2018, ജൂൺ 28, വ്യാഴാഴ്‌ച

കിമ്മും ട്രംപും ഇന്ത്യയും


ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ മലേഷ്യയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ വാരം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു ഉത്തരകൊറിയന്‍ നേതാവും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. കേവലം അമേരിക്ക, ഉത്തരകൊറിയ കൂടിക്കാഴ്ചയ്ക്കപ്പുറം ലോക രാജ്യങ്ങളില്‍ പലര്‍ക്കും ഈ കൂടിക്കാഴ്ച വിവിധ മാനങ്ങള്‍ നല്‍കുന്നതായിരുന്നു. യുദ്ധ വെറിയന്‍മാര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതും ഒടുവില്‍ കണ്ടേക്കാമെന്നു സമര്‍ഥിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ലോക യുദ്ധം ഉണ്ടാവില്ലെന്ന തിരിച്ചറിവായിരുന്നു ലോക ജനതയ്ക്ക്. ഈ രാജ്യങ്ങളുടെ പിന്‍പറ്റി നിലകൊള്ളുന്ന രാജ്യങ്ങള്‍ക്കും അത് ഭാവിയിലേക്കുള്ള ഉത്പാദനപരമായ ചുവടുവയ്പുമായി. ഇരുചേരിയിലും പെടാത്ത ഇന്ത്യക്ക് ഇതില്‍ ആശാവഹമായി നേട്ടങ്ങളുണ്ടെന്നത് കാണാതിരുന്നുകൂടാ.

നയതന്ത്ര ബന്ധം

ഇന്ത്യയും ഉത്തരകൊറിയയുമായി 45 വര്‍ഷത്തെ നയതന്ത്ര ബന്ധമാണുള്ളത്. ആണവ-മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയപ്പോഴും ഉത്തരകൊറിയയുമായുള്ള സഹകരണം തുടരാനുള്ള ഇന്ത്യയുടെ ധീരമായ നിലപാട് ആ രാജ്യത്തിന്റെ ബഹുമാനം വര്‍ധിപ്പിക്കുന്നതായി. ഉത്തരകൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളോടുള്ള യു.എന്‍ പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കാതിരുന്നതോടെ അവരുടെ വിദേശകാര്യ മന്ത്രി 2015ല്‍ ഇന്ത്യ സന്ദര്‍ശിച്ചകാര്യവും ഓര്‍മിക്കാം. ട്രംപും ഉന്നും കൂടിക്കണ്ടതിനു പിന്നില്‍ ഇന്ത്യയുടെ സമ്മര്‍ദവും ഉണ്ടായിരുന്നത് എവിടെയും വാര്‍ത്തകളില്‍ കണ്ടേക്കില്ല. കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുമ്പ് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഉത്തരകൊറിയ സന്ദര്‍ശിച്ചത് പരാമര്‍ശിക്കേണ്ടതുണ്ട്. ഡെറാഡൂണിലെ ഏഷ്യാപെസഫിക് ബഹിരാകാശ ശാസ്ത്ര സാങ്കേതിക കേന്ദ്രത്തില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ക്ക് സാങ്കേതിക ജ്ഞാനം നല്‍കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തുടര്‍ച്ചയായിക്കാണണം.

വ്യാപാരബന്ധം

ചൈനയോട് വ്യാപാര ബന്ധത്തില്‍ മത്സരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏഷ്യയില്‍ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ചൈനയാണ് തടസം. ചൈനയും ഉത്തരകൊറിയയും തമ്മിലാണ് ഏറ്റവും വലിയ വ്യാപാരമുള്ളത്. രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. 2014-15 കാലത്ത് 209 ദശലക്ഷം ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഉത്തരകൊറിയയുമായി ഉണ്ടായിരുന്നതെങ്കില്‍ 2016-17 കാലത്ത് 130 ദശലക്ഷം ഡോളറായി അതുചുരുങ്ങി. കാരണം, ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ ഉപരോധം. അത് അംഗീകരിക്കുമ്പോഴും ആഹാരം, വൈദ്യസഹായം എന്നിവയില്‍ ഇന്ത്യ സഹകരണം തുടര്‍ന്നു. ഒപ്പം ആണവ-മിസൈല്‍ പരീക്ഷണത്തെ എതിര്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ നിലപാടിനെ ഉത്തരകൊറിയ അംഗീകരിച്ചു. അമേരിക്കയുടെ പിന്‍പറ്റിയല്ല ഉത്തരകൊറിയയുടെ ആയുധപ്പന്തയത്തെ ഇന്ത്യ എതിര്‍ക്കുന്നതെന്ന് അവര്‍ക്ക് വ്യക്തത വരുത്താന്‍ ഇന്ത്യക്കായി. അയല്‍രാജ്യങ്ങളുടെ ഉത്കണ്ഠയാണ് ഇന്ത്യ പങ്കുവച്ചത്. പ്രത്യേകിച്ച് ജപ്പാനും ദക്ഷിണ കൊറിയയുമായി ഇന്ത്യക്ക് നല്ല ബന്ധമുള്ളതിനാല്‍ ഉത്തരകൊറിയയുടെ നിലപാട് കണ്ടില്ലെന്ന് കരുതാനുമാവില്ലല്ലോ.

സംഘര്‍ഷരഹിത മുനമ്പ്

കൊറിയന്‍ മുനമ്പിനെ സംഘര്‍ഷ രഹിതമായി കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഇരു കൊറിയകള്‍ക്കുമറിയാം. ലോകത്തിലേക്ക് ഉത്തരകൊറിയ വാതായനം തുറക്കുമ്പോള്‍ 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിവച്ച ബന്ധത്തിന്റെ ഊഷ്മളത ദൃഢീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും; പ്രത്യേകിച്ച്, ഉയര്‍ന്നുവരുന്ന പ്രാദേശിക ശക്തിയെന്ന നിലയില്‍. അമേരിക്കയുടെ ഭീഷണിയില്‍ ഒപ്പം നിന്ന ചൈന പോലും തള്ളിപ്പറഞ്ഞത് ഉത്തരകൊറിയയെ പ്രതിസന്ധിയിലാക്കിയിരുന്ന അവസരത്തില്‍. ഏഷ്യയില്‍ ചെറുരാജ്യങ്ങളോട് ഇന്ത്യ പുലര്‍ത്തിവരുന്ന മമത അവര്‍ കാണാതിരുന്നതുമില്ല. കൊറിയന്‍ മേഖലയെ ആണവ സാന്നിധ്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം യു.എസും കൊറിയയും ചേര്‍ന്നെടുത്തപ്പോള്‍ കൊറിയയുമായി ആണവ കച്ചവടത്തിന് പുറപ്പെട്ട പാകിസ്താനെയും അത് പ്രതിസന്ധിയിലാക്കുന്നു എന്നും മനസിലാക്കാവുന്നതാണ്.




2018, ജൂൺ 11, തിങ്കളാഴ്‌ച

മഹാരാഷ്ട്രയിലും മഹാസഖ്യമൊരുങ്ങുന്നു

ഉത്തര്‍പ്രദേശിന്റെയും കര്‍ണാടകയുടെയും ചുവടുപിടിച്ച് മഹാരാഷ്ട്രയിലും മഹാസഖ്യ രൂപീകരണത്തിന് കോണ്‍ഗ്രസ് ശ്രമമാരംഭിച്ചു. ബി.ജെ.പിയെ ഒറ്റയ്‌ക്കെതിര്‍ക്കാന്‍ ആവില്ലെന്നും വിഘടിച്ചു നില്‍ക്കുന്നതാണ് ആ പാര്‍ട്ടിക്ക് ഗുണകരമാകുന്നതെന്നുമുള്ള പാഠം വൈകി മനസിലാക്കിയാണ് പാര്‍ട്ടിയുടെ പടപ്പുറപ്പാട്. അതേസമയംതന്നെ ഈ സഖ്യം അടുത്ത അടുത്തു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഉന്നം വച്ചുള്ളതാണെന്നും കോണ്‍ഗ്രസ് സൂചന നല്‍കുന്നു.

കോണ്‍ഗ്രസ് ലക്ഷ്യം

കര്‍ണാടകത്തിലെ വിജയ ഫോര്‍മുലയാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയിലും പയറ്റാനുദ്ദേശിക്കുന്നതെന്നു വ്യക്തം. നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ലാതെ ഈ ഫോര്‍മുല പരീക്ഷിക്കാന്‍ കോണ്‍ഗ്രസിന് പലപ്പോഴും സാധിക്കാതെ വന്നിരുന്നു. അതിനുകാരണം സീറ്റു വിഭജനം തന്നെ. അതുമനസിലാക്കി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ ജില്ലാ-പ്രാദേശിക തലങ്ങളിലുള്ള നേതാക്കളുമായി ആശയവിനിമയം നടത്തി അഭിപ്രായം സ്വരൂപിച്ചാണ് മുന്നോട്ടു പോകുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ നിലപാട് പിന്നീട് സീറ്റ് വിഭജനത്തിലും മറ്റും എതിരഭിപ്രായമുണ്ടാവാതിരിക്കാനാണെന്നു വ്യക്തം. ബി.ജെ.പിയോട് എതിര്‍പ്പുണ്ടായിട്ടും പാല്‍ഘറില്‍ ആ പാര്‍ട്ടി ജയിച്ചുകയറിയത് പ്രതിപക്ഷം വിഘടിച്ചു മത്സരിച്ചതുകൊണ്ടാണെന്ന് ചവാന്‍ ചൂണ്ടിക്കാട്ടുന്നത് വാസ്തവമാണ്. ഇതുതന്നെയായിരിക്കും 2019 ലോക്‌സഭാ ഫലത്തിലുമുണ്ടാകുന്നതെന്നു മനസിലാക്കിയാണ് ചവാന്‍ തന്ത്രം മെനയുന്നത്. സി.പി.എം, ബി.എസ്.പി, ആര്‍.പി.ഐ, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരെ എങ്ങനെ സഖ്യത്തിലുള്‍ക്കൊള്ളിക്കാനാവുമെന്ന ചര്‍ച്ചകളും പൂര്‍ത്തിയായിക്കഴിഞ്ഞെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പച്ചക്കൊടി കാട്ടിയെങ്കില്‍ മാത്രമേ ചവാന്റെ തന്ത്രത്തിന് എന്തെങ്കിലും സാധ്യതയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ബി.ജെ.പിയോടു സഹകരിക്കുന്ന ജന വികസന മുന്നണി (ബി.വി.എസ്)യുമായും ധാരണയ്ക്ക് ശ്രമമുണ്ട്. ബി.ജെ.പിയോട്് തെറ്റുന്നതിന്റെ വക്കിലുള്ള ശിവസേനയെപ്പോലും മുന്നണിയിലേക്കെത്തിക്കാനും കോണ്‍ഗ്രസ് ശ്രമിക്കും. കര്‍ണാടകയിലെ ജനതാദള്‍, മഹാരാഷ്ട്രയില്‍ ശിവസേന ആയിക്കൂടേ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

അമിത്ഷായുടെ തന്ത്രം

കോണ്‍ഗ്രസ് മഹാസഖ്യം മനസില്‍ക്കണ്ടത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മാനത്തുകണ്ടു. സമാനമനസ്‌കരുടെ പിന്തുണ തേടി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമിത്ഷാ തുടങ്ങി വച്ച പുതിയ പരിപാടി മഹാരാഷ്ട്രയിലും എത്തിയിരുന്നു. പ്രമുഖരെയെല്ലാം കണ്ട് പിന്തുണ തേടുകയായിരുന്നു എന്നാണ് പ്രഖ്യാപനമെങ്കിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഭയപ്പെടുന്നു എന്നു വളരെ വ്യക്തമാണ്. അടുത്തിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളാണ് ബി.ജെ.പിക്ക് വിനയായത്. മോദിയെയും അമിത്ഷായെയും കണക്കിനു ശകാരിച്ചുകൊണ്ടിരിക്കുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെപ്പോലും അങ്ങോട്ടു ചെന്നു കണ്ട അമിത്ഷാ നയം വ്യക്തമാക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കരപറ്റണമെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയുണ്ടാവണം. പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ശക്തരായ ശിവസേനയെ പിണക്കി മുന്നോട്ടു പോകുന്നത് ഹിന്ദുവികാരമെന്ന കാര്‍ഡ് കളിക്കേണ്ടിവരുമ്പോള്‍ ഭിന്നിപ്പിനു കാരണമാകുമെന്നദ്ദേഹത്തിന് അറിയാം. ഒരുപക്ഷേ കോണ്‍ഗ്രസ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് എല്ലാ സംസ്ഥാനങ്ങളിലും മഹാസഖ്യം രൂപീകരിച്ചേക്കുമെന്ന് അമിത്ഷാ മനസിലാക്കിയിട്ടുണ്ട്. അതിന്റെ തുടക്കമാകാം മഹാരാഷ്ട്രയിലെന്ന് തന്ത്രശാലിയായ അമിത്ഷാ ഊഹിച്ചതില്‍ അത്ഭുതമില്ല. ഒരുമുഴം മുന്നേ എറിയാനുള്ള പുറപ്പാടാണ് അമിത്ഷായുടേത്. പ്രത്യേകിച്ച് അസ്വാരസ്യം പ്രകടിപ്പിക്കുന്ന ശിവസേന കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മഹാസഖ്യ മുദ്രാവാക്യത്തോട് എങ്ങനെ പ്രതികരിക്കുമെന്നും മനസിലാവില്ലല്ലോ.

ശിവസേന പിടിമുറുക്കും

ശിവസേനയ്ക്കിത് നിലനില്‍പിന്റെ പ്രശ്‌നമാണ്. ബാല്‍താക്കറെ ഇല്ലാതായതോടെ പാര്‍ട്ടിയുടെ നായക സ്ഥാനം ഏറ്റ ഉദ്ധവ് താക്കറെ അനുയായികളുടെ വികാരത്തിനനുസരിച്ച് ഉയരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബി.ജെ.പി ഇത്തവണ അവിടെ അധികാരത്തിലെത്തിയത് ശിവസേനയുടെ കാര്‍ഡ് കടമെടുത്താണ്. അതോടെ ശിവസേന പുറംതള്ളപ്പെടുന്ന അവസ്ഥയിലായി. ഇത് അവര്‍ തിരിച്ചറിയുന്ന സമയം കൂടിയാണ്. പുര കത്തുമ്പോള്‍ത്തന്നെ വാഴവെട്ടണം എന്നു ആ പാര്‍ട്ടി കരുതിയെങ്കില്‍ തെറ്റുപറയാനാവില്ല. കാരണം ബി.ജെ.പി അവരോടു ചെയ്യുന്ന കൃത്യങ്ങള്‍ക്ക് മറുപടി അങ്ങനെതന്നെ ആവേണ്ടതുണ്ടല്ലോ. കോണ്‍ഗ്രസ് മഹാസഖ്യത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് സേനയ്ക്കറിയാം. അപ്പോള്‍ ബി.ജെ.പിയോടു സീറ്റിനു വാദിക്കാം. അവര്‍ വഴിക്കുവരുമെന്ന് സേന കരുതുന്നു. മഹാസഖ്യമെന്ന മഹാമേരു ഇപ്പുറത്തുണ്ടെന്നറിയാവുന്ന ബി.ജെ.പി തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുമെന്നാണ് സേന കരുതുന്നത്. സ്വന്തം മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കുന്ന സ്വപ്‌നമാണ് ഉദ്ധവ് കാണുന്നത്. അതിനാലാണ് അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 152 സീറ്റും മുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പിക്ക് 136 സീറ്റ് നല്‍കാമെന്നും ഉദ്ധവ് പറയുന്നു. കോണ്‍ഗ്രസിനൊപ്പം കൂടിയാല്‍ അവരുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്ന കര്‍ണാടക പാക്കേജും ഉദ്ധവിന്റെ മുന്നിലുണ്ട്. പാല്‍ഘറില്‍ ബി.ജെ.പിയെ എതിര്‍ത്ത് മത്സരിച്ചതും തന്റെ വഴി വ്യക്തമാണെന്നു തെളിയിക്കാനായിരുന്നു.
മാത്രമല്ല, 1989 മുതല്‍ ഇന്നുവരെ ബി.ജെ.പി-ശിവസേന സഖ്യം മത്സരിച്ചപ്പോഴൊക്കെ ഭൂരിഭാഗം സീറ്റുകളും വല്യേട്ടന്‍ എന്ന നിലയില്‍ ബി.ജെ.പി കൈക്കലാക്കിയിരുന്നു. എന്നാല്‍ ജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ സേന അവരെ കടത്തിവെട്ടുന്നതാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ സേനയുടെ ഭാവി ശോഭനമാണെന്ന് ഉദ്ധവ് വിശ്വസിക്കുന്നു.


2018, ജൂൺ 10, ഞായറാഴ്‌ച

മന്ദ്‌സൗര്‍ മറക്കാതെ മധ്യപ്രദേശ്


മന്ദ്‌സൗര്‍ സംഭവം ഓര്‍ക്കുന്നില്ലേ. വിശപ്പടക്കാന്‍ വിളകള്‍ക്ക് ന്യായവില ചോദിച്ച് അധികാരികള്‍ക്ക് സ്വീകാര്യമല്ലാത്ത സമരത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ അഞ്ചു കര്‍ഷകര്‍ വെടിയുണ്ടകളേറ്റ് തെരുവില്‍ പിടഞ്ഞു മരിച്ച സംഭവം. രാജ്യത്തെ കരയിപ്പിച്ച സംഭവം വീണ്ടും ഓര്‍മയിലേക്കെത്തുന്നതിന് കാരണമുണ്ട്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വരുന്നു. ഈ വര്‍ഷം നവംബറിലാണ് 230 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്്.
മന്ദ്‌സൗറിലെ കര്‍ഷകര്‍ അക്രമികളല്ല. പച്ചപ്പാവങ്ങളായ അവര്‍ വിളനാശം നേരിട്ടതില്‍ വായ്പ എഴുതിത്തള്ളണമെന്നും ന്യായവില നല്‍കണമെന്നും ആവശ്യപ്പെട്ട് സമരത്തിലേര്‍പ്പെട്ടു. സമാധാനപരമായ സമരം അഞ്ചുദിവസം പിന്നിട്ടിട്ടും ഒന്നരപ്പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ നിയന്ത്രണം കയ്യാളുന്ന ബി.ജെ.പി സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. അതോടെ ക്ഷമ നശിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ രൂപം മാറി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ വിശദീകരണ റിപ്പോര്‍ട്ടില്‍ അക്രമാസക്തരായ കര്‍ഷകരെ പിരിച്ചുവിടാന്‍ ആദ്യം ലാത്തിച്ചാര്‍ജും തുടര്‍ന്ന് കണ്ണീര്‍ വാതകവും പിന്നീട് വെടിവയ്പും നടത്തിയെന്നാണ്. ജൂണ്‍ ആറിന് പാപ് ലിയ മാണ്ഡിയില്‍ മൂന്നു കര്‍ഷകരും ഭായ് ചൗപതിയില്‍ രണ്ടു കര്‍ഷകരുമാണ് കൊല്ലപ്പെട്ടത്.

കര്‍ഷകര്‍ പറയുന്നത്

സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് അവരുടെ താല്‍പര്യം സംരക്ഷിക്കാനാണല്ലോ. പാവം കര്‍ഷകര്‍ അന്നും ഇന്നും തറപ്പിച്ചു പറയുന്നത് പൊലിസ് വെടിവയ്പിന് കാരണമായ ഒരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ്. മരിച്ചവരില്‍ നാലുപേരും പ്രബല ജാതിയായ പാട്ടീദാര്‍ വിഭാഗത്തില്‍പെട്ടവരായിരുന്നു. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് ഈ വിഭാഗത്തിന്റെ അപ്രീതി തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഹാര്‍ദിക് പട്ടേലിന്റെ ഗുജറാത്ത് പ്രക്ഷോഭങ്ങളാണ് ചൗഹാനെ ചൊടിപ്പിച്ചതെന്നാണ് ആരോപണം. കര്‍ഷകര്‍ വെടിയേറ്റുമരിച്ചിട്ടും ദുഖം പ്രകടിപ്പിക്കുകയോ ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കുകയോ ഉണ്ടായില്ല. പകരം രണ്ടായിരത്തിലധികം കര്‍ഷകര്‍ക്കെതിരേ നിരവധി കള്ളക്കേസുകള്‍ ചുമത്തപ്പെട്ടു. 23 കേസുകള്‍ വരെ നേരിടുന്ന കര്‍ഷകരുണ്ട് മധ്യപ്രദേശില്‍. വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ ആര്‍ക്കു വോട്ടു ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.?

മന്ദ്‌സൗറിലെ സമരം

മന്ദ്‌സൗറില്‍ കൃഷിക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ത്തന്നെ സര്‍ക്കാരിനോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ന്യായവില ലഭിക്കുന്നില്ല, കാരണം വിള ശേഖരിക്കുന്ന കച്ചവടക്കാര്‍. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ സ്വന്തമാക്കി കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നെന്നാണ് ആരോപണം. ഇന്നും ഇവരെ കൃഷിക്കാര്‍ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.
വെടിവയ്പിന് രണ്ടു മാസത്തിനുശേഷം ഭവന്തര്‍ ഭുക്താന്‍ യോജന എന്ന പദ്ധതി നടപ്പാക്കി. ഇതുപ്രകാരം ശരാശരി മൊത്തവിലയും കുറഞ്ഞ താങ്ങുവിലയും തമ്മിലുള്ള അന്തരം കൃഷിക്കാര്‍ക്ക് പണമായി നല്‍കാനായിരുന്നു തീരുമാനം. സോയാബീന്‍, ഉഴുന്ന്, എള്ള് തുടങ്ങി ഏഴു വിളകളാണ് പദ്ധതിയില്‍പെടുത്തിയത്. 2017 ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ ആറര ലക്ഷത്തോളം കര്‍ഷകരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട് 1900 കോടിയോളം രൂപയുടെ ആനുകൂല്യം നേടിയതായി കണക്കുകളുള്ളത്.

ഇപ്പോഴത്തെ സമരം

സര്‍ക്കാര്‍ ഒഴുക്കിയ കോടികളുടെ ഗുണം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷകരുടെ ഇപ്പോഴത്തെ സമരം. പഴവും പച്ചക്കറികളും പാല്‍ ഉത്പന്നങ്ങളും തെരുവില്‍ വിതറി അവര്‍ പ്രതിഷേധിച്ചു. ഇത്തവണയും പ്രതിസ്ഥാനത്ത് കച്ചവടക്കാരാണ്. മുമ്പ് ശേഖരിച്ചിരുന്ന വിലയുടെ നാലിലൊന്നേ ലഭിക്കുന്നുള്ളൂ എന്നും പദ്ധതി പ്രകാരം പണം ലഭിക്കണമെങ്കില്‍ ഒരു പ്രത്യേക കാലയളവില്‍ കൃഷി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്നുമാണ് കൃഷിക്കാരുടെ ആരോപണം. ഭവന്തര്‍ പദ്ധതിയിലുള്ള വിളയ്ക്ക് വില ഉയരാന്‍ കച്ചവടക്കാര്‍ സമ്മതിക്കില്ല. കിട്ടിയ വിലയ്ക്ക് വില്‍ക്കാന്‍ അവസാനം കൃഷിക്കാര്‍ നിര്‍ബന്ധിതരാകുന്നു. പദ്ധതി കാലയളവ് അവസാനിക്കുന്ന മുറയ്ക്ക് വിളകളുടെ വില കുത്തനെ ഉയരും. അതിന്റെ ആനുകൂല്യം കച്ചവടക്കാര്‍ക്കാണ് ലഭിക്കുക. കൃഷിക്കാരന് എത്ര പണം വരെ കിട്ടും, എന്നു കിട്ടും ഇത്തരം കാര്യങ്ങളിലൊന്നും വ്യക്തതയില്ലാത്തതും കൃഷിക്കാരുടെ ഇപ്പോഴത്തെ പ്രതിഷേധത്തിനുകാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ പോലും ഇതു സമ്മതിക്കുന്നു. വിളകള്‍ക്ക് ഭവന്തര്‍ പദ്ധതിക്കാലത്തേതിനേക്കാള്‍ ക്വിന്റലിന് ആയിരത്തിലധികം രൂപ കൂടുന്നതായി കോണ്‍ഗ്രസും ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

ചൗഹാനെതിരേ ഭരണവിരുദ്ധ വികാരം മധ്യപ്രദേശിലെങ്ങും അലയടിക്കുന്നു. ഇതില്‍ പ്രധാനം കര്‍ഷരുടെ പ്രശ്‌നങ്ങള്‍തന്നെയാണ്. മന്ദ്‌സൗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉത്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എത്തിയതും വെടിയേറ്റു മരിച്ച കര്‍ഷകരുടെ ബന്ധുക്കളെ കണ്ടതും ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് മായാവതിയുടെ ബി.എസ്.പിയുമായി ധാരണ ഉണ്ടാക്കിയതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു. ഇതിനൊക്കെപ്പുറമേ കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വിജയക്കൊടി പാറിക്കാനായി എന്നതും സംസ്ഥാനത്ത് അനുകൂല സാഹചര്യമാണുള്ളതെന്ന തിരിച്ചറിവിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചിട്ടുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസില്‍ കമല്‍നാഥിന്റെ പിണക്കം തീര്‍ന്ന സ്ഥിതിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. മധ്യപ്രദേശിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ഇനി കോണ്‍ഗ്രസിന്റെ പ്രകടനമാവും നിര്‍ണായകം.


2018, ജൂൺ 2, ശനിയാഴ്‌ച

അമേരിക്കയല്ല, ഇന്ത്യക്കു വലുത് റഷ്യ



അമേരിക്കയാണോ റഷ്യയാണോ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് റഷ്യയെന്നാണ് മറുപടി. അതു തുടര്‍ന്നുവന്നതും തുടരുന്നതും തുടരേണ്ടതും അങ്ങനെതന്നെയാണ്. വിശ്വസിക്കാന്‍ കൊള്ളാവുന്ന സുഹൃത്തെന്ന് വേണമെങ്കില്‍ റഷ്യയെ വിലയിരുത്താം. അമേരിക്കയെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് അവര്‍ തന്നെ നൂറുവട്ടം തെളിയിച്ചിട്ടുള്ളതാണ്. അമേരിക്ക തുടര്‍ന്നു വരുന്ന സംസ്‌കാരം അവര്‍ മാത്രം ലോകത്തെ ശക്തിയാകണം എന്നതാണ്. മറ്റെല്ലാവരും തങ്ങള്‍ക്ക് കീഴില്‍ മാത്രമെ ആകാന്‍ പാടുള്ളൂ. അതുകൊണ്ടുതന്നെ വികസ്വര രാജ്യങ്ങളെ കൈയയച്ചു സഹായിക്കുമെങ്കില്‍ വികസനപാതിയിലെത്തി എന്നായാല്‍ പാലം വലിക്കുന്ന പണി അമേരിക്ക ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.
ഇന്ത്യ ദുര്‍ഘടമായ കാലഘങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം റഷ്യ എന്ന നല്ല സുഹൃത്തിന്റെ അനുകമ്പ ലഭിച്ചിരുന്നു. എല്ലാ കാലത്തും അതു തുടര്‍ന്നുവന്നു എന്നതാണ് പ്രത്യേകത. തന്ത്രപ്രധാനവും സൈനിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങളിലും ഇരുരാജ്യങ്ങളും കാത്തുസൂക്ഷിക്കുന്നത് കാലങ്ങളായി ഭരണകര്‍ത്താക്കള്‍ തുടരുന്ന സൗഹൃദത്തിന്റെ തുടിപ്പാണ്. ആധുനിക കാലത്തേക്ക് കടക്കുമ്പോള്‍ സാമ്പത്തിക രംഗം ഏറെ പ്രാധാന്യം കൈവരിക്കുന്ന കാഴ്ചയാണല്ലോ കാണുന്നത്. അതുകൊണ്ടുതന്നെ അതിവേഗം ശക്തിപ്രാപിക്കുന്ന സാമ്പത്തിക ശക്തികളെന്ന നിലയില്‍ ഇരുരാജ്യങ്ങളും സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നത്. അന്താരാഷ്ട്ര രംഗത്ത് ഇതിന് ഏറെ പ്രാധാന്യമാണുള്ളത്. അതുപോലെ രാഷ്ട്രീയ-പ്രതിരോധ-അണുവോര്‍ജ-തീവ്രവാദവിരുദ്ധ-ബഹിരാകാശ രംഗങ്ങളിലെന്നുവേണ്ട സാംസ്‌കാരിക രംഗത്തുപോലും റഷ്യയുടെ ബന്ധം ഇന്ത്യക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതായിരിക്കുന്നു.

സോവിയറ്റ് യൂണിയനും റഷ്യയും

ഇന്ത്യ ബ്രിട്ടീഷുകാരുടെയും റഷ്യ സാര്‍ ഭരണകൂടത്തിനും കീഴിലായിരിക്കേ 20ാം നൂറ്റാണ്ടിന്റെ ആരംഭദശയിലാണ് മഹാത്മാഗാന്ധി റഷ്യന്‍ ബന്ധം തുടങ്ങിവച്ചത്. 1905ലെ റഷ്യന്‍ വിപ്ലവത്തിന്റെ ചുവടുപിടിച്ചായിരുന്നു ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരം. സാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുമായി ഗാന്ധിയുണ്ടാക്കിയ ബന്ധം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയനുമായി കോണ്‍ഗ്രസ് തുടങ്ങിവച്ചു. 1927ല്‍ ബോള്‍ഷെവിക് വിപ്ലവ വാര്‍ഷികത്തില്‍ പങ്കെടുത്ത നെഹ്രു സ്വാതന്ത്ര്യത്തിനുമുന്‍പുതന്നെ സോവിയറ്റ് യൂണിയന്റെ മഹത്വം തിരിച്ചറിഞ്ഞതാണ് ഇന്നത്ത നിലയിലേക്ക് ഇരുരാജ്യങ്ങളെയും എത്തിച്ചത്. 1947 ഏപ്രില്‍ 13ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്‍പുതന്നെ ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രമേയം അംഗീകരിച്ചതും ഇതിന് അടിത്തറയേകി. നെഹ്രുവിന് ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ റഷ്യന്‍ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കി. സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായപ്പോള്‍ ഏറെ ഹൃദയമിടിച്ചത് ഇന്ത്യയുടേതുതന്നെയായിരുന്നു. സുഹൃത്ത് മരിക്കുന്നതിനു തുല്യമായിരുന്നു അത്. എന്നാല്‍ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറക് വീശി പറന്നുയര്‍ന്ന റഷ്യ ഇന്ത്യയുടെ ആശയ്ക്കും ആശങ്കകള്‍ക്കും പരിഹാരമാവുകയായിരുന്നു.

ഉഭയകക്ഷി ബന്ധം

ഇന്ത്യയും റഷ്യയുമായി തന്ത്രപ്രധാന സഹകരണ ഉടമ്പടിയുണ്ടാക്കിയത് 2000 ഒക്ടോബറിലാണ്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഉടമ്പടി ഒപ്പുവച്ചത്. ഇന്ന് റഷ്യയുമായി ശക്തമായ ബന്ധം തുടരാന്‍ സാധ്യമാക്കിയത് ഈ ഉടമ്പടിയാണ്.
ഈ ബന്ധം നില്‍ക്കുമ്പോള്‍ത്തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയോട് ഏറെ അടുപ്പം കാട്ടിയതെന്നോര്‍ക്കണം. 2014ല്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ അന്ധമായ അമേരിക്കന്‍ പ്രേമം മോദിക്കുണ്ടായി. അതിന്റെ ഫലം റഷ്യയില്‍ നിന്നാണുണ്ടായത്. 2015ല്‍ പാകിസ്താനുമായി റഷ്യയുണ്ടാക്കിയ കരാറില്‍ ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മിക്കുന്നതായിരുന്നു. ഇന്ത്യ ഞെട്ടി. എന്നിട്ടും അമേരിക്കന്‍ പ്രേതം വിട്ടുപോയില്ല.
തുടര്‍ന്നും പാകിസ്താനോട് അയഞ്ഞ നിലപാട് സ്വീകരിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കാന്‍ അതുകാരണവുമായി. 2016ല്‍ പാക് സൈനവുമായി ചേര്‍ന്ന് അഭ്യാസപ്രകടനം നടത്താന്‍ റഷ്യ തീരുമാനിച്ചത് ഇന്ത്യക്കുണ്ടാക്കിയ അങ്കലാപ്പ് ചില്ലറയല്ല. ചരിത്രത്തിലാദ്യമായി സംഭവിച്ച റഷ്യ-പാക് സൈനിക അഭ്യാസം ഇന്ത്യയുടെ നിലപാടില്‍ റഷ്യക്കുള്ള വേദനയായി വ്യാഖ്യാനിക്കാം.
ഇന്ത്യയുടെ എക്കാലത്തെയും ശത്രു രാജ്യമായി മാറിയ പാകിസ്താന്‍, റഷ്യയുടെ ഉറ്റ അനുയായി ചൈനയുമായി ഉറച്ച ബന്ധം പുലര്‍ത്തിവരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനുമായി അടുപ്പം ഉണ്ടാകാന്‍ മറ്റ് പ്രത്യേക കാരണമൊന്നും റഷ്യക്കു വേണ്ടതായിട്ടുമില്ല. പാകിസ്താനുമായി അകലം പാലിച്ചത് ഇന്ത്യയെന്ന ഉത്തമ സുഹൃത്ത് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇന്ത്യ അമേരിക്കയിലേക്ക് നോക്കുമ്പോള്‍ റഷ്യ സ്വീകരിച്ച നിലപാടില്‍ കുറ്റംപറയാനുമാവില്ല.

റഷ്യന്‍ സഹകരണം

ഇന്ത്യയില്‍ ആയുധ ഇറക്കുമതിയില്‍ റഷ്യന്‍ സാന്നിധ്യം 62 ശതമാനമാണ്. കാലങ്ങളായി സോവിയറ്റ് യൂണിയനും പിന്നെ റഷ്യയും ഇന്ത്യയെ ആധുനിക ആയുധമണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുപോന്നു. അതുകൊണ്ട് റഷ്യയെ അകറ്റുന്നത് ഇത്തരം ആയുധങ്ങള്‍ പൊടിതട്ടി എണ്ണയിട്ട് സൂക്ഷിക്കുന്നതില്‍ വിലങ്ങുതടിയാകുമെന്ന് മനസിലാകാന്‍ മോദിക്ക് കാലതാമസമെടുത്തു.
2014ലെ കരാറനുസരിച്ച് 2025 ആകുമ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മില്‍ 30 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2015ലേതിനേക്കാള്‍ ഒന്നരശതമാനം ഇടിവാണ് വ്യാപാരരംഗത്ത് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റഷ്യന്‍ ഫെഡറല്‍ കസ്റ്റംസ് സര്‍വീസ് കണക്കുകള്‍ പറയുന്നത്. ഇത് ആശാവഹമായ കാര്യമല്ല.
അതുപോലെ യുദ്ധേതര ആവശ്യങ്ങള്‍ക്ക് അണുശക്തി വികസനം ഇന്ത്യ നടത്തുന്നതിനോട് അനുഭാവ സമീപനമാണ് റഷ്യക്കുള്ളത്. തമിഴ്‌നാട്ടില്‍ കൂടംകുളത്ത് അണുവോര്‍ജ നിലയം നിര്‍മിച്ചു നല്‍കിയത് റഷ്യയാണ്. അമേരിക്ക ഇന്ത്യയോട് ഇന്നും നിസഹരണം പുലര്‍ത്തുന്ന ഈ രംഗത്ത് റഷ്യന്‍ സഹായം ഇന്ത്യക്ക് എന്നും ഉണ്ടാവേണ്ടതുണ്ട്.
ബഹിരാകാശ രംഗത്തും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിത് റഷ്യയാണ്. 43 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട ബഹിരാകാശത്തെത്തിച്ചത് സോവിയറ്റ് യൂണിയന്റെ സോയൂസ് എന്ന വിക്ഷേപിണിയിലൂടെയായിരുന്നു എന്നതും മറക്കാവുന്നതല്ല.
ഇങ്ങനെ തന്ത്രപ്രധാനമായ നിരവധി കാര്യങ്ങള്‍ റഷ്യയുമായി ബന്ധപ്പെട്ടുണ്ടെന്നതിനാല്‍ത്തന്നെയാണ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ മോദി റഷ്യയിലെത്തിയതെന്നു കരുതാം. അനൗദ്യോഗിക ഉച്ചകോടിയെന്ന ഓമനപ്പേരിട്ടാണ് മോദി-പുടിന്‍ കൂടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നതെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ക്ലാവു നീക്കാന്‍ അതുപകരിക്കുമെന്നുതന്നെകരുതാം.