2011, നവംബർ 10, വ്യാഴാഴ്‌ച
പരാക്രമം കൃഷ്ണനോടും രാധയോടും അല്ല വേണ്ടൂ..
ഒരു സന്തോഷ് പണ്ഡിറ്റും സിനിമയും കുറെ ഗാനങ്ങളും ആയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ചയില്‍ വന്നത്, അത് ടീവീയില്‍ ആയാലും മറ്റു ചര്‍ച്ചകളില്‍ ആയാലും. ഈ മനുഷ്യനോടും സിനിമയോടും ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ആരോഗ്യകരമല്ല, ഒരിക്കലും. എന്തുകൊടാണ് മലയാള സിനിമയില്‍ ഇത്രയേറെ വിമര്‍ശനങ്ങളുമായി ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത് എന്ന് അവര്‍ ചിന്തിക്കുന്നില്ല. അത് ഒരു പ്രേരക ശക്തിയെ ആകുന്നില്ല. പകരം ഒരു ചെറുപ്പക്കാരന്റെ പുതിയ സംരംഭത്തെ മുളയിലെ നുള്ളിക്കളയാന്‍ ആണ് ശ്രമം നടന്നത്, നടക്കുന്നത്. അത് എല്ലാ ഭാഗത്തുനിന്നും ഉണ്ടുതാനും. ഒരുവേള, അയാളെ പൊക്കിക്കൊണ്ട് നടന്ന ചാനലുകാര്‍ പോലും ഇന്ന് അയാളോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത് എന്നതാണ് വിചിത്രം.
ഇവിടെ സന്തോഷ് നല്ലതാണോ സിനിമ നല്ലതാണോ എന്നതല്ല ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നാല് പ്രഗല്ഭന്മാരെ കൂടെ കൂട്ടി, തട്ടി മെനഞ്ഞുണ്ടാക്കി, മീഡിയകളില്‍ അന്തം വിട്ടു പരസ്യങ്ങളും നല്‍കി പടച്ചു വിടുന്ന ഏത് കോപ്രായവും സിനിമ എന്ന പേരില്‍ കാഴ്ചക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണ് ഇന്ന്. ആരു പറഞ്ഞു കാണാന്‍ എന്ന ചോദ്യമായിരിക്കും വിമര്ശിക്കുന്നവര്‍ക്കുള്ള മറുപടി. ഇത്തരം സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയിട്ടു പരിതപിക്കുന്ന പിന്നണിക്കാരുടെ എണ്ണം പെരുകുകയാണിപ്പോള്‍... ശക്തമായ പ്രമേയങ്ങളുമായി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ തകര്‍ത്തു പണം വാരുമ്പോള്‍ അതിനെ നേരിടാന്‍ ഇന്ന് മലയാള സിനിമയ്ക്കു പേരിനു ഒരു സിനിമ പോലും ഇല്ലാത്ത അവസ്ഥ. സംഘടനകള്‍ കൂടിയതുകൊണ്ട് സമരത്തിന് ഒരു പഞ്ഞവുമില്ലതാനും. ഒടുവില്‍ അഷ്ടിക്കു വകയില്ലാതെ നെട്ടോട്ടം ഓടുകയാണ് ഒരു പിടി അരിക്ക് വേണ്ടി ലൈറ്റ് പിടിക്കുന്ന ചെക്കന്‍ പോലും.
ആരാണിവിടുത്തെ രാജാക്കന്മാര്‍? ആരാണ് മലയാള സിനിമയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്?ഏത് സംഘടനയാണ് അതിനു പിന്നില്‍? എന്തിന് വേണ്ടി?കെടി കെട്ടിയ വന്‍പന്മാര്‍ ഉണ്ടല്ലോ പലരും ഇവിടെ. അവരില്‍ ഒരുത്തന്പോലും ഇന്നത്തെ മലയാള സിനിമയുടെ ദുര്‍ഗതി നേരിടാന്‍ ഒരു പാഴ് ശ്രമം എങ്കിലും നടത്തിയോ. പേരിനു ഇറങ്ങിയ കൃഷ്ണനും രാധയും എന്ന മലയാള സിനിമ പോലും അവര്‍ക്ക് മുന്നില്‍ അടിയറവു പറയണം എന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഒരു ചാനലില്‍ ഒരു സിനിമ പ്രവര്‍ത്തകന്‍ പറഞ്ഞത് ഇത്തരം സിനിമകള്‍ ഓടിയാല്‍ ഞങ്ങള്‍ പട്ടിണിയാകും എന്നാണ്. മലയാളിക് മലയാളം സിനിമ പ്രവര്‍ത്തകരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുകയല്ല പണി. കൊട്ടകയില്‍ പോയി സിനിമ കണ്ടിരുന്ന മലയാളികളെ അവിടെനിന്നും പുറത്താക്കിയതിനു ഇന്നത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. റോഡിലൂടെ ബസ് ഓടിച്ചിട്ട് എല്ലാരും അതില്‍ കയറി ലാഭം ഉണ്ടാക്കി കൊടുക്കണം എന്ന് പറയുന്നത് വിരോധാഭാസമാണ്. യാത്രക്കാരന്‍ അവന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചേ അതുപയോഗിക്കൂ. ഒടുവില്‍ ലാഭം ഇല്ലെന്നു പറഞ്ഞു നിര്‍ത്തുന്ന കെ എസ് ആര്‍ ടി സീകാരന്റെ അടവ് വിദ്യ മലയാള സിനിമാക്കാരന്‍ പുറത്തെടുക്കുന്നത് അവനെ പട്ടിണിയിലേക് സ്വയം തള്ളിവിടാനെ ഉപകരിക്കൂ. കള്ള് കുടിക്കാന്‍ വരുന്നവരെങ്കിലും സിനിമ കാണട്ടെ എന്ന രീതിയില്‍ തീയെട്ടരിനോട് ചേര്‍ന്നു ബാര്‍ തുടങ്ങാന്‍ അനുമതി നല്‍കിയ നടനായ മന്ത്രിയുടെ പുത്തിയും ചിരിച്ചു തല്ലുക തന്നെ വേണം. (അതിലും വല്ലതും തടയുമായിരിക്കും. അല്ലെങ്കില്‍ കുറെ അക്രമങ്ങള്‍ കൂടുമ്പോള്‍ പോലീസ് മന്ത്രിക്കിട്ടു വെക്കുകയുമാകാം എന്നാവും. കോടതിക്കും വക്കീല്മാര്‍ക്കും പണി കിട്ടുകേം ചെയ്യും. അത്ര തന്നെ).
പെണ്ണിനെ കൂട്ടിക്കൊടുക്കുന്നവനാണ് ഈ സിനിമാക്കാരന്‍ സന്തോഷ് എന്നുപോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത് അയാളുടെ വില ഇടിക്കാന്‍ തന്നെ ആയിരുന്നില്ലേ എന്ന് അയാള്‍ക്കെതിരെ ഉയരുന്ന ഈ കോപ്രായങ്ങള്‍ കാണുമ്പോള്‍ തോന്നുക സ്വാഭാവികം. എന്തുകൊണ്ട് അയാളുടെ ചിത്രങ്ങളിലെ ഒരു പാട്ടുപോലും ചാനല്‍ ദ്രോഹികള്‍ കാണിക്കുന്നില്ല? പറഞ്ഞു പഴകിയ രാഷ്ട്രീയ വൈരാഗ്യങ്ങള്‍ തുണി പൊക്കി ആടുന്നത് ലൈവ് ആയി കാട്ടി സ്വീകരണ മുറികളെ നാറ്റിക്കുകയല്ലേ അവര്‍ ചെയ്യുന്നത്? അത്ര മോശമാണോ ഈ സിനിമയിലെ ഗാനങ്ങള്‍? വിമര്‍ശിക്കുന്നവര്‍ പോലും അതിന്‍റെ ഈണങ്ങള്‍ മൂളുന്നില്ലേ ഓര്‍ക്കാതെ ആണെങ്കിലും?
മാനസിക രോഗി എന്നും ഭീഷണിക്കാരന്‍ എന്നും മണ്ടന്‍ എന്നും ഒക്കെ വിളിച്ച് കൂകി സന്തോഷ് എന്ന സിനിമ വ്യവസായിയെ ആക്ഷേപിക്കുകയല്ല വേണ്ടത്. അതിനെ വെല്ലാന്‍ ആ സിനിമയെ പാടെ പുറത്താക്കാന്‍ നിങ്ങള്‍ മലയാള സിനിമാക്കാര്‍ കച്ച കെട്ടി ഇറങ്ങുകയാണ് വേണ്ടത്. വിമര്‍ശനങ്ങള്‍ കൊണ്ടല്ല, മറിച്ച് ശക്തമായ സിനിമകള്‍ ആകണം കണക്കു പറയേണ്ടത്. നിങ്ങള്‍ സന്തോഷിനെ വിമര്‍ശിച്ചാല്‍ നിങ്ങള്ക്ക് ചെവി തരാന്‍ മലയാളിക്ക് മനസ്സില്ല. അവര്‍ക്കറിയാം എല്ലാവരെയും വിലയിരുത്താന്‍. സിനിമ തീയേറ്ററുകള്‍ നിറഞ്ഞെന്നും ഭയങ്കര കളക്ഷന്‍ ആയിരുന്നെന്നും എവിടെയും കേട്ടില്ല. എങ്കിലും നെഗറ്റീവ് പബ്ലിസിടി കിട്ടിയ ഈ സിനിമക്കും അതിന്‍റെ സംവിധായകനും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയുന്ന ഒട്ടുമിക്ക ചെറുപ്പക്കാരെയും തീയെറ്ററിലെക്ക് ആകര്‍ഷിക്കാന്‍ ആയി. ഒരു തെറി വിളിക്കാനോ കൂകാനോ എന്ന പേരില്‍ ആണ് കയറിയതെന്ന് ഒരു അഭിനവ പ്രേക്ഷകന്‍ വിലയിരുത്തുന്നു. എങ്കിലും അവര്‍ സിനിമക്ക് കേറി. ഇത് സന്തോഷിന്‍റെ വിജയം തന്നെയാണ്. അയാള്‍ പറയും പോലെ അഞ്ചു ലക്ഷം രൂപക്ക് സിനിമ പിടിച്ച തീയെറ്ററില്‍ എത്തിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ? സൂപ്പര്‍ സ്റ്റാറിന്റെ ഇന്നത്തെ ചാര്‍ജ് കൊണ്ടു ഒരു പക്ഷെ പെട്രോളിന്‍റെ നികുതി വര്‍ധന വരെ ഒഴിവാക്കാം എന്നതാണ് സ്ഥിതി.
അഞ്ഞൂറിലേറെ പുതുമുഖങ്ങളെ ഇന്റര്‍വ്യൂ ചെയ്തു എന്ന് സന്തോഷ് പറയുന്നു. എല്ലാവരും പുതുമുഖങ്ങള്‍ തന്നെ, ആ സിനിമയില്‍. മലയാളത്തില്‍ ഇന്ന് എത്ര സിനിമകള്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നുണ്ട്. പുതുമുഖങ്ങളെ ആവശ്യം ഉണ്ടെന്നു പറഞ്ഞു പരസ്യം കൊടുത്തു പണം തട്ടുന്ന ഒത്തിരി സിനിമാക്കാരെ നേരിട്ടറിയാം. (അബദ്ധത്തില്‍ മുഖം കാണിക്കാന്‍ അവസരം കിട്ടുന്നവരെയും പിടിപാടുകളുടെയും ബന്ധങ്ങളുടെയും പുറത്ത് റോള്‍ തരപ്പെടുത്തുന്നവരെയും മാറ്റി നിര്‍ത്താം.)
ഇടതു സഹയാത്രികനായ ഒരു സംവിധായകന്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് ക്ഷണിച്ചു കൊച്ചിയിലെ സ്റെടിയത്തിനടുത്ത് ഒരു കട മുറിയില്‍ 250 രൂപ ഫീസ് വച്ചു ഇന്റര്‍വ്യൂ നടത്തി അവരുടെ മുഖം ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത സംഭവവും കൊല്ലത്തെ ഒരു പ്രസിദ്ധമായ ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി ഒരിക്കല്‍ രതി ചിത്രങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ട സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും തിരുവനതപുരത്ത് സ്ടാച്ചുവിനു അടുത്ത ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി കള്ളടി വീരനായ സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും ഇവിടെ ചേര്‍ത്തു വായിക്കണം. അന്ന് ഒക്കെയും ഇന്റര്‍വ്യൂ ചെയ്യപ്പെട്ട ആര്‍ക്കും റോള്‍ നല്‍കാതെ ഇവരുടെ സിനിമകള്‍ വെള്ളിത്തിരയിലെത്തി. എല്ലാത്തിലും വീര ശൂര പരാക്രമികളായ പ്രമുഖ മലയാള നടന്മാര്‍ നായകന്മാര്‍ ആയി. കലയെയും സിനിമയെയും സ്നേഹിച്ചു പണം മുടക്കി ഇന്ടെര്വിഎവ്വിനു പോയ കാസര്ഗോട്ടുകാരനും കണ്ണൂര് കാരനും കോഴിക്കോട് കാരനും ഒക്കെ ഇതിന്റെ കയ്പ് അനുഭവിച്ചു. അവര്‍ക്ക് അവസരം കൊടുക്കണമെന്നോ കൊടുക്കാഞ്ഞതിനെ വിമര്‍ശിക്കുകയോ അല്ല. പുതുമുഖങ്ങളെ കണ്ടില്ലെന്നു നടിച്ചു സിനിമ ഇറക്കാന്‍ ഈ വക്ര ബുദ്ധികള്‍ തയ്യാറായ കഥ പറഞ്ഞെന്നു മാത്രം. അവന്മാരുടെ സിനിമകള്‍ അവഗണിക്കപ്പെടുക തന്നെ വേണം. ഇത് ഒരു വശം മാത്രമാണ്.
കോഴിക്കോട് പെരുവന്നാമൂഴിയില്‍ ജനിച്ചു ചെലന്നുരില്‍ വളര്‍ന്ന സന്തോഷിനെ അവിടത്തുകാര്‍ പോലും പിന്താങ്കുമോ എന്ന് അറിയില്ല. എങ്കിലും അയാള്‍ പറയും പോലെ വസ്തു വിറ്റു സിനിമ പിടിച്ചെങ്കില്‍ അയാള്‍ വിജയിക്കണം. നഷ്ടമുണ്ടാകരുത്, സിനിമാക്കാര്‍ പറയുന്നതുപോലെ. സിനിമയുടെ പിന്നണി പ്രവര്‍ത്തനം ക്യാമറ ഒഴിച്ച് മുഴുവന്‍ കൈകാര്യം ചെയ്ത ഇയാള്‍ കുറഞ്ഞ പുള്ളിയോന്നുമല്ല. കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ സന്തോഷ് അവതരിപ്പിച്ച ജോണ്‍ എന്ന കഥാപാത്രം ആരുടേയും മനസ്സില്‍ തറയ്ക്കുക ഇല്ലായിരിക്കാം. എങ്കിലും അയാളുടെ ആര്‍ജവത്തെ കണ്ടില്ലെന്നു നടിക്കരുത്.
ചങ്കൂറ്റവും തൊലിക്ക് അപാര കട്ടിയുമുള്ള സന്തോഷ് യു ടുബില്‍ ഇടുന്ന ഓരോ ഗാനത്തിനും എത്ര കാഴ്ചക്കാര്‍ ആണുള്ളത്? പണ്ട് സില്‍സില എന്ന ഗാനം യു ടുബില്‍ ഇട്ട ഹരിശങ്കര്‍ എന്ന നിര്‍മാതാവ് കം നടനും ചെറുപ്പക്കാരുടെ കണ്ണില്‍ കരടായിരുന്നു. ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായിയിലെ ജിതുവിനെയും കാളിദാസന്‍ കവിത എഴുതുകയാണ് എന്ന സിനിമയിലെ ഒരു പക്ഷെ കാളിദാസനെയും ഇനി മലയാളി മക്കള്‍ കാണേണ്ടി വരും. ഇനി ഉള്ള സിനിമകളിലൂടെ സന്തോഷ് പെര്ഫെക്ഷനിലേക്ക് നടന്നു തുടങ്ങിയാല്‍ മലയാള സിനിമ മറ്റൊരു വഴിത്തിരിവിലെത്തും. ജനപ്രിയ പ്രമേയങ്ങളും ശക്തമായ കഥാഗതിയുമായി സിനിമാക്കാര്‍ സട കുടഞ്ഞെഴുന്നെല്‍ക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ