വിഴിഞ്ഞം ആര്‍ക്കുംവേണ്ടേ?
വിഴിഞ്ഞം തുറമുഖത്തെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഇപ്പോള്‍ അത് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ വീണ്ടും തടസവാദങ്ങളുമായി ചില കടല്‍ കിഴവന്‍മാര്‍ രംഗത്തുവരുന്നതായി കാണുന്നു.
വികസന വിരുദ്ധന്‍മാരായി ചിത്രീകരിക്കരുതെന്ന് ഇവര്‍ തോരാതെ ആവശ്യപ്പെടുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്ന് എങ്ങനെ പറയാന്‍ പറ്റും.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അഴിമതി ആരോപണങ്ങളുണ്ടെന്നതു നേര്. എന്നു കരുതി വികസനത്തെ തടയുന്ന നിലപാട് സ്വീകരിക്കുന്നത് ശ്ലാഘനീയമല്ല. നാലുവര്‍ഷം കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തു വികസനമാണ് നടത്തിയതെന്നു ചോദിക്കുന്നവരോട് സംസ്ഥാനത്തിനുവേണ്ടി ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടി അവരെന്തു ചെയ്തു എന്ന മറുചോദ്യമുണ്ട്.
വിഴിഞ്ഞം കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിരിക്കേ തൊടുന്യായം പറഞ്ഞ് സ്വതേ കടക്കെണിയിലായ സംസ്ഥാനത്തെ വീണ്ടും പാതാളത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് സി.പി.ഐ ഉള്‍പ്പെടെയുള്ളവര്‍. പ്രത്യേകിച്ച് വി.എസ്.സുനില്‍കുമാറിനെ പോലൊരാള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന നിലപാട് സ്വീകരിച്ചുകൂടാ. കാരണം നിങ്ങള്‍ പറയുന്ന ചില വാദഗതികള്‍ ശരിവയ്ക്കുന്ന നിഷ്പക്ഷരായ ജനങ്ങളുണ്ടായിരുന്നു ഇവിടെ. ഇപ്പോള്‍ സ്ഥിതി വിഭിന്നമാണ്. നിങ്ങള്‍ തന്നെ പറയുന്നു കോണ്‍ഗ്രസ് വികസനം കൊണ്ടുവന്നില്ലെന്ന്. ഒടുവില്‍ എന്തെങ്കിലും നടക്കുമെന്നായപ്പോള്‍ അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിന് കേരളജനത നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല.
ഭരണത്തിലേറി കഴിഞ്ഞ നാലുവര്‍ഷവും അഴിമതിയില്‍ വികസനം നടത്തിയ ചാണ്ടി സര്‍ക്കാരിന്റെ ക്രെഡിറ്റ് മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനാവില്ലെന്നതു നേര്. എന്നാല്‍ മുഖഛായ നന്നാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെങ്കില്‍ കൂടി വികസനം കേരളത്തിന്റെ ആവശ്യമാണെന്ന് കരുതുന്നിടത്താണ് ഇടത് പ്രസ്ഥാനങ്ങള്‍ നിലയുറപ്പിക്കേണ്ടത്.
ടെന്‍ഡര്‍ അഴിമതി ആരോപണമാണ് ഇടതിന്റെ ഒടുവിലത്തെ ആയുധം. അതും തുറമുഖം പണി തുടങ്ങിയേക്കുമെന്ന അവസ്ഥയേറിയപ്പോള്‍. അപ്പോള്‍ അതിനെ വികസന വിരുദ്ധം എന്നുതന്നെ പറയണം. അഴിമതി നടത്തിയവരെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അവരെ രാജിവയ്പിക്കാനോ അത് ദേശീയ തലത്തിലുന്നയിക്കുവാനോ കഴിയാത്തവര്‍ വികസനത്തിനെതിരേ വാളോങ്ങുന്നത് ആശാസ്യമല്ല.
സര്‍ക്കാര്‍ നേരായ വഴിയില്‍ ടെന്‍ഡര്‍ വിളിച്ചാണ് തുറമുഖ നിര്‍മാണത്തിലേക്ക് കടക്കുന്നത്. ഏഴായിരം കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുമ്പോള്‍ കടക്കെണിയിലുള്ള സര്‍ക്കാര്‍ തന്നെ അത് ചെയ്യണമെന്ന് ഇടത് ആവശ്യപ്പെടുന്നത് പദ്ധതി നടക്കരുതെന്ന് കണ്ടുകൊണ്ടുതന്നെയാണ്.
ഇപ്പോള്‍ അദാനിക്ക് തുറമുഖ പദ്ധതി നല്‍കുന്നതിനെതിരേയാണ് ഇടത് നിലപാട്. ഓസ്‌ട്രേലിയയിലും ഇന്ത്യയിലുമുള്‍പ്പെടെ ഏഴ് തുറമുഖങ്ങള്‍ നിര്‍മിച്ച അദാനിക്ക് ഇവിടുത്തെ പദ്ധതി കൊടുത്താല്‍ അഴിമതിയാകുമെന്ന് പറയുന്നത് കേന്ദ്രത്തില്‍ ബി.ജെ.പി ഇരിക്കുന്നതുകൊണ്ടാണ്. ജനങ്ങള്‍ ബി.ജെ.പിയെ വര്‍ഗീയ സര്‍ക്കാരെന്നല്ല കാണുന്നത്. ഇടതിനും വലതിനും അവര്‍ ജന്മ ശത്രുക്കളായേക്കാം. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അതേ അവസ്ഥയിലുള്ള രാജ്യത്തെ ഇങ്ങനെതന്നെ നിലനിര്‍ത്തിയതിന്റെ ക്രെഡിറ്റ് ഇടത്, വലത് പക്ഷ പാര്‍ട്ടികള്‍ക്കാണെന്നത് വിസ്മരിച്ചുകൂടാ.
മോദിയെ അധികാരത്തിലേറ്റിയത് ഈ രാജ്യത്തെ മുസ്ലീം സഹോദരങ്ങളുള്‍പ്പെട്ട ജനതയാണ്. അവര്‍ക്ക് മോദി നല്‍കിയത് വികസന സ്വപ്‌നമാണ്. അവരത് സ്വീകരിച്ചു. ഇനി അത് നടപ്പാക്കാന്‍ മോദിക്ക് കഴിഞ്ഞില്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനപ്പുറം ജനങ്ങള്‍ മറുപടി പറയും. അതല്ല ഇവിടുത്തെ കാതലായ പ്രശ്‌നം. മോദിയുമായി ബന്ധമുള്ളതുകൊണ്ട് അദാനി വേണ്ട എന്നു പറയുന്നത് വികസന മുരടിപ്പിനെ സ്വാഗതം ചെയ്യുന്ന നിലപാട് ഇടതുപക്ഷം തുടരുമെന്നതിന്റെ തെളിവാണ്.
ഒരുവേള ചാണ്ടി സര്‍ക്കാരില്‍ നിന്നു രക്ഷ നേടാന്‍ എങ്ങനെയും ഇടത് ഭരണത്തിലെത്തണേ എന്നു പ്രാര്‍ഥിച്ചിരുന്നു ഇവിടുത്തെ ജനങ്ങള്‍. ഇപ്പോള്‍ അവര്‍ക്ക് പേടിയാണ്. ഇടതു ഭരണത്തില്‍ വികസന മുരടിപ്പിലേക്ക്, അതും അന്ധമായ മോദി വിരോധം കൊണ്ട്, സംസ്ഥാനത്തെ വീണ്ടും അവരെത്തിക്കുമോ എന്ന പേടി. അതിന് ഇടം കൊടുക്കാതെ വികസന അജന്‍ഡയുമായി മുന്നോട്ടുപോകുക.
ഇവിടെ ഒന്നോര്‍ക്കാം. ഇടതുപക്ഷത്തിന്റെ നിലവിലുള്ള നിലപാടുകള്‍ ബി.ജെ.പി പോലൊരു പാര്‍ട്ടിക്ക് കേരളത്തിലും അക്കൗണ്ടു തുറക്കാന്‍ വഴിയൊരുക്കും. ഇവിടെ വികസനം പറഞ്ഞ് വോട്ടു തേടുന്ന പാര്‍ട്ടികളില്ല. എല്ലാം വര്‍ഗീയതയും കരിഞ്ചന്തയ്ക്ക് കൊടിപിടിച്ചും ഭരണം കയ്യാളാനാണ് ശ്രമിച്ചത്. ഇനിയും അത് തുടരുന്നത് ജനവഞ്ചനയാണ്.