2020, മേയ് 10, ഞായറാഴ്‌ച

മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തി; സുധീഷിന് ആശ്വാസം, ഇനി ചികിത്സ നാട്ടില്‍


കൊച്ചി: കണ്ണില്‍ ഇരുമ്പ് പിന്‍ തറച്ച് വേദനിച്ച്, മരിച്ചതുപോലെ ജീവിച്ച സുധീഷ് ഒടുവില്‍ കൊച്ചിയില്‍ വിമാനമിറങ്ങി. ഒരു മാസത്തിലേറെയുള്ള കാത്തിരിപ്പിനുശേഷമാണ് കോഴിക്കോട്് കൊയിലാണ്ടി സ്വദേശി സുധീഷ് കൃഷ്ണന്‍ നാടണയുന്നത്.
മസ്‌കത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിലാണ് ഇന്നലെ രാത്രി സുധീഷ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ മാസമാണ് ഒമാനിലെ ജോലിചെയ്തിരുന്ന കര്‍ട്ടണ്‍ കടയില്‍ വച്ച് കര്‍ട്ടന്റെ പിന്‍ സുധീഷിന്റെ കണ്ണില്‍ തറച്ചുകയറിയത്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. കൊവിഡ് 19 കാരണമുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാലും വന്‍ ചെലവ് വരുമെന്നതിനാലും മസ്‌കറ്റില്‍ പോയി വിദഗ്ധ ചികിത്സ തേടാനായില്ല,. അന്നുമുതല്‍ നാടിന്റെ കരുതലിലേക്ക് മടങ്ങാന്‍ പ്രാര്ഥിച്ചു കഴിയുകയായിരുന്നു ഈ യുവാവ്.
ഈ വിമാനത്തില്‍ മസ്‌കറ്റ്‌ ഗവര്‍ണറേറ്റില്‍ നിന്നുള്ളവര്‍ മാത്രമേ ഉണ്ടാവൂ എന്നറിഞ്ഞപ്പോള്‍ സലാല കെ.എം.സി.സിയുമായി ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആദ്യ വിമാനത്തില്‍ എത്തുകയായിരുന്നു. ഇനി നാട്ടില്‍ വിദഗ്ധ ചികിത്സ തേടാനുള്ള ശ്രമത്തിലാണ് സുധീഷ്.


2020, മേയ് 3, ഞായറാഴ്‌ച

ബ്ലാക്ക് മാന്‍ പിടിയിലായി


ഒടുവില്‍ അവന്‍ പിടിയിലായി. കോഴിക്കോട് നിവാസികളുടെ പേടിസ്വപ്‌നമായി മാറിയിരുന്ന ബ്ലാക്മാന്‍ ആണ് പൊലിസിന്റെ പിടിയിലായത്. തലശേരി സ്വദേശി അജ്മലാണ് ആ കള്ളക്കിങ്കരന്‍.
രാത്രി മതിലുകളില്‍ നിന്ന് മതിലുകളിലേക്ക് പറന്നു പോകുന്ന രീതിയിലാണ് കണ്ട നാട്ടുകാര്‍ ഇയാളെപ്പറ്റി പറഞ്ഞത്. വീടിനു മുട്ടുകയും കല്ലെറിയുകയും കോളിംഗ് ബെല്‍ അടിക്കുകയും സ്ത്രീകളെ തുണിപൊക്കി കാട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും വിവസ്ത്രനായി ഓടുകയുമൊക്കെ വിനോദങ്ങളായിരുന്നു ഈ ബ്ലാക്ക് മാന്റെ. ഒടുവില്‍ കോഴിക്കോട്ടുകാര്‍ ഉറക്കമിളച്ച് കാത്തിരുന്നു. പിടിതരാതെ അതിവേഗത്തില്‍ മറയുന്ന ബ്ലാക്ക് മാന്‍ ഭയപ്പാടുണ്ടാക്കി. പോലീസും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഒരു മാളിനടുത്ത് ഇയാളെ കണ്ടു. സാദൃശ്യം സിസിടിവികളില്‍ നിന്ന് മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
17ലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കോവിഡ് കാലത്ത് സര്ക്കാര്‍ വിട്ടയച്ച പ്രതികളിലൊരാളാണ് ഈ ഭയങ്കരന്‍. കല്ലായിയിലെ ഒരു വീടിനടുത്തുനിന്നാണ് പിടികൂടിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞുപോയ ഒരു നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച കേസും ഇയാള്‍ക്കെതിരേയുണ്ട്.