2012 മാർച്ച് 30, വെള്ളിയാഴ്‌ച

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ കാണാന്‍ പോകുന്നോ? ഡിക്ഷനറി എടുത്തോളൂ..



      ഷാജി കൈലാസ് -  രണ്‍ജി പണിക്കര്‍ ടീമിന്റെ "ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍" ഡിക്ഷനറി ഇല്ലാതെ കാണാന്‍ പോകരുതേ. ഒന്നും പിടികിട്ടൂല. രണ്‍ജി പണിക്കര്‍ ഉള്ള ഡിക്ഷനറികള്‍ എല്ലാം തിരഞ്ഞ് കടുകട്ടിയുള്ള ഒരുമാതിരി വാക്കുകളെല്ലാം കയറ്റി. എന്ത് ന്യായീകരനന്തിന്റെ പേരിലായാലും മലയാളി പോകുന്നത് മനസിലാകാത്ത വാക്കുകള്‍ വെള്ളിത്തിരയില്‍ തകര്‍ത്തു വിടുന്ന നടന്മാരെ കാണാന്‍ അല്ല. പണ്ട് ഷാജി കൈലാസ് "ഏകലവ്യന്‍" എന്ന സിനിമയില്‍ നരേന്ദ്ര പ്രസാദിനെ കൊണ്ട് ഇന്ഗ്ലിഷിന്റെ ഗുണം പറയിക്കുന്നുണ്ട്. ദേഷ്യം വരുമ്പോള്‍ നല്ലതാണത്രേ. ആയിക്കോട്ടെ. അത് ഈ സിനിമയുടെ എല്ലാ സീനിലും ഉപയോഗിക്കനമായിരുന്നില്ല.
 മൂന്നു മണിക്കൂറിലേറെ തീയറ്ററില്‍ ഇരിക്കുന്നത്  അസഹനീയമാണ്. അതും ആദ്യ പകുതിയില്‍ പലപ്പോഴെങ്കിലും വലിച്ചു നീട്ടുന്ന ഒരു പ്രതീതി ഉണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചിത്രം ഇഴയുന്നു.
കിംഗ്‌, കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ ഷാജി - രണ്‍ജി ടീമിന്റെ ബോക്സ്‌ ഓഫീസി ഹിറ്റുകള്‍ ആയിരുന്നു. അതിന്‍റെ മറ പറ്റി ഭരത് ചന്ദ്രന്‍ ഐ പി എസ്‌ എന്നൊരെണ്ണം രണ്‍ജി ഒറ്റക്കും ചെയ്തു. ഇപ്പോള്‍ ഈ കിംഗ്‌, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലെ നായകന്മാരായ ജോസഫ്‌ അലക്സ്‌ ഐ എ എസ്‌, ഭരത് ചന്ദ്രന്‍ ഐ പി എസ്‌ എന്നിവരെ ചേര്‍ത്താണ് പുതിയ ചിത്രം. മമ്മൂട്ടിയുടെ കഥാപാത്രം പഴയതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല. ആ ചൂടും ചൂരും ഒക്കെയുണ്ട്. കൈകൊണ്ട് പിന്‍ മുടി തട്ടുന്നതും ഒരെല്ല് കൂടുതല്‍ ഉണ്ടെന്നു പറയുന്നതും കയ്യടി നേടുന്നുണ്ട്. ഈ സിനിമയില്‍ ഒരു നട്ടെല്ല് തന്നെ കൂടുതല്‍ ഉണ്ടെന്നും അടിച്ചു വിടുന്നുണ്ട്. തരക്കേടില്ല. പക്ഷെ മിടുക്കന്മാരും അഭ്യാസികളും ആയ ഒരു പറ്റം തട്ടുതകര്‍പ്പന്‍ പയ്യന്മാരെ ബോക്സിംഗ് റിങ്ങില്‍ കയറിച്ചെന്നു കാല്‍ ഒന്ന് പൊന്തിക്കാന്‍ കഴിയാത്ത മമ്മൂട്ടി, (മോഹന്‍ ലാല്‍ പറയും പോലെ) "ത്രിഗുനെ"ത്രിഗുനെ" എന്ന് പറഞ്ഞു വലിച്ചടിച്ചു തോല്‍പ്പിക്കുന്നത് അതിഭാവുകത്വം നിറഞ്ഞത്‌ ആയി പോയി എന്ന് പറയാതെ വയ്യ. സുരേഷ് ഗോപി അത് ചെയ്‌താല്‍ പ്രേക്ഷകന്‍  പിന്നേം സഹിക്കും. ഒന്ന് രണ്ടു ആവര്‍ത്തന സീനുകള്‍ സന്ഘട്ടനങ്ങള്‍ക്കിടയില്‍ കടന്നു കേറിയിട്ടുണ്ട്. പുതിയ കഥാ തന്തു ആണെന്ന് സംവിധായകനും എഴുത്തുകാരനും ആവര്‍ത്തിച്ചു പറയുകയല്ലാതെ ഒരു പുതുമയും ഇല്ല. ഇന്നത്തെ രാജ്യത്തിന്‍റെ അവസ്ഥ ചൂണ്ടിക്കാട്ടുന്നു ഈ ചിത്രം. ഇത്തരം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന  നിരവധി ചിത്രങ്ങള്‍ പുറത്ത്  വന്നിട്ടുണ്ട്. പാകിസ്താനില്‍ നിന്ന് ഒരു തീവ്രവാദി നേതാവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തുന്നവരെ തകര്‍ക്കുന്നതാണ് ചിത്രത്തിന്റെ ഇതി വൃത്തം. കേന്ദ്ര അഭ്യന്തര മന്ത്രി ആയി ജനാര്‍ദ്ദനനും സെക്രട്ടറി ആയി മമ്മൂട്ടിയും എത്തുന്നു. സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ഒരെല്ല് കൂടുതലുള്ള ജോസഫ്‌ അലക്സിനെ  പി എം ഈ ജോലി ഏല്‍പ്പിക്കുന്നു. ജോസഫ്‌ അലക്സിന്റെ ദേഹ രക്ഷക്ക് എത്തുകയാണ്  ഭരത് ചന്ദ്രന്‍. മമ്മൂട്ടിയുടെ ഡയലോഗുകള്‍ അത്രയ്ക്കങ്ങോട്ട് ഏറ്റിട്ടില്ല എന്ന് വേണം പറയാന്‍. എന്നാല്‍ സുരേഷ് ഗോപി തകര്‍ത്തു. പി എമ്മിന്റെ അടുത്തും കൂടുതലുള്ള നട്ടെല്ല് കാട്ടാന്‍ ജോസഫ്‌ അലക്സിനെ ഒരുക്കേണ്ടിയിരുന്നില്ല. എന്തെങ്കിലും എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ബ്രയ്ക് കിട്ടില്ല രണ്ജിക്ക്. അത് അന്നും ഇന്നും അങ്ങനെ തന്നെ. പേന പിടിക്കുമ്പോള്‍ ജനങ്ങള്‍ കൂടി മനസ്സില്‍ ഉണ്ടാവണം എഴുത്തുകാരന്.
"പോ പുല്ലേ, ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌, പൂട, രോമം" തുടങ്ങി ഒരുപിടി പടക്കങ്ങള്‍ ഇതിയാന്‍ പൊട്ടിക്കുന്നുണ്ട്. അതിനൊക്കെ കൃത്യ സ്ഥലങ്ങള്‍ തിരഞ്ഞെടുതിരിക്കുന്നതിനാല്‍ കയ്യടി നേടുന്നുണ്ട്. സുരേഷ് ഗോപി വളരെ നല്ല പ്രകടനം ആണ് കാഴ്ച വച്ചത്. ഈ സിനിമയില്‍ അഭിനയിക്കാന്‍ 15 കിലോ തൂക്കം കുറച്ചു എന്നത് നേരാണ് എങ്കില്‍ അഭിനന്ദനങ്ങള്‍.
സൈക്യാട്രിസ്റ്റ് ആയ വെറ്ററന്‍  മറാത്തി നടന്‍ മോഹന്‍ ആഗാഷേ പ്രധാന മന്ത്രി ആയി ശോഭിച്ചു. നെടുമുടി, സുകുമാര്‍, ഗണേഷ് കുമാര്‍, കുഞ്ചന്‍, സ്ഫടികം ജോര്‍ജ് എന്നിവരും അവരെ ഏല്‍പിച്ച കൃത്യം ഭംഗിയാക്കി.
സായികുമാറിന്റെ വീരഭദ്ര ചന്ദ്ര മൌലീശ്വര മഹാരാജ് ആണ് തിരശ്ശീലയില്‍ തീ കോരിയിട്ടത്. ഓരോ പ്രേക്ഷകനും വൈരാഗ്യം തോന്നും വിധം വില്ലനെ ജീവസ്സുറ്റതാക്കി സായികുമാര്‍. അതുപോലെ ദേവന്റെ ശങ്കര്‍ എന്ന നെഗറ്റീവ് പോലീസ് ഓഫീസര്‍ വളരെ നന്നായി.
നടികളില്‍ ജനാര്‍ദ്ദനന്റെ മകള്‍ ജേര്‍ണലിസ്റ്റ് ആയി സംവൃത സുനില്‍ നന്നായി. പക്ഷെ ഈ കഥാപാത്രത്തിന് ഒന്നും ചെയ്യേണ്ടതായിട്ടില്ല. കെ  പി എ സി ലളിതയാണ് ചില സന്ദര്‍ഭങ്ങളില്‍ സ്ക്രീനില്‍ ചിരി നിറച്ചത്. വളരെ തന്മയത്വത്തോടെ ഉള്ള അവരുടെ അഭിനയം ആദരനീയമാണ്. പൊന്നമ്മ ബാബുവും നന്നായി.
ഭരണി കെ ധാരന്റെ കാമെറ, സംജതിന്റെ എഡിറ്റിംഗ് എന്നിവയും മനോഹരമായി. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കാനും സംഭാഷണ ശകലങ്ങല്‍ക്കിടെ കട്ട് ചെയ്തു കട്ട് ചെയ്തു ക്ലോസ് അപ് മുഖങ്ങള്‍ കാട്ടുന്നതിലും ഷാജി കൈലാസിന്റെ ഒരു കരവിരുത് കാണാം.

പിന്‍ നോക്ക്..
ഈ സിനിമയുടെ ഷൂട്ടിംഗ് മുതല്‍ പ്രശ്നങ്ങള്‍ ആയിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ ഷൂട്ടിംഗ് മദ്ധ്യേ ഇടയുകയും സുരേഷ് ഗോപിയെ മാറ്റി പ്രുഥ്‌വി രാജിനെ അഭിനയിപ്പിക്കാന്‍ തുനിഞ്ഞതും ആണ്. (എങ്കില്‍ ഈ സിനിമക്ക് ഏറും അടിയും കിട്ടിയേനെ). തുടക്കത്തില്‍ റീമ സെന്‍ നായിക ആവുമെന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു. 
മമ്മൂട്ടിയുടെ വീട്ടിലെ റയിഡ്, സുരേഷ് ഗോപിയുടെ അനാരോഗ്യം എന്നിവ സിനിമ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി.
രണ്ടു പാട്ടുകള്‍ ഉണ്ടായിരുന്നു സിനിമയുടെ പ്ലാന്നിംഗ് വേളയില്‍. രാഹുല്‍ രാജ് ആയിരുന്നു സംഗീത സംവിധായകന്‍ ആയി നിശ്ചയിക്കപ്പെട്ടിരുന്നത്. 'ബാച്ചിലര്‍ പാര്‍ട്ടി'ക്കിടെ അത് കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായില്ല. അത് വീണു കിട്ടിയത് രാജാമണിക്ക്. പക്ഷെ പാട്ടുകള്‍ വേണ്ടെന്നു വച്ചിരുന്നു. പകരം പശ്ചാത്തല സംഗീതം. രാജാമണി ഈ കലയില്‍ ആഗ്ര ഗണ്യന്‍ ആണെന്ന് വീണ്ടും തെളിയിച്ചു.

2012 ജനുവരി 4, ബുധനാഴ്‌ച

പ്രിയനും മോഹന്‍ലാലും പിന്നെ ശ്രീകുമാറും..

"അറബിയും ഒട്ടകവും പി മാധവന്‍ നായരും" എന്ന സിനിമയെ പറ്റി എന്തൊരു പ്രോമോഷനല്‍ പരസ്യം ആണ് മോഹന്‍ലാലും പ്രിയനും ശ്രീകുമാറും കൂടി നല്‍കുന്നത്. നല്ല കലാകാരന്മാരുടെ ഈടുറ്റ രചനകള്‍ അടിച്ചു മാറ്റി മലയാള മേനിയില്‍ പടച്ചുണ്ടാക്കി പണം വാരാനാണ് ഈ പടം പാവം മലയാളി മക്കളുടെ മേല്‍ അടിച്ച് ഏല്പിച്ചത്. മമ്മൂട്ടിയുടെ സിനിമ ഇറങ്ങും മുന്‍പ് റിലീസ് ചെയ്ത് പരമാവധി ഓടിക്കുകയും ലക്‌ഷ്യം ആയിരുന്നിരിക്കണം. മറ്റു ചില കള്ളന്മാര്‍ എവിടെ നിന്നാണ് അടിച്ചു മാറ്റിയതെന്ന് പറഞ്ഞാണ് ചിത്രം അവതരിപ്പിക്കാറ്‌. അഥവാ കണ്ടുപിടിച്ചാലും പഴി കേള്‍ക്കാതെ ഒഴിഞ്ഞു മാറാനുള്ള മെയ് വഴക്കം ഉള്ളവരാണ് ഇത്തരക്കാര്‍. സന്തോഷ്‌ പണ്ടിറ്റിനെ തെറി പറഞ്ഞു ടോക് ഷോകളില്‍ ഞെളിഞ്ഞിരുന്നവര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാവും. തെറ്റിനെ തെറ്റെന്നു തന്നെ പറയാന്‍ ചങ്കൂറ്റം കാട്ടണം ഇവര്‍.
പ്രിയന്റെ സഹ സംവിധായകന്‍ അഭിലാഷിന്റെതാണ് അറബിയുടെ കഥ എന്ന് സിനിമ തുടക്കത്തില്‍ പറയുന്നുണ്ട്. എങ്കില്‍ അതിനര്‍ഥം എങ്ങനെ മോഷ്ടിക്കണം എന്ന് പ്രിയന്‍, അഭിലാഷിനെ പ്രത്യേകം പഠിപ്പിച്ചു എന്നാണ്.
"Serendipity" എന്ന ഹോളിവുഡ് സിനിമയുടെ സീന്‍സ് എല്ലാം അതേ പടുതി കോപി ചെയ്തു മലയാളത്തിന്റെ മഹാ സംവിധായകന്‍ പ്രിയന്‍. ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ കൂടെ പ്രിയന്റെ മുന്‍ ചിത്രങ്ങള്‍ ആയ ചന്ദ്രലേഖ, കാക്കക്കുയില്‍, കിലുക്കം, വന്ദനം എന്നിവയുടെ ചില ഭാഗങ്ങള്‍ കൂടി ചേര്‍ത്താല്‍ അറബിയും ഒട്ടകവും ആയി. മോഷ്ടിച്ചു മോഷ്ടിച്ചു സ്വന്തം ചിത്രം പോലും മോഷ്ടിക്കുന്ന പരുവത്തിലെത്തി പ്രിയദര്‍ശന്‍. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..
"അറബിയും ഒട്ടകവും പി മാധവന്‍ നായരും" ദുബായിലെ ഒരു എക്സികുടീവിന്റെ കഥയാണ്‌. തന്‍റെ പ്രണയിനിക്ക് തന്‍റെ ബോസ്സുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്ന്നുളവാകുന്ന സംഭവങ്ങളും ഇയാള്‍ കാട്ടി കൂട്ടുന്ന പ്രക്രിയകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരു സബ് പ്ലോട്ട് ആയി വീട്ടുകാരെ പറ്റിച്ചു പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും കൂട്ടി ഇണക്കിയിരിക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്‍റെ വിദൂര സാന്നിധ്യം മാത്രമേ കാണികള്‍ക്ക് അനുഭവ വേദ്യമാകുകയുള്ളൂ. മുകേഷ് തന്നെയാണ് സിനിമയുടെ ജീവന്‍. മാമുക്കോയ, ഇന്നസെന്റ്, ശക്തി കപൂര്‍ പിന്നെ ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ വെറുതെ മുഖം കാണിക്കുന്നുണ്ട്. (എന്തിനെന്നു അവര്‍ക്കും അറിയില്ല: പ്രിയനും അങ്ങനെ ആവണം.) താര നിര ഒരുക്കിയതും തീയറ്ററില്‍ ആളെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗം ആവും.
"Serindipity" എന്ന 2001 Romantic Comedy എഴുതിയത് Marc Klein ആണ്. സംവിധാനം Peter Chelsom. John Cusack, Kate Beckinsale എന്നിവരാണ് അഭിനേതാക്കള്‍. ഈ സിനിമയുടെ തുടക്കം, നുയോര്‍ക്കില്‍ ഒരു ക്രിസ്മസ് ഷോപ്പിങ്ങിനിടെ ഒരേ തരം കാശ്മീരി ഗ്ലൌസ് വാങ്ങാന്‍ പിടിവലി നടത്തുന്ന നായികാ നായകന്മാരുടെ രംഗമാണ്. ഇതില്‍ തുടങ്ങി ഈ സിനിമയിലെ ഒരുപറ്റം സീനുകള്‍ അതേ പടുതി മലയാളത്തില്‍ പുനരാവിഷ്ക്കരിച്ചിരിക്കുന്നു പ്രിയന്‍. നിങ്ങള്‍ ആ സിനിമ കണ്ടിട്ടുണ്ടാവും. ഉണ്ടെങ്കില്‍ ഇതാ ഈ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ കാണുക. ഇതേ സീനുകള്‍ ഒരു ഉളുപ്പും ഇല്ലാതെ കട്ട് എടുത്തിരിക്കുന്നു പ്രിയദര്‍ശന്‍.

http://www.youtube.com/watch?v=CsjR5P3TuWY

മേല്‍ ലിങ്കില്‍ തുടക്കത്തില്‍ ഗ്ലൌസ് എടുക്കുന്ന സീന്‍ കാണാം. ഒരു സ്വര്‍ണ കടയില്‍ പ്രിയന്റെ നായികാ നായകന്‍മാര്‍ കയറി ഒരേ ആഭരണത്തിന് പിടിവലി നടത്തുന്നു.

നോട്ടില്‍ ഫോണ്‍ നമ്പര്‍ എഴുതുന്നു.

http://www.youtube.com/watch?v=tEt6qbQCFos&feature=related

ബുക്ക്‌ സീന്‍..

http://www.youtube.com/watch?v=MFERgatAhIs&feature=related

ലിഫ്റ്റില്‍ കയറുന്ന സീന്‍..

http://www.youtube.com/watch?v=rrvKt7GNSco

സ്വന്തം കയ്യില്‍ കഥകളോ കഥാ തന്തുവോ ഇല്ലെങ്കില്‍ നിര്‍ത്തണം നിങ്ങള്‍ ഈ കലാ മോഷണം. സിനിമക്ക് വേണ്ടി സിനിമ പടച്ചു വിടരുത്. ഇത് കൊണ്ടു ജീവിക്കുന്ന ഒരു പറ്റം പാവപ്പെട്ട സിനിമാക്കാര്‍ ഉണ്ടെന്നു ഓര്‍ക്കണം. അവര്‍ നിങ്ങളുടെ തണലില്‍ വേര്‍ക്കേണ്ടി വരുന്നത് അവര്‍ക്കും മലയാള സിനിമക്കും അപമാനമാണ്. നിരവധി പ്രതിഭാധനരായ ചെറുപ്പക്കാര്‍ കഷ്ടപ്പെട്ട് സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്, അതിന്‍റെ മുന്നണിയിലും പിന്നണിയിലും അവരുടെ പ്രാഗത്ഭ്യം കാണാം. നിങ്ങള്‍ ഇറക്കിയ ഇത്തരം സിനിമകള്‍ കാണികളെ തീയറ്ററില്‍ നിന്നും ആട്ടി പായിക്കും. അല്ലെങ്കില്‍ മറു നാടന്‍ ഭാഷ ചിത്രങ്ങള്‍ കാണാന്‍ അവന്‍ നിര്‍ബന്ധിതനാകും, കുറ്റം പറയരുത്. മലയാള സിനിമയെ കൊള്ളുന്നത് പ്രിയനേ പോലുള്ള മോഷ്ടാക്കളായ സംവിധായകര്‍ ആണ്. നിങ്ങള്‍ക്ക് കഴിവ്‌ നഷ്ടമായെങ്കില്‍ മാറിക്കൊടുക്കുക വഴി പുതു തലമുറക്കായി. അവരുടെ കയ്യില്‍ മലയാള സിനിമ ഭദ്രം ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.

സംഗീതത്തിന്റെ കാര്യം പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ..പകര്‍ന്നു കിട്ടിയ മോഷണ വീര്യമാണ് ശ്രീകുമാരിന്റെത്..
"അറബിയും ഒട്ടകവും പി മാധവന്‍ നായരും" എന്ന സിനിമയിലെ "മാധവെട്ടനെന്നും..മൂക്കിന്‍ തുമ്പിലാണ് കോപം.." എന്ന ഗാനത്തിന്റെ സംഗീതം കോപ്പിയടിച്ച് ഉണ്ടാക്കിയാണ് ശ്രീകുമാര്‍ സെലിബ്രിറ്റി ഗായകന്‍ വീണ്ടും കുപ്രസിദ്ധി നേടുന്നത്. പ്രിയന് ആകാമെങ്കില്‍ എനിക്കെന്താ ആയിക്കൂടെ എന്ന വളിച്ച സിദ്ധാന്തം ആയിരിക്കാം ഇതിനു പിന്നില്‍. എങ്കിലും സ്വന്തം ചേട്ടന്‍റെ കഴിവിനെ അല്പം എങ്കിലും ബഹുമാനിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനിത് തോന്നില്ലായിരുന്നു.
ഈജിപ്ത്കാരനായ സംഗീതകാരന്‍ അമര്‍ അബ്ദെല്‍ ബാസ്സെത് അബ്ദെല്‍ അസീസ്‌ ദയബ് (അമര്‍ ദയബ് എന്ന പേരില്‍ ആണ് പ്രശസ്തന്‍) ന്‍റെ സംഗീതം അതെ പടുതി അടിച്ചു മാറ്റുകയായിരുന്നു ഈ വിദ്വാന്‍. ലോക പ്രശസ്തനാണ് അമര്‍. "Father of Mediterranean Music" എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അമ്പതു കാരനായ ഇദ്ദേഹത്തെ ബി ബി സി ഒരിക്കല്‍ വാനോളം പുകഴ്ത്തി. അറബ് സംഗീത ലോകത്തെ ചക്രവര്‍ത്തി ആണ് അമര്‍ എന്ന് അവര്‍ വാഴ്ത്തി. ഇങ്ങനെ വിശ്വ പ്രസിദ്ധന്റെ തന്നെ അടിച്ചു മാറ്റാന്‍ ശ്രീകുമാര്‍ കാണിച്ച തന്റേടം അപാരം തന്നെ. അമറിന്റെ "Rohy Mertahlak" എന്ന ഗാനം ആണ് ശ്രീകുമാറിന്റെ "മാധവേട്ടനെന്നും.."
ലിങ്ക് ഇതാ..

http://www.youtube.com/watch?v=0Q0TuiZyH5Y

അമറിന്റെ 2007 ല്‍ പുറത്തുവന്ന "El Leila De" എന്ന ആല്‍ബതിലെതാണ് ഈ ഗാനം. പെപ്സി കമ്പനി അവരുടെ പരസ്യത്തിനു ഈ ഗാനം ഉപയോഗിച്ചിരുന്നു. അതുകൊണ്ട് കൂടുതല്‍ പ്രസിദ്ധമാണ് ഈ ഗാനം. എന്നിട്ടും ആരും ഒന്നും ചോദിക്കാനില്ല എന്ന മട്ടില്‍ എടുത്തു പടച്ചു വിട്ടത് മലയാളികളോടുള്ള വെല്ലു വിളി തന്നെയാണ്. മലയാളത്തിനു സംഗീതം നല്‍കാന്‍ ഇങ്ങനെ കട്ട് എടുക്കേണ്ടി വരുന്നു എന്ന് അറിയുന്നത് ദയനീയമാണ്. സംഗീതം സംവിധാനം ചെയ്യാന്‍ അറിയില്ലെങ്കില്‍ എന്തിന് അതിനു പോകണം? ഇയാള്‍ക്ക് ഒതുങ്ങി ഇരുന്നുകൂടെ? മുന്‍പ് സംഗീതം നടത്തി കൈപൊള്ളിയ യേശുദാസ് അതോടെ ആ പരിപാടി നിര്‍ത്തി. എന്നിട്ടും മോഷ്ടിക്കാന്‍ പോയില്ല. ശ്രീകുമാറിന്റെ ഈ പാടവം നല്ലതല്ല. ഈ സംഗീത മോഷണത്തെ പറ്റി ദുബായില്‍ വച്ചു പത്രക്കാര്‍ ചോദിച്ചപ്പോള്‍ അതിയാന്റെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. അമര്‍ ദിയബിനെ പേരെടുത്തു പറഞ്ഞു നാണമില്ലാതെ. എന്നിട്ട് ഒരു കാച്ചും. ഇന്‍സ്പിരേഷന്‍ ഉണ്ടായി എടുത്തത്‌ ആണേ എന്ന്. അതും ഈ സിനിമയുടെ ഈ രംഗം അത്തരം ഒരു ഗാനം ആവശ്യപ്പെടുന്നുണ്ട് പോലും. പ്രിയദര്‍ശന്‍ പ്രത്യേകം നിര്‍ദേശിച്ചു പോലും. അതിയാന്‍ നിര്‍ദേശിക്കും. നായുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും അതിന്‍റെ വളവു അങ്ങനെ തന്നെ ഉണ്ടാവും. എങ്ങനുണ്ട്? മോഷ്ടിച്ചതും പോര അത് മോഷണമല്ലെന്നു സ്ഥാപിക്കാന്‍ ശ്രമവും. സംഗീത കാരന്മാര്‍ക്ക് ഇങ്ങനെ ഇന്‍സ്പിരേഷന്‍ ഉണ്ടാവുമത്രേ. അങ്ങനെ തോന്നുമ്പം എല്ലാവരും മോഷ്ടിക്കുക ആണോടോ പതിവ്? ഇതൊന്നും പോരാഞ്ഞു കഴിഞ്ഞ ദിവസം ഒരു ടി വി ചാനലില്‍ പറഞ്ഞത് ഇളയരാജ റഹ്മാന്‍ രവീന്ദ്രന്‍ ഒക്കെ മോഷ്ടിച്ചിട്ടുണ്ട് എന്നാണ്. പുതിയ എഴുത്തുകാരുടെ പറയുകയേ വേണ്ട എല്ലാം അത്തരം ആണത്രേ. സ്വയം ഇളിഭ്യന്‍ ആകുകയാണിദ്ദേഹം.
ടിയാന് അറബ് സംഗീതത്തോട്‌ ഭ്രമം തുടങ്ങിയിട്ട് ശ്ശി ആയി. മുന്‍പ് ചന്ദ്രലേഖ എന്ന പ്രിയന്‍ ചിത്രത്തിലും വളരെ തന്മയത്വമായി ഇദ്ദേഹം മോഷ്ടിച്ച ഗാനം പ്രതിഷ്ടിച്ചിരുന്നു. "ഹബീബി ഹബീബി.." എന്ന് തുടങ്ങുന്ന ഗാനം അറബ് സംഗീതം അതേപടി മോഷ്ടിച്ചതാണ്. "Habibi Ya Nour El Ein" എന്ന് തുടങ്ങുന്ന അറബ് ഗാനം അങ്ങനെ തന്നെ മോഷ്ടിച്ചു ഈ വമ്പന്‍.

http://www.youtube.com/watch?v=sHYuwI0xkww

http://www.youtube.com/watch?v=_DJ0fQwegOk&feature=related

അമറിന്റെ വെബ് അഡ്രസ്സും ഫേസ് ബുക്ക്‌ പേജും താഴെ..

http://www.amrdiab.net/

http://www.facebook.com/AmrDiab?sk=app_128353677266934

മലയാള സിനിമക്ക് പറ്റിയ കഥകള്‍ ഒന്നും ഇല്ലേ? പിന്നെ ട്രാഫിക്‌ പോലുള്ള ചിത്രങ്ങള്‍ എങ്ങനെ വിജയമായി? അപ്പോള്‍ ഈ തല തോട്ടപ്പന്മാര്‍ തന്നെ അല്ലെ സിനിമകളുടെ പരാജയങ്ങള്‍ക്കും കാരണം? സിനിമാ സമരം കഴിഞ്ഞ്‌ പുറത്തു വന്ന സിനിമകള്‍ തരക്കേടില്ലാത്തവയാണ്, ഈ അറബി ഒഴിച്ചാല്‍. പ്രിയന്‍റെ സിനിമാ കഥകള്‍ തീര്‍ന്നു. അല്ലെങ്കില്‍ കഥാ തന്തു പകര്‍ക്ക തക്ക വിദേശ സിനിമകള്‍ ഇദ്ദേഹം കാണുന്നില്ലായിരിക്കും. എങ്കിലും അടിച്ചു മാറ്റാനുള്ള ഇവരുടെ മികവിന് നമോവാകം. അക്കാര്യത്തില്‍ ശ്രീകുമാര്‍ വീണ്ടും ഉള്‍പ്പെട്ടു എന്നതില്‍ അദ്ഭുതം വേണ്ട, അതങ്ങനെ മാത്രമേ വരൂ..

2011 ഡിസംബർ 13, ചൊവ്വാഴ്ച

തന്ത്രിയെ പോരാഞ്ഞിട്ടിനി ചെറുമകനെകൂടി സഹിക്കണോ?


തന്ത്രി കുടുംബത്തില്‍ നിന്നാണെന്നു പറഞ്ഞാല്‍ പുണ്യാഹം വേണ്ടന്നാണോ അര്‍ഥം? ശബരിമല തന്ത്രി കണ്ടരരു മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ തപ്പിപ്പിടിച്ചു ശബരിമലയിലുമെത്തി..ശ്രീകോവിലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞു. അതിനു അയാള്‍ ചോടിച്ച്ചിട്ടു കാര്യം ഇല്ല..അവിടെ തൊഴാന്‍ വരുന്ന ഏതെങ്കിലും ഒരു ഭക്തന്റെ ഏഴയലത്ത് നില്‍ക്കാനുള്ള ആര്‍ജവം ഇല്ല അയാള്‍ക്ക്‌..എന്താണ് അയാള്‍ കരുതിയത്‌. തന്ത്രി കുടുംബത്തില്‍ പിറന്നത്‌ കൊണ്ടു തോന്നിയവനോക്കെ ശബരിമലയില്‍ കയറാന്‍ കഴിയുമോ? എന്ത് തോന്നിയവാസവും ചെയ്തിട്ട് നേരെ വന്നു കയറാന്‍ പറ്റുന്നതാനെന്നോ ശബരിമല ശ്രീകോവില്‍?അയാളെ പ്രോസികൂട്ട് ചെയ്യുകയാണ് വേണ്ടിയിരുന്നത്..എങ്കിലും ദേവസ്വംകാര്‍ ചെയ്തത് നന്നായി..അയ്യപ്പനെ കണ്‍ നിറയെ കണ്ടു കൊതി തീരാന്‍ കാത്തു നിന്ന അയ്യപ്പന്‍മാരുടെ നേരെ പൃഷ്ടം കാട്ടി കയറി പോകാന്‍ അയാളെ അനുവദിച്ചില്ലല്ലോ. അങ്ങനെ എങ്കിലും ഒരു നല്ല കാര്യം ചെയ്തു.
തന്ത്രി കണ്ടരരു മോഹനര് ചെയ്ത കൃത്യങ്ങള്‍ എല്ലാവര്ക്കും അറിവുള്ളതാണ്. ഇന്നത്തെ തന്ത്രി അതില്‍ ഖേദിക്കുന്നുമുണ്ടാകും. എന്നിട്ടും ഈ ചെറുമകന് ശബരിമലയിലെ ശ്രീകോവിലില്‍ കയറി തോഴുതെന്കിലെ ദൈവ സ്നേഹം പൂര്‍ത്തിയാകൂ എന്നാണോ?അതോ ശ്രീകോവില്‍ കയറല്‍ ഒരു ശീലമായിപോയത് കൊണ്ടാണോ ? അയാള്‍ ഒന്ന് മനസ്സിലാക്കുന്നത് നന്ന്. ശബരിമല കണ്ടവന്റെ കുടുംബ സ്വത്തൊന്നും അല്ല. ഇവിടുത്തെ പാവങ്ങളായ ദൈവ ഭക്തര്‍ ആരാധിക്കുന്ന പുണ്യ പീഠം തന്നെയാണത്. വിശ്വാസിയും വിശ്വാസമില്ലാത്തവനും എന്നുവേണ്ട കണ്ടവനെല്ലാം കയ്യിട്ടു വാരുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനേ ഈ പാവങ്ങള്‍ക്ക് കഴിയുന്നുള്ളൂ.അതിനിടയില്‍ കയറി വീണ്ടും അവന്‍റെ ക്ഷമ പരീക്ഷിച്ചാലുണ്ടല്ലോ അതൊന്നും എല്ലാ കാലത്തും സഹിക്കുമെന്ന് കരുതരുത്..ആരും..
പ്രതി വര്‍ഷം കോടി കണക്കിന് പണമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ഇവിടെ നിന്ന് ഒഴുകുന്നത്..ഭക്തന്മാര്‍ക്ക് നേരെ ചൊവ്വേ പോയി തൊഴാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നവിടെ..നിയമപാലകനും അതുണ്ടാക്കുന്നവനും അതിന്‍റെ പാലകനെന്നു സ്വയം അഹങ്കരിക്കുന്നവന്മാരും എല്ലാം കൂടി ചേര്‍ന്നു ഭക്തരെ അവിടെനിന്നു ആട്ടി പുറത്താക്കി കൊണ്ടിരിക്കുകയാനിന്നു..ഇന്ന് (അതായത് 2011 december 13 ) പമ്പ വരെ ക്യു നില്‍ക്കേണ്ടി വന്നിരിക്കുന്നു ഭക്ത്തര്‍ക്ക്. ഇതിനൊക്കെ കാരണം ഏതു ഭരണ അധികാരിയാനെകിലും ഏതു കോടതി ആണെങ്കിലും അസഹനീയം തന്നെ. നിയമ ഉണ്ടാക്കുന്നവനും നടപ്പില്‍ വരുത്തുന്നു എന്ന് ഭാവിക്കുന്നവനും അതിന്‍റെ സംരക്ഷകരെന്ന് സ്വയം ഞെളിയുന്നവനും പോകുക അവിടേക്ക്..ഒരിക്കലും ചുറ്റും മനുഷ്യ മതില്‍ ഉണ്ടാക്കിക്കൊണ്ടാകരുത് നിങ്ങളുടെ പോക്ക്..സാധാരണക്കാരനായി..എന്നിട്ട് നിങ്ങള്‍ കൊണ്ടുവന്ന പരിഷ്ക്കാരത്തിന്റെ കുറ്റം സ്വയം അനുഭവിച്ചറിയൂ..അല്ലാതെ എന്ത് തോന്നിയ വാസവും നിയമം എന്ന വ്യാജേന സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കുന്ന ഈ കൂപ മണ്ടൂക ശീലം ഉണ്ടല്ലോ അത് വലിച്ചെറിയാന്‍ സമയമായിരിക്കുന്നു..
പൊട്ടിയൊലിക്കുന്ന കക്കൂസുകളും മലം നാറുന്ന റോഡുകളും വൃണം ഈച്ചയാര്‍ക്കുന്ന കന്നു കാലികളും ചാട്ടവാര്‍ അടിയേറ്റു പുളയുമ്പോഴും ഭക്തന് നല്‍കാനുള്ള ശര്‍ക്കരയും തേങ്ങയും മറ്റും താങ്ങി മല ചവിട്ടുന്ന കഴുതകളും ഇവിടെ ഉണ്ടെന്നു അറിയുക..ഇത് ഇന്നത്തെ മാത്രം സംഭവം അല്ല..രാഷ്ട്രീയക്കാരന്‍ എന്ന് ശബരിമലയില കയറി പറ്റിയോ അന്ന് മുതല്‍ ഉള്ള ശീലമാണ്..കണ്ടു അറപ്പ് തീര്‍ന്നിരിക്കുന്നു ഇവിടെ വരുന്ന ഓരോ ഭക്തനും..മലയാളികള്‍ അവിടെ ഒരു രൂപ പോലും ഇടാരില്ലെന്നു ആരോ എഴുതി കണ്ടു..എന്തിനിടണം?വൃതം നോറ്റ് മല ചവിട്ടി നെയ്യും കര്‍പ്പൂരവും തേങ്ങയും അവലും മലരും ഒക്കെ സമര്‍പ്പിച്ചു അയ്യപ്പന്‍റെ പാദാരവിന്ദങ്ങള്‍ ഒരു മിന്നായം പോലെ കണ്ടു കൊതി തീര്‍ക്കുക..അത് മാത്രം മതി..കണ്ടവന് കയ്യിട്ടു വാരാനായി എന്തിന് നാം പണം നല്‍കണം അവിടെ?
ശബരിമല തമിഴ്നാടിനു നല്‍കികൂടെ ഈ സര്‍ക്കാരിന്?അവര്‍ അത് സംരക്ഷിക്കുന്നത് കണ്ടെങ്കിലും ഇവിടുത്തെ ഭക്തന് സായൂജ്യം നെടാമായിരുന്നില്ലേ?മുല്ലപ്പെരിയാര്‍ പ്രശ്നം അങ്ങനെ പരിഹരിക്കാമോ എന്ന് നോക്കാമല്ലോ..നമുക്ക് അല്ലലില്ലാതെ മല ചവിട്ടുകയും ചെയ്യാം..മുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും ലക്ഷക്കണക്കായി ഭക്തര്‍ ദര്‍ശനം നടത്തുന്ന സ്ഥലം ആണ് തിരുപ്പതി..അവിടെ ഒന്ന് പോകണം നിയമം ഉണ്ടാക്കുന്നവനും അത് വ്യാഖ്യാനിക്കുന്നവനും..എന്നിട്ട് പറ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന്..വിഡ്ഢികള്‍ എന്നാരെങ്കിലും വിളിച്ചാല്‍ തുറുങ്കില്‍ അടച്ചു കളയും എന്ന് ഭീഷനിപ്പെടുത്തുന്നതല്ല ആര്‍ജവം..പാവപ്പെട്ടവന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപെടുമ്പോഴാണ് അധികാര വര്‍ഗങ്ങള്‍ അന്ഗീകരിക്കപ്പെടുന്നത് ..അല്ലാതെ രാഹുലിനെ പോലെ ഭക്ത്തന്റെ നെഞ്ഞത്ത് കേറി നിരങ്ങുമ്പോള്‍ അല്ല..

2011 നവംബർ 10, വ്യാഴാഴ്‌ച

പരാക്രമം കൃഷ്ണനോടും രാധയോടും അല്ല വേണ്ടൂ..


ഒരു സന്തോഷ്‌ പണ്ഡിറ്റും സിനിമയും കുറെ ഗാനങ്ങളും ആയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ചയില്‍ വന്നത്, അത് ടീവീയില്‍ ആയാലും മറ്റു ചര്‍ച്ചകളില്‍ ആയാലും. ഈ മനുഷ്യനോടും സിനിമയോടും ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ആരോഗ്യകരമല്ല, ഒരിക്കലും. എന്തുകൊടാണ് മലയാള സിനിമയില്‍ ഇത്രയേറെ വിമര്‍ശനങ്ങളുമായി ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത് എന്ന് അവര്‍ ചിന്തിക്കുന്നില്ല. അത് ഒരു പ്രേരക ശക്തിയെ ആകുന്നില്ല. പകരം ഒരു ചെറുപ്പക്കാരന്റെ പുതിയ സംരംഭത്തെ മുളയിലെ നുള്ളിക്കളയാന്‍ ആണ് ശ്രമം നടന്നത്, നടക്കുന്നത്. അത് എല്ലാ ഭാഗത്തുനിന്നും ഉണ്ടുതാനും. ഒരുവേള, അയാളെ പൊക്കിക്കൊണ്ട് നടന്ന ചാനലുകാര്‍ പോലും ഇന്ന് അയാളോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത് എന്നതാണ് വിചിത്രം.
ഇവിടെ സന്തോഷ്‌ നല്ലതാണോ സിനിമ നല്ലതാണോ എന്നതല്ല ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നാല് പ്രഗല്ഭന്മാരെ കൂടെ കൂട്ടി, തട്ടി മെനഞ്ഞുണ്ടാക്കി, മീഡിയകളില്‍ അന്തം വിട്ടു പരസ്യങ്ങളും നല്‍കി പടച്ചു വിടുന്ന ഏത് കോപ്രായവും സിനിമ എന്ന പേരില്‍ കാഴ്ചക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണ് ഇന്ന്. ആരു പറഞ്ഞു കാണാന്‍ എന്ന ചോദ്യമായിരിക്കും വിമര്ശിക്കുന്നവര്‍ക്കുള്ള മറുപടി. ഇത്തരം സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയിട്ടു പരിതപിക്കുന്ന പിന്നണിക്കാരുടെ എണ്ണം പെരുകുകയാണിപ്പോള്‍... ശക്തമായ പ്രമേയങ്ങളുമായി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ തകര്‍ത്തു പണം വാരുമ്പോള്‍ അതിനെ നേരിടാന്‍ ഇന്ന് മലയാള സിനിമയ്ക്കു പേരിനു ഒരു സിനിമ പോലും ഇല്ലാത്ത അവസ്ഥ. സംഘടനകള്‍ കൂടിയതുകൊണ്ട് സമരത്തിന്‌ ഒരു പഞ്ഞവുമില്ലതാനും. ഒടുവില്‍ അഷ്ടിക്കു വകയില്ലാതെ നെട്ടോട്ടം ഓടുകയാണ് ഒരു പിടി അരിക്ക് വേണ്ടി ലൈറ്റ് പിടിക്കുന്ന ചെക്കന്‍ പോലും.
ആരാണിവിടുത്തെ രാജാക്കന്മാര്‍? ആരാണ് മലയാള സിനിമയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്?ഏത് സംഘടനയാണ് അതിനു പിന്നില്‍? എന്തിന് വേണ്ടി?കെടി കെട്ടിയ വന്‍പന്മാര്‍ ഉണ്ടല്ലോ പലരും ഇവിടെ. അവരില്‍ ഒരുത്തന്പോലും ഇന്നത്തെ മലയാള സിനിമയുടെ ദുര്‍ഗതി നേരിടാന്‍ ഒരു പാഴ് ശ്രമം എങ്കിലും നടത്തിയോ. പേരിനു ഇറങ്ങിയ കൃഷ്ണനും രാധയും എന്ന മലയാള സിനിമ പോലും അവര്‍ക്ക് മുന്നില്‍ അടിയറവു പറയണം എന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഒരു ചാനലില്‍ ഒരു സിനിമ പ്രവര്‍ത്തകന്‍ പറഞ്ഞത് ഇത്തരം സിനിമകള്‍ ഓടിയാല്‍ ഞങ്ങള്‍ പട്ടിണിയാകും എന്നാണ്. മലയാളിക് മലയാളം സിനിമ പ്രവര്‍ത്തകരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുകയല്ല പണി. കൊട്ടകയില്‍ പോയി സിനിമ കണ്ടിരുന്ന മലയാളികളെ അവിടെനിന്നും പുറത്താക്കിയതിനു ഇന്നത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. റോഡിലൂടെ ബസ്‌ ഓടിച്ചിട്ട്‌ എല്ലാരും അതില്‍ കയറി ലാഭം ഉണ്ടാക്കി കൊടുക്കണം എന്ന് പറയുന്നത് വിരോധാഭാസമാണ്. യാത്രക്കാരന്‍ അവന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചേ അതുപയോഗിക്കൂ. ഒടുവില്‍ ലാഭം ഇല്ലെന്നു പറഞ്ഞു നിര്‍ത്തുന്ന കെ എസ്‌ ആര്‍ ടി സീകാരന്റെ അടവ് വിദ്യ മലയാള സിനിമാക്കാരന്‍ പുറത്തെടുക്കുന്നത് അവനെ പട്ടിണിയിലേക് സ്വയം തള്ളിവിടാനെ ഉപകരിക്കൂ. കള്ള് കുടിക്കാന്‍ വരുന്നവരെങ്കിലും സിനിമ കാണട്ടെ എന്ന രീതിയില്‍ തീയെട്ടരിനോട് ചേര്‍ന്നു ബാര്‍ തുടങ്ങാന്‍ അനുമതി നല്‍കിയ നടനായ മന്ത്രിയുടെ പുത്തിയും ചിരിച്ചു തല്ലുക തന്നെ വേണം. (അതിലും വല്ലതും തടയുമായിരിക്കും. അല്ലെങ്കില്‍ കുറെ അക്രമങ്ങള്‍ കൂടുമ്പോള്‍ പോലീസ് മന്ത്രിക്കിട്ടു വെക്കുകയുമാകാം എന്നാവും. കോടതിക്കും വക്കീല്മാര്‍ക്കും പണി കിട്ടുകേം ചെയ്യും. അത്ര തന്നെ).
പെണ്ണിനെ കൂട്ടിക്കൊടുക്കുന്നവനാണ് ഈ സിനിമാക്കാരന്‍ സന്തോഷ്‌ എന്നുപോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത് അയാളുടെ വില ഇടിക്കാന്‍ തന്നെ ആയിരുന്നില്ലേ എന്ന് അയാള്‍ക്കെതിരെ ഉയരുന്ന ഈ കോപ്രായങ്ങള്‍ കാണുമ്പോള്‍ തോന്നുക സ്വാഭാവികം. എന്തുകൊണ്ട് അയാളുടെ ചിത്രങ്ങളിലെ ഒരു പാട്ടുപോലും ചാനല്‍ ദ്രോഹികള്‍ കാണിക്കുന്നില്ല? പറഞ്ഞു പഴകിയ രാഷ്ട്രീയ വൈരാഗ്യങ്ങള്‍ തുണി പൊക്കി ആടുന്നത് ലൈവ് ആയി കാട്ടി സ്വീകരണ മുറികളെ നാറ്റിക്കുകയല്ലേ അവര്‍ ചെയ്യുന്നത്? അത്ര മോശമാണോ ഈ സിനിമയിലെ ഗാനങ്ങള്‍? വിമര്‍ശിക്കുന്നവര്‍ പോലും അതിന്‍റെ ഈണങ്ങള്‍ മൂളുന്നില്ലേ ഓര്‍ക്കാതെ ആണെങ്കിലും?
മാനസിക രോഗി എന്നും ഭീഷണിക്കാരന്‍ എന്നും മണ്ടന്‍ എന്നും ഒക്കെ വിളിച്ച് കൂകി സന്തോഷ്‌ എന്ന സിനിമ വ്യവസായിയെ ആക്ഷേപിക്കുകയല്ല വേണ്ടത്. അതിനെ വെല്ലാന്‍ ആ സിനിമയെ പാടെ പുറത്താക്കാന്‍ നിങ്ങള്‍ മലയാള സിനിമാക്കാര്‍ കച്ച കെട്ടി ഇറങ്ങുകയാണ് വേണ്ടത്. വിമര്‍ശനങ്ങള്‍ കൊണ്ടല്ല, മറിച്ച് ശക്തമായ സിനിമകള്‍ ആകണം കണക്കു പറയേണ്ടത്. നിങ്ങള്‍ സന്തോഷിനെ വിമര്‍ശിച്ചാല്‍ നിങ്ങള്ക്ക് ചെവി തരാന്‍ മലയാളിക്ക് മനസ്സില്ല. അവര്‍ക്കറിയാം എല്ലാവരെയും വിലയിരുത്താന്‍. സിനിമ തീയേറ്ററുകള്‍ നിറഞ്ഞെന്നും ഭയങ്കര കളക്ഷന്‍ ആയിരുന്നെന്നും എവിടെയും കേട്ടില്ല. എങ്കിലും നെഗറ്റീവ് പബ്ലിസിടി കിട്ടിയ ഈ സിനിമക്കും അതിന്‍റെ സംവിധായകനും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ അറിയുന്ന ഒട്ടുമിക്ക ചെറുപ്പക്കാരെയും തീയെറ്ററിലെക്ക് ആകര്‍ഷിക്കാന്‍ ആയി. ഒരു തെറി വിളിക്കാനോ കൂകാനോ എന്ന പേരില്‍ ആണ് കയറിയതെന്ന് ഒരു അഭിനവ പ്രേക്ഷകന്‍ വിലയിരുത്തുന്നു. എങ്കിലും അവര്‍ സിനിമക്ക് കേറി. ഇത് സന്തോഷിന്‍റെ വിജയം തന്നെയാണ്. അയാള്‍ പറയും പോലെ അഞ്ചു ലക്ഷം രൂപക്ക് സിനിമ പിടിച്ച തീയെറ്ററില്‍ എത്തിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ? സൂപ്പര്‍ സ്റ്റാറിന്റെ ഇന്നത്തെ ചാര്‍ജ് കൊണ്ടു ഒരു പക്ഷെ പെട്രോളിന്‍റെ നികുതി വര്‍ധന വരെ ഒഴിവാക്കാം എന്നതാണ് സ്ഥിതി.
അഞ്ഞൂറിലേറെ പുതുമുഖങ്ങളെ ഇന്റര്‍വ്യൂ ചെയ്തു എന്ന് സന്തോഷ്‌ പറയുന്നു. എല്ലാവരും പുതുമുഖങ്ങള്‍ തന്നെ, ആ സിനിമയില്‍. മലയാളത്തില്‍ ഇന്ന് എത്ര സിനിമകള്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നുണ്ട്. പുതുമുഖങ്ങളെ ആവശ്യം ഉണ്ടെന്നു പറഞ്ഞു പരസ്യം കൊടുത്തു പണം തട്ടുന്ന ഒത്തിരി സിനിമാക്കാരെ നേരിട്ടറിയാം. (അബദ്ധത്തില്‍ മുഖം കാണിക്കാന്‍ അവസരം കിട്ടുന്നവരെയും പിടിപാടുകളുടെയും ബന്ധങ്ങളുടെയും പുറത്ത് റോള്‍ തരപ്പെടുത്തുന്നവരെയും മാറ്റി നിര്‍ത്താം.)
ഇടതു സഹയാത്രികനായ ഒരു സംവിധായകന്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് ക്ഷണിച്ചു കൊച്ചിയിലെ സ്റെടിയത്തിനടുത്ത് ഒരു കട മുറിയില്‍ 250 രൂപ ഫീസ്‌ വച്ചു ഇന്റര്‍വ്യൂ നടത്തി അവരുടെ മുഖം ക്യാമറയില്‍ റെക്കോര്‍ഡ്‌ ചെയ്ത സംഭവവും കൊല്ലത്തെ ഒരു പ്രസിദ്ധമായ ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി ഒരിക്കല്‍ രതി ചിത്രങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ട സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും തിരുവനതപുരത്ത് സ്ടാച്ചുവിനു അടുത്ത ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി കള്ളടി വീരനായ സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും ഇവിടെ ചേര്‍ത്തു വായിക്കണം. അന്ന് ഒക്കെയും ഇന്റര്‍വ്യൂ ചെയ്യപ്പെട്ട ആര്‍ക്കും റോള്‍ നല്‍കാതെ ഇവരുടെ സിനിമകള്‍ വെള്ളിത്തിരയിലെത്തി. എല്ലാത്തിലും വീര ശൂര പരാക്രമികളായ പ്രമുഖ മലയാള നടന്മാര്‍ നായകന്മാര്‍ ആയി. കലയെയും സിനിമയെയും സ്നേഹിച്ചു പണം മുടക്കി ഇന്ടെര്വിഎവ്വിനു പോയ കാസര്ഗോട്ടുകാരനും കണ്ണൂര് കാരനും കോഴിക്കോട് കാരനും ഒക്കെ ഇതിന്റെ കയ്പ് അനുഭവിച്ചു. അവര്‍ക്ക് അവസരം കൊടുക്കണമെന്നോ കൊടുക്കാഞ്ഞതിനെ വിമര്‍ശിക്കുകയോ അല്ല. പുതുമുഖങ്ങളെ കണ്ടില്ലെന്നു നടിച്ചു സിനിമ ഇറക്കാന്‍ ഈ വക്ര ബുദ്ധികള്‍ തയ്യാറായ കഥ പറഞ്ഞെന്നു മാത്രം. അവന്മാരുടെ സിനിമകള്‍ അവഗണിക്കപ്പെടുക തന്നെ വേണം. ഇത് ഒരു വശം മാത്രമാണ്.
കോഴിക്കോട് പെരുവന്നാമൂഴിയില്‍ ജനിച്ചു ചെലന്നുരില്‍ വളര്‍ന്ന സന്തോഷിനെ അവിടത്തുകാര്‍ പോലും പിന്താങ്കുമോ എന്ന് അറിയില്ല. എങ്കിലും അയാള്‍ പറയും പോലെ വസ്തു വിറ്റു സിനിമ പിടിച്ചെങ്കില്‍ അയാള്‍ വിജയിക്കണം. നഷ്ടമുണ്ടാകരുത്, സിനിമാക്കാര്‍ പറയുന്നതുപോലെ. സിനിമയുടെ പിന്നണി പ്രവര്‍ത്തനം ക്യാമറ ഒഴിച്ച് മുഴുവന്‍ കൈകാര്യം ചെയ്ത ഇയാള്‍ കുറഞ്ഞ പുള്ളിയോന്നുമല്ല. കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ സന്തോഷ്‌ അവതരിപ്പിച്ച ജോണ്‍ എന്ന കഥാപാത്രം ആരുടേയും മനസ്സില്‍ തറയ്ക്കുക ഇല്ലായിരിക്കാം. എങ്കിലും അയാളുടെ ആര്‍ജവത്തെ കണ്ടില്ലെന്നു നടിക്കരുത്.
ചങ്കൂറ്റവും തൊലിക്ക് അപാര കട്ടിയുമുള്ള സന്തോഷ്‌ യു ടുബില്‍ ഇടുന്ന ഓരോ ഗാനത്തിനും എത്ര കാഴ്ചക്കാര്‍ ആണുള്ളത്? പണ്ട് സില്‍സില എന്ന ഗാനം യു ടുബില്‍ ഇട്ട ഹരിശങ്കര്‍ എന്ന നിര്‍മാതാവ് കം നടനും ചെറുപ്പക്കാരുടെ കണ്ണില്‍ കരടായിരുന്നു. ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായിയിലെ ജിതുവിനെയും കാളിദാസന്‍ കവിത എഴുതുകയാണ് എന്ന സിനിമയിലെ ഒരു പക്ഷെ കാളിദാസനെയും ഇനി മലയാളി മക്കള്‍ കാണേണ്ടി വരും. ഇനി ഉള്ള സിനിമകളിലൂടെ സന്തോഷ്‌ പെര്ഫെക്ഷനിലേക്ക് നടന്നു തുടങ്ങിയാല്‍ മലയാള സിനിമ മറ്റൊരു വഴിത്തിരിവിലെത്തും. ജനപ്രിയ പ്രമേയങ്ങളും ശക്തമായ കഥാഗതിയുമായി സിനിമാക്കാര്‍ സട കുടഞ്ഞെഴുന്നെല്‍ക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

2011 ജൂലൈ 25, തിങ്കളാഴ്‌ച

രമ്യ നംബീശന്റെ ചുംബനം

മലയാളം സിനിമയില്‍ ഒരു ചുംബന സീന്‍ വരുത്തിയ കോലാഹലം തുടരുകയാണ്. ഈ കോലാഹലത്തിന്റെ ആവശ്യകതയുണ്ടെന്നു തോന്നുന്നില്ല. മലയാളത്തിലെ മുഖ്യ സിനിമകളിലെ ആദ്യ ചുംബന സീന്‍ ആകാം . അതുകൊണ്ട് അതാണ്‌ സിനിമകളിലെ തന്നെ ആദ്യ ചുംബന സീന്‍ എന്ന മട്ടില്‍ ആണ് ഓരോരുത്തര്‍ അഭിപ്രായം എഴുന്നള്ളിക്കുന്നത്. മലയാളത്തിലെ എല്ലാ സെക്സ് ചിത്രങ്ങളിലും ചുംബനം വേണ്ടുവോളം ഉണ്ട്. അതുകൊണ്ട് ഈ ചുംബനം ഒരു മാറ്റമുണ്ടാക്കും എന്ന് കരുതുന്നത് തെറ്റാണ്. ഇതുള്ളതുകൊണ്ട് മാത്രം ഈ ചിത്രം കാണാന്‍ പോകാത്ത വീട്ടുകാര്‍ നാട്ടില്‍ ഉണ്ടെന്നു ഓര്‍ക്കണം. അതുകൊണ്ട് സദാചാരം പലര്‍ക്കും പല കാഴ്ച്ചപ്പാടാണ്. അശ്ലീല ചിത്ത്രങ്ങള്‍ കാണുന്നവരെ വൃത്തികെട്ടവന്മാര്‍ എന്ന് വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് കിന്നാരത്തുമ്പികള്‍ പോലുള്ള ചിത്ത്രങ്ങള്‍ നല്ല കളക്ഷന്‍ നേടുന്നത് നാം കണ്ടു. ചുംബനം ഇല്ലെങ്കിലും കിടപ്പറ സീന്‍ ഇല്ലെങ്കിലും അത് നടക്കുന്നുണ്ട് എന്ന് സിനിമ കാണുന്ന മലയാളിക്കറിയാം. അതുന്ടെങ്കിലോ അല്ലെങ്കില്‍ അതുണ്ടെങ്കില്‍ സംവിധായകന്‍ അങ്ങ് മല മരിച്ചെന്നു വാദിക്കുന്നത് ശുദ്ധ ഭോഷ്ക് ആണ്..
വിഗതകുമാരന്‍ എന്ന മലയാളം സിനിമ 1930 നവംബറില്‍ പുറത്തുവന്നു. അന്ന് തൊട്ടിന്നു വരെ മലയാള സിനിമയില്‍ അശ്ലീല രംഗങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല. ഉണ്ട്. ജനങ്ങള്‍ ഓരോ സിനിമയെയും വിലയിരുത്തുന്നത് കാണുമ്പോള്‍ നമുക്ക് അത് മനസ്സിലാവും എന്തുകൊണ്ട് രതിനിര്‍വേദം ജയഭാരതി അഭിനയിച്ചപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി. ഇന്നത്തെ രതിനിര്‍വേദം എന്തേ പരാജയമായി. സിനിമയില്‍ ചൂട് രംഗങ്ങള്‍ പകര്‍ത്താന്‍ സംവിധായകന് കഴിയും. അതിനു ചുംബനവും കിടപ്പറയും കാട്ടേണ്ട. ഭരതനും പദ്മരാജനും ഇതൊക്കെ സാധിച്ചിരുന്നു. എണ്‍പത് വയസ്സായ മലയാള സിനിമ കര കേറണം എങ്കില്‍ ചുംബനം ഉണ്ടെങ്കിലെ കഴിയൂ എന്ന് ഏതെങ്കിലും ബുദ്ധിജീവിയോ സംവിധായകനോ കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. (ഇവരൊക്കെ സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ ഇരിക്കുമ്പോള്‍ ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ റിമോട്ട് സമയോജിതമായി ഉപയോഗിക്കുന്നുണ്ടെന്ന കാര്യം മറക്കേണ്ട). അപ്പോള്‍ എന്ത് കാണണം എന്ത് കാണണ്ട എന്ന് തീരുമാനിക്കാന്‍ മലയാളിക് അവന്‍റെ സദാചാര ബോധത്തില്‍ സാധ്യമാണ്.
ഇംഗ്ലീഷ് സിനിമയില്‍ സെക്സ് ഇല്ലേ എന്ന് ചോദിക്കുന്നവര്‍ പെരുകുകയാണ്. ഉണ്ടല്ല്ലോ. അതല്ലല്ലോ മലയാളം സിനിമ. യൂറോപ്യന്‍ നാടുകളില്ലും വിദേശ നാടുകളിലും ഉള്ള ചിത്ത്രങ്ങളില്‍ ചുംബനവും കിടപ്പറയും രഹസ്യ ഭാഗങ്ങളും കാണിക്കുന്നുണ്ട്. നിരത്തുകളിലും അത് വിഭിന്നമല്ല. ലണ്ടന്‍ നിരത്തുകളില്‍ ചുംബിച്ചു നില്‍ക്കുന്നവര്‍ നിരവധിയാണ്. അപ്പോള്‍ അതിനു അവരുടെ സംസ്കാരവുമായി ബന്ധമുണ്ടെന്നു സാരം. ചുംബനമോ കിടപ്പറ രംഗങ്ങളോ കൊണ്ടു ഓടിയ ഒരു മലയാള ചിത്ത്രവും ഇല്ല. ഇംഗ്ലീഷില്‍ നിരവധി ചിത്ത്രങ്ങള്‍ ഇത്തരം രംഗങ്ങളിലൂടെ കര കയറിയിട്ടുണ്ട്. ചാപ്പ കുരിശ് എന്ന ചിത്ത്രത്തിന്റെ സംവിധായകന്‍ സമീര്‍ താഹിര്‍ രമ്യാ നംബീശനെയും ഫാസിലിന്റെ മകന്‍ ഷാനുവിനെയും ഇങ്ങനെ ഒരു കെണിയില്‍ പെടുത്തെണ്ടിയിരുന്നില്ല. ചുംബന സീനില്‍ അഭിനയിച്ച്ചതുകൊന്ദ് ഇനി രമ്യക്ക് തുണി മറ അല്പാല്‍പ്പം നീക്കം എന്ന ധൈര്യം കിട്ടി. ശാലീന സുന്ദരിയായി മലയാളത്തില്‍ വേഷമിട്ട് തമിഴിലും മറ്റു ഉത്തരേന്ത്യന്‍ ഭാഷകളിലും മേനി പ്രദര്‍ശനം നടത്തി കാശുവാരിയ രംഭയ്ക്ക് പിന്നാലെ ഭാവന ഉള്‍പ്പെടെ പല നടിമാരും പോയി. കാര്‍ത്തികയോ ശോഭനയോ ചെയ്യാന്‍ മടിച്ചത് ഇവര്‍ ചെയ്യുന്നത് വയറ്റില്‍ പിഴപ്പ് കാരണം ആണ്. അത് സിനിമക്ക് ഒരു ഗുണവും ചെയ്യില്ല. സംവിധായകന് ചില പുരോഗമനക്കാരുടെ കയ്യടി കിട്ടിയേക്കാം
ട്രാഫിക് പോലുള്ള ഒരു ചിത്ത്രത്തെ കമലഹാസന്‍ പ്രകീര്ത്തിച്ച്ചത് വൃത്തികേടുകള്‍ ഉണ്ടായിട്ടല്ല. നന്നായി ക്രാഫ്റ്റ് ചെയ്തിട്ടാണ്. ചാപ്പ കുരിശിനു എത്ര പേരുടെ അംഗീകാരം കിട്ടി? വിമര്‍ശനങ്ങളോ? പിന്നില്‍ പ്രവര്ത്തിച്ച്ചവര്‍ക്ക് ഇതുവഴി ഒന്നും അറിയാതെ മൈലേജ് കിട്ടി. നന്നായി. ആവര്‍ത്തിക്കാന്‍ നിക്കണ്ട.
മുംബ് ഹിന്ദിയില്‍ വിനോദ് ഖന്നയും അനില്‍ കപൂറും മാധുരി ദീക്ഷിത്തിനെ ചുംബിക്കുന്ന രംഗങ്ങള്‍ വന്നു. അന്ന് വലിയ കോലാഹലം ഉണ്ടായി. അതുകൊണ്ട് ആ ചിത്ത്രങ്ങള്‍ നല്ല ജനപ്രീതി നേടി എന്ന് കരുതരുത്. മാധുരി സെക്സ് എന്ന് പറഞ്ഞു യു ടുബില്‍ കിടപ്പുണ്ട്. ഇനി രമ്യ നംബീശന്റെ സെക്സ് എന്ന് പറഞ്ഞു ഈ രംഗവും കാണാം നമുക്ക്. ഇത്തരം രംഗങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് ദയനീയമാണ്.
സൂപ്പര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയുള്ള ചിത്രങ്ങളും അതിലൂടെയുള്ള നേട്ടങ്ങളും കഥയുടെയും സംവിധാനത്തിന്റെയും മികവാണ്. അല്ലാതെ മറ മാറിയതല്ല. വിജയിച്ചതോ വിജയിക്കാതെ പരീക്ഷ്ണങ്ങളായി അവശേഷിച്ച്ചതോ ആയ ചിത്ത്രങ്ങള്ക് പിന്തുണ നല്‍കുന്നു. ഇനിയും വരിക മലയാള സിനിമയെ പ്രകാശത്തിലേക്ക് നയിക്കാന്‍. ദയവുചെയ്ത് ഈ സംസ്കാരത്തെ ഇടിച്ചു താഴ്തരുതെ.

2011 ജൂലൈ 15, വെള്ളിയാഴ്‌ച

നാണമില്ലല്ലോ നിങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ ?

രാഷ്ട്രീയക്കരന്റെയും ഭരണ വര്‍ഗത്തിന്റെയും
പ്രസ്താവനകള്‍ നിങ്ങള്‍ കണ്ടുവോ? ഇല്ലെങ്കില്‍ ഇതാ കേട്ടോളൂ. പ്രധാനമന്ത്രിയില്‍ നിന്ന് തുടങ്ങാം.


ഭീകരതക്കെതിരെ ആഞ്ഞടിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്..ഇദ്ദേഹം കഴിഞ്ഞ തവണ സ്ഫോടനം ഉണ്ടായപ്പോഴും ഇത് തന്നെ ച്ശര്‍ദിച്ചു.


ഇനി പ്രതിപക്ഷ നേതാവ്. ഇതൊന്നും സഹിക്കില്ല.
അദ്ദേഹം അഭ്യന്തരം കൈകാ
ര്യം ചെയ്തപ്പോഴാണ് ഖണ്ടഹാര്‍ വിമാനം തട്ടിക്കൊണ്ടുപോയി ഇറക്കിയ സംഭ
വം.
അന്ന് ഒരു ചുക്കും സംഭവിച്ചില്ല. ഒരു നടപടിയും ഉണ്ടായുമില്ല.

രാഹുല്‍ ഗാന്ധി പറഞ്ഞത് അഫ്ഘാനിസ്ഥാനിലും
ഇറാഖിലും ബോംബ്‌ സ്ഫോടനം ഉണ്ടാകുന്നില്ലേ എന്നാണ്. താരതമ്യ പഠനം കണ്ടില്ലേ..വളര്ച്ച്ചയുണ്ട്. പയ്യന്‍സിന്റെ കാര്യം ഒന്നും പറയണ്ട..ദയനീയം എന്നല്ലാതെ എന്ത് പറയാന്‍.




അഭ്യന്തര മന്ത്രി ചിദംബരം ശക്തമായി പ്രതികരിച്ചു. എന്താണ്? ശക്തമായ
ഭാഷ സ്വീകരിക്കും തീവ്ര വാദികള്‍ക്കെതിരെ..മുംബൈ താജ് ആക്രമണ ശേഷം ഇദ്ദേഹം നാഷണല്‍
കൌണ്ടര്‍ ടെറ റിസം സെന്‍റര്‍ തുടങ്ങുമെന്ന് പറഞ്ഞിരു
ന്നു. അത് അന്ന് തന്നെ വിഴുങ്ങിയിരുന്നു..



അരുണ്‍ ജെടിലി ഇതിനേക്കാള്‍ നല്ലൊരു പ്രസ്താവന ഇറക്കിയിട്ടുണ്ട്..റ്റാ ഡാ തിരികെ കൊണ്ടുവരണം എന്ന്..
എങ്കില്‍ തീവ്രവാദികളെ നേരിടാമോ? അവരുടെ ഭരണകാലത്ത് കൊണ്ടുവന്ന പോട്ട എന്ന സംവിധാനത്തിന് എന്താണ് സംഭവിച്ചത് എന്ന് എല്ലാര്‍ക്കും അറിയാം..





എന്ത് മനസ്സിലായി ഇതില്‍ നിന്ന്..ഒരു സ്ഫോടനം..അത്ര തന്നെ..അതിപ്പം സംസ്ഥാനം ഏതായാലും കാര്യം ഇല്ല..ഒരു രാഷ്ട്രീയപ്പാര്‍ത്ടിക്കും രാഷ്ട്രീയക്കാരനും ഇച്ചാ ശക്തിയില്ല ..ഈ രാജ്യത്ത് നമ്മള്‍ നമ്മളെ സംരക്ഷിക്കണം..അയല്‍ക്കാരന് പണം കൊടുത്ത് വീട്ടില്‍ പേടിച്ച് കിടക്കുന്ന അവസ്ഥ..ഇന്ത്യയില്‍ ഇതല്ല ഇതിനപ്പുറവും നടക്കും..പോക്രിത്തരം കാണിക്കുന്ന, മൂല്യ ബോധം ഇല്ലാത്ത ഏത് എമ്ബോക്കിയെയും നമ്മള്‍ ജയിപ്പിക്കും..കാരണം നമ്മള്‍ക് ചാവണം..വല്ലോന്റേം വാളിന്റെയോ തോക്കിന്റെയോ ബോംബിന്റെയോ മുന്നില്‍..
മാര്‍ഗമുണ്ടോ രക്ഷപ്പെടാന്‍ ?
നമ്മുടെ രാഷ്ട്രീയ സംവിധാനം തന്നെ പോളിച്ച്ചെഴുതനം..തികച്ചും പ്രൊഫഷണല്‍ രീതിയിലേക്ക് ഇത് മാറണം..കേവലം പണക്കെട്ടുകള്‍ക്ക് മുന്നില്‍ മുഖം മഞ്ഞളിക്കുന്നവന്റെ അവസ്ഥയില്‍ നിന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന വളരെ മൂല്യ ബോധമുള്ള ശക്തമായ അടിത്തറയുള്ള വളര്‍ച്ചാ നിരക്ക് കാട്ടുന്ന ഒരു നൂതന ഇന്ത്യ ..അതാവട്ടെ സ്വപ്നം..അതിനു നമുക്ക് കഴിയുന്നതെന്തും ചെയ്യാം..സംഘടിക്കാന്‍ അവര്‍ അനുവദിക്കില്ല...പ്രവര്‍ത്തിക്കണം മൌനമായി..നല്ലവരായ ചിലരെങ്കിലും രാഷ്ട്രീയക്കാരിലും ഉണ്ടായേക്കാം..അവരെയും കൂട്ടാം..താഴെത്തട്ടില്‍ ആവട്ടെ ആദ്യ വിജയം..പിന്നെ തകര്‍ക്കാന്‍ കഴിയില്ല ഇന്ത്യ എന്ന മഹാ ശക്തിയെ..ഏത് അഴിമതിയും പൊളിഞ്ഞു വീഴും ആ മുന്നേറ്റത്തില്‍..നമ്മളെ 'സേവിക്കാന്‍' വരുന്നവനെ സൂക്ഷിക്കണം..വോട്ട് ചെയ്യുമ്പോള്‍ ഇനി ഇതും മനസ്സില്‍ ഉണ്ടാവണം..പാര്‍ട്ടിക്കോ ജാതിക്കോ അല്ല കുത്തണ്ടത്..ഭാവി വാഗ്ദാനം ചെയ്യുന്നവന്..വിവരവും വിദ്യാഭ്യാസവും കര്‍മ വീര്യവും ഉള്ളവന്..ഐക്യദാര്‍ത്ട്യം പ്രഖ്യാപിക്കാം നമുക്ക്..

2011 ജൂലൈ 14, വ്യാഴാഴ്‌ച

പ്രതികരിക്കണം..ശക്തമായി..


മുംബൈയില്‍ വീണ്ടും സ്ഫോടനങ്ങള്‍..21 മരണം..ഇവിടെ ആര്‍ക്കാണ് നഷ്ടങ്ങളുടെ കണക്കുകള്‍ പറയാനുണ്ടാവുക..കാലങ്ങളായി നമ്മള്‍ മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ അനുഭവിക്കുന്നത് ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത അവസ്ഥയല്ലേ? നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും 2006 ജൂലായില്‍ മുംബയില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനങ്ങള്‍. തീവ്രവാദികള്‍ തുടര്‍ന്നു വരുന്ന ഒരു രീതിയാണ് ബോംബ്‌ സ്ഫോടന വാര്ഷികത്തിനോ അതിനടുത്ത ദിനങ്ങളിലോ സ്ഫോടനങ്ങള്‍ നടത്തുക എന്നത്. അന്ന് ട്രെയിനില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 181 പേര്‍ മരിച്ചു. അഞ്ച് വര്‍ഷത്തിനു ശേഷം ഇന്നലെ നടന്ന സ്ഫോടനങ്ങളില്‍ 21 നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്. ആര്‍ക്കുവേണ്ടി ആരാണ് കൊല ചെയ്യുന്നത് എന്നതില്‍ കാര്യം ഇല്ല. കാരണം ആര്‍ക്കും ആര്‍ക്കെതിരെയും കേസ് കൊടുക്കാം എന്ന് വക്കീല്‍ പറയും പോലെ ആര്‍ക്കും ആരെയും കൊല്ലാം. നാട്ടാരുടെ രക്ഷ നിക്ഷിപ്തമായിരിക്കുന്ന സര്‍ക്കാരുകള്‍ എന്താണ് ചെയ്യുന്നത്? സുരക്ഷ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്? ധീരന്മാരായ മൂന്നു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു കസബിന്റെ മുംബൈ ആക്രമണത്തില്‍. അന്ന് ജനങ്ങള്‍ പറഞ്ഞു ഒരു രാഷ്ട്രീയക്കാരനും സഹതപിക്കാന്‍ ഈ വഴി വരണ്ട എന്ന്. എങ്കിലും ഈ രാജ്യത്ത് ജീവിക്കാന്‍ അവന്‍റെ പിന്‍ബലം വേണം. ദയനീയ സ്ഥിതി. നല്ലവരായ ചുരുക്കം ചില രാഷ്ട്രീയക്കാര്‍ക്ക് പോലും പേര് ദോഷം ഉണ്ടാക്കുന്ന രീതിയില്‍ ചില ദുഷ്ട ശക്തികള്‍ പ്രതിലോമ ശക്തികളെ പിന്‍തുണ നല്‍കുന്നില്ലേ ? പാര്‍ട്ടികള്‍ക് അറിയാത്ത കാര്യം അല്ല അത്. രാജിവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ഏതേലും പാര്‍ട്ടിക്കാരന്‍ കുടുങ്ങ്യോ? പച്ച പരമാര്ധം എല്ലാര്ക്കും അറിയാം എങ്കിലും ഒന്നും സാധിക്കുന്നില്ല.. അന്നത്തെ ഭരണ വര്‍ഗം ശിവരശനെ പിടിക്കാന്‍ പോലും സമ്മതിച്ചില്ല. പുരുളിയയില്‍ ആയുധം ഇറക്കിയ വിമാനത്തിന്റെ പൈലടിനെ പിടിച്ചെങ്കിലും രായ്ക് രാമാനം ഡല്‍ഹിയില്‍ ഒരു എം പിയുടെ അടുത്ത് എത്തിച് അന്നത്തെ സി ബി ഐ ദയരക്ടരുടെ സാന്നിധ്യത്തില്‍ രക്ഷപ്പെടുത്തിയതായി കണ്ടെത്തിയിരിക്കുന്നു. തജ്മഹല്‍ ഹോട്ടല്‍ ആക്രമണത്തിന് ശേഷം ഒരു സംഘം പത്ര പ്രവര്‍ത്തകര്‍ ഭീകരന്മാര്‍ വന്ന വഴിയില്‍ പരീക്ഷ്നാര്ധം സംശയം ജനിപ്പിക്കും വിധം യാത്ര ചെയ്തു നോക്കി..പോലീസ് പിടികൂടുമോ എന്നതായിരുന്നു അന്വേഷണം..പണത്തിന്റെ കട്ടി കൂട്ടിയപ്പം സെകുരിടിക്കാരന്‍ കാത്ത്തിവിട്ടു..കഷ്ടം..ഇങ്ങനെ നടന്നില്ലെന്കിലെ അദ്ഭുതമുള്ളൂ. ഇന്നും സംരക്ഷണം ഇല്ലാത്ത അവസ്ഥ തന്നെയെന്നു ഇത് വെളിപ്പെടുത്തുന്നു..

ഇന്ത്യയെ മാത്രമാണോ ഭീകരന്മാര്‍ക്ക് നോട്ടം? അല്ലെ അല്ല. ഇന്ന് അവര്‍ക്ക് ഏറ്റവും വൈരാഗ്യം അമേരിക്കയോട് ആണ്. ഇംഗ്ലണ്ടിനോടും വല്ലാത്ത പകയാണ്. എങ്കിലും അവിടങ്ങളില്‍ ഒന്നും നടക്കുന്നില്ല. സുരക്ഷ തന്നെ കാരണം. ഇംഗ്ലണ്ടിനു ചുറ്റും കടല്‍ ആണ്. എന്ന് കരുതി കടലില്‍ നീന്തി ഭീകരന്മാര്‍ എത്താറില്ല..

ഒരു അമേരിക്കന്‍ സെനറ്റര്‍ ഒബാമയെ കുറ്റപ്പെടുത്തി കൊണ്ടു പറഞ്ഞത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ സംകീര്‍ണമാകാതെ ഇരിക്കാന്‍ അമേരിക്ക ഈ രണ്ടു രാജ്യങ്ങളിലും ഭീകരര്‍ക്കൊപ്പം അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ്. ഇന്ത്യയില്‍ സെന്‍സെക്സ് വളര്‍ച്ച കാട്ടുമ്പോള്‍ മുമ്പും ബോംബ്‌ സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വോട്ട് ബാങ്ക് എന്ന് പറഞ്ഞു ഭീഷണി പെടുത്തി അന്വേഷണം മന്ദീഭവിപ്പിച് ഇല്ലാതാക്കുമ്പോഴും നഷ്ടങ്ങള്‍ ആര്‍ക്കാണെന്ന് നാം അറിയണം ..വാവിട്ട് കരയുന്ന ബന്ധുക്കള്‍..എന്‍ ഡി ടി വിയും സി എന്‍ എന്നും രാക്ഷ്ട്രീയക്കാരന്റെ കൊമാളിത്തരങ്ങളും വാക്ക് സാമര്ധ്യവും അരങ്ങില്‍ അവതരിപ്പിച്ചു കയ്യടി നേടുമ്പോള്‍ ഭീകരതക്കെതിരെ ശക്തമായി പോരാടാന്‍ ജീവന്‍ വെടിയാന്‍ പോലും മരിച്ചവരുടെ ഉറ്റവര്‍ തയ്യാറെടുക്കുന്നു , ഇനി ആര്‍ക്കും അപകടം ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെ..എന്നിട്ടും ഒരു ചെറു വിരല്‍ അനക്കാന്‍ പോലും ഭരണ വര്‍ഗത്തിനാകാത്തതെന്തേ ?

സ്ഫോടനം നടന്നു മിനിട്ടുകള്‍ക്കകം സോഷ്യല്‍ സൈറ്റുകള്‍ കാണണമായിരുന്നു..സഹായ വാഗ്ദാനങ്ങളുടെ പെരുമഴ..ഒപ്പം ശക്തമായ താക്കീത് ഭീകരന്മാര്‍ക്കും ഭരണക്കാര്‍ക്കും. എന്‍റെ ടാക്സ് തിരികെ തരൂ എനിക്ക് ഞാന്‍ സംരക്ഷണം ഒരുക്കിക്കൊള്ലാം എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. കള്ളപ്പണം കണ്ടുപിടിക്കാനും അഴിമതി തുടച്ചു നീക്കാനും ഉള്ള പ്രയത്നവും ലോക്പാല്‍ ബില്‍ അവതരണത്തിനും ഇടയില്‍ നടന്ന ആക്രമണത്തെ ദുരൂഹതെയോടെയാണ് ഒരാള്‍ ഫേസ് ബുക്കില്‍ കണ്ടത്. ട്വിറ്റെര്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്രദമായി. എന്‍റെ വീട്ടില്‍ എത്തിയാല്‍ സഹായിക്കാം എന്നും എന്‍റെ വണ്ടിയില്‍ സൌജന്യമായി കൊണ്ടെത്തിക്കാം എന്നും പലരും എഴുതി. സഹായം എന്തും ചോദിക്കാനും നിരവധി നമ്പരുകളും യാത്ര ചെയ്യേണ്ട മാര്‍ഗങ്ങളും മാപ്പും എല്ലാം അവര്‍ നല്‍കി. ഇതൊക്കെ കണ്ടപ്പോള്‍ ജനങ്ങള്‍ ഇപ്പോഴും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നതായി തോന്നി. ഇന്ന് രാവിലെ ടി വികളില്‍ സംസാരിച്ച ജനങ്ങള്‍ പറഞ്ഞത് ഞങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നാണ്. ഉറ്റവര്‍ നഷ്ടമാകുമ്പോഴും വിങ്ങുന്ന ഹൃദയത്ത്തോടെയാണ് ഇവര്‍ ഇത് പറയുന്നതെന്ന കാര്യം ആരും ഓര്‍ക്കുന്നില്ല. ആവേശത്തോടെ പ്രതിലോമ ശക്തികള്‍ക്കെതിരെ സംസരിച്ച്ചവരുടെ നിറ കണ്ണുകള്‍ അതിനു സാക്ഷി ..

എന്ത് ചെയ്യാം സര്‍ക്കാരുകള്‍ക്ക്? ടെക്നോളജി എത്രകണ്ട് ഉപയോഗപ്പെടുത്താമോ അത്ര കണ്ട് അതിനായി ശ്രമിക്കുക. ലണ്ടന്റെ മുക്കിലും മൂലയിലും സി സി ടി വി എന്ന സംവിധാനം ഉണ്ട്. ഒരുത്തനും അക്രമം കാണിക്കാന്‍ മുതിരില്ല..ഉണ്ടായാല്‍ തന്നെ പിടിക്കപ്പെടും. ട്രാഫിക് നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുക്കുന്ന ക്യാമറ, അതിന്‍റെ നമ്പര്‍ സഹിതം ഉടമയുടെ പേരില്‍ പിഴ ഈടാക്കിക്കൊണ്ടുള്ള അറിയിപ്പ്, ഫോട്ടോ സഹിതം എത്തിക്കും. ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല ആര്‍ക്കും . ഇവിടെ പോലീസ് ഇതൊന്നും കൈകാര്യം ചെയ്യുന്നില്ല. കസബിന്റെ ചിത്ത്രം കിട്ടിയത് റെയില്‍വേ സ്റ്റേഷനില്‍ ഇതുണ്ടായിരുന്നത് കൊണ്ടല്ലേ. എന്തുകൊണ്ട് നമ്മുടെ തിരക്കേറിയ തെരുവുകളിലും വാഹനങ്ങളിലും ഈ ക്യാമറ ഘടിപ്പിച്ചുകൂടാ? . വലിയ ചെലവൊന്നുമില്ല. വന്‍ കമ്പനികള്‍ അതിനു സഹായം നല്‍കും. പിടിപ്പില്ലാത്ത പോലീസുകാരെ ഇനി ആവശ്യമില്ല. സാധാരണക്കാരേക്കാള്‍ ഉയര്‍ന്നു ചിന്തിക്കാന്‍ കഴിയുന്നവരെ പോലിസിലേക് എടുക്കണം. പാവങ്ങളെ ചവിട്ടി മെതിക്കാനാവരുത് പോലീസ് . രാഷ്ട്രീയം നോക്കാതെ രക്ഷകന്‍ എന്ന് തോന്നുന്നവരെ തിരഞ്ഞെടുപ്പില്‍ സഹായിക്കുക. ഒരിക്കലും നമ്മളെ പിന്നില്‍ നിന്ന് കുത്തുന്ന ഒരുവനെ തിരഞ്ഞെടുത്തു കൂടാ. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടാകണം. രാഷ്ട്രീയം ഇനി നോക്കേണ്ട. ജീവനും സ്വത്തിനും ആണ് പ്രാധാന്യം നല്‍കേണ്ടത് . ഇന്ത്യ കൈവരിച്ച പുരോഗതി അവള്‍ സ്വയം ആര്‍ജിച്ചത് തന്നെയാണ്. നമുക്ക് ചെയ്യാനായത് കൃഷിഭൂമികള്‍ ഇല്ലാതാക്കാനും വനഭൂമി നശിപ്പിക്കാനുമാണ്. അതൊക്കെ ഉണ്ടായിരുന്നേല്‍ നാം സ്വയം പര്യാപ്തമായേനെ. ഇന്നും മറ്റു രാജ്യങ്ങളുടെ പാവയായി ഇന്ത്യ മാറുമ്പോള്‍ മറുനാട്ടില്‍ ജോലിചെയ്യുന്നവര്‍ സങ്കടപ്പെടുന്നുണ്ട്. അവരുടെ പ്രതികരണങ്ങള്‍ ക്ഷോഭാജനകമാണ്. ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ ദിനം പ്രതി കാണുന്നത് കണ്ട് സഹിച്ചു കഴിയുന്നു. സ്വയം ഉണരണം. ഓരോരുത്തരും. നമ്മളെ രക്ഷിക്കാന്‍ നമുക്ക് ആവണം. നമ്മുടെ തലയില്‍ ആള്‍താമസം ഉണ്ടെന്നു വിളിച്ചു പറയണം. സമൂഹത്തിനും രാജ്യ താല്പര്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്.

വീട്ടില്‍ അന്നം എത്തിക്കാന്‍ ഉള്ള പെട പാടിനിടയില്‍ വഴിയോരത്തെ ഒരു സ്ഫോടനം ജീവനെടുതവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം..ഇത്തരം കാര്യങ്ങളില്‍ മത സ്പര്ധയില്ലാതെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കാം നമുക്ക്..