2018, ഡിസംബർ 24, തിങ്കളാഴ്‌ച

ആസൂത്രിത വധം, വര്‍ഗീയ കലാപ ശ്രമം


ഒരു പൊലിസ് സബ് ഇന്‍സ്‌പെക്ടറും ഒരു കൗമാരക്കാരനും കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഉണ്ടായ കലാപം വളരെ ആസൂത്രിതമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പൊലിസിന്റെ പേരില്‍ നിലനില്‍ക്കുമ്പോഴാണ് പൊലിസ് ഉദ്യോഗസ്ഥരെ അതേ നാണയത്തില്‍ വകവരുത്താനുള്ള ആസൂത്രണചിത്രം പുറത്തുവന്നിരിക്കുന്നത്. മുസ് ലിം ജനത മതപരമായ ചടങ്ങുകള്‍ക്ക് ബുലന്ദ് ഷഹറില്‍ ഒത്തുചേര്‍ന്നതിന് തൊട്ടുപിന്നാലെ പശുവിന്റെ പേരില്‍ ലഹളയുണ്ടാകുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തത് ഒരു വര്‍ഗീയ കലാപം കൂടി മുന്നില്‍ക്കണ്ട് ആസൂത്രണം ചെയ്തതാണോ എന്നും സംശയിക്കുന്നു. അന്വേഷണങ്ങള്‍ ഈ വഴിക്കൊക്കെ നീങ്ങുന്നുമുണ്ട്. സംസ്ഥാന ഡി.ജി.പിയും മന്ത്രിയും സുബോധിന്റെ കൊലപാതകം ആസൂത്രിതമായിരുന്നെന്നും വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമം നടന്നതായും സൂചന നല്‍കിയിട്ടുണ്ട്. ഇനി ആര്, എന്തിന് ഈ വിവരങ്ങളൊക്കെ പുറത്തുവരേണ്ടതുണ്ട്.

സംഭവങ്ങളുടെ തുടക്കം

പശ്ചിമ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടങ്ങളില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതാണ് ഈ സംഭവങ്ങളുടെ തുടക്കം. ഡിസംബര്‍ മൂന്നിനായിരുന്നു അത്. തുടര്‍ന്ന് പശുസംരക്ഷക പ്രവര്‍ത്തകരെന്ന പേരില്‍ രംഗത്തെത്തിയവര്‍ ഈ അവശിഷ്ടങ്ങളുമായി സിയാനയിലെ ചിങ്‌രാവതി പൊലിസ് സ്റ്റേഷനിലെത്തി. പശുവിനെ കൊന്നതില്‍ കേസെടുക്കണമെന്നായിരുന്നു ആവശ്യം. സ്റ്റേഷനിലെ പൊലിസുകാര്‍ കൊന്നതാണ് പശുവിനെ എന്നാരോപണമുയര്‍ന്നതോടെ നൂറുകണക്കിനാളുകള്‍ പൊലിസ് സ്റ്റേനിലേക്ക് കല്ലെറിയുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. തൊട്ടടുത്ത സിയാന പൊലിസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലിസുകാരെത്തുകയും ജീവഹാനി ഉണ്ടാകുമെന്നായപ്പോള്‍ അവര്‍ അക്രമികള്‍ക്കെതിരേ വെടിവയ്ക്കുകയും ചെയ്തു. ഈ വെടിവയ്പില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. 21കാരനായ ഇയാള്‍ അക്രമികള്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്ന് ആദ്യഘട്ടത്തില്‍ വാദമുണ്ടായിരുന്നെങ്കിലും കല്ലും മറ്റുമായി ഇയാള്‍ അക്രമികള്‍ക്കൊപ്പം നീങ്ങുന്ന വിഡിയോ ചിത്രം പുറത്തുവന്നിരുന്നു. ഒരാള്‍ കൊല്ലപ്പെട്ടതോടെ കൂടുതല്‍ അക്രമാസക്തമായ ജനക്കൂട്ടം പൊലിസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. അക്രമികളെ നേരിടാനെത്തിയ ഇന്‍സ്‌പെകര്‍ അക്രമത്തിനിടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു.
പശുവിന്റെ തോലും ഇറച്ചിയും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ സ്‌റ്റേഷനില്‍ കണ്ടതായും ആക്രമണമുണ്ടാകുന്നതിനു ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് അതവിടെനിന്ന് നീക്കം ചെയ്തതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കരിമ്പിന്‍ പാടത്ത്, ഈ സംഭവത്തിന് തലേന്ന് പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇന്‍സ്‌പെക്ടര്‍ സുബോധിന്റെ മരണം

ജനക്കൂട്ടം പൊലിസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ തുനിയുമ്പോള്‍ അവരുമായി അനുനയത്തിന് ശ്രമിക്കുകയായിരുന്നു ഇന്‍സ്‌പെകര്‍ സുബോധ് സിങെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനുജ് ഝാ പറയുന്നു. ഒറ്റയ്ക്ക് അക്രമികളുടെ നടുവിലിറങ്ങി അനുനയിപ്പിക്കാന്‍ സുബോധ് ശ്രമം നടത്തിയതായും ധൈര്യശാലിയായ ഓഫീസറെയാണ് നഷ്ടപ്പെട്ടതെന്നും ഝാ പറയുന്നു. അക്രമം കലാപത്തിലേക്ക് വളര്‍ന്നതോടെ ഒപ്പമുണ്ടായിരുന്ന പൊലിസുകാര്‍ ആകാശത്തേക്ക് വെടിവച്ചു. ഇതോടെ അക്രമികള്‍ കോപാക്രാന്തരായി വളഞ്ഞതോടെ പൊലിസുകാര്‍ ഓടിമാറി. സുബോധ് വെടിയേറ്റു വീഴുന്നത് കണ്ടത് അദ്ദേഹത്തിന്റെ ജീപ്പ് ഡ്രൈവര്‍ രാം ആശ്രയ് ആണ്. സുബോധിന് ജീവന്‍ നഷ്ടപ്പെടാതെ പ്രഥമശുശ്രൂഷ നല്‍കാന്‍ വാഹനത്തിലേക്ക് താന്‍ മാറ്റിയതായും രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഓടിക്കൂടിയ അക്രമിക്കൂട്ടം തടഞ്ഞ് കൊല്ലെടാ എന്നാര്‍ത്തുവിളിക്കുകയും കല്ലും തടിയും എറിഞ്ഞതോടെ താന്‍ ഓടിരക്ഷപ്പെട്ടതായും ആശ്രയ് പറഞ്ഞു. ആശ്രയിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരിമ്പിന്‍ തോട്ടത്തില്‍ പലഭാഗങ്ങളിലും വെടിയൊച്ച കേട്ടതായും രാം ആശ്രയ് വിവരിക്കുന്നത് എത്ര ഞെട്ടിക്കുന്ന സംഭവമാണ് അവിടെ നടന്നതെന്ന സൂചന നല്‍കുന്നു.

സംശയങ്ങള്‍

പശുസംരക്ഷകരെന്ന പേരില്‍ രാജ്യമാകെ അക്രമിക്കൂട്ടം നടമാടുമ്പോള്‍ ആരും ഇത്തരമൊരു പ്രവര്‍ത്തിക്ക് മുതിരില്ലെന്ന് വ്യക്തമാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ട പൊലിസുകാര്‍ പശുവിറച്ചിയും തോലും പ്രദര്‍ശിപ്പിച്ചെന്ന വിവരം ഞെട്ടിക്കുന്നു. എന്നാല്‍, അത് വിദഗ്ധമായി സ്വരൂക്കൂട്ടിയ ഒന്നാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പശുവിറച്ചി എന്നുകേള്‍ക്കുമ്പോള്‍ ആയുധം എടുക്കുന്ന ഒരു ജനതയുള്ള ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്ത് അവരെ വേഗം ഇളക്കിവിടാന്‍ പറ്റിയ മാര്‍ഗമായി  ഉപയോഗിച്ച തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മഹാവ് ഗ്രാമത്തിലെ തഹസില്‍ദാര്‍ പറഞ്ഞത് കരിമ്പുപാടത്ത് തുണി ഉണക്കാന്‍ ഇട്ടിരിക്കുന്നതുപോലെ 20ലധികം പശുക്കളുടെ തോലും ഉടലും തലയും വളരെ ദൂരെ നിന്നുപോലെ കാണാനാവുന്ന തരത്തില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ചത് വളരെ ആസൂത്രിതമായിട്ടായിരുന്നു എന്നാണ്.
ഈ വാര്‍ത്ത പരന്നയുടനെ ഹിന്ദു യുവ വാഹിനി, ശിവസേന, ബജ് രംഗ്ദള്‍ പ്രവര്‍ത്തകര് കൂട്ടമായെത്തി പ്രതിഷേധം തുടങ്ങിയതും ഇത് ട്രാക്ടറില്‍ സംസ്ഥാനപാതയിലെത്തിച്ച് ഉപരോധം നടത്തിയതും ആസൂത്രിതമായിരുന്നു എന്ന തോന്നലുണ്ടാക്കുന്നു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ പങ്കെടുത്ത തബ് ലിഗി ജമാ അത്ത് ബുലന്ദ്ഷഹറില്‍ ഡിസംബര്‍ മൂന്നിന് സമാധാനപരമായി സമാപിച്ചതിന്റെ അന്നുതന്നെയാണ് പശുവിന്റെ പേരില്‍ അക്രമങ്ങള്‍ തലപൊക്കിയത്. ഈ മതചടങ്ങ് നടന്നതിന്റെ 30 കിലോമീറ്റര്‍ അപ്പുറമാണ് പൊലിസിനെതിരേ ലഹള നടന്നത്. ഇവിടെ പങ്കെടുത്തു മടങ്ങിയവര്‍ ബുലന്ദ്ഷഹറിലെ സംസ്ഥാന പാത വഴി പശുവിന്റെ അവശിഷ്ടം കണ്ടിടത്തുകൂടിയായിരുന്നു വരേണ്ടിയിരുന്നത്. അക്രമികള്‍ ഈ പാത ഉപരോധിച്ചത് ഇത് മുന്നില്‍ക്കണ്ടാണെന്ന സംശയവും ഉയരുന്നുണ്ട്.
സുബോധ് സിങ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുന്‍പ് അദ്ദേഹത്തെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക സംഘപരിവാര്‍ നേതൃത്വം ബുലന്ദ്ഷഹര്‍ എം.പി ഭോലാ സിങിന് പരാതി നല്‍കിയിരുന്നു. കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് മതപരമായ ചടങ്ങുകള്‍ക്ക് ഭംഗം വരുത്തുന്നു എന്നായിരുന്നു. ഇതിനര്‍ഥം സുബോധിനോട് പ്രാദേശിക സംഘപരിവാര്‍ നേതൃത്വത്തിന് അമര്‍ഷമുണ്ടായിരുന്നു എന്നാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വിഡിയോയില്‍ ബി.ജെ.പി യുവമോര്‍ച്ച സയാന യൂണിറ്റ് പ്രസിഡന്റ് അഗര്‍വാള്‍ വിശദമാക്കുന്നത് സുബോധ് സിങ് തങ്ങളെ തടയാന്‍ ശ്രമിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ്. സുബോധ് പ്രദേശത്തെ മുസ് ലിംകളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നതായും ഇയാള്‍ ആരോപിച്ചു. ഇതിനര്‍ഥം, സുബോധിനെ വകവരുത്തിയത് തന്നെയെന്നല്ലേ. ഇതില്‍ക്കൂടുതല്‍ എന്തു തെളിവാണ് ഈ കൊടുംക്രൂരന്‍മാരെ തടങ്കലിലെത്തിക്കാന്‍ യോഗിക്ക് വേണ്ടത്.

പ്രതികളില്‍ സേനാംഗവും

സുബോധ് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് 27 പേര്‍ക്കെതിരേയാണ് കേസെടുത്തത്. അക്രമത്തിനുപിന്നാലെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയാനാകാത്ത അന്‍പതോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ച, വി.എച്ച്.പി, ബജ് രംഗ്ദള്‍, ഹിന്ദു യുവ വാഹിനി, ശിവസേന എന്നീ സംഘടനകളില്‍ പെട്ടവരാണ് പ്രതിപ്പട്ടികയില്‍. പാര്‍ട്ടിയില്ലാത്ത കര്‍ഷകരും വിദ്യാര്‍ഥികളും പ്രതിപ്പട്ടികയിലുണ്ട്. പ്രധാനപ്രതി യോഗേഷ് രാജ് എന്ന 28കാരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നിയമവിദ്യാര്‍ഥിയും സാമൂഹ്യപ്രവര്‍ത്തകനും വിശ്വഹിന്ദു പരിഷത്ത്, ബജ് രംഗ്ദള്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകനുമായ ഇയാള്‍ തോക്കുപയോഗിക്കാറുണ്ടെന്ന് പൊലിസ് പറയുന്നു.
എന്നാല്‍ പ്രതിപ്പട്ടികയില്‍ ഒരു സേനാംഗവും ഉണ്ടായിരുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കശ്മിരിലെ സോപൂരില്‍ ജോലി ചെയ്യുന്ന 22 രാഷ്ട്രീയ റൈഫിള്‍സിലെ ജിതേന്ദ്ര മാലിക്കിനെ കഴിഞ്ഞ ദിവസം പൊലിസ് കശ്മിരിലെത്തി അറസ്റ്റ് ചെയ്തിരുന്നു.
സുബോധും സുമിതും കൊല്ലപ്പെട്ടത് .32 പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റാണ്. ഈ പിസ്റ്റള്‍ ഈ സേനാംഗത്തിന്റെതാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുമുണ്ട്.

ഗൂഢാലോചനയെന്ന്
സഹോദരിയും മന്ത്രിയും

ഇന്‍സ്‌പെകര്‍ സുബോധ് സിങിനെ വകവരുത്താനായി സൃഷ്ടിച്ച കലാപമാണിതെന്ന് അദ്ദേഹത്തിന്റെ സഹോദരി സുനിത സിങ് ആരോപിക്കുന്നു. 2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ട ഗോവധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സുബോധ്. സുബോധിനെ പൊലിസുകാര്‍ തന്നെ കൊലയ്ക്കുകൊടുക്കുകയായിരുന്നെന്നാണ് സഹോദരിയുടെ ആരോപണം. സുബോധ് രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. നാഴികയ്ക്കു നാല്‍പതുവട്ടവും പശു, പശു എന്നുരുവിടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്തുകൊണ്ടാണ് അവയെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്തതെന്നും പശുവിനെ മാതാവിന് സമമാണ് തങ്ങള്‍ കാണുന്നതെന്നും തന്റെ സഹോദരന്‍ പശുവിന് വേണ്ടിയാണ് ജീവിതം ബലിയര്‍പ്പിച്ചതെന്നും സുനിത ചൂണ്ടിക്കാട്ടുന്നു.
സുനിതയുടെ വാക്കുകളില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. സുബോധിന്റെ കുടുംബം പശുക്കളെ വകവരുത്തുന്നവരല്ല. അതിന്റെ മാംസം പൊലിസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ സുബോധ് അനുവദിക്കില്ലെന്നും ഇതില്‍ നിന്ന് വ്യക്തവുമാണ്. പൊലിസുകാര്‍തന്നെ കൊലയ്ക്കുകൊടുത്തതാണെന്ന വാദത്തിനും പ്രസക്തിയുണ്ട്. കാരണം, കൂടെയുള്ള ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ബാധ്യത വെടിഞ്ഞ് ഓടിരക്ഷപ്പെടുകയായിരുന്നു പൊലിസുകാര്‍. അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷപ്പെടുത്താന്‍ അന്വേഷണോദ്യോഗസ്ഥനെ ഇല്ലാതാക്കണമെന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന ആരോപണത്തിലും കഴമ്പില്ലാതെയില്ല. സുബോധിന്റെ ഇടതുപുരികത്തിനടുത്താണ് വെടിയേറ്റത്. അത്രയും അടുത്തുനിന്ന് പോയിന്റ് ബ്ലാങ്കിലാണോ വെടിയേറ്റത് എന്നതൊക്കെ അന്വേഷണത്തില്‍ പുറത്തുവരേണ്ടതാണ്.
സംസ്ഥാന പട്ടിക വികസന ക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ഓംപ്രകാശ് രാജ്ഭര്‍ സംശയലേശമന്യേ വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. ബുലന്ദ്ഷഹര്‍ കലാപം വളരെ ആസൂത്രിതമായി വി.എച്ച്.പിയും ആര്‍.എസ്.എസും ബജ് രംഗ്ദളും ചേര്‍ന്ന് നടത്തിയതാണെന്നാണ്. മുസ് ലിം ജനതയുടെ മതപരമായ ചടങ്ങിന്റെ അന്നുതന്നെ പശുവിന്റെ പേരില്‍ നടന്നത് അതിനാലാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനാണ് രാജ്ഭര്‍. എന്നാല്‍ മുഖ്യമന്ത്രി ആദിത്യനാഥിനെ കണ്ടതിനുപിന്നാലെ അദ്ദേഹം ഈ ആരോപണം പിന്‍വലിച്ചിരുന്നു.





2018, ഡിസംബർ 23, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ് ഫലം പറയുന്നത്


അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജയപരാജയങ്ങള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.
വലിയ ജ്ഞാനമതിയായിട്ടു പറഞ്ഞതാണെന്നു കരുതരുത്. അഞ്ചില്‍ മൂന്നിടങ്ങളില്‍ ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് അത് കൈമോശം വന്നപ്പോള്‍, അതും കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് മുറവിളി കൂട്ടി അധികാരത്തിലെത്തിയ പാര്‍ട്ടിക്ക് അതേ പാര്‍ട്ടിയില്‍ നിന്ന് ആഘാതമേല്‍ക്കുമ്പോള്‍ എല്ലാം വിധിയെന്നു പറയാനല്ലേ കഴിയൂ.
ഈ തെരഞ്ഞെടുപ്പ് ഫലം ഒരു ദിശാ സൂചകമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിലയിരുത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറത്തെ ഒരു വിധിയായി വേണം ഇതിനെ കാണേണ്ടത്. ഇത് കേവലം ബി.ജെ.പിയുടെ തോല്‍വിയെന്നും കോണ്‍ഗ്രസിന്റെ ജയമെന്നും പറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കരുത്. ഈ ഫലം പറയുന്നത് മറ്റു ചിലതൊക്കെയാണ്. ശബ്ദമില്ലാത്തവന്‍ ജനാധിപത്യത്തിലൂടെ അടക്കിഭരിക്കുന്നവന് നല്‍കുന്ന മറുപടിയാണ് അതില്‍ പ്രധാനം. അന്നത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവസന്ധാരണത്തിനും കേഴുന്ന ജനത പൊരുതി നേടിയ നേട്ടമായിവേണം അതിനെ കാണാന്‍. മൂന്നു സംസ്ഥാനങ്ങളിലും ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ ബി.ജെ.പിക്ക് കനത്ത സീറ്റ് നഷ്ടമുണ്ടായപ്പോള്‍ ഒപ്പം നില്‍ക്കുമെന്ന് കരുതപ്പെട്ട നഗര മേഖലകളും പാര്‍ട്ടിയെ കൈവിട്ടു. ഉദ്യോഗാര്‍ഥികളും കര്‍ഷകരും നിര്‍ണയിച്ച ഫലങ്ങളെന്നു വിലയിരുത്തുന്നതാവും കൂടുതല്‍ ശരി.

രാഹുലിന്റെ രാഷ്ട്രതന്ത്രം

കോണ്‍ഗ്രസിന്റെ വിജയം നേതൃത്വത്തിന്റെ വിജയം തന്നെയാണ്. രണ്ടാംവരവില്‍ രാഹുല്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നു. മോദി പറഞ്ഞതുപോലെ വിജയവും തോല്‍വിയും ഇഴചേര്‍ന്നു പോകുന്നുവെന്ന് രാഹുലും മനസിലാക്കുന്നു. തോല്‍വിയില്‍ തളര്‍ന്ന് രാജ്യം വിടുന്ന രാഹുല്‍ വിജയം ജനങ്ങള്‍ക്കൊപ്പം പങ്കിടുമെന്നു കരുതാം.
എങ്കിലും പരാജയപ്പെടുമായിരുന്ന ഒരു തന്ത്രത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു രാഹുല്‍. കാരണം തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടേക്കാവുന്ന ഒരു കമല്‍ നാഥിനെ രാഷ്ട്രീയ ഇന്ത്യ കണ്ടിരുന്നു. കോണ്‍ഗ്രസില്‍ ശക്തനായ കമല്‍ നാഥിനെ ആ പാര്‍ട്ടി വേണ്ടവണ്ണം കരുതാതിരുന്നപ്പോള്‍ മനസുമരവിച്ചുപോയിരുന്നു ആ മനുഷ്യന്. ജ്യോതിരാദിത്യ സിന്ധ്യയെന്ന കൂട്ടുകാരനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ രാഹുല്‍ ആത്മഹത്യാപരമായ നിലപാട് ആവര്‍ത്തിക്കുന്നതായി തോന്നി. എന്നാല്‍ പതം വന്ന രാഷ്ട്രീയക്കാരനെപ്പോലെ ആ നിലപാടില്‍ നിന്നു മനംമാറ്റം വന്നപ്പോള്‍ കമല്‍ നാഥ് കൂടുതല്‍ ശക്തമായ സാന്നിധ്യമറിയിച്ചു, പാര്‍ട്ടിയെ വിജയവഴിയിലെത്തിച്ചു.
രാജസ്ഥാനില്‍ കൡക്കൂട്ടുകാരനായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി വാഴിക്കണമെന്നായിരുന്നു രാഹുലിന്റെ മോഹം. ഫലപ്രഖ്യാപനത്തിനുമുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി മുന്നേറാനുള്ള നീക്കം ഇരുത്തം വന്ന മുതിര്‍ന്നവര്‍ തടഞ്ഞു എന്നുവേണം അനുമാനിക്കാന്‍. ഇപ്പോഴില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ല മുഖ്യമന്ത്രി പദത്തില്‍ എന്നറിയാവുന്ന അശോക് ഗെലോട്ടിനെ വിശ്വാസത്തിലെടുക്കാന്‍ തയാറായതോടെ രാജസ്ഥാനും കൈപ്പിടിയിലൊതുങ്ങി.
പഞ്ചാബ് നല്‍കിയ പാഠമായിരുന്നു ഇത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്ന ഒറ്റയാള്‍ പോരാളിയാണ് അവിടെ കോണ്‍ഗ്രസിനെ വിജയപഥത്തിലെത്തിച്ചതെന്നു വിസ്മരിച്ചുകൂടാ. രാഹുലിന്റെ നിലപാടുകള്‍ ഖണ്ഡിച്ച അമരിന്ദര്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും വിജയം താലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന് കൈമാറിയപ്പോള്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നതായി രാഹുലിനും മനസിലായി. രാഹുലിന് ജനമനസില്‍ സ്ഥാനം ലഭിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ ഫലങ്ങള്‍. അദ്ദേഹം പങ്കെടുത്ത റാലികള്‍ നടന്ന മേഖലകളില്‍ വമ്പന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

ചിറകൊടിഞ്ഞ് മോദി

തോല്‍ക്കുന്നതിനു തൊട്ടുമുന്‍പ് വരെ ജയപ്രതീക്ഷ. അതായിരുന്നു മോദിയും ബി.ജെ.പിയും വച്ചു പുലര്‍ത്തിയിരുന്നത്. മൂന്നുവട്ടം ഭരണം നല്‍കിയിട്ടും ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ ജനത്തെ പര്യാപ്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെന്തോന്നു വികസനമെന്ന് ചോദിക്കാതെ ചോദിക്കുകയായിരുന്നില്ലേ ജനങ്ങള്‍. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ കൊള്ളരുതായ്കകള്‍ കേന്ദ്ര പിന്തുണയോടെയായിരുന്നില്ലേ. എന്തുചെയ്താലും ഹിന്ദി രാഷ്ട്ര ഭൂമി ഒപ്പം നില്‍ക്കുമെന്ന ആ ധാര്‍ഷ്ട്യമുണ്ടല്ലോ, അതിനേറ്റ തിരിച്ചടി തന്നെയാണ് കണ്ടത്. ചൗഹാന്റെ തെരഞ്ഞെടുപ്പ് വാഹനത്തെ തടഞ്ഞ സംഭവം മധ്യപ്രദേശിലും വിജയരാജെ സിന്ധ്യയുടെ വാഹനജാഥയ്ക്ക് ഒരു ജില്ലയില്‍ എതിര്‍പ്പുകാരണം പ്രവേശിക്കാനാകാതിരുന്നതും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്നുതന്നെ ഇവിടങ്ങളില്‍ വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. കര്‍ഷകന്റെ കണ്ണീരും അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവന്റെ വിമ്മിഷ്ടവും പട്ടിണിക്കാരന്റെ മാംസമില്ലാത്ത ശരീരവും വിലപറഞ്ഞ വിധിയായിരുന്നു ഇവിടങ്ങളില്‍.
കര്‍ണാടകത്തില്‍ തോറ്റപ്പോള്‍ അത് ജെ.ഡി.യു-കോണ്‍ഗ്രസ് സഖ്യമാണെന്നു ന്യായം പറഞ്ഞു. പഞ്ചാബില്‍ തോറ്റപ്പോള്‍ അത് സഖ്യകക്ഷിയുടെ കഴിവുകേടാണെന്നു പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും തോറ്റതിന് എന്തു കാരണം പറയും. അക്കാരണം ജനങ്ങള്‍ പറഞ്ഞുതന്നിരിക്കുന്നു. കെടുകാര്യസ്ഥതയും അടിച്ചമര്‍ത്തല്‍ മനോഭാവവും ജനവിരുദ്ധ നടപടികളും വച്ചുപൊറുപ്പിക്കില്ല.

നേട്ടം കോണ്‍ഗ്രസിന്

ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷത്തിന് ഏതു പാര്‍ട്ടി ഇനി നേതൃത്വം നല്‍കുമെന്നു സംശയമുയര്‍ന്ന ഒരു സാഹചര്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് നിലയില്ലാക്കയത്തിലേക്ക് പതിക്കുന്നത് കണ്ടതോടെയാണ് ഈ ചോദ്യമുയര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിനും ഉത്തരം നല്‍കി. കോണ്‍ഗ്രസ് എന്നത് ഒരു പാര്‍ട്ടിയല്ല. ഒരു വികാരമായാണ് ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്. ബി.ജെ.പിയെ മൂന്നു സംസ്ഥാനങ്ങളില്‍ നേര്‍ക്കുനേര്‍ പോരാടി കെട്ടുകെട്ടിച്ചത് ഈ വികാരമാണെന്നു വ്യക്തം.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുമ്പോള്‍ ശക്തമായ സാന്നിധ്യമാകാന്‍ പോകുന്ന കോണ്‍ഗ്രസിനെ ബി.ജെ.പി ഭയപ്പെട്ടേ മതിയാവൂ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി മുദ്രാവാക്യം വാപോയ കോടാലിക്കു സമമായി. എന്നാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മുദ്രാവാക്യം, അരപ്പഷ്ണിക്കാരന്റെ അപ്പക്കഷണത്തിനായുള്ള മുദ്രാവാക്യം അണികള്‍ക്കപ്പുറം വികാരമായി കത്തിപ്പടര്‍ന്നാല്‍ മോദിക്ക് കസേര കൈവിടേണ്ടിവരും.
അര്‍ധമനസോടെയാണെങ്കിലും കോണ്‍ഗ്രസിന്റെ പ്രൗഢിയില്‍ സംശയമുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികളെല്ലാം തന്നെ പുനര്‍ചിന്തനത്തിന്റെ വഴിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാഭാവിക നേതൃത്വത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ പറഞ്ഞതുപോലെ അണികളോ പ്രവര്‍ത്തകരോ അല്ല, കര്‍ഷകരും വിദ്യാര്‍ഥികളും തൊഴില്‍രഹിതരും ചേര്‍ന്നു നല്‍കിയ അസൂയാവഹമായ വിജയമാണത്.
ലോക്‌സഭയില്‍ ഇപ്പോഴത്തെ ഫലത്തിനു വിപരീതമായി അഥവാ ബി.ജെ.പി വന്നാല്‍പ്പോലും രാജ്യസഭയില്‍ കോണ്‍ഗ്രസ് ആധിപത്യം തുടര്‍ന്നേക്കുമെന്നതിന്റെ സൂചനകൂടി ഈ ഫലത്തില്‍ നിന്നു വായിച്ചെടുക്കാം. ഹിന്ദി ബെല്‍റ്റില്‍ ഉയര്‍ന്നുപൊങ്ങിയ കാവി പ്രഭാവത്തിന് ഇടിവുതട്ടുന്നതും ഈ ഫലത്തില്‍ കാണാം.