2024, ഡിസംബർ 27, വെള്ളിയാഴ്‌ച

അനാഥബാല്യത്തിന്റെ കർക്കടക കുട്ടി

 


 'ഞാൻ' എന്ന ഉത്തമപുരുഷ ബോധം കഥകളിലൂടെ മലയാളത്തിൽ അവതരിപ്പിച്ച എം.ടി അനാഥത്വം പേറിയ ബാല്യം കണ്ട 'കർക്കടക' കുട്ടിയായിരുന്നു.

നിറകൺ ബാല്യമായിരുന്നു തനിക്കെന്ന് എം.ടി പറയുമായിരുന്നു. ഒന്നര നൂറ്റാണ്ടോളം മുമ്പ് ലോക പ്രശസ്ത റഷ്യൻ ചെറുകഥാകൃത്ത് ആന്റൺ ചെക്കോവ് എഴുതിയ വാങ്ക് എന്ന കഥ, വായനയിലുടനീളം എം.ടിയെ കരയിച്ചു. ഈ കഥ വായിച്ച് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്ന് ഒരു കുട്ടിയുടെതുപോലുള്ള പ്രതികരണം എം.ടിയിൽ നിന്നുണ്ടായിട്ടുണ്ടെന്ന് അറിയുമ്പോൾ ശിഥില കുടുംബവും കയ്‌പേറിയ ബാല്യവും പേപ്പറുകളിലെ അക്ഷര മഷി നീർമിഴിയാൽ എത്രയോ പടർത്തിയിട്ടുണ്ടാവുമെന്നു വ്യക്തം. ചെരുപ്പുകുത്തിയുടെ സഹായിയായ ഒൻപതുകാരനായ അനാഥ ബാലൻ, കുടുംബത്തിലേക്ക് തന്നെ തിരികെ വിളിച്ചുകൊണ്ടുപോകണമെന്ന് കരഞ്ഞപേക്ഷിച്ച് ക്രിസ്മസ് തലേന്ന് മുത്തഛന് എഴുതുന്ന കത്താണ് വാങ്കിന്റെ പ്രമേയം. 

കുട്ടികളുടെ മനസ് വായിക്കാൻ എം.ടിക്ക് ആരേക്കാളും നന്നായി അറിയാം. ഇതു കേട്ടെന്നാൽ, അനുഭവം ഗുരുവായതാണെന്ന് അദ്ദേഹം മനസിലുരുവിട്ടിട്ടുണ്ടാവും. 'നിന്റെ ഓർമയ്ക്ക്' എന്ന കഥ എം.ടിയുടെ ബാല്യത്തിന്റെ ചിത്രീകരണമായി വിലയിരുത്തപ്പെടുന്നുണ്ട്. 

കുടുംബ ഭദ്രത തകരുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടിവരുന്ന വിഷാദമൂകനായ കുട്ടി. പത്തോ പതിനൊന്നോ വയസുള്ളപ്പോൾ, 'കുടുക്കുകൾ വേറിട്ട് ഒരു മുഷിഞ്ഞ കാലുറ അരയിൽ കുടുക്കി നിർത്തി' നടന്ന വല്ലാത്ത വികൃതിയായ അമ്മാളു അമ്മയുടെ മകൻ വാസുവിന്റെ മനസിന്റെ നീറ്റൽ ആരും അന്ന് കണ്ടിരുന്നില്ല. മൂന്നാൺമക്കൾക്കു ശേഷം പെൺകുഞ്ഞുണ്ടാവാൻ കാത്തിരുന്ന അമ്മയ്ക്കും അഛനും കർക്കടക രാവിൽ ഭൂജാതനായ ചാവാളിച്ചെക്കനാണ് താനെന്ന് ഉൾനീറി എം.ടി കുറിച്ചിട്ടുണ്ട്. രണ്ടാം വയസിൽ ആദ്യമായി അഛനെ കണ്ടെങ്കിലും പിന്നീട് ആ കാഴ്ചകൾ മുറിയിലെ ചിത്രങ്ങളിലൊതുങ്ങി. സിലോണിൽ പോയ അഛനെ കണ്ടിട്ടില്ല, പിന്നെ. അമ്മയുടെയും ഏട്ടൻമാരുടെയും അടിയേറ്റുവാങ്ങുമ്പോൾ മുറിയുടെ മൂലയിൽ ഏകനായി ഏങ്ങുന്ന തന്നെ ആശ്വസിപ്പിക്കാൻ അഛൻ അടുത്തുണ്ടായിരുന്നില്ല. പിന്നീട്, ഒരു സിംഹള പെൺകുട്ടിയുമായി അഛൻ വീട്ടിലെത്തിയപ്പോൾ ആഹ്ലാദിച്ചെങ്കിലും അമ്മയുമായി വഴക്കിട്ട് സഹോദരിയാകേണ്ടിയിരുന്നവളുമായി അഛൻ വീട് വിട്ടുപോകുന്നത് നോക്കി നിൽക്കുമ്പോൾ ഹൃദയം നുറുങ്ങിയ ബാല്യത്തെ വിസ്മരിക്കാനാവുന്നില്ല. ഇത് എം.ടിയുടെ ആത്മകഥയുടെ ഭാഗമല്ലെന്ന് പറയാനുമാവില്ല.

അകത്ത് ചാക്കരി ചോറ് വാർത്ത വെള്ളം മകന് കുടിക്കാൻ കൊടുക്കുന്ന അമ്മ, അഛന്റെ വീട്ടുകാർക്ക് ചോറു വിളമ്പുന്നതും, ക്ലാസിലിരിക്കുമ്പോൾ വായുവിലൂടെയെത്തിയ വറവിന്റെ മണവും നാലുകെട്ടിന്റെ ഉള്ളിടങ്ങളിൽ അന്നത്തെ അത്താഴത്തിനുളള അരിക്കണക്കിന്റെ ചർച്ച കേൾക്കേണ്ടിവരുന്ന ബാലനും. ഈ ബാല്യാനുഭവങ്ങൾ എം.ടിയുടെ എഴുത്തിന് കാരിരുമ്പിന്റെ കരുത്ത് പകർന്നിട്ടുണ്ട്.

'ഒരു പിറന്നാളിന്റെ ഓർമ'യിൽ അനന്തരവൻമാർ കഞ്ഞിക്കുള്ള ഊഴം കാത്ത് മാവിൻചുവട്ടിൽ നിൽക്കുമ്പോൾ അമ്മാവനും മക്കളും വിഭവസമൃദ്ധ സദ്യ കഴിക്കുന്നതും അമ്മാവൻ്‌റെ മകന്റെ പിറന്നാളിന് സമൃദ്ധ സദ്യയാവുമ്പോൾ, തന്റെ പിറന്നാളിന് അമ്മയ്ക്ക് പൊതിരെ തല്ല് കിട്ടുന്നത് ഏതു കുഞ്ഞിന്റെ ഹൃദയമാണ് മുറിപ്പെടുത്താത്തത്. 

സ്‌നേഹത്തിനു കേഴുന്ന കുഞ്ഞുങ്ങളുടെ ഏകാന്തതയുടെ നേർച്ചിത്രമായിരുന്നു എം.ടിയുടെ ബാല്യം വരച്ചിട്ടത്.

പാതിരാവിലും പകൽവെളിച്ചം, കാലം, വിലാപയാത്ര, കുറുക്കന്റെ കല്യാണം, നുറുങ്ങുന്ന ശൃംഖലകൾ ഇവയിലൊക്കെ അഛൻ എന്നത് വിങ്ങലാകുന്ന കുഞ്ഞിനെ എം.ടി ഓർത്തെടുക്കുകയല്ലേ. ജീവിത ഏടിന്റെ പകർന്നാട്ടം ഇതിൽ വ്യക്തമാണ്.

അഛനില്യാണ്ടുണ്ടായ കുട്ടിയെന്ന കൂട്ടുകാരുടെ പരിഹാസം, പിതാവ് മറ്റൊരു വിവാഹത്തിന് മണവാളനായി പോകുമ്പോൾ അഛനെന്ന് വിളിക്കാനാകാതെ നിൽക്കേണ്ടിവരുന്ന ദുരവസ്ഥ, തന്റെ പിതാവിനെ അന്വേഷിച്ചതിന് പരിഹാസമേൽക്കേണ്ടിവരുന്നത് ... ഒടുവിൽ പരിഹസിച്ചവനെ കല്ലെറിഞ്ഞ് പ്രതികരിക്കുന്ന കുട്ടി, കുഞ്ഞു മനസ് എങ്ങനെ മാറുമെന്ന കാഴ്ചയാണ് പകരുന്നത്.

അഛനാരെന്നറിയാതെ വളർന്ന രാഘവൻ 'കരിയിലകൾ മൂടിയ വഴിത്താരക'ളിൽ അഛനെങ്ങനെയിരിക്കുമെന്നു കാണാൻ മാത്രമായി പോകുന്നതിലെത്തി നിൽക്കുന്നു അവസാനം, 'മഞ്ഞി'ലെ ബുദ്ദുവിനെ പോലെ.

ഇരുട്ടിന് ആത്മാവുണ്ടെന്ന് വിശ്വസിച്ച കഥാകാരനായിരുന്നു, എം.ടി. ഒരാൾ ഇരുട്ടിലാണെന്ന് കരുതുമ്പോഴും അയാൾക്ക് ഒരു ആത്മാവുണ്ടെന്ന് എം.ടി ഓർമിപ്പിച്ചു.

അസന്തുഷ്ട കുട്ടിക്കാലവും ചെറുപ്പത്തിലെ വായനാനുഭവവുമാണ് നല്ല എഴുത്തുകാരനെ സൃഷ്ടിക്കുന്നതെന്ന് നോബേൽ ജേത്രി ഡോറിസ് ലെസിംഗ് പറഞ്ഞത് എം.ടിയുടെ ജീവിതത്തെക്കുറിച്ചുകൂടിയായിരിക്കും.