2019, മാർച്ച് 27, ബുധനാഴ്‌ച

ലോക്പാലിന്റെ പല്ലും നഖവും

ഒരു ആശയം നടപ്പാക്കാന്‍ അരനൂറ്റാണ്ടിലേറെ കാലമെടുക്കുന്ന ഏതെങ്കിലും ഒരു രാജ്യം ലോകത്തുണ്ടെങ്കില്‍ അത് ഇന്ത്യയാണ്. പ്രത്യേകിച്ച് ആ ആശയം സമൂഹത്തിലെ അഴിമതി തുടച്ചുനീക്കാന്‍ വേണ്ടിയുള്ളതാണെങ്കില്‍ പിന്ന പറയുകയും വേണ്ട. ആശയത്തിനു സ്ഥാനം തട്ടിന്‍പുറത്തുതന്നെ. ഗത്യന്തരമില്ലാതെ ലോക്പാല്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായതിനു പിന്നിലെ കഥയും അങ്ങനെ തന്നെ. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ, രാഷ്ട്രീയക്കാരനെ ഒക്കെ വരച്ച വരയില്‍ നിര്‍ത്താനും ചെയ്തികള്‍ക്ക് ഉത്തരവാദിയാക്കാനും ലക്ഷ്യമിടുന്ന ലോക്പാല്‍ ഇപ്പോഴെങ്കിലും പ്രാബല്യത്തിലായല്ലോ എന്നതില്‍ സമാധാനിക്കാം. കാരണം അത് പൊടിയും മാറാലയും തട്ടിമാറ്റി മാറ്റി തട്ടിന്‍പുറത്തു നിന്ന് നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ ഭരണനേതൃത്വത്തിനുമേല്‍ സദാ നിരീക്ഷിക്കുന്ന ഒരു കണ്ണായിരിക്കും ലോക്പാല്‍.

60കളിലേക്ക് തിരിഞ്ഞുനോക്കാം

'അധികാരം ദുഷിപ്പിക്കുന്നു, പരമാധികാരം പരമമായും' എന്ന് ആക്ടണ്‍ പ്രഭുവിന്റെ ഒരു നീതിവാക്യമുണ്ട്. ഇന്നും ഈ ആശയത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നു മാത്രമല്ല, പൂര്‍ണമായും അടിവരയിടുകയും ചെയ്യുന്നു. പാര്‍ലമെന്റില്‍ പ്രസംഗമധ്യേ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റും ഇതിന് സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. അനിയന്ത്രിതമായ അധികാരം അത് മനസിലുള്ളവരെ ദുഷിപ്പിക്കാന്‍ പോന്നതാണെന്നായിരുന്നു ഇത്.
പഴയകാലത്തിന്റെ സംഭാവനയായി ഈ വാക്യങ്ങള്‍ എത്തുമ്പോള്‍ അഴിമതിയും ഏകാധിപത്യപ്രവണതയും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ബോധ്യമാവും. അധികാരത്തിലെ ദുഷിപ്പ് നിയന്ത്രിക്കാന്‍ 1963ല്‍ അന്നത്തെ നിയമമന്ത്രി അശോക് കുമാര്‍ സെന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയമാണ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ഓംബുഡ്‌സ്മാന്‍ എന്ന ആശയം. അന്ന് നല്ല മനുഷ്യരുണ്ടായിരുന്നു എന്നതിന് തെളിവായി 1968ല്‍ അഭിഭാഷകനായ ശാന്തി ഭൂഷണ്‍ ജനലോക്പാല്‍ ബില്‍ ശുപാര്‍ശ ചെയ്യുകയും 1969ലെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന നാലാം ലോക്‌സഭ അത് പാസാക്കുകയും ചെയ്തു. രാജ്യസഭയില്‍ പരാജയമായിരുന്നു ഫലം. വിയര്‍ക്കാതെ ജയിച്ചുകയറിയവര്‍ ജനാധികാരത്തെ പരാജയപ്പെടുത്തിയതിനു തുല്യമായി ഈ കാഴ്ച ഇന്നും ശേഷിക്കുന്നു. പിന്നീട് വല്ലപ്പോഴും ലോക്പാല്‍ എന്ന പ്രയോഗം കേള്‍ക്കാന്‍ തുടങ്ങി.
2011ല്‍ ലോക്‌സഭ ലോക്പാല്‍ ബില്‍ പാസാക്കി. മാറ്റങ്ങളോടെ രാജ്യസഭയും പച്ചക്കൊടി കാട്ടി. പിന്നീട് വീണ്ടും വന്നും എട്ടു വര്‍ഷത്തോളമുള്ള കാത്തിരിപ്പ്. 2019ല്‍ അത് യാഥാര്‍ഥ്യമായതില്‍ അഭിമാനിക്കാം. ഭരണക്കാര്‍ അവരുടെ ചെയ്തികള്‍ക്ക് ഇനി കണക്കുപറയേണ്ടിവരും.

ജസ്റ്റിസ് ഘോഷും സംഘവും

മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആണ് പ്രഥമ ലോക്പാല്‍ ചെയര്‍മാന്‍. ഒപ്പമുള്ള എട്ടംഗങ്ങളില്‍ നാലുപേരും നിയമരംഗത്തുനിന്നുള്ളവരാണ്. അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദിലിപ് ബാബാസാഹേബ് ഭോസലെ, ഝാര്‍ഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് പ്രദിപ് കുമാര്‍ മൊഹന്തി, മണിപൂര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അഭിലാഷ കുമാരി, നിലവില്‍ ഛത്തിസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയകുമാര്‍ ത്രിപാഠി എന്നിവരാണവര്‍. നിയമജ്ഞരല്ലാത്തവര്‍: മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ ജെയിന്‍, സശസ്ത്ര സീമാ ബല്‍ മുന്‍ ഡി.ജിയും റിട്ട. ഐ.പി.എസ് ഓഫീസറുമായ അര്‍ച്ചന രാമസുന്ദരം, റിട്ട. ഐ.ആര്‍.എസ് ഓഫിസര്‍ മഹേന്ദര്‍ സിങ്, റിട്ട. ഐ.എ.എസ് ഓഫീസറും ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡിയുമായ ഐ.പി ഗൗതം.
അഞ്ചു വര്‍ഷമോ 70 വയസ് പൂര്‍ത്തിയാകുന്നതു വരെയോ ആണ് നിയമനം.

അധികാരം

ലോക്്പാല്‍ നിര്‍ദേശാനുസരണം പ്രാഥമിക പരിശോധനകളും അന്വേഷണങ്ങളും നടത്താന്‍ സി.ബി.ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഉത്തരവ് നല്‍കുകയും മേല്‍നോട്ടം വഹിക്കാനും ചുമതല. എല്ലാസംസ്ഥാനങ്ങളിലും ലോകായുക്ത നിലവില്‍ വരുകയും അതത് സംസ്്ഥാനങ്ങള്‍ക്ക് അതിന്റെ സ്വഭാവം ഘടന എന്നിവ നിശ്ചയിക്കുകയുമാവാം.
പൊതുജനങ്ങളില്‍ നിന്ന് പണം പിരിയ്ക്കുകയും വിദേശ പണം സ്വീകരിക്കുകയും ചെയ്യുന്ന ട്രസ്റ്റുകള്‍ സൊസൈറ്റികള്‍ തുടങ്ങിയവ ലോക്പാലിന്റെ പരിധിയില്‍ വരും. മത-ചാരിറ്റബിള്‍ പ്രവര്‍ത്തനം നടത്തുന്നവരെ ഒഴിവാക്കും.
പരാതി ലഭിച്ചാല്‍ ആദ്യം സ്വന്തം നിലയില്‍ അന്വേഷിച്ച് കാതലുണ്ടോ എന്നു കണ്ടെത്തും. കേസുനടത്തുന്നത് പ്രത്യേക കോടതികളിലായിരിക്കും. ആരോപണവിധേയരായവരെ ലോക്പാല്‍ സമിതി വിചാരണ ചെയ്യും. ജനപ്രതിനിധികളും കേന്ദ്ര ഉദ്യോഗസ്ഥരും മുന്‍ പ്രധാനമന്ത്രിമാരും നടപ്പ് പ്രധാനമന്ത്രിയും ലോക്പാലിനു കീഴില്‍ വരും. ലോക്പാല്‍ കേസുകളില്‍ രണ്ടുമാസത്തിനകം കേസ് പരിഗണിച്ച് ആശുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. വ്യാജ പരാതികള്‍ ആരോപണങ്ങള്‍ എന്നിവയില്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നു. പരാതിക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ തടവ് ഏഴു വര്‍ഷമാകും. അഴിമതിക്കാര്‍ക്കും ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കും 10 വര്‍ഷം തടവ്. സര്‍ക്കാര്‍ അഭിഭാഷകരെക്കൂടാതെ സ്വകാര്യ അഭിഭാഷകരെയും നിയോഗിക്കാനും അന്വേഷണത്തിന് ആവശ്യമാകുമെങ്കില്‍ തെളിവുകള്‍ പിടിച്ചെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കാനും അധികാരം. അഴിമതിയിലൂടെയുണ്ടാക്കിയതെന്നു തെളിഞ്ഞാല്‍ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടാന്‍ അധികാരം. ഇതൊക്കെയാണ് ലോക്്പാല്‍ വ്യവസ്ഥകള്‍.

പരിമിതപ്പെടുന്നത്

ലോക്പാലിന് അധികാരങ്ങള്‍ കൂടുതലുണ്ടെങ്കിലും പരിമിതപ്പെടുത്തിയിരിക്കുന്ന മേഖലകളുമുണ്ട്. ഉദാഹരണത്തിന് പ്രധാനമന്ത്രി ലോക്പാലിന് കീഴിലാണെന്നു വരുമ്പോഴും അന്താരാഷ്ട്ര ബന്ധങ്ങള്‍, നയതന്ത്രം, ആഭ്യന്തര, വിദേശ സുരക്ഷ, പൊതു ഉത്തരവുകള്‍, അണുവോര്‍ജം, ബഹിരാകാശം ഇവയിലൊന്നും ലോക്പാലിന് ഇടപെടാനാവില്ല. പ്രധാനമന്ത്രിക്കെതിരേ അന്വേഷണം നടത്തണമെങ്കില്‍ ലോകാപാലിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ അനുമതി വേണം. ജനപ്രതിനിധികള്‍ക്കെതിരേയും മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് കമ്മിറ്റികളുടെ തലവന്‍മാര്‍ക്കെതിരേയുമുള്ള അന്വേഷണത്തില്‍ തെറ്റുകാരനല്ലെന്ന് തെളിഞ്ഞാല്‍ അന്വേഷണ വിവരം പുറത്തുവിടാനാവില്ല.

2019, മാർച്ച് 12, ചൊവ്വാഴ്ച

അഭിനന്ദന്‍ തിരിച്ചെത്തി; കാലിയക്കും നചികേതയ്ക്കും സംഭവിച്ചത്


ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാന്‍ പാകിസ്താന്‍ പട്ടാളത്തിന്റെ പിടിയിലായെങ്കിലും കേവലം 48 മണിക്കൂറിനുള്ളില്‍ മാതൃരാജ്യത്ത് തിരിച്ചെത്തി. അത്ഭുതാവഹമെന്നാണ് പ്രതിരോധ രംഗത്തുള്ളവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അവര്‍ അങ്ങനെ പറയാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്. പാകിസ്താന്റെ പൂര്‍വകാല ചരിത്രം അറിയാവുന്നവര്‍ക്ക് അവരുടെ പട്ടാളത്തിന്റെയും രഹസ്യന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടേയും ക്രൂരതകള്‍ മനസിലാവും.

അഭിനന്ദന്റെ മടക്കം

ഫെബ്രുവരി 14ന് പുല്‍വാമയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായിരുന്നു പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ക്യാംപുകള്‍ക്കു നേരേ ഇന്ത്യ നടത്തിയ വ്യോമാക്രമണം. കനത്ത ആള്‍നാശം പാക് പക്ഷത്തുണ്ടായെന്നു വളരെ വ്യക്തവുമാണ്. ഇതിനു തിരിച്ചടി പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. അത്യന്താധുനിക പോര്‍വിമാനമായ അമേരിക്കയുടെ എഫ് 16 ഉപയോഗിച്ച് ആക്രമണം പ്രതീക്ഷിച്ചതു തന്നെയാണ്. കാരണം അവരുടെ ആക്രമണ ജെറ്റ് അതുതന്നെയായിരുന്നു. പ്രതിരോധിക്കാന്‍ ഇന്ത്യയുടെ പക്കല്‍ റഷ്യന്‍ നിര്‍മിത മിഗ് 21 ഉണ്ടായിരുന്നു.
ആക്രമണം നടത്താനെത്തി അതിര്‍ത്തിയില്‍ ബോംബ് വര്‍ഷിച്ചു മടങ്ങുകയായിരുന്ന പാക് വിമാനത്തെ പിന്‍തുടര്‍ന്നെത്തി വെടിവച്ചിടുകയായിരുന്നു മിഗ് 21 പറപ്പിച്ചിരുന്ന അഭിനന്ദന്‍. എന്നാല്‍ ആക്രമണ ശ്രമത്തിനിടെ വെടിയേറ്റതോടെ വിമാനം തകര്‍ന്ന് പാക് അതിര്‍ത്തിയില്‍ വീണ അഭിനന്ദനെ അന്നാട്ടുകാര്‍ കണക്കിനു മര്‍ദിച്ചവശനാക്കി. പാക് പട്ടാളം അഭിനന്ദിനെ വിലങ്ങുവച്ച് കണ്ണുമൂടിക്കെട്ടി അവരുടെ പാളയത്തിലേക്ക് കൊണ്ടുപോയി.
ആക്രമിച്ച് ശത്രുപക്ഷത്ത് കയറിയ ഒരു പൈലറ്റിനെ ജീവഛവമായാവും തിരികെ ലഭിക്കുക. ശത്രു സൈന്യത്തിന്റെ രോഷമത്രയും ഈ ഒരാളോടായിരിക്കുമല്ലോ. ഉന്നത ഓഫീസര്‍ ഇടപെടും മുന്‍പ് ചെയ്യാനുള്ളതെല്ലാം ചെയ്യുക എന്നതാണ് പാക് പട്ടാളം അനുവര്‍ത്തിച്ചു പോരുന്ന നിലപാട്.
ഇന്ത്യയുടെ ശക്തമായ നയതന്ത്ര-സൈനിക സമ്മര്‍ദം മൂലം സൈനികനെ ഉടന്‍ മടക്കി അയക്കണമെന്ന ആവശ്യം പാകിസ്താന്‍ അംഗീകരിക്കുയായിരുന്നു. സമ്മര്‍ദമാണെന്നു പറയാന്‍ കാരണം, അഭിനന്ദിനെ മോചിപ്പിക്കുന്നതിനു ഒരു ദിനം മുന്‍പ് പാകിസ്താന്‍ നടത്തിയ പ്രസ്താവന ഇന്ത്യ കശ്മിര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെങ്കില്‍ മാത്രം അഭിനന്ദിനെ കൈമാറാമെന്നായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പൈലറ്റിനെ മടക്കി നല്‍കുമെന്നു പ്രഖ്യാപിക്കുകയായിരുന്നല്ലോ. ഒപ്പം ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ അത് ഇന്ത്യയെ പ്രേരിപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അത് തന്ത്രപരമായ നിലപാടായിരുന്നു. അഭിനന്ദനെ വിട്ടു നല്‍കാന്‍ തീരുമാനിച്ചെങ്കിലും അത് എത്രയും വൈകിപ്പിക്കാനും കോടതിയില്‍ ഹരജി നല്‍കി അനുകൂല വിധിയുണ്ടെങ്കില്‍ കൈമാറ്റം മരവിപ്പിക്കാന്‍ പോലും ആ രാജ്യം ശ്രമിച്ചെന്നും ഓര്‍ക്കണം. ശത്രുപക്ഷത്തെ വിവരങ്ങള്‍ ഏതുവഴിയിലൂടെയും അറിയാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതിനാല്‍ ഏതുവിധ മര്‍ദനമുറകളും സ്വീകരിക്കുകയും ചെയ്യും. പാക് പട്ടാളം മര്‍ദിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചെന്ന വിവരം മാത്രമാണ് അഭിനന്ദന്‍ പുറത്തുവിട്ടിട്ടുള്ളത്. തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്‍ പാക് കസ്റ്റഡിയില്‍ നിന്ന് ഇന്ത്യയിലേക്കല്ല ജീവിതത്തിലേക്കാണ് മടങ്ങിയതെന്ന് പറയുന്നതാകും ഉചിതം. കാരണം കാലായുടേയും നചികേതയുടേയും ചിത്രങ്ങള്‍ അതിനു തെളിവായി ഇന്ത്യയുടെ മുന്നിലുണ്ടല്ലോ.

നചികേത

കമ്പംപതി നചികേത ഇന്ത്യന്‍ വ്യോമസേന പൈലറ്റായിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ നചികേത 1999ലെ കാര്‍ഗില്‍ യുദ്ധ സമയത്താണ് പാക് പിടിയിലാകുന്നത്. അന്ന് 26 വയസുണ്ടായിരുന്ന ചോരത്തിളപ്പുള്ള യുദ്ധ വൈമാനികനായിരുന്നു ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആയിരുന്ന നചികേത. കാര്‍ഗില്‍ കുന്നുകളില്‍ കനത്ത മഞ്ഞുവീഴ്ചയുടെ മറവില്‍ കടന്നുകയറി ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ച പാക് പടയെ തുരത്തിയത് ഇന്ത്യന്‍ വ്യേമസേനയുടെ അശ്രാന്തവും ധീരതയുമാര്‍ന്ന യുദ്ധ തന്ത്രത്തിന്റെ ഫലമായിരുന്നു. നചികേത ഉള്‍പ്പെടെയുള്ള പൈലറ്റുമാര്‍ ജീവന്‍ പണയംവച്ചാണ് സ്വരാജ്യത്തിനായി പോരാടിയത്. യുദ്ധത്തിനിടയില്‍ നചികേത പറപ്പിച്ചിരുന്ന മിഗ് 27ന് പാക് വെടിയേറ്റ് എന്‍ജിന്‍ തകരാറായതിനെ തുടര്‍ന്ന് പാകിസ്താനില്‍ 12 കിലോമീറ്റര്‍ ഉള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. പാരച്യൂട്ടില്‍ പാകിസ്താനില്‍ വീണെങ്കിലും തന്നെ വളഞ്ഞ പാക് പട്ടാളത്തിനു മുന്നില്‍ കീഴടങ്ങാന്‍ നചികേത തയാറായില്ല. നചികേതയ്‌ക്കെതിരേ നാലുപാടുനിന്നും പാക് പട്ടാളം നിറയൊഴിച്ചെങ്കിലും ധീരയോധാവായ നചികേത അവസാന ബുള്ളറ്റ് വരെ അവരോട് പോരാടി. നചികേതയെ പിടികൂടിയ പാക് പട്ടാളം അദ്ദേഹത്തെ വിലങ്ങണിയിച്ച് പരേഡ് നടത്തി അത് പാക് ടിവിയിലൂടെ പുറംലോകത്തെ അറിയിച്ചു. പീഡനത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. മരവിപ്പും വേദനയും ശക്തിക്ഷയവും ആയിരുന്നു ഫലം. മര്‍ദിച്ച് അവശനാക്കിയ നചികേതയെ റാവല്‍പിണ്ടിയിലെ പട്ടാള ജയിലിലേക്ക് മാറ്റി. ഇന്ത്യയുടെ കനത്ത സമ്മര്‍ദം സഹിക്കാതെ എട്ടാം ദിവസം നചികേതയെ മോചിപ്പിക്കാന്‍ പാകിസ്താന്‍ തയാറായി. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരം റെഡ്‌ക്രോസിന് കൈമാറിയത് പാക് ഔദ്യോഗിക വക്താവായിരുന്ന താരിഖ് അല്‍താഫായിരുന്നു. വാഗാ അതിര്‍ത്തിയില്‍ 1999 ജൂണ്‍ 5ന് നചികേത ഇന്ത്യന്‍ മണ്ണിലെത്തി. വ്യോമസേന ഗാലന്റ്‌റി അവാര്‍ഡ് നല്‍കി നചികേതയെ അനുമോദിച്ചു.

ക്യാപ്റ്റന്‍ സൗരഭ് കാലിയ

യുദ്ധ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇന്ത്യന്‍ സേനാ ക്യാപ്ടനായിരുന്ന സൗരഭ് കാലിയക്കുണ്ടായത്. 1999ല്‍ കാര്‍ഗില്‍ മേഖലയില്‍ പാകിസ്താന്‍ പട്ടാളം നുഴഞ്ഞുകയറി ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ യുദ്ധത്തിലാണ് സൗരഭിന്റെ ദാരുണ കൊലപാതകം. നാലാം ജാട്ട് റെജിന്റില്‍ പെട്ട ക്യാപ്ടനായിരുന്നു 22 കാരനായ സൗരഭ് കാലിയ.
1999 മെയ് 15നായിരുന്നു സംഭവം. ക്യാപ്ടന്‍ സൗരഭ് കാലിയയും മറ്റ് അഞ്ച് പട്ടാളക്കാരും ലഡാക്ക് മലനിരകളിലെ പതിവ് പട്രോളിങിന് തിരിച്ചതായിരുന്നു. മരങ്ങളധികമില്ലാത്ത കാക്‌സര്‍ മേഖലയിലെ ബജ്‌റങ് ആര്‍മി പോസ്റ്റുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ സുരക്ഷയായിരുന്നു ഇവരുടെ ചുമതല. പെട്ടെന്നാണ് അതിര്‍ത്തിയില്‍ നിന്ന് പാക് പട്ടാളം തുരുതുരെ വെടിവച്ചു കൊണ്ട് അടുത്തത്. ഇവര്‍ അഞ്ചുപേരും അവരെ തടഞ്ഞ് പ്രതിരോധം തീര്‍ത്തു. ഇവരുടെ കൈയിലെ ആയുധങ്ങള്‍ ഒന്നൊന്നായി തീര്‍ന്നു. പാകിസ്താനോട് അടുത്ത പ്രദേശമായതിനാല്‍ത്തന്നെ വന്‍ സന്നാഹത്തോടെയായിരുന്നു പാക് വരവ്. പാക് റേഞ്ചേഴ്‌സ് ഇവരെ വളഞ്ഞു. വെടിശബ്ദം കേട്ട് ഇന്ത്യന്‍ സേനയെത്തുന്നതിനു മുന്‍പേ ഇവരെ പാക് റേഞ്ചേഴ്‌സ് അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോയി. തുടര്‍ന്ന് മൂന്നാഴ്ചയോളം കൊടിയ പീഡനമാണ് ഇവര്‍ക്ക് ഏല്‍ക്കേണ്ടിവന്നത്. ഇന്നത്തെ പോലെ സമ്മര്‍ദമുയര്‍ത്താന്‍ ഇന്ത്യക്ക് ത്രാണിയുണ്ടായിരുന്നില്ലെന്നു വേണം പറയാന്‍. ലോക രാജ്യങ്ങളുമായി ഇന്നത്തെപ്പോലെ ശക്തമായ നയതന്ത്രബന്ധങ്ങളുമുണ്ടായിരുന്നില്ല. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു സംഭവമെന്നും ഓര്‍ക്കണം. ഇന്ത്യയുടെ നിരന്തരമുള്ള അപേക്ഷകള്‍ക്കൊടുവില്‍ പാകിസ്താന്‍ ഇവരെ മോചിപ്പിക്കാന്‍ തയാറായി. 1999 ജൂണ്‍ 9നാണ് ഇവരുടെ ജീവനറ്റ ശരീരം ഇന്ത്യക്ക് കൈമാറിയത്.

ജനീവ കരാര്‍ ലംഘിച്ച് പീഡനം

ക്യാപ്ടന്‍ കാലിയയേയും മറ്റു നാലുപേരെയും കടുത്ത പീഡനത്തിനിരയാക്കിയെന്ന് പോസ്റ്റ് മോര്‍ട്ടത്തിലാണ് തെളിഞ്ഞത്. സിഗരറ്റുകൊണ്ട് കുത്തിപ്പൊള്ളിച്ച പാടുകളായിരുന്നു ഇവരുടെ ശരീരമാകെ. ചെവിയില്‍ പഴുപ്പിച്ച ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി ഇയര്‍ ഡ്രം തകര്‍ത്തിരുന്നു. കണ്ണുകള്‍ അടിച്ചു പൊട്ടിച്ചശേഷം ചൂഴ്‌ന്നെടുത്തു. പല്ലുകള്‍ എല്ലാം അടിച്ചു കൊഴിച്ചിരുന്നു. എല്ലുകള്‍ മുഴുവനും നുറുങ്ങിയ നിലയിലായിരുന്നു. തലയോട്ടിപോലും തകര്‍ന്ന സ്ഥിതിയില്‍. ചുണ്ടുകള്‍ മുറിച്ചു. മൂക്ക് ചെത്തിക്കളഞ്ഞു. ലിഗമുള്‍പ്പെടെ അവയവങ്ങള്‍ എല്ലാം ഛേദിച്ചു. ഒടുവില്‍ ചെന്നിയില്‍ നിറയൊഴിച്ചു കൊന്നു. കൊലപ്പെടുത്തുന്നതിനുമുന്‍പാണ് ഈ കൊടിയ പീഡനങ്ങളെല്ലാം ഇന്ത്യന്‍ സൈനികര്‍ക്ക് സഹിക്കേണ്ടിവന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ജനീവ കരാറിന്റെ ലംഘനമായിരുന്നു അത്. പിടിയിലാകുന്ന പട്ടാളക്കാരെ അക്രമ മനോഭാവത്തോടെ പെരുമാറാതെ സുരക്ഷിതരായി തിരികെ നല്‍കണം ശത്രുരാജ്യങ്ങളെന്ന് നിയമമുണ്ട്. ഉപദ്രവിക്കുന്നത് നിഷിദ്ധമാണെന്നെരിക്കേ ഉപദ്രവിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങളാണ് ഇന്ത്യയിലെത്തിയ്. തിരിച്ചടിക്ക് അന്നും മുറവിളി ഉയര്‍ന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനുശേഷം 2017ല്‍ പാക് പട്ടാളം അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ പട്ടാളക്കാരനെ തട്ടിക്കൊണ്ടുപോയി ശിരഛേദം ചെയ്ത് തിരികെ നല്‍കിയ വാര്‍ത്തയും വന്നിരുന്നു. കാലിയയുടെ കേസില്‍ ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകാഞ്ഞതിനാലാണ് പിന്നീടും പാക് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് കടുത്ത അക്രമങ്ങള്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരേ ഉണ്ടാവുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അഭിനന്ദന്റെ കേസില്‍ ഇന്ത്യ ഉയര്‍ത്തിയ സമ്മര്‍ദം പാകിസ്താനെ പ്രതിരോധത്തിലാക്കി. ഒരുപക്ഷേ ഇന്ത്യ സര്‍വ സന്നാഹങ്ങളോടെയും മറ്റൊരു ആക്രമണത്തിനു മുതിര്‍ന്നേക്കുമെന്നുപോലും പാകിസ്താന്‍ ഭയപ്പെട്ടതിന്റെ തുടര്‍ച്ചയാണ് മോചനം.