി ഉടന്‍തന്നെ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അത് തനിക്ക് തിരികെ വേണം. അദ്ദേഹത്തിന്റെ മൂല്യം ഉയര്‍ത്തിയ ഒരു സംഭവമായി ഇത് വിലയിരുത്തപ്പെടുന്നു.

ഹിന്ദിക്ക് പ്രചാരണം, ഭാരത രത്‌ന

ഹിന്ദി രാഷ്ട്രഭാഷയാണെങ്കിലും മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലോക വേദികളില്‍ ഇംഗ്ലീഷാണ് ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്തും അതങ്ങനെതന്നെ. എന്നാല്‍ ഹിന്ദിയുടെ മഹത്വം ലോകത്തിനു മുന്നിലെത്തിച്ചത് വാജ്‌പേയിയായിരുന്നു.
ഐക്യരാഷ്ട്ര സഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചായിരുന്നു അത്. യു.എന്നില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ നേതാവും അദ്ദേഹമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന ലഭിച്ച പ്രതിഭയായിരുന്നു അദ്ദേഹം. 2014 ഡിസംബര്‍ 25ന് പ്രഖ്യാപിച്ച അവാര്‍ഡ് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി 2015 മാര്‍ച്ച് 27ന് വാജ്‌പേയിയുടെ വീട്ടിലെത്തിയാണ് സമര്‍പ്പിച്ചത്.

മൂന്നുവട്ടം പ്രധാനമന്ത്രി പദത്തില്‍

മൂന്നുവട്ടം വാജ്‌പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയായി. 1996ലായിരുന്നു ആദ്യം മെയ് 16നു സത്യപ്രതിജ്ഞ ചെയ്ത് വെറും 13 ദിവസം മാത്രമാണ് അദ്ദേഹത്തിന് ആ പദവിയിലിരിക്കാനായയത്. 1998 മാര്‍ച്ച് 19നായിരുന്നു രണ്ടാം വട്ടം. അന്നും ഭാഗ്യം എതിരു നിന്നു. 13 മാസം മാത്രം നീണ്ട ഭരണത്തിനു തിരശീല വീണു. വീറോടെ പൊരുതി മൂന്നാം വട്ടവും പ്രധാനമന്ത്രിയായ വാജ്‌പേയി 1999 ഒക്ടോബര്‍ 13 മുതല്‍ അഞ്ച് വര്‍ഷക്കാലം ആ പദവിയില്‍ തുടര്‍ന്നു.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിച്ച് ജയിച്ച് ജനപിന്തുണ അറിയിച്ച നേതാവെന്ന സ്ഥാനവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. മണ്ഡലം മാറി മത്സരിക്കാന്‍ പേടിക്കുന്ന രാഷ്ട്രീയക്കാരുടെ കാലത്ത് നാല് തവണ നാല് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹം മത്സരിച്ചു ജയിച്ചു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായിരുന്നു അത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റേറിയനായിരുന്നവരില്‍ ഒരാളാണ് അദ്ദേഹം. ലോക്‌സഭയിലേക്ക് 11 തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ രാജ്യസഭാംഗവുമായിരുന്നു.

പോഖ്‌റാനിലെ അണുസ്‌ഫോടനം

1998 മെയ് 13ന് ഇന്ത്യ ആദ്യമായി അണുസ്‌ഫോടനം നടത്തി. പൊഖ്‌റാനില്‍ അണുപരീക്ഷണം നടക്കുമ്പോള്‍ അതിനു നാഴികക്കല്ലിട്ട് ചരിത്രത്തിലേക്കാണ് വാജ്‌പേയി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്. രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഓപറേഷന്‍ ശക്തി എന്ന പേരിലായിരുന്നു അണുപരീക്ഷണം. ലോക അണുശക്ത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് സ്ഥാനം നേടിക്കൊടുത്തത് ഈ പരീക്ഷണമായിരുന്നു.
പാകിസ്താനുമായി ഉറ്റസൗഹൃദം ആഗ്രഹിച്ചിരുന്നു അദ്ദേഹം. പാകിസ്താനെ പേടിസ്വപ്‌നമാക്കി നിര്‍ത്തുന്നതിനെ അദ്ദേഹം എന്നും എതിര്‍ത്തു. 1999 ഫെബ്രുവരി 19ന് ലാഹോറിലേക്ക് അദ്ദേഹം നടത്തിയ ബസ് യാത്ര ആരെയും അത്ഭുതപ്പെടുത്തി. സദാ ഇ സര്‍ഹദ് എന്നപേരിലായിരുന്നു ഈ ബസ് യാത്ര.
വാജ്‌പേയി വെറും രാഷ്ട്രീയ പ്രസംഗം നടത്തി വിടുവായിത്തം പറയുന്ന നേതാവല്ല. പറയുന്നത് ചെയ്യുമെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യം ലഭിച്ചു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി നേതാവിനെന്നപ്പുറം രാജ്യതാല്‍പര്യങ്ങള്‍ക്ക് അദ്ദേഹം മുന്‍തൂക്കം നല്‍കി. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ ചെവിക്കൊണ്ടിരുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചൂണ്ടിക്കാട്ടുന്നു.

കവിയാകാന്‍ മോഹിച്ച മാംസഭോജി

വാജ്‌പേയി എന്നും എപ്പോഴും ആഗ്രഹിച്ചിരുന്നത് ഒരു കവി ആകാനായിരുന്നു. ജനസേവന തല്‍പരത വരുമ്പോള്‍ കവിത മാറ്റിവച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നെങ്കിലും കവിത അദ്ദേഹത്തെ വിട്ടൊഴിഞ്ഞിരുന്നില്ല. പ്രാസഭംഗിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും കവിതകള്‍ പലപ്പോഴും കടന്നുവരാറുണ്ടായിരുന്നു. ഹിന്ദിയിലെ കവികളില്‍ പ്രമുഖ സ്ഥാനമുണ്ട് വാജ്‌പേയിക്ക്.
ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനമെങ്കിലും മാംസ ഭക്ഷണമായിരുന്നു വാജ്‌പേയിക്ക് എന്നും പ്രിയം. ഇന്നത്തെ സംഘ് പരിവാര്‍ രാഷ്ട്രീയം അദ്ദേഹത്തെ എങ്ങനെ കാണുമായിരുന്നു എന്ന് ഊഹിക്കാവുന്നതാണ്. ചെമ്മീനാണ് ഇഷ്ടഭക്ഷണം. ഓള്‍ഡ് ഡല്‍ഹിയിലുണ്ടായിരുന്ന കരിം എന്ന ഹോട്ടലിലെ നിത്യ സന്ദര്‍ശകനായിരുന്നു വാജ്‌പേയി. സിനിമയെ ഏറെ സ്‌നേഹിച്ചിരുന്ന വാജ്‌പേയി ഉറ്റ ചെങ്ങാതി എല്‍.കെ.അദ്വാനിക്കൊപ്പമായിരുന്നു സിനിമയ്ക്ക് പോകാറ്. ഇതേപ്പറ്റി അദ്വാനി മുമ്പ് പറഞ്ഞിട്ടുമുണ്ട്. എവിടേക്കെങ്കിലും പോകുമ്പോള്‍ സമ്മാനങ്ങള്‍ കരുതുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. ജാതി-മത-വര്‍ഗ-ചെറുപ്പ-വലുപ്പ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി. മധുരപ്രിയനായിരുന്ന വാജ്‌പേയിക്ക് കച്ചോരി, ബൂന്തി ലഡു എന്നിവ ഏറെ പ്രിയങ്കരമായിരുന്നെന്ന് ബന്ധുക്കള്‍ പറയാറുണ്ട്.
2000ാംമാണ്ട് അവസാനമാണ് വാജ്‌പേയിക്ക് ആരോഗ്യകരമായ അസ്വസ്ഥതകള്‍ ഉണ്ടായത്. 2001ല്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ വാജ്‌പേയിക്ക് 2009ല്‍ സ്‌ട്രോക്ക് നേരിട്ടു. ഇത് അദ്ദേഹത്തിന്റെ വാക്കുകളെ അടയ്ക്കുന്നതായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ