1924ലെ പ്രളയം
കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് കടന്നുപോയത്. 1924ലെ പ്രളയത്തിന് സമാനമാണെങ്കിലും അന്നുണ്ടായത്ര നാശനഷ്ടങ്ങള്‍ സാങ്കേതികവിധ്യ വികസിച്ച ഇന്ന് ഉണ്ടായില്ല. എന്നാല്‍ രണ്ടു വട്ടവും പ്രളയശേഷമുള്ള മലയാളിയുടെ അത്ഭുതാവഹമായ ഉയിര്‍ത്തെഴുന്നേല്‍പ് ലോകരാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നു.
1925ലെ ട്രാവന്‍കൂര്‍ സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രളയ ദുരിതാശ്വാസത്തിലേക്ക് ലഭിച്ചത് 73307 രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്ന് ഖജനാവില്‍ നിന്നനുവദിച്ചത് 50000 രൂപ. 3243 പേര്‍ക്ക് ദുരിതാശ്വാസം നല്‍കിയപ്പോള്‍ അതില്‍ 2498 പേരും വളരെ പാവപ്പെട്ടവരായിരുന്നു.
1924ലെ പ്രളയം ശ്രീമൂലം തിരുന്നാള്‍ രാജഭരണ കാലത്തായിരുന്നു. ജീവന്‍ വെടിയുന്നതിനു മുന്‍പ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. മദ്രാസ് സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫ് ഫണ്ടില്‍ നിന്ന് 6000 രൂപ ലഭിച്ചു. പ്രളയ ദുരിതാശ്വാസ കമ്മിറ്റി സംഭാവന നല്‍കിയവരുടെ പേരുകള്‍ എല്ലാം വിട്ടുപോകാതെ പ്രസിദ്ധീകരിച്ചു. അതില്‍ 80 വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്നു. ശ്രീലങ്ക, കെനിയ, സിങപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അന്നു കേരളത്തിന് സഹായം ലഭിച്ചു. വിവാദങ്ങളില്ലാതെയാണ് വിദേശ സഹായമെത്തിയതെന്നതും ശ്രദ്ധേയം.
വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട്
യു.എന്‍ യൂനിവേഴ്‌സിറ്റി അവതരിപ്പിച്ച 2016ലെ വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ അത്ര വലിയ പ്രകൃതി ദുരന്ത സാധ്യത കാണുന്നില്ല. 11.9 ശതമാനം മാത്രമാണ് രാജ്യത്ത് ദുരന്ത സാധ്യതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, ഉണ്ടാവുന്ന ഒരു പ്രകൃതി ദുരന്തത്തോട് പ്രതികരിക്കുന്നതില്‍ രാജ്യം ദയനീയ അവസ്ഥയിലാണെന്നും (80.2 ശതമാനം) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വികസിത രാജ്യങ്ങളെല്ലാം പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതില്‍ സാങ്കേതികമായി നമ്മെക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍, ബ്രിക്‌സ് രാജ്യങ്ങളില്‍പോലും ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നു പറയുമ്പോള്‍ നമ്മുടെ വ്യവസ്ഥിതി പുനപ്പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ബോധ്യമാവും.
ദുരന്തത്തെ അഭിമുഖീകരിക്കുകയും ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനം എന്നതാണ് ഇപ്പോഴും തുടരുന്ന രീതി. ഫലമോ, നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുന്നു. വസ്തുവകകള്‍ക്ക് കനത്ത നാശവും. സുനാമിയിലും ഓഖിയിലും സംസ്ഥാനം ഈ സ്ഥിതിയിലൂടെ കടന്നുപോയതാണ്.
രാജ്യത്ത് 1995-2005 ല്‍ശരാശരി 80 വെള്ളപ്പൊക്കങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടായതെങ്കില്‍ 2005-2015 ല്‍ അത് 343 ആയതായി ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. മൂന്‍ കണക്കുകളില്‍ നിന്ന് കുത്തനെയുള്ള ഉയര്‍ച്ചയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. 2015-2025 കാലത്ത് അത് 2500റിലേറെ ഉണ്ടായേക്കുമെന്ന ഭയാനകമായ സ്ഥിതിയിലേക്കാണ് അതു വിരല്‍ ചൂണ്ടുന്നത്.
പെരിയാറിലും പമ്പയിലും സംഭവിച്ചത്
പെരിയാറും പമ്പയും കരകവിഞ്ഞൊഴുകുക പതിവാണ്. ഈ നദീതീരങ്ങളിലുള്ളവര്‍ക്ക് അതിനേപ്പറ്റി നല്ല ധാരണയുമുണ്ട്. വെള്ളം ഉയരുന്നെന്നു മനസിലാക്കിയാല്‍ രാത്രിപോലും കാവലിരുന്ന് വെള്ളത്തിന്റെ ഒഴുക്കും വരവും ഉയര്‍ച്ചയും കണക്കുകൂട്ടുന്നവരാണവര്‍. പിന്നെയെന്തുകൊണ്ടാണ് കേരളത്തില്‍ പ്രളയദുരന്തമുണ്ടായത്.? (ഉരുള്‍പൊട്ടല്‍ ഇതില്‍നിന്നുവിഭിന്നമാണ്.)
വെള്ളം ഉയരുന്നതിനെപ്പറ്റിയോ സ്വീകരിക്കേണ്ട മുന്‍കരുതലിനെപ്പറ്റിയോ യാതൊരു ധാരണയുമില്ലാതിരുന്ന 1924ലെ പ്രളയത്തില്‍ പോലും ജനങ്ങള്‍ ഒരുവിധം അത് കൈകാര്യം ചെയ്തു. ഇന്ന് സാങ്കേതികത വികസിച്ച സമയത്ത് ജീവനുവേണ്ടി കേഴേണ്ടിവന്ന സമൂഹത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഭരണസംവിധാനങ്ങള്‍ക്ക് കഴിയില്ല.
പെരിയാറിലെ ഇടുക്കി അണക്കെട്ടു തുറക്കുന്നതിനുമുന്‍പ് ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ നല്‍കി. റെഡ് അലേര്‍ട്ടിനുപിന്നാലെ മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു. ഇടുക്കിയില്‍ നിന്ന് കുതിച്ചൊഴുകിയ പ്രളയജലം ഏതൊക്കെ ഭൂഭാഗങ്ങളെ വിഴുങ്ങുമെന്ന് വിദഗ്ധരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ക്ക് അറിയില്ലായിരുന്നു. ഡാം മാനേജ്‌മെന്റ് എന്നുപറയുന്ന ഈ സംവിധാനമറിയാതെ ഷട്ടറും തുറന്ന് കൈയ്യും കെട്ടിയിരുന്ന വൈദഗ്ധ്യമില്ലാത്ത വിദഗ്ധരും അതിനു അനുമതി നല്‍കിയ നേതൃത്വവും സ്വാഭാവികമായും പ്രതിക്കൂട്ടിലാവും. ഡാം സേഫ്റ്റി ചെയര്‍മാന്‍ പറയുന്നത് പ്രളയം ഉണ്ടാവും ജനങ്ങള്‍ മരിക്കുകയും ചെയ്യുമെന്ന നിരുത്തരവാദപരമായ നിലപാടാണ്.
പെരിയാറായാലും പമ്പയായാലും കരകവിഞ്ഞാല്‍ വൈദ്യുതി ബന്ധം വിഛേദിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. നിശ്ചയമായും വേണ്ടതുതന്നെയാണ്. എന്നാല്‍, തുടര്‍ന്ന് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തുന്നില്ലെന്ന് മനസിലാക്കേണ്ടിയിരുന്നതല്ലേ. സാധാരണപോലെ ഉയരുന്ന ജലനിരപ്പ് രണ്ടുദിവസമോ അഞ്ചു ദിവസമോ കഴിഞ്ഞ് ഒഴിഞ്ഞുപോകുന്ന പതിവ് പമ്പയുടെ തീരത്ത് പുരാതന കാലംതൊട്ടേയുള്ളതാണ്. അതിനോട് ജനങ്ങള്‍ പ്രതികരിക്കുന്നത് വളരെ പോസിറ്റീവായിട്ടാണ്. കരകവിഞ്ഞ് വെള്ളമൊഴുകുന്നത് ആഘോഷമായി കാണുന്നെന്നുപറയുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇത്തവണത്തെ വെളളപ്പൊക്കത്തേയും അന്നാട്ടുകാര്‍ അങ്ങനെതന്നെയാണ് കണ്ടത്. എന്നാല്‍ അതങ്ങനെയല്ല, ജീവനും സ്വത്തും നഷ്ടപ്പെടുന്ന പ്രളയമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടുന്ന ഉത്തരവാദിത്വം ആരുടേതായിരുന്നു. മൈക്കില്‍ കൂടി വിളിച്ചുപറഞ്ഞുകൊണ്ടുപോയെന്നു പറയുന്നു. അവിടെ ഡാമുകള്‍ തുറക്കുന്നത് മുന്‍പും മൈക്കില്‍ കേട്ടിട്ടുള്ളവരാണ് നാട്ടുകാര്‍. ടിവികള്‍ വ്യക്തമായ ചിത്രം നല്‍കിയിരുന്നെങ്കിലും വൈദ്യുതി ബന്ധമില്ലാതിരുന്ന പമ്പയുടെ കരകളില്‍ ടിവി, റേഡിയോ പോയിട്ട് മൊബൈല്‍ഫോണുകള്‍ പോലും ചത്ത അവസ്ഥയിലായിരുന്നു. അതായത്, 1924ല്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത പ്രളയമാണ് ജനങ്ങള്‍ക്ക് നേരിടേണ്ടിവന്നത്.
ഡാമില്‍ നിന്ന് താഴേക്ക് റാന്നിയിലും, ആറന്‍മുളയിലും, ചെങ്ങന്നൂരും, പാണ്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും അവസാനം കുട്ടനാട്ടിലും വെള്ളമെത്താന്‍ അഞ്ചും എട്ടും മണിക്കൂറുകള്‍ എടുക്കുമെന്നിരിക്കേ പൊലിസിനെയും ജനപ്രതിനിധികളേയും വേണ്ടവിധം ഉപയോഗിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്നതു പകല്‍പോലെ വ്യക്തം. ഡാമില്‍ നിന്ന് തുറുന്നുവിട്ട വെള്ളത്തിന്റെ അളവും അത് എത്രമാത്രം ഉയരുമെന്ന സാമാന്യകണക്കും ജനങ്ങളെ അറിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. ജനങ്ങളെ യഥാവിധി അറിയിച്ചിരുന്നെന്ന് പറഞ്ഞ് കൈകഴുകുന്ന രാഷ്ട്രീയക്കാരന്റെ കുത്സിത ബുദ്ധി അന്നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില എം.എല്‍.എമാര്‍ ഭരണ നേതൃത്വത്തിന്റെ ഭാഗമാണെന്നു അറിയാമെന്നിരിക്കേയും സര്‍ക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ചതും ഇതുകാരണമാണ്. വെളളപ്പൊക്കമുണ്ടാകാത്തിടങ്ങളിലെ സഹജീവികള്‍ അന്നാട്ടുകാരുടെ അഹങ്കാരത്തിന്റെ ഫലമാണുണ്ടായതെന്നും മുന്നറിയിപ്പ് അവഗണിച്ചതാണു കാരണമെന്നുമൊക്കെ കരുതുന്നത് അറിവില്ലായ്മ മൂലമാണ്.
വെള്ളമുയരുമ്പോള്‍ നദി ഇടത്തോടുകളിലൂടെയും മറ്റും കടക്കുകയും ക്രമേണയുള്ള ഉയര്‍ച്ചയുടെ ഫലമായി കരകവിയുകയുമാണ് സ്വാഭാവിക പ്രതിഭാസം. എന്നാല്‍ പമ്പയിലെ ഡാമുകള്‍ ഓറഞ്ചോ, റെഡോ മുന്നറിയിപ്പുകള്‍ പോലുമില്ലാതെ ഉയര്‍ത്തി സെക്കന്‍ഡില്‍ പത്തുലക്ഷത്തിലധികം ലിറ്റര്‍ ജലം പുറത്തുവിട്ടതാണ് (ഇടുക്കിയില്‍ ആ സമയം പുറത്തുവിട്ടത് 85,000 ലിറ്ററായിരുന്നെന്ന് ഓര്‍ക്കുക) പ്രളയത്തെ മനുഷ്യ നിര്‍മിതമെന്ന് വിളിക്കാന്‍ കാരണം. വെളളം ഉയര്‍ന്നുവന്നത് കേവലം പമ്പയിലൂടെ മാത്രമായിരുന്നില്ല. റോഡുകളിലൂടെയും പറമ്പുകളിലൂടെയുമെല്ലാം കടന്നുവന്ന വെള്ളം പ്രളയംതന്നെയായിരുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍ ടെറസിനു മുകളില്‍ കയറിയവരുണ്ടായിരുന്നു. ഓടിട്ട വീടുകളിലുണ്ടായിരുന്നവരും ടെറസുള്ള വീടുകളിലെത്തി. ഇരുനിലകെട്ടിടത്തിലുള്ളവര്‍ മുകളിലേക്ക് കയറി. ടെറസില്‍ വെളിച്ചമില്ലാതെ, പ്രളയജലത്തിന്റെ ശബ്ദം മാത്രം കേട്ട്, കാറ്റിലും മഴയിലും അകപ്പെട്ട് തണുത്ത് വിറങ്ങലിച്ച് ആഹാരവും വെളളവുമില്ലാതെ നനഞ്ഞൊട്ടിയ വസ്ത്രവുമായി പിഞ്ചുകുഞ്ചുകുഞ്ഞുങ്ങളുമായി നാലും അഞ്ചും ദിവസം ജീവനുവേണ്ടി പോരാടിയ ജനതയുടെ അതിജീവനത്തിന്റെ കഥയാണ് ഈ പ്രളയം പറഞ്ഞുതരുന്നത്.