2012, മാർച്ച് 30, വെള്ളിയാഴ്‌ച

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ കാണാന്‍ പോകുന്നോ? ഡിക്ഷനറി എടുത്തോളൂ..



      ഷാജി കൈലാസ് -  രണ്‍ജി പണിക്കര്‍ ടീമിന്റെ "ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍" ഡിക്ഷനറി ഇല്ലാതെ കാണാന്‍ പോകരുതേ. ഒന്നും പിടികിട്ടൂല. രണ്‍ജി പണിക്കര്‍ ഉള്ള ഡിക്ഷനറികള്‍ എല്ലാം തിരഞ്ഞ് കടുകട്ടിയുള്ള ഒരുമാതിരി വാക്കുകളെല്ലാം കയറ്റി. എന്ത് ന്യായീകരനന്തിന്റെ പേരിലായാലും മലയാളി പോകുന്നത് മനസിലാകാത്ത വാക്കുകള്‍ വെള്ളിത്തിരയില്‍ തകര്‍ത്തു വിടുന്ന നടന്മാരെ കാണാന്‍ അല്ല. പണ്ട് ഷാജി കൈലാസ് "ഏകലവ്യന്‍" എന്ന സിനിമയില്‍ നരേന്ദ്ര പ്രസാദിനെ കൊണ്ട് ഇന്ഗ്ലിഷിന്റെ ഗുണം പറയിക്കുന്നുണ്ട്. ദേഷ്യം വരുമ്പോള്‍ നല്ലതാണത്രേ. ആയിക്കോട്ടെ. അത് ഈ സിനിമയുടെ എല്ലാ സീനിലും ഉപയോഗിക്കനമായിരുന്നില്ല.
 മൂന്നു മണിക്കൂറിലേറെ തീയറ്ററില്‍ ഇരിക്കുന്നത്  അസഹനീയമാണ്. അതും ആദ്യ പകുതിയില്‍ പലപ്പോഴെങ്കിലും വലിച്ചു നീട്ടുന്ന ഒരു പ്രതീതി ഉണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചിത്രം ഇഴയുന്നു.
കിംഗ്‌, കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ ഷാജി - രണ്‍ജി ടീമിന്റെ ബോക്സ്‌ ഓഫീസി ഹിറ്റുകള്‍ ആയിരുന്നു. അതിന്‍റെ മറ പറ്റി ഭരത് ചന്ദ്രന്‍ ഐ പി എസ്‌ എന്നൊരെണ്ണം രണ്‍ജി ഒറ്റക്കും ചെയ്തു. ഇപ്പോള്‍ ഈ കിംഗ്‌, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലെ നായകന്മാരായ ജോസഫ്‌ അലക്സ്‌ ഐ എ എസ്‌, ഭരത് ചന്ദ്രന്‍ ഐ പി എസ്‌ എന്നിവരെ ചേര്‍ത്താണ് പുതിയ ചിത്രം. മമ്മൂട്ടിയുടെ കഥാപാത്രം പഴയതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല. ആ ചൂടും ചൂരും ഒക്കെയുണ്ട്. കൈകൊണ്ട് പിന്‍ മുടി തട്ടുന്നതും ഒരെല്ല് കൂടുതല്‍ ഉണ്ടെന്നു പറയുന്നതും കയ്യടി നേടുന്നുണ്ട്. ഈ സിനിമയില്‍ ഒരു നട്ടെല്ല് തന്നെ കൂടുതല്‍ ഉണ്ടെന്നും അടിച്ചു വിടുന്നുണ്ട്. തരക്കേടില്ല. പക്ഷെ മിടുക്കന്മാരും അഭ്യാസികളും ആയ ഒരു പറ്റം തട്ടുതകര്‍പ്പന്‍ പയ്യന്മാരെ ബോക്സിംഗ് റിങ്ങില്‍ കയറിച്ചെന്നു കാല്‍ ഒന്ന് പൊന്തിക്കാന്‍ കഴിയാത്ത മമ്മൂട്ടി, (മോഹന്‍ ലാല്‍ പറയും പോലെ) "ത്രിഗുനെ"ത്രിഗുനെ" എന്ന് പറഞ്ഞു വലിച്ചടിച്ചു തോല്‍പ്പിക്കുന്നത് അതിഭാവുകത്വം നിറഞ്ഞത്‌ ആയി പോയി എന്ന് പറയാതെ വയ്യ. സുരേഷ് ഗോപി അത് ചെയ്‌താല്‍ പ്രേക്ഷകന്‍  പിന്നേം സഹിക്കും. ഒന്ന് രണ്ടു ആവര്‍ത്തന സീനുകള്‍ സന്ഘട്ടനങ്ങള്‍ക്കിടയില്‍ കടന്നു കേറിയിട്ടുണ്ട്. പുതിയ കഥാ തന്തു ആണെന്ന് സംവിധായകനും എഴുത്തുകാരനും ആവര്‍ത്തിച്ചു പറയുകയല്ലാതെ ഒരു പുതുമയും ഇല്ല. ഇന്നത്തെ രാജ്യത്തിന്‍റെ അവസ്ഥ ചൂണ്ടിക്കാട്ടുന്നു ഈ ചിത്രം. ഇത്തരം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന  നിരവധി ചിത്രങ്ങള്‍ പുറത്ത്  വന്നിട്ടുണ്ട്. പാകിസ്താനില്‍ നിന്ന് ഒരു തീവ്രവാദി നേതാവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തുന്നവരെ തകര്‍ക്കുന്നതാണ് ചിത്രത്തിന്റെ ഇതി വൃത്തം. കേന്ദ്ര അഭ്യന്തര മന്ത്രി ആയി ജനാര്‍ദ്ദനനും സെക്രട്ടറി ആയി മമ്മൂട്ടിയും എത്തുന്നു. സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ഒരെല്ല് കൂടുതലുള്ള ജോസഫ്‌ അലക്സിനെ  പി എം ഈ ജോലി ഏല്‍പ്പിക്കുന്നു. ജോസഫ്‌ അലക്സിന്റെ ദേഹ രക്ഷക്ക് എത്തുകയാണ്  ഭരത് ചന്ദ്രന്‍. മമ്മൂട്ടിയുടെ ഡയലോഗുകള്‍ അത്രയ്ക്കങ്ങോട്ട് ഏറ്റിട്ടില്ല എന്ന് വേണം പറയാന്‍. എന്നാല്‍ സുരേഷ് ഗോപി തകര്‍ത്തു. പി എമ്മിന്റെ അടുത്തും കൂടുതലുള്ള നട്ടെല്ല് കാട്ടാന്‍ ജോസഫ്‌ അലക്സിനെ ഒരുക്കേണ്ടിയിരുന്നില്ല. എന്തെങ്കിലും എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ബ്രയ്ക് കിട്ടില്ല രണ്ജിക്ക്. അത് അന്നും ഇന്നും അങ്ങനെ തന്നെ. പേന പിടിക്കുമ്പോള്‍ ജനങ്ങള്‍ കൂടി മനസ്സില്‍ ഉണ്ടാവണം എഴുത്തുകാരന്.
"പോ പുല്ലേ, ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌, പൂട, രോമം" തുടങ്ങി ഒരുപിടി പടക്കങ്ങള്‍ ഇതിയാന്‍ പൊട്ടിക്കുന്നുണ്ട്. അതിനൊക്കെ കൃത്യ സ്ഥലങ്ങള്‍ തിരഞ്ഞെടുതിരിക്കുന്നതിനാല്‍ കയ്യടി നേടുന്നുണ്ട്. സുരേഷ് ഗോപി വളരെ നല്ല പ്രകടനം ആണ് കാഴ്ച വച്ചത്. ഈ സിനിമയില്‍ അഭിനയിക്കാന്‍ 15 കിലോ തൂക്കം കുറച്ചു എന്നത് നേരാണ് എങ്കില്‍ അഭിനന്ദനങ്ങള്‍.
സൈക്യാട്രിസ്റ്റ് ആയ വെറ്ററന്‍  മറാത്തി നടന്‍ മോഹന്‍ ആഗാഷേ പ്രധാന മന്ത്രി ആയി ശോഭിച്ചു. നെടുമുടി, സുകുമാര്‍, ഗണേഷ് കുമാര്‍, കുഞ്ചന്‍, സ്ഫടികം ജോര്‍ജ് എന്നിവരും അവരെ ഏല്‍പിച്ച കൃത്യം ഭംഗിയാക്കി.
സായികുമാറിന്റെ വീരഭദ്ര ചന്ദ്ര മൌലീശ്വര മഹാരാജ് ആണ് തിരശ്ശീലയില്‍ തീ കോരിയിട്ടത്. ഓരോ പ്രേക്ഷകനും വൈരാഗ്യം തോന്നും വിധം വില്ലനെ ജീവസ്സുറ്റതാക്കി സായികുമാര്‍. അതുപോലെ ദേവന്റെ ശങ്കര്‍ എന്ന നെഗറ്റീവ് പോലീസ് ഓഫീസര്‍ വളരെ നന്നായി.
നടികളില്‍ ജനാര്‍ദ്ദനന്റെ മകള്‍ ജേര്‍ണലിസ്റ്റ് ആയി സംവൃത സുനില്‍ നന്നായി. പക്ഷെ ഈ കഥാപാത്രത്തിന് ഒന്നും ചെയ്യേണ്ടതായിട്ടില്ല. കെ  പി എ സി ലളിതയാണ് ചില സന്ദര്‍ഭങ്ങളില്‍ സ്ക്രീനില്‍ ചിരി നിറച്ചത്. വളരെ തന്മയത്വത്തോടെ ഉള്ള അവരുടെ അഭിനയം ആദരനീയമാണ്. പൊന്നമ്മ ബാബുവും നന്നായി.
ഭരണി കെ ധാരന്റെ കാമെറ, സംജതിന്റെ എഡിറ്റിംഗ് എന്നിവയും മനോഹരമായി. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കാനും സംഭാഷണ ശകലങ്ങല്‍ക്കിടെ കട്ട് ചെയ്തു കട്ട് ചെയ്തു ക്ലോസ് അപ് മുഖങ്ങള്‍ കാട്ടുന്നതിലും ഷാജി കൈലാസിന്റെ ഒരു കരവിരുത് കാണാം.

പിന്‍ നോക്ക്..
ഈ സിനിമയുടെ ഷൂട്ടിംഗ് മുതല്‍ പ്രശ്നങ്ങള്‍ ആയിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ ഷൂട്ടിംഗ് മദ്ധ്യേ ഇടയുകയും സുരേഷ് ഗോപിയെ മാറ്റി പ്രുഥ്‌വി രാജിനെ അഭിനയിപ്പിക്കാന്‍ തുനിഞ്ഞതും ആണ്. (എങ്കില്‍ ഈ സിനിമക്ക് ഏറും അടിയും കിട്ടിയേനെ). തുടക്കത്തില്‍ റീമ സെന്‍ നായിക ആവുമെന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു. 
മമ്മൂട്ടിയുടെ വീട്ടിലെ റയിഡ്, സുരേഷ് ഗോപിയുടെ അനാരോഗ്യം എന്നിവ സിനിമ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി.
രണ്ടു പാട്ടുകള്‍ ഉണ്ടായിരുന്നു സിനിമയുടെ പ്ലാന്നിംഗ് വേളയില്‍. രാഹുല്‍ രാജ് ആയിരുന്നു സംഗീത സംവിധായകന്‍ ആയി നിശ്ചയിക്കപ്പെട്ടിരുന്നത്. 'ബാച്ചിലര്‍ പാര്‍ട്ടി'ക്കിടെ അത് കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായില്ല. അത് വീണു കിട്ടിയത് രാജാമണിക്ക്. പക്ഷെ പാട്ടുകള്‍ വേണ്ടെന്നു വച്ചിരുന്നു. പകരം പശ്ചാത്തല സംഗീതം. രാജാമണി ഈ കലയില്‍ ആഗ്ര ഗണ്യന്‍ ആണെന്ന് വീണ്ടും തെളിയിച്ചു.