2012, മേയ് 24, വ്യാഴാഴ്‌ച

ദ്രോഹിച്ചാല്‍ വോട്ടെടുപ്പില്‍ തക്കതായ മറുപടി കൊടുക്കണം


കാര്‍ടൂണ്‍ കടപ്പാട്..ഇന്ത്യാ ടുഡേ..
ഇന്നാട്ടിലെ സാധാരണക്കാരന്റെ മേല്‍ കുതിര കയറിക്കൊണ്ട്‌, പെട്രോളിന്  ഏഴു രൂപയിലധികം  വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി . യു പി എ സര്‍ക്കാര്‍ അവരുടെ മൂന്നു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ സ്വന്തം ജനതയ്ക്ക് നല്‍കിയ സമ്മാനം.  
..ബാംഗ്ലൂരില്‍ 2004 മേയില്‍ 43.10 രൂപ ഉണ്ടായിരുന്ന പെട്രോള്‍ ഇന്ന് എട്ടു വര്ഷം പൂര്‍ത്തിയാകുമ്പോള്‍  81.26 രൂപ ആയിരിക്കുന്നു. ഇത് കര്‍ഷക ആത്മഹത്യകള്‍ പോലെ, പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ്. എ സിയുടെ ശീതളിമയില്‍ മയങ്ങുന്ന രാഷ്ട്രീയ കുബുദ്ധികള്‍, സംശയത്തിന്റെ ലവലേശം  ഇല്ലാതെ, കണ്ണുമടച്ചു, തങ്ങളെ ജയിപ്പിച്ചു വിട്ടവന് ജീവിക്കാനുള്ള അനുമതി പോലും നിഷേധിക്കുന്ന തരത്തിലുള്ള വിലക്കയറ്റത്തിനു ആവും  വരും നാളുകള്‍ സാക്ഷിയാകുന്നത്. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക്   താങ്ങാനാവുന്നതിനപ്പുറം വില നല്‍കേണ്ടി വന്ന സാഹചര്യം നിലനില്‍ക്കെയാണ് പുതിയ ഇരുട്ടടി. ഇതിനൊപ്പം കഴിഞ്ഞ ജൂണില്‍ വില വര്‍ദ്ധിപ്പിച്ച മണ്ണെണ്ണ, പാചക വാതകം എന്നിവക്കും  ഉടന്‍ വില ഉയര്‍ത്തുമെന്ന ഭീഷണി നില നില്‍ക്കുന്നുമുണ്ട്..
പാര്‍ലമെന്റിന്റെ  ബജറ്റ് സമ്മേളനം കഴിഞ്ഞാണ് ഈ വില്‍ ഉയര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇത്ര അധികം വില കൂട്ടുന്നത്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അംഗീകരിക്കില്ല  എന്ന് നല്ലതുപോലെ അറിയാം ഈ കുരുട്ടു ബുദ്ധിക്കാര്‍ക്ക്.
2011 നവംബര്‍ നാലിന് ശേഷം ഇതാദ്യമാണ് വര്‍ധന. മുംബ് ഒരിക്കല്‍ 5  രൂപ വര്‍ധിപ്പിച്ചു വില വര്‍ധനയില്‍ റെക്കോര്ഡ് ഇട്ടിരുന്നു..പിന്നെ ഇതാദ്യമാണ് ഇത്രയധികം..അതും 7.50 രൂപ. 2008 മേയ്  24 നും 2011 മേയ് 15 നും പെട്രോളിന് വില ഉയര്‍ത്തി 50 രൂപയില്‍ അധികം ആക്കിയിരുന്നു എന്നോര്‍ക്കണം.
 പെട്രോളിന് വില ഉയര്‍ത്തിയ  ഈ സമയം എണ്ണ മന്ത്രി തുര്‍ക്മെനിസ്ഥാനില്‍ ചതുര്‍ രാഷ്ട്ര ഓയില്‍ പൈപ്പ് ലൈന്‍ സമ്മേളനത്തില്‍ ഒപ്പിടാന്‍ പോയിരുന്നു. രാഷ്ട്ര പതി സ്ഥാനത്തേക്ക് കോണ്ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ധനമന്ത്രി പ്രണബിനായിരുന്നു ജനത്തിന്റെ ശവപ്പെട്ടിയില്‍ ആണി അടിക്കാന്‍ ഉത്തരവാദിത്തം. 2008 ജൂലായില്‍ ചരിത്രത്തിലെ  ഏറ്റവും ഉയര്‍ന്ന തുകയായ 147 ഡോളര്‍ ഒരു ബാരെലിനു രേഖപ്പെടുത്തിയപ്പോള്‍ 2010  ജൂണില്‍ അത് കേവലം 40 ഡോളര്‍ ആയി താണിരുന്നു. അന്നൊക്കെയും വില അത്രകണ്ട് കുറക്കാന്‍ നമ്മുടെ നേതാക്കള്‍ തയ്യാറായില്ല. പകരം അതൊക്കെ നിയന്ത്രണങ്ങള്‍ക്ക്  അപ്പുറമാണ് എന്നും  ഓയില്‍ കമ്പനികള്‍ക്ക് ആണ്  അതിന്റെ ഉത്തരവാദിത്തം എന്നും പറഞ്ഞു നമ്മള്‍ ജയിപ്പിച്ചു വിട്ടവന്മാര്‍ ഉള്‍പ്പെടെ കൈ കഴുകിയതും ഓര്‍ക്കണം. ഭരണ കര്‍ത്താക്കളുടെ  അറിവോ അനുമതിയോ ഇല്ലാതെ ഒരു കമ്പനിക്കും ഇങ്ങനെ വില കൂട്ടാന്‍ കഴിയില്ല എന്നിരിക്കെ എന്തിനു വേണ്ടിയാണ് ഈ ഒളിച്ചു കളി എന്ന് നമ്മള്‍ ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു.
എല്ലാ മാസവും 15 നും  മാസത്തിന്റെ അവസാന ദിവസവും ഓയില്‍ കമ്പനികള്‍ എണ്ണ വില പുനര്‍ നിര്‍ണയം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു..എന്നാല്‍ പുതിയ വില തീരുമാനിച്ചത് എന്നാണെന്ന് നോക്കുക..23 നു..അതും ഓയില്‍ മന്ത്രിയുടെ അസാന്നിധ്യം മുതലെടുത്ത്‌...... ......അല്ല..മന്ത്രിയും ഇല്ല തന്ത്രിയുമില്ലാത്ത നാഥനില്ലാത്ത അവസ്ഥയില്‍ ആരും ഒന്നും ചോദിക്കില്ല പറയില്ല എന്ന വിശ്വാസം ആയിരിക്കാം  ഇതിന്നാധാരം.?
ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച ആണത്രേ  ഈ വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. ഓയില്‍ കമ്പനികള്‍ എല്ലാം കടക്കെണിയില്‍ പെടുന്നു..വേറെ മാര്‍ഗം ഇല്ല..കേന്ദ്ര പ്ലാന്നിംഗ് കമ്മിഷന്‍ ഉപദേഷ്ടാവ് പ്രണോബ് സെന്നിന്‍റെ  ജല്പനം ആണിത്. ഡീസലിന് വില ഉയര്‍ത്താതെ ഇരുന്നത് അത് സകല മേഖലയിലും  വിലക്കയറ്റത്തിന് കാരണമാകും എന്നതിനാല്‍ ആണത്രേ..
പഞ്ചാബ് സര്‍വകലാശാലയില്‍  നിന്നും 1954 ല്‍ ഫസ്റ്റ് ക്ലാസ്സോടെ ഇകണോമിക്സില്‍  എം എ , 1957 ല്‍ കേംബ്രിഡ്ജില്‍  നിന്നും  ഇകണോമിക്സില്‍  ഓണേര്‍സും, 1972 ല്‍ ഓക്സ്ഫോര്‍ഡില്‍ നിന്നും  ഇകണോമിക്സില്‍  ഡി ഫില്‍....//.......   ഈ ബിരുദങ്ങള്‍.... എന്തിനാണാവോ മന്‍മോഹന്‍ സിന്ഗ്ജി അങ്ങേക്ക്? എങ്ങനെ ജനങ്ങളുടെ നട്ടെല്ല് ഓടിക്കാം  എന്നാണോ താങ്കള്‍  പഠിച്ചത്? ചുമ്മാതല്ല ഒരിക്കലും വോട്ടര്‍മാരെ അഭിമുഖീകരിക്കാതെ മന്ത്രിസഭയിലും പ്രധാനമന്ത്രി പദത്തിലും ചടഞ്ഞു കൂടാന്‍  പറ്റിയത്..അങ്ങ് ഭക്ഷണം കഴിക്കാന്‍ വാ തുറക്കുന്നു എന്നറിയുന്നതില്‍ സന്തോഷം ഉണ്ട്..
ശരദ് പവാര്‍ എന്ന പുംഗവന്‍ ഒരിക്കല്‍ കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്കും പരാതികള്‍ക്കും എതിരെ എന്‍ഡോ സള്‍ഫാന്‍ കേസില്‍ ചരട് വലിച്ച ആള്‍  ആണ്. ഇത്തവണ പെട്രോള്‍ വില കയറ്റത്തിനെ അദ്ദേഹം ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു..എന്തിനാണ് ഇത്തരക്കാരനെ നിങ്ങള്‍ ജയിപ്പിച്ചു വിടുന്നത് എന്‍റെ മുംബൈ സുഹൃത്തുക്കളെ?
ഈ വിന്‍റെര്‍ സെഷന്‍ പാര്‍ലമെന്റില്‍ എന്തൊക്കെ വരുത്തി വെക്കും എന്ന് കാത്തിരുന്നു കാണാം. ആരാവും ജനങ്ങളുടെ പ്രതിനിധി ആകാന്‍ യോഗ്യന്‍ എന്നും നമുക്ക് കണ്ടു മനസ്സിലാക്കാം  ..
ഇപ്പോള്‍ പെട്രോള്‍ വില പകുതി കണ്ടു കുറക്കാന്‍ ഒരു തീരുമാനം ഉണ്ടത്രേ..അപ്പോള്‍ ഇരട്ടി കൂട്ടി പകുതി കുറയ്ക്കുന്ന ആ പഴയ തന്ത്രം തന്നെ ആണോ നിങ്ങളുടെത്? ഇല്ലാത്ത സാധനത്തിനു വില കയറ്റുകയല്ലാതെ എങ്ങനെ ഇല്ലാത്തത് ഉണ്ടാക്കാം എന്നതിനെ പറ്റി നിങ്ങള്‍ എന്തേ ചിന്തിക്കുന്നില്ല ? ഇവിടുത്തെ പെട്രോള്‍ ഖനനം എന്തായി? കടലിന്‍റെ താഴെ തട്ടില്‍ എത്താനുള്ള ഉപകരണം ഇല്ലത്രെ  ..അത് അമേരിക്കയുടെ കൈവശം ഉണ്ട്..പക്ഷെ തരില്ല..ഇറാനില്‍ നിന്നും പെട്രോള്‍ വാങ്ങരുത് എന്ന് അമേരിക്കയുടെ വിലക്കും..കൊള്ളാം അമേരിക്കയുടെയും ഇറ്റലിയുടെയും  മുന്നില്‍ നിങ്ങള്‍ കവാത്ത് മറക്കുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകും. ഞങ്ങള്‍ പാവം ജനങ്ങളെ കൂടി അതിനു പ്രേരിപ്പിക്കരുതെ..ഞങ്ങള്‍ ലഗാന്‍ പോലുള്ള സിനിമകള്‍ എങ്കിലും കണ്ടു കയ്യടിച്ചോട്ടെ  ..ഞങ്ങള്‍ക്ക് അതിനല്ലേ ആകൂ..എങ്കിലും 2014 നു വലിയ ദൂരം ഇല്ല..ഇനിയും വരും നിങ്ങള്‍ വോട്ട് രാഷ്ട്രീയം കളിക്കാന്‍... അന്ന് ഞങ്ങള്‍ നേരിടും നിങ്ങളെ..
ഒമ്ചിയത്ത്  ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തി എങ്കില്‍ ഭരിക്കുന്നവര്‍ പാവം  ജനതയെ കൊല്ലാക്കൊല  ചെയ്യുകയല്ലേ? ഇതില്‍ വെട്ടുന്നതിന്റെ എണ്ണം പോലും അവനു അറിയാന്‍ കഴിയുന്നില്ല ..അത്രയധികം..ഇപ്പോള്‍ സഹിക്കുക തന്നെ..ആകെ പ്രധിരോധിക്കാന്‍ ഒരവസരം കിട്ടും..അതും ഓരോ അഞ്ചു വര്‍ഷത്തിനും ഇപ്പുറം  ..ഇത്തവണയും അത് സംഭവിക്കും..അത്രമേല്‍  കഷ്ടത്തിലായിക്കഴിഞ്ഞു  പാവം ജനങ്ങള്‍.... ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ