കൊച്ചി: ഇറ്റലിയിലെ മലയാളികള്‍ ജീവനുവേണ്ടി കേഴുന്ന വാര്‍ത്ത സുപ്രഭാതം പ്രസിദ്ധീകരിച്ചിരുന്നു. ഇത്ര ഭീകരാവസ്ഥ എന്തായിരിക്കുമെന്ന സംശയം സ്വാഭാവികം. ഈ ചിത്രം കാണുക. ഫേസ്ബുക്കില്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത് നാപ്പോളിയിലെ സൂസി നാപ്പിയുടെ വാച്ച് പാര്‍ട്ടിയിലാണ്. ലൂക്ക ഫ്രാന്‍സിസെയുടെ കരഞ്ഞുകൊണ്ടുള്ള സന്ദേശമാണ് ഈ വിഡിയോയില്‍. ലൂക്കയുടെ പിന്നില്‍ കട്ടിലില്‍ സഹോദരി മരിച്ചുകിടക്കുന്നത് ഈ ചിത്രത്തില്‍ വ്യക്തമായി കാണാം.
24 ദിവസം മുന്‍പ് കൊറോണ ബാധിച്ച് മരിച്ചതാണവള്‍. ഇതുവരെ ഈ മൃതദേഹം പുറത്തെടുക്കാനോ തിരിഞ്ഞുനോക്കാനോ അധികൃതര്‍ക്ക് ആയിട്ടില്ലെന്ന് ഫ്രാന്‍സിസെ കേഴുമ്പോള്‍ നമുക്കും കണ്ണുനിറയും. ഇറ്റലിയില്‍ ഈ രോഗം വരുത്തിവച്ചതിന്റെ ഭീകരതയാണ് ഈ ദൃശ്യങ്ങള്‍ വരച്ചുകാട്ടുന്നത്. അസുഖം ബാധിക്കുന്നവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന ഒരവസ്ഥയിലാണ് ഈ രാജ്യമെന്ന സൂചന നല്‍കുന്ന തരത്തിലാണ് ഈ സംഭവത്തെ അവിടെയുള്ള മലയാളികള്‍ വിലയിരുത്തുന്നത്. ഇതാണ് അവര്‍ ജീവനുവേണ്ടി കേഴാന്‍ കാരണമെന്നതിന് ഇനി വിശദീകരണത്തിന്റെ ആവശ്യമില്ല. ഇപ്പോഴും പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ ഇവിടെ മുന്നില്‍ മലയാളികള്‍ തന്നെയാണെന്ന് അവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നറിയുന്നു.
നാപ്പോളിയിലെ ഈ സംഭവം കാണാത്ത മലയാളികള്‍ ഇറ്റലിയിലില്ല. അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ ഭയപ്പാടിലാണ്. എങ്ങനെയും നാട്ടിലെത്തിക്കണമെന്ന അപേക്ഷയിലാണവരിപ്പോഴും. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തങ്ങളുടെ വിലാപം കേള്‍ക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.